പത്തുമണിച്ചെടിക്ക് അടുത്തകാലത്തായി പ്രചാരം വര്‍ദ്ധിക്കുകയുണ്ടായി. ഇന്ന് ഇവ വളരെ ശ്രദ്ധേയമായ ഒരു ചെടിയായി മാറിയിരിക്കുന്നു.
പത്തുമണിച്ചെടിയുടെ ശാസ്ത്രീയനാമം പോര്‍ട്ടുലാക്ക ഗ്രാന്‍ഡിഫ്‌ളോറ എന്നാണ്  സണ്‍പ്ലാന്റ്, മോസ് - റോസ്, എന്നൊക്കെ ഓമനപ്പേരുകളുമുണ്ട് ഇവയ്ക്ക്. ലോകമെമ്പാടുമുള്ള ഉദ്യാനങ്ങളില്‍ സുന്ദരിയായ ഈ വാര്‍ഷികപുഷ്പിണിയെ വളരെ താത്പര്യത്തോടെയാണ് വളര്‍ത്തിപ്പോരുന്നത്. ദക്ഷിണ ബ്രസീല്‍, ഉറുഗ്വേ, അര്‍ജന്റീന എന്നീ  രാജ്യങ്ങളിലെ ഉഷ്ണമേഖലാ സമതലങ്ങളാണ് പോര്‍ട്ടുലാക്കയുടെ ജന്മസ്ഥമായി കരുതിപ്പോരുന്നത്.
തെളിഞ്ഞ സൂര്യപ്രകാശമുണ്ടെങ്കില്‍ മാത്രമേ പത്തുമണിച്ചെടിക്ക് മുഖം തെളിയിക്കുകയുള്ളൂ. അത്രത്തോളം സൂര്യനെ സ്‌നേഹിക്കുന്ന ഉദ്യാനസസ്യമാണിത്.
തറയോടു പറ്റിവളരുന്ന ഈ ചെടി 10-15 സെന്റീമീറ്റര്‍ ഉയരമുള്ളതും പടര്‍ന്നോ ഇഴഞ്ഞോ വളരാന്‍ താത്പര്യം കാട്ടുന്നതുമാണ്. തീരെ ചെറിയ മാംസളമായ ഇലകളും തണ്ടുമുള്ളതാണ് ഇവ. എത്ര കടുത്ത ചൂടും വെയിലും താങ്ങുവാനുള്ള കഴിവും ഇവയ്ക്കുണ്ട്. എല്ലാ പ്രഭാതത്തിലും സൂര്യപ്രകാശത്തോടൊപ്പം പൊട്ടിവിടരുന്ന പൂക്കള്‍ വ്യത്യസ്തനിറങ്ങള്‍ ഇടകലര്‍ത്തി നട്ടാല്‍ വളരെ മനോഹരമാണ്. 
പൂക്കള്‍ റോസ്, പിങ്ക്, മഞ്ഞ, ചുവപ്പ്, വെള്ള, ഓറഞ്ച്, പര്‍പ്പിള്‍ എന്നിങ്ങനെ വിവിധ നിറങ്ങളില്‍ ഉള്ളവ യുണ്ട്. ചില ഇനങ്ങളുടെ പൂവിതളുകളില്‍ വ്യത്യസ്തനിറങ്ങളുടെ വരകളോ പൊട്ടുകളോ കുത്തിയിട്ടുണ്ടാവും. ഒറ്റപ്പൂക്കളും ഇരട്ടപ്പൂക്കളും വിടരുന്ന ഇനങ്ങളുമുണ്ട്. പത്തുമണിച്ചെടിയില്‍ ഒട്ടനവധി ഇനങ്ങള്‍  കാണപ്പെടുന്നുണ്ട്.
എത്ര വളക്കൂറു കുറഞ്ഞ മണല്‍മണ്ണിലും വളരാന്‍ ഇവയ്ക്കു കഴിയും. വേനല്‍ക്കാലങ്ങളില്‍ നനച്ചു കൊടുത്താല്‍ നന്നായി വളര്‍ന്ന് പൂക്കള്‍ വിരിയും. തൂക്കുചട്ടികളിലും ഇവ വളര്‍ത്താം. ചാണകപ്പൊടി ഇട്ടുകൊടുക്കുന്നതും നല്ലതാണ്. തൈകള്‍ വച്ചും തണ്ടുകള്‍ ഒടിച്ചുവച്ചും ഇവ വളര്‍ത്താം.
പുരാതന ഗ്രീക്കുകാരും പേര്‍ഷ്യക്കാരും ഇന്ത്യക്കാരും മറ്റും പത്തുമണിച്ചെടിയുടെ ഔഷധഗുണങ്ങള്‍ മനസ്സിലാക്കിയിരുന്നു. പത്തുമണിച്ചെടിയുടെ വിരനശീകരണശേഷിയും രക്തശുദ്ധീകരണത്തിനുള്ള കഴിവും ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള കഴിവും ഒക്കെ പ്രസിദ്ധമാണ്. ത്വഗ്രോഗങ്ങള്‍, നീര്‍ക്കെട്ട്, തലവേദന, സന്ധിവാതം, ശ്വാസവിമ്മിട്ടം തുടങ്ങി നിരവധി ഔഷധങ്ങളുടെ ചേരുവയില്‍ ഈ പൂച്ചെടിയും ഒരു സജീവഘടകമാണ്.
ഒട്ടനവധി ഗുണങ്ങള്‍ നിറഞ്ഞ പത്തുമണിച്ചെടിയെ  നമ്മുടെ വീട്ടുമുറ്റങ്ങളിലും നട്ടുവളര്‍ത്തുവാന്‍ നമുക്കു ശ്രമിക്കാം. ഇപ്പോള്‍ പത്തുമണിച്ചെടിയുടെ നല്ല കാലം കൂടിയാണെന്ന് നമുക്ക് ഓര്‍മിക്കാം.
							
 ജോഷി മുഞ്ഞനാട്ട്
                    
									
									
									
									
									
									
									
									
									
									
                    