•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

മഹാമാരിയില്‍ നഷ്ടമാകുന്നത്‌

ലോകം ഒരു മഹാമാരിയുടെ പിടിയിലാണ്. ചില രാജ്യങ്ങളില്‍ അതിന്റെ വ്യാപനം നിയന്ത്രണത്തിലായി. ന്യൂസിലന്‍ഡും മറ്റു ചില ദ്വീപരാജ്യങ്ങളും വലുപ്പംകുറഞ്ഞ ചില രാജ്യങ്ങളുമൊക്കെ കോവിഡ്-19 ന്റെ പിടിയില്‍നിന്നു മുക്തമായി. എന്നാല്‍, ബഹുഭൂരിപക്ഷം രാജ്യങ്ങളും മഹാമാരിയുടെ മൂര്‍ധന്യത്തിലേക്കു നീങ്ങുന്നതേയുള്ളു. ചിലയിടങ്ങളില്‍ വീണ്ടും രോഗബാധ പടര്‍ന്നുതുടങ്ങിയ സാഹചര്യവുമുണ്ട്.
എന്തായാലും ലോകമെങ്ങും ഏതാനും മാസംകൊണ്ടു പടര്‍ന്ന മഹാമാരി എങ്ങും വലിയ കെടുതികളാണുണ്ടാക്കുന്നത്. അതിന്റെ ഫലമായ സാമ്പത്തിക - സാമൂഹികാഘാതങ്ങള്‍തന്നെ വളരെ വലുതാണ്. ഇന്ത്യപോലുള്ള രാജ്യങ്ങള്‍ സ്വന്തം രാജ്യത്തെ രോഗബാധയുടെ മാത്രമല്ല മറ്റു രാജ്യങ്ങളിലെ രോഗബാധയുടെ കെടുതികളും അനുഭവിക്കുകയാണ്.
രണ്ടര മാസത്തേക്കു രാജ്യം സമ്പൂര്‍ണ ലോക്ക്ഡൗണിലായി. ലോക്ഡൗണില്‍ അയവു വന്നുതുടങ്ങിയതോടെ രോഗവ്യാപനം ഭീഷണമായ തോതിലേക്കു വളര്‍ന്നു. ഇതോടെ ഒട്ടുമിക്ക സ്ഥലങ്ങളിലും നിയന്ത്രണങ്ങള്‍ വീണ്ടും ചുമത്തി.
വേണ്ടത്ര പഠിച്ചില്ല
ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ജനങ്ങള്‍ കരുതിയത് അതു കഴിയുമ്പോഴേക്കു രോഗവ്യാപനം തീരുമെന്നാണ്. പക്ഷേ, മൂന്നു തവണ ലോക്ക്ഡൗണ്‍ നീട്ടി, ഒടുവില്‍ അയവു പ്രഖ്യാപിച്ചപ്പോള്‍ കണ്ടതു രോഗം അതിവേഗം പടരുന്നതാണ്.
സര്‍ക്കാര്‍ വേണ്ടത്ര ആലോചിച്ചും പഠനം നടത്തിയുമാണു ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് എന്നു കരുതിയവര്‍ക്കു തെറ്റി. വേണ്ടത്ര പഠനം നടന്നതായി ഇപ്പോള്‍ കാണുന്നില്ല. രാജ്യത്തെ രോഗവ്യാപനം മൂര്‍ധന്യത്തിലെത്തുന്നത് ഒന്നുരണ്ടു മാസം നീട്ടിവയ്ക്കാനായി എന്നാണ് ഇപ്പോഴത്തെ അവകാശവാദം. രോഗബാധയുടെ തോതു കുറഞ്ഞെന്നു നടത്തിവന്ന അവകാശവാദം പിന്‍വലിച്ച മട്ടായി.
സാമ്പത്തിക മഹാമാരി
എന്തായാലും രാജ്യത്തു ലോക്ഡൗണ്‍ മഹാമാരിപോലെതന്നെ ദുരിതം വിതച്ചു. ഫാക്ടറികളും വ്യാപാരസ്ഥാപനങ്ങളുമെല്ലാം അടഞ്ഞതോടെ അവയെ ആശ്രയിച്ചു ജീവിച്ചിരുന്നവരില്‍ മഹാഭൂരിപക്ഷത്തിനും വരുമാനമില്ലാതായി. കാര്‍ഷികമേഖലയിലാകട്ടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ ബുദ്ധിമുട്ടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചുരുക്കം സ്വകാര്യമേഖലാ ഉദ്യോഗസ്ഥരും ഒഴിച്ചുള്ളവര്‍ക്കു വലിയ വരുമാനനഷ്ടമുണ്ടായി. രാജ്യത്തു ജിഡിപി (മൊത്ത ആഭ്യന്തരോത്പാദനം) ഇടിഞ്ഞു. രാജ്യത്തു മാത്രമല്ല പ്രശ്‌നങ്ങള്‍. വിദേശരാജ്യങ്ങളിലും സമ്പദ്ഘടന തകര്‍ച്ചയിലാണ്. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെല്ലാം ജിഡിപി ചുരുങ്ങും എന്നാണു പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എങ്ങും തൊഴില്‍ കുറയുന്നു.ആഗോളപ്രശ്‌നം
2008-09 ലായിരുന്നു ഇതിനുമുന്‍പ് ഒരു ആഗോള മാന്ദ്യം ഉണ്ടായത്. അത് അമേരിക്കന്‍ ധനകാര്യമേഖലയിലെ അച്ചടക്കമില്ലായ്മ മൂലമുണ്ടായ മാന്ദ്യമാണ്. എങ്കിലും, ലോകം മുഴുവന്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി. ഒട്ടേറെ തൊഴില്‍ നഷ്ടപ്പെട്ടു. പല വര്‍ഷങ്ങള്‍ എടുത്തു, നഷ്ടപ്പെട്ട തൊഴിലുകള്‍ വീണ്ടും ഉണ്ടാകാനും സമ്പദ്ഘടന ഉന്മേഷം വീണെ്ടടുക്കാനും.
ഇപ്പോള്‍ പ്രശ്‌നം ആഗോളമാണ്. എല്ലാ രാജ്യങ്ങളിലും ഉത്പാദനവും സാമ്പത്തികപ്രവര്‍ത്തനങ്ങളും മുടങ്ങി. വരുമാനം കുറഞ്ഞു. തൊഴില്‍ കുറഞ്ഞു. ജിഡിപി ചുരുങ്ങി.
തൊഴില്‍ നഷ്ടപ്പെടുന്നു
നഷ്ടപ്പെടുന്ന തൊഴിലുകള്‍ക്കു പകരം പുതിയ തൊഴില്‍ എന്നേക്ക് ഉണ്ടാകുമെന്ന് ആര്‍ക്കുമറിയില്ല. അമേരിക്കയില്‍ മാത്രം മൂന്നുമാസംകൊണ്ടു രണ്ടു കോടിയോളം പേര്‍ക്കു പണിയില്ലാതായി. ഇന്ത്യയില്‍ ലക്ഷക്കണക്കിനു കുടിയേറ്റ ത്തൊഴിലാളികള്‍ നൂറുകണക്കിനു കിലോമീറ്ററുകള്‍ നടന്നു നാട്ടിലേക്കു മടങ്ങിയ ദൃശ്യംതന്നെ തൊഴില്‍നഷ്ടത്തിന്റെ തീവ്രത കാണിക്കുന്നു. രാജ്യത്തു തൊഴില്‍ നഷ്ടത്തിന്റെ ഔപചാരിക കണക്കുകള്‍ ഇല്ല. പക്ഷേ, 12 കോടിയോളം കുടിയേറ്റ ത്തൊഴിലാളികളില്‍ 90 ശതമാനവും പണിയില്ലാത്തവരായി. ചെറുകിട ജോലികളോ സംരംഭങ്ങളോ ഇല്ലാതായി പണി നഷ്ടപ്പെട്ടവരും കോടികള്‍ വരും.
ഗള്‍ഫ് മേഖലയില്‍ ക്രൂഡ് ഓയില്‍ വിലയിലെ ഇടിവു കൂടിയായപ്പോള്‍ തൊഴിലുകള്‍ വന്‍തോതില്‍ കുറയുകയാണ്. അവിടെ വര്‍ഷങ്ങളായി ഉണ്ടായിരുന്നവരും മടങ്ങേണ്ടിവരുന്നു. ഗള്‍ഫിലെ ഈ കുഴപ്പം ഇന്ത്യയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതാണ്. ഇപ്പോള്‍ തിരിച്ചുവരുന്നവരില്‍ ചെറിയൊരു പങ്കിനേ ഗള്‍ഫിലേക്കു തിരിച്ചുചെല്ലാന്‍ അവസരമുള്ളു. ഇതു കേരളത്തിലും മറ്റും ഉണ്ടാക്കുന്ന സാമൂഹികസാമ്പത്തിക ചലനങ്ങള്‍ ദൂരവ്യാപകഫലങ്ങള്‍ ഉള്ളവയാണ്.
ബജറ്റുകള്‍ താളം തെറ്റി
കോവിഡിന്റെ മറ്റൊരു പ്രത്യാഘാതമാണു സര്‍ക്കാര്‍ വരുമാനത്തിലുണ്ടായ ഇടിവ്. അതുവഴി കേന്ദ്ര - സംസ്ഥാന ബജറ്റുകള്‍ യഥാര്‍ഥത്തില്‍ അപ്രസക്തമായി.
നികുതിവരുമാനം കുത്തനെ ഇടിഞ്ഞു. ഈ വരുമാനനഷ്ടം നികത്താന്‍ ബജറ്റില്‍ നിര്‍ദേശിച്ചതിലും വളരെ കൂടുതല്‍ വായ്പ എടുക്കേണ്ടിവരുന്നു. കേന്ദ്രം 7.8 ലക്ഷം കോടിയില്‍നിന്നു 12 ലക്ഷം കോടിയിലേക്കു വായ്പ കൂട്ടുന്നു. സംസ്ഥാനങ്ങള്‍ക്കും വായ്പാപരിധി വര്‍ധിപ്പിച്ചു.
പക്ഷേ, അതുകൊണ്ടു മാത്രം വരുമാനനഷ്ടം നികത്താനാവില്ല. രാജ്യത്തു ജിഡിപി കുറഞ്ഞപ്പോള്‍ ആനുപാതികമായി നികുതിപിരിവും കുറഞ്ഞു. എന്നാല്‍, ചെലവിനങ്ങള്‍ കുറഞ്ഞില്ല. കോവിഡ് മൂലം വേറേ അധികച്ചെലവു വരുകയും ചെയ്തു.
ജനക്ഷേമത്തിനു നടപടിയില്ല
കോവിഡിന്റെ പ്രത്യാഘാതത്തില്‍നിന്നു ജനങ്ങളെ രക്ഷിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ ഉണ്ടായതുമില്ല. 21 ലക്ഷം കോടി രൂപയുടെ പദ്ധതിയൊക്കെ കേന്ദ്രം പ്രഖ്യാപിച്ചു. അതില്‍ 60 ശതമാനം റിസര്‍വ് ബാങ്ക് ചെയ്യുന്ന കാര്യങ്ങള്‍. റിസര്‍വ് ബാങ്ക് രാജ്യത്തു പണലഭ്യത കൂട്ടാനും പലിശ കുറയ്ക്കാനുമാണു നടപടി എടുത്തത്. ബാങ്കുകള്‍, ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ വിഷയമാണത്. അക്കാര്യം ശരിയായി ചെയ്തു. പക്ഷേ, അതു സാധാരണക്കാരന്റെ വരുമാന നഷ്ടത്തിനു പകരമുള്ള നടപടിയല്ല.
ജനങ്ങള്‍ക്ക്, പ്രത്യേകിച്ചും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും ദരിദ്രവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ ഉപജീവനബത്ത നല്കണമെന്നു പല തലങ്ങളില്‍നിന്ന് ആവശ്യമുയര്‍ന്നിട്ടും കേന്ദ്രം വഴങ്ങിയില്ല. പണിയെടുക്കാതെ പണം നല്കുന്നതു തെറ്റാണെന്ന നിലപാടാണ് കേന്ദ്രം പുലര്‍ത്തുന്നത്. എന്നാല്‍, വരുമാനനഷ്ടം സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും ക്രയശേഷി നഷ്ടപ്പെടുത്തിയ സാഹചര്യത്തില്‍ ഉപജീവനബത്തപോലെ നേരിട്ടുള്ള ധനസഹായം അനിവാര്യമാണെന്നു ധാരാളംപേര്‍ ചൂണ്ടിക്കാട്ടി.
ഇങ്ങനെ നേരിട്ടു സഹായം നല്കുന്നത് സമ്പദ്ഘടനയുടെ തിരിച്ചുവരവിനാണു സഹായിക്കുക. താഴേത്തട്ടിലുള്ളവര്‍ക്കു പണം കിട്ടുമ്പോള്‍ അതു നേരേ ഉപഭോഗത്തിലേക്കു പോകും. സാധനങ്ങള്‍ വാങ്ങും; വ്യാപാരം കൂടും; അതിന്റെ ഫലമായി ഉത്പാദനം കൂടും; അപ്പോള്‍ തൊഴില്‍ കൂടും; അതുവഴി നാട്ടില്‍ വരുമാനം കൂടും. ഇങ്ങനെ വളര്‍ച്ചയുടെ അന്തരീക്ഷമൊരുക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, ചില സിദ്ധാന്തങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന സര്‍ക്കാര്‍ ജനങ്ങള്‍ക്കും സമ്പദ്ഘടനയ്ക്കും സഹായകമാകുമായിരുന്ന നടപടി ഒഴിവാക്കി.
റേറ്റിംഗും താണു
രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്താന്‍ വിദേശ ഏജന്‍സികള്‍ തീരുമാനിച്ചു. റേറ്റിംഗ് താഴാതിരിക്കാന്‍വേണ്ടി പല നല്ല കാര്യങ്ങളും വേണെ്ടന്നുവച്ച സര്‍ക്കാരിന് അതു തിരിച്ചടിയായി.
വിവിധ ധനകാര്യ ഏജന്‍സികള്‍ പറയുന്നത് ഈ വര്‍ഷം ഇന്ത്യയുടെ ജിഡിപി അഞ്ചു ശതമാനംവരെ ചുരുങ്ങുമെന്നാണ്. അടുത്ത വര്‍ഷം ചെറിയ തോതില്‍ തിരിച്ചുകയറുമെന്നും.
രണ്ടു മൂന്നുവര്‍ഷമായി ഇന്ത്യയുടെ വളര്‍ച്ച നാമമാത്രമാണ്. സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകളെത്തന്നെ പലരും വിശ്വസിക്കുന്നില്ല. ആ കണക്കുകള്‍ അനുസരിച്ചുപോലും വളര്‍ച്ച നാമമാത്രം. എട്ടും ഒന്‍പതും ശതമാനം തോതില്‍ വളര്‍ന്നാല്‍ മാത്രമേ രാജ്യത്ത് ആവശ്യത്തിനു തൊഴില്‍ ഉണ്ടാകൂ. പകരം നാലും അഞ്ചും ശതമാനം മാത്രം വളര്‍ച്ച.
ഇതില്‍നിന്നു വീണ്ടും കുറയുമെന്നാണു പറയുന്നത്. രാജ്യം മൂന്നു നാലുവര്‍ഷം പിന്നിലേക്കു പോകും. അവിടെനിന്നു തിരിച്ചുകയറി വരാന്‍ സമയമെടുക്കും.
വേണ്ടതു തൊഴില്‍
അതിന്റെ ഫലം രാജ്യത്തു പഠിച്ചിറങ്ങുന്ന യുവാക്കള്‍ക്കു പണി കിട്ടാനില്ലാതാകുന്നതാണ്. പുറമേ മടങ്ങിവരുന്ന പ്രവാസികള്‍ക്കും ഇപ്പോള്‍ രാജ്യത്തു പണി നഷ്ടപ്പെടുന്നവര്‍ക്കും പണിവേണം. അതു കിട്ടാന്‍ എന്തുവഴി എന്ന വലിയ ചോദ്യചിഹ്നമാണ് ഉയരുന്നത്.
കോവിഡ് എന്ന മഹാമാരിയുടെ മൂര്‍ധന്യത്തിലേക്കു രാജ്യം പ്രവേശിക്കാന്‍ പോകുന്നതേ ഉള്ളു. അതിനകംതന്നെ ഭാവിചിത്രം ഇരുണ്ടതായി.
രണ്ടു യുദ്ധങ്ങളും (1962, 1965) തുടര്‍ച്ചയായ രണ്ടു വരള്‍ച്ചകളും (1965, 1966) സമ്മാനിച്ച ദുരിതംപേറിയ 1960കളുടെ രണ്ടാംപകുതിയും എണ്ണവില അഞ്ചു മടങ്ങായതിന്റെയും രണ്ടു വരള്‍ച്ച (1972, 1973)കളുടെയും ദുരിതം ചുമന്ന 1970-കളുടെ ആദ്യപകുതിയുമൊക്കെ ഓര്‍മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യം. അന്നു ഭക്ഷ്യക്ഷാമം ഉണ്ടായിരുന്നു. ഭാഗ്യവശാല്‍ ഇന്നു ഭക്ഷ്യക്ഷാമം ഇല്ല. പക്ഷേ, അന്നത്തേക്കാള്‍ ഉപരിയായി ഇന്നു തൊഴില്‍ ആവശ്യമുണ്ട്. അതിനുതക്ക അന്തരീക്ഷം അതിവേഗം ഉണ്ടാക്കുകയാണു രാജ്യം ചെയ്യേണ്ടത്.

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)