വെളുപ്പിനെ മൂന്നു മണിക്ക് ലിവിങ് റൂമില്‍നിന്ന് ബെഡ്‌റൂമിലേക്ക് വെളിച്ചത്തിന്റെ കണികകള്‍ അനുവാദമില്ലാതെ പ്രവേശിച്ചപ്പോഴാണ് ജിതേന്ദ്രന്‍ ഉറക്കമുണര്‍ന്നത്. വാതില്‍ തുറന്നപ്പോള്‍ കണ്ടത് വിചിത്രമായ കാഴ്ചയായിരുന്നു.
ലിവിങ് റൂമിലെ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന കലണ്ടറിലെ അക്കങ്ങളില്‍ക്കൂടി അമ്മ വിരലോടിക്കുന്നു. തിമിരം ബാധിച്ച കണ്ണുകള്‍ക്ക് കാഴ്ച തിരിച്ചുകിട്ടിയോ. ഈയിടെയായി ഓര്‍മയും കുറവാണ്.
ഈ പാതിരാത്രിക്ക് എന്താണമ്മ കലണ്ടറില്‍ തിരയുന്നത്? ''അമ്മേ.'' ജിതേന്ദ്രന്‍ ഉറക്കെ വിളിച്ചു.
''ഇതിപ്പോ തുലാമാസമാണോ ജിതേന്ദ്രാ.''
''അമ്മയ്‌ക്കെന്താ പ്രാന്തായോ? ജനുവരി കഴിയാറായി അമ്മേ.''
''അപ്പോ ധനു തൊടങ്ങില്ലെ? ധനൂലെങ്ങനാ ഇത്തര മഴ? നെനക്കിനി മാസം തെറ്റ്യോ ജിതേന്ദ്രോ.''
''എനിക്കറിയില്ലമ്മേ ഇതൊന്നും.''
''അതേ. നെനക്കൊന്നും അറിഞ്ഞൂടല്ലോ. ഓരോന്നിനും ഓരോ കാലങ്ങളാ. ഇടവപ്പാതീം തുലാമഴേം. അല്ലാണ്ടൊരു മഴക്കാലോണ്ടോ ജിതാ, നാട്ടില്.''
''അമ്മ ഒന്നു പോയ് കെടക്ക്. നേരം പാതിരാ കഴിഞ്ഞു.'' അയാള്‍ അസഹ്യതപ്പെട്ടു.
''ജിതേന്ദ്രാ. നീയ്യിങ്ങ്ട്ട് വരി. കുളിമുറീല് നെലത്തൊരു മരത്തവള. മഴക്കാലായീന്ന് വിചാരിച്ച് അവറ്റോള് മുട്ടയിടാന്‍ എറങ്ങീതായിരിക്കും. നാട്ടിലെ സ്ഥലം വില്പനയാക്കുമ്പം തോട്ടിറമ്പിലെ മരങ്ങളും കൈതേം വെട്ടര്‌തെന്ന് ഞാന്‍ നെന്നോടു പറഞ്ഞതാ. പറമ്പിലാകെപ്പാടെ ഇത്തിരി തണ്പ്പള്ള സ്ഥലം അതായിരുന്നു. ജീവിക്കാന്‍ ഇടംല്ല്യാണ്ടായാല്‍ എന്താ ചീയ്യാ അവറ്റോള്.''
അമ്മ നിര്‍ത്താന്‍ ഭാവമില്ല.
''അമ്മേ. നേരം വെളുക്കാന്‍ ഇനീം സമയോണ്ട്. അമ്മ ഒന്നു പോയി കിടക്കൂ. എനിക്കു രാവിലെ ജോലിക്ക് പോകാനുള്ളതാണ്.''
''നീ ഇങ്ങട്ട് നോക്കൂ, ജിതേന്ദ്രാ. ദ് കണ്ടോ തവളോള്.'' അമ്മ കുളിമുറിയിലേക്കാണ്. ലൈറ്റിട്ടപ്പോഴാണ് കണ്ടത് മുറിയുടെ മൂലയില്‍ ഇത്തിരിപ്പോന്ന ഒരു കുഞ്ഞന്‍ തവള. ഒന്നു മാത്രം. വെളിച്ചം കണ്ടപ്പോ അത് ഭയന്ന് മൂലയ്‌ക്കൊളിക്കുന്നു. ''ഇതൊരു ചെറിയ തവളയല്ലേ അമ്മേ. ഞാനതിനെ ഇപ്പോത്തന്നെ എട്ത്തു കളഞ്ഞേക്കാം.''
''കളയാനോ, വേണ്ട ജിതേന്ദ്രാ. അതാടെത്തന്നെ നിന്നോട്ടെ. പണ്ടൊക്കെ തിരുവാതിരേല് രാത്രിമഴ പെയ്യ് മ്പോ പാടവരമ്പത്ത്ന്ന് മഴക്കൊച്ചേന്റെ പാട്ട് കേക്കായിരുന്നു. അയിന്റൊപ്പംതന്നെ മരപ്പൊത്തീന്ന് മരത്തവളേം. കുളിരും തണ്പ്പും സഹിക്കവയ്യാണ്ടായിരിക്കും അവറ്റോള് പാടണ്ത്. എന്തു രസാ അത്ങ്ങടെ പാട്ട് കേള്‍ക്കാന്‍. മഴക്കൊച്ചയ്ക്കും മരത്തവളയ്ക്കും ഒരേ കാലാ. മഴക്കൊച്ച കൂട്ണ്ടാക്കി മുട്ട ഇടും. തവളോള് മരപ്പൊത്തിലൂറി നിക്കണ വെള്ളക്കെട്ടിലും. പാവം തവളോള്. അത് ചോലേം തണ്പ്പും തേടിയിറങ്ങീതാ. അയിനും മുട്ടയിടണ്ടേ. ഞ്ഞി, ആ ലൈറ്റ് അണച്ചേരെ. ഇരുട്ടാ അയിനിഷ്ടം. ന്നിട്ട് ഇന്റൊപ്പം കണ്ണ്ട്ച്ച് കെട്‌ന്നോ. അപ്പോ അയിന്റെ പാട്ട് കേക്കാം അയിന്റെണേനെ വിളിക്കണ പാട്ട്.''
അമ്മ ഭൂതകാലത്താണ്. താന്‍ അമ്മയുടെ കൈവിരല്‍ത്തുമ്പിലെ കുഞ്ഞുകുട്ടിയും. നാട്ടില് മൈനയും കൊറ്റിയും പാറിനടക്കണ വയലും രഹസ്യങ്ങളുടെ കലവറയായ കൈതക്കാടും ഇനി ഒരിക്കലും തിരിച്ചെടുക്കാന്‍ പറ്റാത്ത രീതിയില്‍ താഴിട്ടുപൂട്ടി രാമന്‍ നായരെ ഏല്പിച്ച് നഗരത്തിലെ ഇരുനിലക്കെട്ടിടത്തിലേക്ക് അമ്മയെയുംകൊണ്ട് പോവുമ്പോള്‍ ജിതേന്ദ്രന്‍ സമാധാനിച്ചു.
നഗരത്തില് എത്തിയെങ്കിലും അമ്മ മനസ്സുകൊണ്ട് ഗ്രാമത്തില്‍ ജീവിച്ചു. ''ഒരിത്തിരി പച്ചപ്പ് എന്നെ കാണിച്ചു തരോ ജിതാ. ന്റെ കണ്ണ് പുളിക്കണ് ഈ വിടരാത്ത പൂ കണ്ടിട്ട്?'' ലിവിങ് റൂം അലങ്കരിച്ച പ്ലാസ്റ്റിക് ഓര്‍ക്കിഡിനെ നോക്കിയായിരുന്നു അമ്മയുടെ ആദ്യപരാതി. ഓര്‍മ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആദ്യത്തെ നാളുകളില്‍ അമ്മയുടെ പരാതി കേട്ട് താന്‍ മുറ്റത്തൊരു പച്ചവിരിപ്പ് ഉണ്ടാക്കി. അപ്പോള്‍ അതില്‍ ദര്‍ഭയും തെച്ചിയും കറുകയും എന്തേ വളരാത്തേന്നായി അടുത്ത ചോദ്യം. ആ പച്ചവിരിപ്പില്‍ അമ്മ മുക്കുറ്റിപ്പൂവിനുവേണ്ടി പരതി നടന്നു. മുക്കുറ്റികള്‍ ഒരിക്കലും വളരാതിരിക്കാന്‍ പുല്‍ത്തകിടിയെ മരുന്നടിച്ച് പരിപാലിക്കുന്ന തന്റെ ഭാര്യയുടെ വേലക്കാരി അമ്മയുടെ പരാതികള്‍ കേട്ട് വാ പൊത്തി ചിരിച്ചു. മറ്റൊരിക്കല്‍ അക്വേറിയത്തില്‍ ഉണ്ടായിരുന്ന മീനുകളെ പിടിച്ച് അമ്മ കിണറ്റില്‍ കൊണ്ടിട്ടു.
''ഞാന്‍ നോക്കീട്ട് ജിതാ, തോടൊന്നും ഇബ്‌ടെ കാണുന്നില്ല. മീനോള്‍ക്ക് ആ ചില്ലു പെട്ടീന്റുള്ളിക്കിടന്ന് ശ്വാസം മുട്ടണംണ്ടാവും. ഞാനയിനെ മുയ്മനെടുത്ത് കിണറ്റിലിട്ടു. ഇനി അയിറ്റോള് നീന്തിക്കളിക്കട്ടെ. അടച്ചിരുപ്പുകാലത്ത് താന്‍ വാങ്ങിച്ചുകൊടുത്ത ഹൈബ്രീഡ് ഗപ്പി നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ അപ്പു രണ്ടു ദിവസം സങ്കടപ്പെട്ടു നടന്നു. ഗ്രാമങ്ങളില്‍ നീന്തിക്കളിച്ചതും പാറിനടന്നതുമൊക്കെ നഗരങ്ങളിലേക്കെത്തുമ്പോള്‍ കൂട്ടിലാക്കപ്പെടുന്നു.
ജിതേന്ദ്രന്‍ അമ്മയുടെ മുഖത്തേക്കു നോക്കി. ഉറങ്ങിയിട്ടില്ല. അമ്മയ്ക്ക് ഓര്‍മകള്‍ നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. തന്റെയും അച്ഛന്റെയും പേരുകള്‍ മാത്രമേ അമ്മയ്ക്ക് ഓര്‍മയുള്ളൂ. നാട്ടിലെ സ്ഥലം വില്‍ക്കാന്‍ മനസ്സുണ്ടായിട്ടല്ല. അച്ഛന്‍ മരിച്ചശേഷം ഒറ്റയ്ക്കായ അമ്മയെ ഓര്‍ത്ത് തനിക്ക് ഉറക്കമില്ലായിരുന്നു. ഗര്‍ഭപാത്രം വികസിക്കുമ്പോഴുള്ള വേദന തനിക്കറിയില്ലെങ്കിലും അപ്പു ജനിക്കാന്‍ നേരത്ത് ശ്യാമളയുടെ കരച്ചില്‍ കേട്ടപ്പോഴാണ് താന്‍ ആദ്യമായി പിറവിയുടെ നൊമ്പരം അറിയുന്നത്. അപ്പോള്‍ താന്‍ അമ്മയെ ഓര്‍ത്തു. അധികം വൈകാതെ, ആരുടെയും മുറുമുറുപ്പുകള്‍ വകവയ്ക്കാതെ അമ്മയെ ഒപ്പം കൂട്ടി. പക്ഷേ, പിന്നീടാണു മനസ്സിലായത്, അമ്മയ്ക്ക് താന്‍ കൊടുക്കുന്നതിനെക്കാള്‍ സന്തോഷം നല്കാന്‍ കൈതക്കാടിനുള്ളിലെ ജീവജാലങ്ങള്‍ക്കു കഴിയുമെന്ന്. ചെറുപ്പത്തില്‍ തന്നെയും മൂത്തയെയും ഒരിക്കലും അമ്മ കൈതക്കാടിന്റെ ഇരുണ്ടയിടങ്ങളിലേക്ക് അയച്ചിരുന്നില്ല. തന്റെ നിര്‍ബന്ധം സഹിക്കവയ്യാതെയാണ് അമ്മ ഒരിക്കല്‍ തങ്ങളെ അങ്ങോട്ടു കൊണ്ടുപോയത്. നനവു നിറഞ്ഞ ഇളം പച്ചത്തുരുത്ത്. പൗര്‍ണമിരാവ് ഉദിച്ചപോലെ കുളിര്‍ന്നൊഴുകുന്ന നീര്‍ച്ചാലുകള്‍. തോട്ടിറമ്പിലായി ഇരുള്‍ വീഴ്ത്തി നില്ക്കുന്ന കൈതക്കാടുകളും ഇല്ലിക്കൂട്ടങ്ങളും. തൊട്ടരികിലായി ചോല വിരിച്ച ജാതിമരങ്ങള്‍. പക്ഷികള്‍ ചിറകു വിരിച്ചാടുന്ന മധുര ജാതിക്കൊമ്പുകള്‍. അന്നാണ് ആദ്യമായി കൈതപ്പൂവിന്റെ മദിപ്പിക്കുന്ന ഗന്ധം അറിഞ്ഞത്. നനഞ്ഞു കിടക്കുന്ന മണ്ണിനുപോലും അതേ ഗന്ധം. ഇടയ്‌ക്കെവിടെനിന്നോ ഏതോ ഒരു പക്ഷിയുടെ നീട്ടിയ കുറുകല്‍ കേട്ടു. അമ്മ ഉടനേ തന്റെ വായ് പൊത്തി...
''മക്കള് മിണ്ടല്ലേ. മഴക്കൊച്ചയാണ്. അത് മുട്ടയിടാന്‍ കൂടൊരുക്ക്വാണ്. മനുഷ്യമ്മാരുടെ ഒച്ച കേട്ടാല്‍ അവറ്റോള് പറന്നുപോവും.'' കൈതക്കാടിന്റെ തണുപ്പറിഞ്ഞ് സമയം പോയതറിഞ്ഞില്ല. ഇനി മതി. പൂവ്വാ. സന്ധ്യ ആവാറായി. സര്‍പ്പങ്ങള്‍ക്ക് ഇണചേരാന്‍ സമയായിറ്റിണ്ടാവും.'' ''ന്നാ അതുംകൂടി കണ്ടിട്ട് പൂവ്വാമ്മേ'' മൂത്ത കേണു. ''ഛീ, അസത്തെ. മിണ്ടാണ്ടിരിന്നോ. അവറ്റോളെ ശല്യം ചെയ്താ ശാപം ഇണ്ടാവുംട്ടോ.''
ക്ലോക്കില്‍ സമയം അറിയിച്ചുകൊണ്ടുള്ള മണി മുഴങ്ങി. ഇന്നലെ പെയ്ത ചാറ്റല്‍ മഴയുടെ തണുപ്പില്‍ നേരം പുലര്‍ന്നു തുടങ്ങിയിരിക്കുന്നു. അയാള്‍ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് ബെഡ്‌റൂമിലേക്കു പോയി. ശ്യാമളയും അപ്പുവും ഉറക്കമാണ്. അയാളും മെല്ലെ ഉറക്കത്തിലേക്കു വഴുതി.
''അച്ഛമ്മേ. ഇത് അപ്പര്‍ ഡണ്‍ വെറിഗെറ്റ ആണ്. ഇറ്റ്‌സ് എ കൈന്‍ഡ് ഓഫ് ട്രീ ഫ്രോഗ്‌സ് എന്നു വേണമെങ്കില്‍ പറയാം.'' അപ്പുവിന്റെ ശബ്ദം കേട്ടാണ് അയാളുണര്‍ന്നത്. ''എന്താ അപ്പൂ?'' ജിതേന്ദ്രന്‍ അമ്മയുടെ മുറിയിലെത്തി. അപ്പോള്‍ കണ്ട കാഴ്ച ജിതേന്ദ്രനെ വീണ്ടും വേദനിപ്പിച്ചു. അമ്മ ആ തവളക്കുഞ്ഞിനു കൂട്ടിരിക്കുന്നു. പിറന്ന പൈതലിനെ ആദ്യമായി കാണുന്ന അമ്മയെപ്പോലെ. ''അച്ഛാ, ഇത് ബാത്‌റൂമിലൊക്കെ കാണുന്ന തവളയാണ്. അപ്പര്‍ ഡണ്‍ വെറിഗെറ്റ എന്നു പറയും. ചെലപ്പോ അച്ഛമ്മ പറയുംപോലെ തണ്പ്പ് തേടി വന്നതായിരിക്കും. അഞ്ചാം ക്ലാസുമുതല്‍ സിവില്‍ സര്‍വീസ് കോഴ്‌സിനു പോകുന്നതുകൊണ്ട് അപ്പുവിന് പെട്ടെന്ന് കാര്യം മനസ്സിലായി. പക്ഷേ, അപ്പുവിന് മനസ്സിലാവാത്ത ഒരു കാര്യമുണ്ടായിരുന്നു, കാലം തെറ്റിയ കാലാവസ്ഥ അറിയാതെയാണ് അത് നഗരത്തിലെ ഇത്തിരി തണുപ്പില്‍ അഭയം തേടിയതെന്ന്.