•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

കര്‍ഷകവണ്ടികള്‍ ദിശ മാറുമ്പോള്‍

  • സെര്‍ജി ആന്റണി
  • 4 February , 2021

രാജ്യത്തെ കര്‍ഷകപ്രക്ഷോഭം പുതിയ മാനങ്ങളിലേക്കു കടക്കുകയാണ്. രണ്ടു മാസത്തിലേറെയായി ഡല്‍ഹിയില്‍ പ്രത്യക്ഷസമരത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ പ്രതിഷേധറാലിയും അതോടനുബന്ധിച്ചുണ്ടായ അനിഷ്ടസംഭവങ്ങളും കര്‍ഷകസമരത്തെ മറ്റൊരു ദിശയിലേക്കു തിരിച്ചുവിടാനിടയാകരുത്. അവ്യക്തത നീക്കണം.
കര്‍ഷകപ്രക്ഷോഭത്തിനാധാരമായ പ്രശ്‌നങ്ങള്‍ ഇതിനോടകം വ്യാപകമായ വിചിന്തനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്.
കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയ, സാമൂഹിക, കര്‍ഷകപ്രസ്ഥാനങ്ങളും ഇതേക്കുറിച്ചു വ്യാപകമായ പ്രചാരണങ്ങളും ബോധവത്കരണവും നടത്തുന്നുï്. എങ്കിലും കാതലായ പ്രശ്‌നങ്ങളെക്കുറിച്ചു സാധാരണക്കാര്‍ക്കും പൊതുസമൂഹത്തിനും ഇപ്പോഴും വ്യക്തതയുണ്ടോ എന്നു സംശയമാണ്. സമൂഹമാധ്യമങ്ങളിലും പരമ്പരാഗത വാര്‍ത്താമാധ്യമങ്ങളിലുമൊക്കെ ഇതേക്കുറിച്ചു വരുന്ന വാര്‍ത്തകളും വിശകലനങ്ങളും വിമര്‍ശനങ്ങളും കൂടുതല്‍ ആശയക്കുഴപ്പത്തിനിടയാക്കുകയും ചെയ്യുന്നു. 
പുകയുന്ന നെരിപ്പോട്
കാര്‍ഷികമേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ പുതുതായി
കൊണ്ടുവന്ന മൂന്നു നിയമങ്ങളാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിന്റെ അടിസ്ഥാനകാരണമെങ്കിലും കര്‍ഷകരുടെ ഇടയില്‍ ഏറെക്കാലമായി പുകഞ്ഞുകൊണ്ടിരുന്ന അസ്വസ്ഥതകളുടെയും ആശങ്കകളുടെയും നെരിപ്പോട് ഇപ്പോള്‍ ആളിക്കത്തിയെന്നേയുള്ളൂ. എത്രയോ വര്‍ഷങ്ങളായി രാജ്യത്തെ കാര്‍ഷികമേഖല വന്‍പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു. വിദേശത്തുനിന്നുള്ള ഭക്ഷ്യധാന്യസഹായത്തിനായി കാത്തുനിന്ന കാലം കടന്ന് ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ മിച്ചമുള്ള രാജ്യമായും ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായും ഇന്ത്യ മാറിയത് നാം മറന്നുപോകരുത്. കര്‍ഷകരുടെ കഠിനാധ്വാനവും ഹരിതവിപ്ലവം പോലുള്ള കാര്‍ഷികരംഗത്തെ ശാസ്ത്രീയമായ മുന്നേറ്റങ്ങളും ഈ മാറ്റത്തിന് ഊര്‍ജം പകര്‍ന്നുവെന്നതു വിസ്മരിക്കാനാവില്ല. 
വളരാന്‍ വെമ്പല്‍
സ്വാതന്ത്ര്യാനന്തരഭാരതത്തില്‍ 'ജയ് ജവാന്‍, ജയ് 
കിസാന്‍' എന്ന മുദ്രാവാക്യം രാജ്യത്തിന്റെ കെട്ടുറപ്പിനെയും
സാമ്പത്തികസുസ്ഥിതിയെയും ഭക്ഷ്യസ്വയംപര്യാപ്തതയെയും പ്രചോദിപ്പിക്കുന്ന വാക്കുകളായിരുന്നു. ഇതിനിടെ ലോകത്തെ വലിയ സാമ്പത്തികശക്തിയായി മാറാനുള്ള രാജ്യത്തിന്റെ വ്യഗ്രതയില്‍ ചില അടിസ്ഥാന കാര്യങ്ങള്‍ നാം മറന്നു. മക്കള്‍ വലിയ പഠിപ്പും പത്രാസുമൊക്കെയായി സമ്പന്നരും സമൂഹത്തില്‍ വലിയ വിലയും നിലയുമുള്ളവരുമായി മാറുമ്പോള്‍ പഴയ കാര്യങ്ങള്‍ പലതും മറക്കുന്നതുപോലെ രാജ്യവും രാജ്യഭരണം നടത്തുന്നവരും ചിലതൊക്കെ മറന്നുതുടങ്ങി, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍. ഇക്കഴിഞ്ഞ 
ദിവസം കാലാവസ്ഥാ കാര്യനിര്‍വഹണ സമിതിയുമായി ബന്ധപ്പെട്ടൊരു സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്: ''നാം നമ്മുടെ അഭിലാഷങ്ങള്‍ പുനഃക്രമീകരിക്കുക മാത്രമല്ല, ലക്ഷ്യമിട്ട കാര്യങ്ങളില്‍ നാം എത്രമാത്രം നേട്ടം ഉണ്ടാക്കിയിട്ടുï് എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ വരുംതലമുറകള്‍ക്കു നമ്മുടെ ശബ്ദം വിശ്വാസയോഗ്യമായി പരിണമിക്കൂ.'' കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതിപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടൊരു ആഗോള സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞ ഈ വാക്കുകള്‍ നമ്മുടെ കാര്‍ഷികമേഖലയിലും ഏറെ പ്രസക്തമാണ്. 
ലാഭക്കൊതി, ചൂഷണം
കാര്‍ഷികരംഗത്ത് നാം കൈവരിച്ച നേട്ടങ്ങളും ഉത്പാദനവര്‍ധനവും ശാസ്ത്രീയകൃഷിരീതികളും സാങ്കേതി
കവിദ്യയുടെ ഉപയോഗവുമൊക്കെ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കും സാമ്പത്തികസുസ്ഥിതിക്കും വരുംതലമുറയുടെ സുരക്ഷയ്ക്കുമായി കാത്തുസൂക്ഷിക്കാനും കൈമാറാനും കഴിയണം. പക്ഷേ, നിര്‍ഭാഗ്യകരമെന്നു പറയട്ടെ, സംഭവിക്കുന്നതു തികച്ചും വ്യത്യസ്തമായിട്ടാണ്. എവിടെയും ലാഭക്കൊതിയുടെയും ചൂഷണത്തിന്റെയും
കഴുകന്‍കണ്ണുകളുമായി കാത്തിരിക്കുന്നവരുടെ ഇടയില്‍ അധ്വാനത്തിന്റെയും ആത്മാര്‍ഥതയുടെയും നിഷ്‌കളങ്കമായ ജീവിതസാഹചര്യങ്ങളുടെയും ഇടയില്‍ കഴിയുന്ന രാജ്യത്തെ കോടിക്കണക്കിനുവരുന്ന കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. കാലാവസ്ഥാവ്യതിയാനങ്ങളും കൃഷിപ്പിഴയും ഒരു പരിധിവരെ ഉള്‍ക്കൊള്ളാന്‍ കര്‍ഷകര്‍ക്കു കഴിഞ്ഞിരുന്നു. പക്ഷേ, തങ്ങള്‍ നിരന്തരം ചൂഷണം ചെയ്യപ്പെടുകയാണെന്ന തിരിച്ചറിവ് കര്‍ഷകരെ പ്രതിരോധത്തിലേക്കു നയിച്ചു. 
പ്രതിഷേധം പ്രക്ഷോഭമായി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാളുകളായി കര്‍ഷകപ്രക്ഷോഭം അലയടിക്കുകയാണ്. മഹാരാഷ്ട്രയില്‍ രൂക്ഷമായ കര്‍ഷകസമരം അരങ്ങേറി. പഞ്ചാബിലും
ഹരിയാനയിലും കഴിഞ്ഞ ഏതാനും മാസങ്ങളായി നടക്കുന്ന കര്‍ഷകപ്രതിഷേധമാണ് ഡല്‍ഹിയെ പ്രകമ്പനം കൊള്ളിച്ചത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും 
രാജ്യത്തിന്റെ സൈനിക, സാമ്പത്തിക കരുത്തിന്റെയും സാംസ്‌കാരികവൈവിധ്യത്തിന്റെയും അഭിമാനകരമായ പ്രദര്‍ശനവേളകൂടിയായ റിപ്പബ്ലിക്ദിന പരേഡ് അരങ്ങേറുന്ന ദിവസംതന്നെ രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ നടത്തിയ പ്രതിഷേധറാലി അക്രമാസക്തമായി. രാജ്യത്തിനു നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് അവിടെ അരങ്ങേറിയത്. പ്രക്ഷോഭകരുടെ ഇടയിലേക്കു തിരുകിക്കയറിയവരാണു പ്രശ്‌നമുണ്ടാക്കിയതെന്ന ആരോപണം ഉയര്‍ന്നു. സമരരംഗത്തള്ള കര്‍ഷകസംഘടനകള്‍ക്കുതന്നെ ഇവരെ തള്ളിപ്പറയേണ്ടിവന്നു. പ്രക്ഷോഭകര്‍ പ്രതിലോമകാരികളാണെന്നു സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരും സര്‍ക്കാര്‍ അനുകൂലസംവിധാനങ്ങളും തുടക്കംമുതല്‍ നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് ഊര്‍ജമേകാന്‍ ഈ സംഭവവികാസങ്ങള്‍ സഹായിച്ചു. 
ആരാണു കുഴപ്പക്കാര്‍?
കര്‍ഷകസമരത്തെ സോദ്ദേശ്യത്തോടെ സഹായിക്കുകയും പിന്തുണ നല്‍കുകയും ചെയ്ത പലര്‍ക്കും റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന സംഭവങ്ങള്‍ ഹൃദയവേദനയുണ്ടാക്കിയിട്ടുണ്ടാവും. ഏതു പ്രസ്ഥാനത്തെയും പ്രക്ഷോഭത്തെയും തകര്‍ക്കാനുള്ള ഏറ്റവും ഫലപ്രദമായ കുതന്ത്രം അവയ്ക്കുള്ളിലേക്കു കുഴപ്പക്കാരെ തിരുകിക്കയറ്റുകയാണ്. ആട്ടിന്‍തോലണിഞ്ഞ ഇത്തരം ആള്‍ക്കാര്‍ എത്രയോ പ്രസ്ഥാനങ്ങളെയും പ്രക്ഷോഭങ്ങളെയും നാമാവശേഷമാക്കിയിട്ടുï്. എന്നാല്‍,
രാജ്യത്തെ കര്‍ഷകസമൂഹത്തെ ഇത്തരം വിപത്തുകളില്‍നിന്നു രക്ഷിക്കാന്‍ എല്ലാവര്‍ക്കും കടമയുണ്ട്, വിശിഷ്യ ഭരണകര്‍ത്താക്കള്‍ക്ക്. തങ്ങളുടെ ഇടുങ്ങിയ താത്പര്യസംരക്ഷണത്തിനായി രാജ്യത്തിന്റെ വിശാലതാത്പര്യങ്ങള്‍ ബലികഴിക്കരുത് 

മുഖം തിരിച്ചു സര്‍ക്കാര്‍

ഇപ്പോള്‍ നടക്കുന്ന കര്‍ഷകപ്രക്ഷോഭത്തോട് തുടക്കത്തിലേതന്നെ മുഖം തിരിച്ചു നില്‍ക്കാനാണു കേന്ദ്ര സര്‍ക്കാര്‍ തുനിഞ്ഞത്. അത് ഒരു ജനാധിപത്യഭരണക്രമത്തിനു ചേരുന്നതല്ല. ഏതു വിഭാഗത്തിന്റെയും ആവശ്യങ്ങളോട്, അത് എത്രകണ്ട് അന്യായമാണെങ്കില്‍പ്പോലും ചെവികൊടുക്കാനെങ്കിലും തയ്യാറാവേണ്ടതല്ലേ? അതിനു പകരം തങ്ങള്‍ പാസാക്കിയെടുത്ത മൂന്നു നിയമങ്ങളും ഒരു കാരണവശാലും പിന്‍വലിക്കില്ലെന്ന നിലപാടിലായിരുന്നു കേന്ദ്രം. മൂന്നു കാര്‍ഷികനിയമങ്ങളും പിന്‍വലിച്ചാലല്ലാതെ പ്രക്ഷോഭത്തില്‍നിന്നു പിന്മാറുന്നതല്ലെന്ന ഉറച്ച നിലപാടില്‍ കര്‍ഷകസംഘടനകളും നിലയുറപ്പിച്ചു. 
ആശങ്ക അകറ്റണം
മേധാ പട്കര്‍ ചൂണ്ടിക്കാട്ടുന്നതുപോല പുതിയ മൂന്നു കാര്‍ഷികനിയമങ്ങള്‍ കാര്‍ഷികമേഖലയുടെ കോര്‍പറേറ്റ്‌വത്കരണത്തിനും പുതിയ ജന്മിത്വസൃഷ്ടിക്കും ഹേതുവാകുമെന്ന ആശങ്ക രാജ്യത്തെ കര്‍ഷകസമൂഹത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ ആശങ്ക അകറ്റാന്‍ സര്‍ക്കാരിനാകുന്നില്ല. അങ്ങനെയെങ്കില്‍ എന്തിനിത്ര ധൃതിപ്പെട്ടു നിയമനിര്‍മാണം നടപ്പാക്കുന്നുവെന്നു സുപ്രീംകോടതിപോലും ചോദിക്കുന്നു. 
മുതലെടുപ്പു വേണ്ട
കാര്‍ഷികമേഖലയില്‍ നിലവില്‍ത്തന്നെ ഇടനിലക്കാരുണ്ടെന്നും അവരാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു പിന്നിലുള്ളതെന്നുമുള്ള ആരോപണം മറുഭാഗം ഉന്നയിക്കുന്നുണ്ട്. എന്നാല്‍, ഈ ഇടനില മുതലെടുപ്പിന് നിയമസാധുത നല്‍കി കര്‍ഷകരെ ഊരാക്കുടുക്കിലാക്കാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നതെന്നാണതിനു നല്‍കുന്ന മറുപടി. ഇതിനിടെ ചൈന, പാക്കിസ്ഥാന്‍, ഖാലിസ്ഥാന്‍ തുടങ്ങിയ വിഷയങ്ങളും ഇതിനിടയിലേക്കു വലിച്ചിടാന്‍ ശ്രമം നടക്കുന്നുണ്ട്. അസ്വസ്ഥത പുകയുമ്പോള്‍ തത്പരകക്ഷികളെല്ലാം മുതലെടുപ്പിനു ശ്രമിക്കുമെന്നുള്ളതു സാധാരണ തത്ത്വം തന്നെ. അതിവിടെയും ഉണ്ടാകാം. അതിനെ സമര്‍ഥമായി നേരിടേണ്ടതുണ്ട്. പക്ഷേ, ഇത്തരം കാരണങ്ങള്‍ പറഞ്ഞ് അടിസ്ഥാന കാര്‍ഷികപ്രശ്‌നങ്ങളെ ലഘൂകരിക്കാനോ വിഷയം വഴിതിരിച്ചുവിടാനോ ശ്രമിക്കരുത്. 
കര്‍ഷകരെ മറക്കരുത്
കാര്‍ഷികോത്പന്നങ്ങള്‍ക്ക് കുറഞ്ഞ താങ്ങുവില എന്നത് എത്രയോ ന്യായമായ ആവശ്യമാണ്. അത്തരം ആവശ്യങ്ങളോടുപോലും മുഖംതിരിക്കുന്നതു ക്രൂരമാണ്. കൃഷിഭമിയുടെ ഉടമസ്ഥനും കൃഷി ചെയ്യുന്നവരും മാറി നില്‍ക്കട്ടെ, കോര്‍പറേറ്റുകളും ഇടനിലക്കാരും കാര്യങ്ങള്‍ തീരുമാനിക്കട്ടെ എന്നു പറയുന്നത് അനീതിയാണ്. കര്‍ഷകരെ മറന്നൊരു നിലപാട് ഇന്ത്യയ്ക്ക് ഒരിക്കലും ഗുണം ചെയ്യില്ല.

 

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)