കരയിലെ ഏറ്റവും വലിയ ജീവിയായ ആന ഒരു സസ്തനിയാണ്. രണ്ടുതരം ആനകളാണ് ലോകത്തുള്ളത്. ആഫ്രിക്കന്‍ ആനയും ഏഷ്യന്‍ ആനയും. കേരളത്തിലെ കാടുകളില്‍ കാണുക ഏഷ്യന്‍ ആനകളാണ്. ആനക്കൂട്ടത്തിന്റെ നേതാവ് ഒരു പിടിയാനയാവും. മറ്റു പിടികളും കുഞ്ഞാനകളും ഉള്‍പ്പെടെ എല്ലാവരെയും നയിക്കുക ഈ ലീഡര്‍ പിടിച്ചി തന്നെ. സാധാരണമായി കൊമ്പനാന ഈ കൂട്ടത്തില്‍ ചേരാതെയാവും യാത്ര. ആനകളുടെ ഗ്രൂപ്പില്‍നിന്നു തെറ്റിപ്പോകുകയോ അകന്നുപോകുകയോ ചെയ്യുന്ന കൊമ്പനാണ് ഒറ്റയാന്.
കൊമ്പനാനയ്ക്കുതന്നെ കൂടുതല്‍ ഉയരവും വലിപ്പവും. ശരാശരി ഉയരം മൂന്നു മീറ്ററാകും. കൊമ്പുകള്‍ക്ക് ആറടിയോളം നീളംവച്ചു കാണുന്നു. ആനകളുടെ മൂക്കും സ്പര്‍ശനേന്ദ്രിയവും തുമ്പിക്കൈയാണ്. മൂക്കും മേല്‍ച്ചുണ്ടും  ചേര്‍ന്നു രൂപഭേദം വന്നതാണ് തുമ്പിക്കൈ. തുമ്പിക്കൈയും നീണ്ടു വളഞ്ഞ കൊമ്പുംതന്നെ ആനയുടെ ഏറ്റവും പ്രധാന സവിശേഷത. ആനയ്ക്ക് ഉളിപ്പല്ലുകളോ കോമ്പല്ലുകളോ ഇല്ല. അണപ്പല്ലുകളേ ഉള്ളൂ.
ഉണ്ണിയാനയെ അമ്മയാനയോടൊപ്പം മറ്റാനകളും ശ്രദ്ധയോടെ സംരക്ഷിക്കുന്നു. ശത്രുവിനെ നേരിടുക അമ്മയാനയല്ല. മറ്റൊരു ആനയായിരിക്കും. അമ്മയ്ക്കും കുഞ്ഞിനും സുരക്ഷാകവചമൊരുക്കുക കൂട്ടാനകളാവും. പന്ത്രണ്ടു വയസ്സോടെ ആന പ്രായപൂര്‍ത്തിയാകുന്നു.
മുളയും ഈറയും പുല്ലുമൊക്കെയാണ് കാട്ടാനയുടെ പ്രധാനാഹാരം. മുതിര്‍ന്ന ആനയ്ക്ക് 300 കിലോഗ്രാം വരെ ആഹാരം വേണ്ടിവരുന്നു. ഏതാണ്ട് 1400 ലിറ്റര്‍ വെള്ളവും കുടിക്കുന്നു. രാത്രിയിലും സഞ്ചരിക്കുന്ന ആനകള്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ തീറ്റ തേടി വനയാത്ര ചെയ്യുന്നു. വിശ്രമവും ഉറക്കവുമൊക്കെ നിന്നുകൊണ്ടാണെന്നതാണു മറ്റൊരു വിചിത്ര ആനക്കാര്യം. ആഫ്രിക്കന്‍ ആനകള്‍ക്കാണ് വലിപ്പം കൂടുതല്‍. എന്നാല്‍, ആയുസ്സു കുറവും. ശരാശരി 50 വര്‍ഷം. ഏഷ്യന്‍ ആനകള്‍ക്കാകട്ടെ ശരാശരി ആയുസ്സ് 70 വര്‍ഷവും.
കേരളക്കാടുകളില് കാണപ്പെടുന്ന ആനയുടെ ശാസ്ത്രനാമം എലഫാസ് മാക്സിമസ് എന്നാണ്.
							
 മാത്യൂസ് ആർപ്പൂക്കര
                    
									
									
									
									
									
									
									
									
									
									
                    