ഈ കാലയളവില്‍ നാട്ടുകാര്‍ ഗൗരവമായി ചിന്തിക്കേണ്ട വിഷയമല്ലേയിത്...?
കോടിക്കണക്കിനു ധനവും വിലയേറിയ സമയവും അമൂല്യമായ മനുഷ്യപ്രയത്‌നവും ചെലവിട്ട്, ഒരിക്കല്‍കൂടി കേരളത്തില്‍ ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പുമഹോത്സവം കഴിഞ്ഞിരിക്കുകയാണല്ലോ.
ത്രിതലപഞ്ചായത്തിന്റെ പാരമ്പര്യ നാളുകള്‍ കഴിഞ്ഞ സ്ഥിതിക്ക്,, ഈ ജനാധിപത്യപ്രക്രിയയുടെ ഗുണദോഷങ്ങള്‍, നാം തിരിച്ചറിഞ്ഞുകഴിഞ്ഞു. മോരും മുതിരയും തിരിച്ചറിയാന്‍ സമയമായി.
ഈ തദ്ദേശഭരണസംവിധാനങ്ങള്‍ക്കുവേണ്ടി ഇതുവരെ മുടങ്ങിയ തുകയും ഇപ്പോള്‍ ആവര്‍ത്തനസ്വഭാവത്തില്‍ ചെലവിടുന്ന തുകയും വിലയിരുത്തിയാല്‍ നേട്ടങ്ങള്‍ ഒരിക്കലും കോട്ടങ്ങളെ അതിജീവിക്കുന്നില്ല.
അധികാരവികേന്ദ്രീകരണം, അധികാരം ഗ്രാസ്‌റൂട്ട് ലെവലിലേക്ക് തുടങ്ങിയ മധുരമനോഹരപദങ്ങള്‍, എങ്ങും അഴിമതിക്കുള്ള അവസരങ്ങളായി ഉപയോഗപ്പെടുകയാണ്. ശുദ്ധമനസ്‌കരായ യുവത്വങ്ങള്‍ക്കുപോലും, എളുപ്പത്തില്‍, അന്യായങ്ങളുടെ ചെളിക്കുണ്ടില്‍ വീണുരുളാന്‍ പരിചയം സിദ്ധിക്കുന്നു. ഉദാത്തമായ ജനസേവനത്വരയുള്ളവര്‍ പഞ്ചായത്തിന്റെ മുമ്പിലെ വഴിയേ നടക്കുന്നുപോലുമില്ല.
ജയിച്ചുകയറിയാല്‍, കവലയില്‍ ഇരുന്നു കപ്പ പുഴുങ്ങിയത് പങ്കിടുന്നപോലെ, സ്വന്തപാര്‍ട്ടിക്കാര്‍തന്നെ മാസക്കണക്കിന്, ഒരു നാണവുമില്ലാതെ, അധികാരക്കസേര പങ്കിടുന്നു! ഇലക്ഷന്‍ കഴിഞ്ഞാല്‍ ഭരണപ്രതിപക്ഷവിചാരമില്ലാതെ ആദായങ്ങള്‍ പങ്കുവയ്ക്കുന്നു!
നാട്ടില്‍ കരംപിരിച്ചു ജനത്തിന്റെ നടുവൊടിക്കുന്നു. ഹരിതകര്‍മസേന പിരിക്കുന്ന പണം ആരു കൊണ്ടുപോകുന്നു? ആ പിരിവിന് എന്തു സാധുതയുണ്ട്?
മൂന്നു കൂട്ടരുംകൂടി ഇപ്പോള്‍ ഗ്രാമീണജീവിതം കുട്ടിച്ചോറാക്കിയോ...?
ഒരു സന്തുഷ്ടഗ്രാമീണജീവിതത്തിന്, വാസ്തവത്തില്‍, ഈ ത്രിതലം അത്യാവശ്യമാണോ?
അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ
നൈജീരിയായിലെ ചോരപ്പുഴകള്‍
ആഫ്രിക്കന്‍രാജ്യമായ നൈജീരിയായില്‍ ക്രൈസ്തവര്‍ക്കുനേരേ നടന്നുകൊണ്ടിരിക്കുന്ന അതിക്രൂരമായ നരനായാട്ടിനെക്കുറിച്ച് അഡ്വ. വി.സി. സെബാസ്റ്റ്യന്‍ (നൈജീരിയായിലെ ചോരപ്പുഴകള്‍ എന്തേ നിങ്ങള്‍ കാണുന്നില്ല? നാളം -40) എഴുതിയതു വായിച്ച് അക്ഷരാര്‍ഥത്തില്‍ ഞെട്ടിത്തരിച്ചുപോയി എന്നു പറയട്ടെ. നമ്മുടെ മുഖ്യധാരാപത്രങ്ങളുടെ ഉള്‍പ്പേജിലെ ഏതെങ്കിലുമൊരു മൂലയില്‍ ഒതുക്കത്തില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സംഭവങ്ങളുടെ യഥാര്‍ഥസ്ഥിതിയും ഗൗരവവും വാസ്തവത്തില്‍ മനസ്സിലായത് ദീപനാളത്തിലെ ഈ ലേഖനത്തിലൂടെയാണ്.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ ന്യായീകരിക്കുകയല്ല; അവര്‍ക്കു ചൂണ്ടിക്കാണിക്കാന്‍ ഒരു തീവ്രവാദരാഷ്ട്രീയമെങ്കിലുമുണ്ട്. അതിനെതിരെയാണ് അവര്‍ തോക്കെടുത്തത്. നിരപരാധികള്‍ കൊല്ലപ്പെടുമ്പോഴും ഭീകരവാദത്തെ ലോകത്തുനിന്നു തുടച്ചുനീക്കണമെന്ന കാര്യത്തില്‍ ആര്‍ക്കുണ്ട് തര്‍ക്കം? എന്നാല്‍, മരിച്ച കുഞ്ഞുങ്ങളുടെ ഫോട്ടോ ഉയര്‍ത്തിക്കാട്ടി, ഇസ്രയേലിനെ പഴി പറയുന്നവര്‍ എന്തേ നൈജീരിയായിലെ ഭീകരതാണ്ഡവത്തെ കണ്ടില്ലെന്നു നടിക്കുന്നു? ആ ഇരട്ടത്താപ്പാണ് മനസ്സിലാകാത്തത്. അതിക്രമം ആരു കാട്ടിയാലും അതിനെ അപലപിക്കാനുള്ള ആര്‍ജ്ജവമാണു മാധ്യമങ്ങള്‍ കാണിക്കേണ്ടത്.
ഇക്കാര്യത്തില്‍ നമ്മുടെ മുഖ്യധാരാരാഷ്ട്രീയകക്ഷികളും ഒട്ടും പിന്നിലല്ല. പത്ത് വോട്ടിനുവേണ്ടി, വര്‍ഗീയപ്രീണനം നടത്തുന്ന ഇക്കൂട്ടര്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ കാണുന്നില്ല. കഷ്ടംതന്നെ!
സാബു കുര്യാക്കോസ് മാന്നാനം
അവാര്‍ഡുകള്‍ കഥ പറയുമ്പോള്‍
സിനിമാഅവാര്‍ഡുകളെക്കുറിച്ച് വീയെന്‍ തയ്യാറാക്കിയ കുറിപ്പ് വായിച്ചു. അദ്ദേഹം അതില്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ, നല്ല സിനിമകളെന്നു പേരു കേള്‍പ്പിച്ച പല സിനിമകളും ഒരു പരാമര്‍ശമായിപ്പോലും കടന്നുവന്നില്ല അവാര്‍ഡുനിര്‍ണയത്തില്‍ എന്നതു നാം പഠിക്കേണ്ടതാണ്. ഓരോ അവാര്‍ഡിലും അതതു കാലത്തെ ഭരണകര്‍ത്താക്കളുടെ നിഴല്‍ വീണുകിടക്കുന്നത് സൂക്ഷിച്ചുനോക്കിയാല്‍ ആര്‍ക്കും കാണാവുന്നതേയുള്ളൂ. അവര്‍ക്ക് ഇറാന്‍മൂളികളായവരാണല്ലോ അവാര്‍ഡു കമ്മിറ്റിയില്‍ വരുന്നതും. എന്നുകരുതി ഇത്തവണത്തെ അവാര്‍ഡുജേതാക്കള്‍ അര്‍ഹതപ്പെട്ടവരല്ലെന്ന പക്ഷം ഒട്ടുമില്ലെന്നും പറഞ്ഞുകൊള്ളട്ടെ.
എബി എബ്രാഹം പുളിങ്കുന്ന്
നിയമസഭയിലെ കഥകള്‍
ടി. ദേവപ്രസാദ് തയ്യാറാക്കുന്ന 'നിയമസഭയിലെ കഥകള്‍' ഏറെ താത്പര്യത്തോടെ വായിക്കുന്നു. ചരിത്രം പിന്നിലേക്കു മറിക്കുന്നത് ഗൃഹാതുരസ്മരണകള്‍ ഉണര്‍ത്തും. നേതാക്കന്മാരുടെ ചിത്രങ്ങള്‍സഹിതം അവസാനിക്കുന്ന ആ ചരിത്രക്കുറിപ്പുകള്‍ വായിക്കുമ്പോള്‍ ഒരു കാലഘട്ടമൊന്നാകെ നമ്മുടെ മനസ്സിലേക്കു തിടംവച്ച് ഉണരുന്നു. ഒരര്‍ഥത്തില്‍ ഓര്‍മകള്‍തന്നെയാണു ചരിത്രം. ചരിത്രം പഴകുംതോറും ഓര്‍മകള്‍ക്കു സൗന്ദര്യമേറുന്നു. കാലം മറന്നുവച്ചവരും ചരിത്രത്തിനു മറക്കാനാവാത്തവരുമായ ഒട്ടനവധി നേതാക്കളെയും സാമാജികരെയും കേരളനിയമസഭ സംഭാവന ചെയ്തിട്ടുണ്ട്. ഒ. ലൂക്കോസിനെയൊക്കെ കണ്ടപ്പോള്‍ അക്കാര്യം ഓര്‍മവന്നു. വര്‍ഷങ്ങളോളം രസകരമായ നിയമസഭാ റിപ്പോര്‍ട്ടിങ്ങിലൂടെ ദീപികവായനക്കാരെ ആഹ്ലാദിപ്പിച്ച കെ. സി. സെബാസ്റ്റ്യന്‍ സാറിനെ ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു. ദേവപ്രസാദിന്റെ പംക്തി തുടരട്ടെ. അഭിവാദ്യങ്ങള്‍!
കെ.ജി. പുരുഷോത്തമന്‍ കായംകുളം
പ്രതികരണങ്ങള്‍
ത്രിതലപഞ്ചായത്തുകള്‍ നാടിനെ കുട്ടിച്ചോറാക്കിയോ?
*
