വേതനം മുഴുവന്‍ കേന്ദ്രം നല്കിയിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി റദ്ദു ചെയ്ത് പുതിയ നിയമം കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം രാജ്യത്ത് പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്. വികസിത് ഭാരത്-ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവികമിഷന്‍ ഗ്രാമീണ്‍ (വിബി-ജി റാംജി) എന്ന തലക്കെട്ടോടെ തയ്യാറാക്കി പാര്‍ലമെന്റില്‍ ചൊവ്വാഴ്ച അവതരിപ്പിച്ച പുതിയ ബില്ലില്‍നിന്നു ഗാന്ധിജിയുടെ പേര് പൂര്‍ണമായും വെട്ടിമാറ്റിയിരിക്കുന്നു. എന്നുതന്നെയല്ല, പുതിയ ബില്‍പ്രകാരം തൊഴിലുറപ്പുവേതനത്തിന്റെ 40 ശതമാനം ഇനി സംസ്ഥാനം വഹിക്കേണ്ടിയുംവരും.
ഗാന്ധിജിയുടെ പേര് ഒഴിവാക്കുക എന്നതിലുപരി, യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയതൊഴിലുറപ്പു പദ്ധതി അവസാനിപ്പിക്കാനുള്ള ആര്‍എസ്എസ് - ബിജെപി ഗൂഢാലോചനയാണ് പുതിയ ബില്ലിനു പിന്നിലെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറയുന്നത്. വിദേശമണ്ണില്‍പോയി ഗാന്ധിജിക്കു പൂക്കള്‍ സമര്‍പ്പിക്കുന്ന മോദിയെപ്പോലുള്ളവരുടെ നടപടിയിലെ പൊള്ളത്തരമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ പേരു നീക്കം ചെയ്തത് ആര്‍എസ്എസിന്റെ ശതാബ്ദിവര്‍ഷത്തിലാണെന്നുചൂണ്ടിക്കാട്ടിയ ഖര്‍ഗെ വിഷയത്തില്‍ ശക്തമായി പ്രതികരിക്കുമെന്നും പറഞ്ഞു. ബില്ലില്‍നിന്നു മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയത് രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിനു തുല്യമാണെന്നാരോപിച്ച് മഹാത്മാഗാന്ധിയുടെ ചിത്രം ഉയര്‍ത്തി പ്രതിപക്ഷം പാര്‍ലമെന്റിന്റെ നടുത്തളത്തിലിറങ്ങി വന്‍പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് ബില്ലിന് അവതരണാനുമതി നല്കിയത്.
1991 ല്‍ പി.വി. നരസിംഹറാവു സര്‍ക്കാര്‍ ഗ്രാമീണതൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനായി ആരംഭിച്ച പൈലറ്റ് പദ്ധതിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട്, 2005 ല്‍ ഡോ. മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ കാലത്താണ് 'ദേശീയ ഗ്രാമീണതൊഴിലുറപ്പുനിയമം' പാസാക്കുന്നത്. 2006 ല്‍ നടപ്പാക്കുകയും 2009 ഒക്‌ടോബര്‍ രണ്ടിന് 'മഹാത്മാഗാന്ധി ദേശീയഗ്രാമീണതൊഴിലുറപ്പുനിയമം' എന്നു പേരുമാറ്റുകയുമായിരുന്നു. 2007ല്‍ കോട്ടയം ജില്ലയിലാണ് കേരളത്തിലാദ്യമായി ഈ പദ്ധതി നടപ്പിലാവുന്നത്. ഗ്രാമീണമേഖലയിലെ അവിദഗ്ധര്‍ക്കു 100 ദിവസത്തെ തൊഴില്‍ ഉറപ്പാക്കുക, വരുമാനം വര്‍ധിപ്പിക്കുക, സ്ത്രീ-പുരുഷ വേതന അസമത്വം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി പിന്നീട് വഴിയേ പല വിമര്‍ശനങ്ങള്‍ക്കും വിധേയമായെങ്കിലും അവിദഗ്ധകായികാധ്വാനത്തിനു താത്പര്യമുള്ള അനേകരുടെ; പ്രത്യേകിച്ച് സ്ത്രീകളുടെ ഉപജീവനത്തിനും ഉന്നമനത്തിനും അതു തുണയേകിയെന്നതു വസ്തുതയാണ്.
രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും തൊഴില്‍ എന്നതും തൊഴിലാളികളുടെ വേതനം പൂര്‍ണമായും കേന്ദ്രം നല്‍കുന്നുവെന്നതുമായിരുന്നു നിലവിലെ പദ്ധതിയുടെ കാതല്‍. എന്നാല്‍, പുതിയ ബില്ലിലൂടെ ഈ രണ്ടു ഘടകങ്ങളിലും മാറ്റംവരുകയാണ്. കേരളത്തില്‍ 22 ലക്ഷം പേരാണ് പദ്ധതിയില്‍ അംഗമായിരുന്നത്. എന്നാല്‍, പുതിയ ബില്‍ പാസായാല്‍ ഇവരില്‍ അനേകംപേര്‍ അതില്‍നിന്നു പുറത്താകും. ഇല്ലെങ്കില്‍ അവരുടെ വേതനം മുഴുവന്‍ സംസ്ഥാനം വഹിക്കേണ്ടിവരും. എന്നുപറഞ്ഞാല്‍, നിലവില്‍ തൊഴിലുറപ്പുപ്രവര്‍ത്തനങ്ങളില്‍ പണിസാധനങ്ങളുടെ 25 ശതമാനം മാത്രം സംസ്ഥാനം വഹിച്ചാല്‍ മതിയാകുമായിരുന്നിടത്ത്, പുതിയ ബില്ലിലൂടെ വേതനമടക്കം പദ്ധതിയുടെ ആകെ ചെലവിന്റെ 40 ശതമാനം തുക സംസ്ഥാനവിഹിതമായി മാറ്റിയിരിക്കുന്നു. ഇതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ പോകുന്ന സംസ്ഥാനങ്ങളിലൊന്നു കേരളമായിരിക്കുമെന്നാണ് പഠനവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ 4000 കോടിയിലേറെ രൂപയാണു പദ്ധതിയിലൂടെ കേരളത്തിനു ലഭിച്ചിരുന്ന വാര്‍ഷികവിഹിതമെങ്കില്‍ ഇനി അതില്‍ 1600 കോടിയോളം തുക സംസ്ഥാനം വഹിക്കേണ്ടിവരുമത്രേ. ഇപ്പോള്‍ത്തന്നെ കടക്കെണിയില്‍ നട്ടംതിരിയുന്ന സംസ്ഥാനത്തിന് ഇതു വലിയ ബാധ്യതയും വെല്ലുവിളിയുമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.
തൊഴില്‍ദിനങ്ങള്‍ നിലവിലുള്ള 100 ല്‍ നിന്നു 125 ആക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. കേള്‍വിയില്‍ അതു വലിയ ക്ഷേമകാര്യമായിത്തോന്നുമെങ്കിലും, കേന്ദ്രം വിജ്ഞാപനം ചെയ്യുന്ന ഗ്രാമീണമേഖലകളില്‍ മാത്രമാണ് ഇതു ലഭിക്കുകയെന്നതാണ് പുറത്തുവരുന്ന വിവരം. അതില്‍ എല്ലാ ഗ്രാമങ്ങളും ഉള്‍പ്പെടണമെന്നില്ലെന്നും ബില്ലില്‍ വ്യക്തമാക്കിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാ ഗ്രാമങ്ങളിലും വ്യാപിച്ചുകിടന്നിരുന്ന പദ്ധതി ഇനി പരിമിതഗ്രാമങ്ങളിലേക്കു ചുരുങ്ങുമെന്നു മാത്രമല്ല, രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും തൊഴില്‍ നല്കണമെങ്കില്‍ അതിന്റെ അധികബാധ്യത സംസ്ഥാനസര്‍ക്കാര്‍ വഹിക്കേണ്ട ഗതികേടുമാണ് പുതിയ ബില്ലിലൂടെ വന്നുഭവിച്ചിരിക്കുന്നത്. കേരളത്തിലെ ശരാശരിക്കാരായ സ്ത്രീസമൂഹത്തെ വീട്ടകങ്ങളില്‍നിന്നു പുറത്തുകൊണ്ടുവരാനും ശക്തീകരിക്കാനും പ്രയോജകീഭവിച്ചിരുന്ന പദ്ധതിയാണ് ഇപ്പോള്‍ ഫലത്തില്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. ഒപ്പം അധികാരത്തിലേറിയ കാലം മുതല്‍ ഒളിഞ്ഞും തെളിഞ്ഞും തുടരുന്ന, ഗാന്ധിജിയുടെ പേരിനെയും പൈതൃകത്തെയും തമസ്‌കരിക്കാനുള്ള നിഗൂഢനീക്കങ്ങള്‍ക്ക് ഈ ബില്ലിനെയും ചട്ടുകമാക്കിയിരിക്കുന്നു.
മഹാത്മാഗാന്ധി വിഭാവനം ചെയ്ത രാമരാജ്യം സ്ഥാപിക്കുന്നതിന്റെ ഭാഗമാണെന്നു പറഞ്ഞുകൊണ്ടാണ് കേന്ദ്രഗ്രാമവികസന മന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ ബില്‍ അവതരിപ്പിച്ചത്. എത്രയോ ബാലിശം! മഹാത്മാഗാന്ധിയെവിടെ? രാമരാജ്യമെവിടെ?
ചീഫ് എഡിറ്റര്‍
