ഭരണീയര്‍ക്ക് ഏറ്റവുമധികം പ്രയോജനപ്പെടേണ്ടിയിരുന്ന ഒരു ജനപ്രിയനിയമനിര്‍മ്മാണമായിരുന്നു വിവരാവകാശനിയമം. ഇന്നതു ശരിക്കും ജനദ്രോഹമെന്ന നിലയിലാണ് പ്രവര്‍ത്തനം നടത്തുന്നത്. അടിമുതല്‍ മുടിവരെ രാഷ്ട്രീയനിയമനം നടക്കുന്ന ഒരു പ്രസ്ഥാനത്തില്‍ നിന്നു കറതീര്‍ന്ന നീതി കിട്ടുമെന്നു വിഡ്ഢികള്‍പോലും കരുതുന്നില്ല. എന്നിരുന്നാലും, ഈ നിയമത്തിന്റെ പിന്നിലെ ആശയം മഹത്തരമാണ്. സംസ്ഥാനതലവിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനം കാണുമ്പോള്‍, ഒരു സര്‍വീസ്‌കാലം ഉന്നതതസ്തികകളിലിരുന്നവര്‍ക്കു വയസു കാലത്തു വിശ്രമത്തിനുള്ള ലാവണമാണിതെന്നു തോന്നിയിട്ടുണ്ട്. ഈ നിയമത്തെ പാടേ വിഫലമാക്കിക്കൊണ്ട് അനേകം കേസുകളാണു വിവിധ തലങ്ങളില്‍ വിധിയാകാതെ കെട്ടിക്കിടക്കുന്നത്.വീണ്ടും ഒരു വിവരാവകാശ കമ്മീഷണര്‍ നിയമനസമയം വന്നെത്തിയിട്ടുണ്ട്.നല്ലവണ്ണം ജോലി ചെയ്യേണ്ട വളരെ ജനോപകാരപ്രദമാകേണ്ട ഒരു തസ്തികയാണിത്. വിശ്രമകാലമായി കാണുന്നവരെ ഈ തസ്തികയില്‍ ഇരുത്തരുതെന്ന് അപേക്ഷിച്ചു കൊള്ളുന്നു. നല്ലവണ്ണം ജോലി ചെയ്യാനും ധീരമായി നീതി നടത്താനും മനസുള്ളവരെ മാത്രം നിയമിച്ചു ജനങ്ങളെ സഹായിക്കണം.
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മാതാപിതാക്കള്‍ ഉടന്‍ പരിശോധിക്കണം
കൊറോണ ഇന്നല്ലെങ്കില്‍ നാളെ ശമിക്കും. നാട്ടിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കുന്ന നാള്‍ അകലെയല്ല. അതിനു മുമ്പായി കേരളത്തിലെ സര്‍ക്കാര്‍-സ്വകാര്യസ്‌കൂളുകള്‍/കലാലയങ്ങള്‍ എല്ലാം മാതാപിതാക്കള്‍ സുസജ്ജരായി കയറിച്ചെന്നു വിശദമായി പരിശോധിക്കണം. അമാന്തമരുത്. കൊവിഡുമൂലം അടഞ്ഞുകിടന്ന കാലത്തു ധാരാളം ആപത്കരസംഭവങ്ങള്‍ ഈ സ്ഥാപനങ്ങളില്‍ നടന്നിരിക്കും.
കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമല്ലാത്ത കെട്ടിടങ്ങള്‍, കാടുപിടിച്ച് സുരക്ഷിതമല്ലാത്ത പരിസരങ്ങള്‍, തുറന്നുകിടക്കുന്ന കുളങ്ങള്‍, വെള്ളക്കുഴികള്‍, ചെളിക്കുണ്ടുകള്‍, സുരക്ഷിതരായി ആഹാരം കഴിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും സൗകര്യമില്ലായ്മ, മാന്യതയില്ലാതെ പെരുമാറുന്ന, സംസാരിക്കുന്ന അധ്യാപകര്‍, അറ്റകുറ്റപ്പണികള്‍ നടത്താത്ത സ്‌കൂള്‍ വണ്ടികള്‍ ഇത്തരം വിഷയങ്ങള്‍ എല്ലാം മാതാപിതാക്കളുടെ ഉത്തരവാദിത്വമുള്ള പ്രതിനിധികള്‍ പരിശോധിച്ചു കുറവുകള്‍ ഉടന്‍ പരിഹരിച്ചു ബോധ്യം വരുത്തണം. ഒഴിവാക്കാവുന്ന ദുരന്തങ്ങള്‍ ഒഴിവാക്കുകതന്നെ വേണം.
ഇക്കാര്യത്തില്‍ ആരെയും ഭയപ്പെടേണ്ടതില്ല. ഞങ്ങള്‍ക്ക് എന്തധികാരം, എന്തു കടമ എന്ന് ആരും ചിന്തിക്കരുത്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.
അഡ്വ. ഫിലിപ്പ് പഴേമ്പള്ളി
പെരുവ
അഗസ്ത്യായനം മികച്ച നോവല്‍
ഗിരീഷ് കെ. ശാന്തിപുരത്തിന്റെ അഗസ്ത്യായനം മികച്ച നോവലായിരുന്നു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ബാല്യകാലം മുതലുള്ള ജീവിതത്തെക്കുറിച്ചും സുകൃതങ്ങളെക്കുറിച്ചും രാമപുരത്തിന്റെ ഗ്രാമപശ്ചാത്തലങ്ങളെക്കുറിച്ചും രസാനുഭൂതിയോടെ വായിച്ചറിയാന്‍ കഴിഞ്ഞു. കുഞ്ഞച്ചനെക്കുറിച്ച് ആദ്യമായി എഴുതപ്പെട്ട നോവലാണിത്. ദീപനാളം ആഴ്ചപ്പതിപ്പില്‍ വലിയ ആവേശത്തോടെയാണ് ഓരോ ലക്കവും ഞാന്‍ വായിച്ചുതീര്‍ത്തത്. അതിപ്പോള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയതും ഞാന്‍ കാണുകയുണ്ടായി. പ്രശസ്ത നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്റെ അവതാരിക നോവലിനെ കൂടുതല്‍ ഈടുറ്റതും ശ്രദ്ധേയവുമാക്കി.
ലളിതവും മനോഹരവുമായ ആവിഷ്‌കാരശൈലി, ആഴമായ ആത്മീയതത്ത്വങ്ങളുടെ ഏറ്റവും സ്വീകാര്യമായ അവതരണപാടവം. വിനയത്തിന്റെയും ലാളിത്യത്തിന്റെയും ആള്‍രൂപമായിരുന്ന കുഞ്ഞച്ചനെ ഈ തലമുറയ്ക്ക് സുപരിചിതനാക്കിത്തീര്‍ക്കുന്ന തരത്തില്‍ അവതരിപ്പിച്ചതില്‍ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു. നോവലിസ്റ്റിനും ദീപനാളത്തിനും അഭിനന്ദനങ്ങള്‍.
ഡോ. ആന്‍സി വടക്കേച്ചിറയാത്ത്അരുവിത്തുറ
ആത്മസ്പര്‍ശിയായ കുടുംബകഥ
ദീപനാളത്തില്‍ പ്രസിദ്ധീകരിച്ച നിഷ ആന്റണിയുടെ കഥ 'മണിനെല്ലൂരിന്റതിര്' വളരെ ആത്മസ്പര്‍ശിയായി അനുഭവപ്പെട്ടു. ഇത് ഓരോ കുടുംബത്തിന്റെയും കഥയാണ്. കുടുംബത്തിലെ കാരണവന്മാരുടെ കരളലയിപ്പിക്കുന്ന കഥയാണിത്. ഇത്തരം കഥകള്‍ ദീപനാളത്തില്‍ ഇനിയുമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.
പി.കെ. ജോര്‍ജ്
pkgeorge425@gmail.com