ഭാര്യയുടെ ആകസ്മികമരണത്തിന്റെ ഞെട്ടലില്‍ അറ്റാക്ക് വന്ന് വിശ്രമത്തിലിരിക്കുന്ന എഴുപതു വയസുകാരന്‍! ഏകമകന്‍ സ്‌കൂള്‍ അദ്ധ്യാപകനാണ്. അമ്മയുടെ മരണവും അച്ഛന്റെ അസുഖവുംമൂലം ഒരു മാസമായി ലീവിലായിട്ട്. ഏതായാലും അച്ഛനെ ഒറ്റയ്ക്കാക്കിയിട്ടു പോകാന്‍ പേടി. എങ്കിലും പോകാന്‍തന്നെ തീരുമാനിച്ചു. എന്താവശ്യംവന്നാലും ഉടനെ വിളിക്കണം എന്നുപറഞ്ഞു സ്‌കൂളില്‍ പോകാന്‍ തുടങ്ങി. വിളിച്ചിട്ട് എന്തെങ്കിലും കാരണവശാല്‍ കിട്ടാതെവന്നാല്‍ ഹെഡ്മാസ്റ്ററുടെ നമ്പരുംകൂടി സേവ്‌ചെയ്തുകൊടുത്തു.
സ്‌കൂളില്‍ ഒരാഴ്ച പോയി. ആകെ സമാധാനത്തിലായി. പക്ഷേ, അന്ന് പെട്ടെന്ന് ഒരു അരുതായ്ക...ശ്വാസതടസം...വിയര്‍ക്കാന്‍ തുടങ്ങി...പെട്ടെന്നു ഫോണെടുത്തു. നമ്പര്‍ കറക്കി. ആദ്യം പുതിയ വാക്‌സിന്റെ, അത് ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും പരസ്യം. അതു തീര്‍ന്നപ്പോള്‍ കമ്പനിയുടെ പരസ്യം. അതും തീര്‍ന്ന് രണ്ടാമത്തെ ബെല്ലടിച്ചു. മറുപടി വന്നു. ''താങ്കള്‍ വിളിക്കുന്ന വ്യക്തി ഇപ്പോള്‍ പ്രതികരിക്കുന്നില്ല.'' വീണ്ടും നമ്പര്‍ കറക്കി. ഈ നടപടിക്രമങ്ങളെല്ലാം വീണ്ടും... അപ്പോഴേക്കും രോഗി ആകെ തളര്‍ന്നു... ഹെഡ്മാസ്റ്ററെ വിളിച്ചു. പരസ്യങ്ങളുടെ തനിയാവര്‍ത്തനം. അവസാനം റേഞ്ചില്ല, മറുപടി! രോഗി ആകെ തളര്‍ന്നു. സര്‍വ്വശക്തിയുമെടുത്ത് ബന്ധുവും അയല്‍വാസിയുമായ സുഹൃത്തിനെ ഫോണ്‍ വിളിച്ചു.... ബെല്ലടിക്കുന്നതു കേട്ടു. പിന്നെ ഒന്നുമറിയില്ല. ഏതായാലും ഭാഗ്യത്തിന് അദ്ദേഹം ഫോണെടുത്തു. മറുപടി കിട്ടാതെവന്നപ്പോള്‍ ഓടിക്കിതച്ചു വന്നു. രോഗി അബോധാസ്ഥയില്‍ തളര്‍ന്നുകിടക്കുന്നു. ഓടിപ്പോയി ഒരു വണ്ടിയെടുത്ത് ആളെക്കൂട്ടി വന്ന് രോഗിയെ ആശുപത്രിയിലെത്തിച്ചു. ഐ.സി.യു. റൂമില്‍ കയറ്റി. ആകെ കലശലാണ്. വെന്റിലേറ്ററില്‍ ആക്കി. 24 മണിക്കൂര്‍ കഴിഞ്ഞേ എന്തെങ്കിലും പറയാന്‍ പറ്റൂ... ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനിടെ ആരോ പറഞ്ഞ് വിവരമറിഞ്ഞ് മകന്‍ ഓടിയെത്തി. മോനോട് എന്തോ പറയാന്‍ തുടങ്ങി...പക്ഷേ, പൂര്‍ത്തിയാക്കിയില്ല!
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇതുപോലെ ഒട്ടേറെ ദുരന്തങ്ങള്‍ ഈ ഫോണിന്റെ പരസ്യംമൂലം സംഭവിക്കുന്നുണ്ട്. സാങ്കേതികവിദ്യയും മാധ്യമസാധ്യതകളും ഇത്രയേറെ വികസിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ അത്യാവശ്യത്തിനുപയോഗിക്കാനുള്ള ഈ സംവിധാനം ഈവക പരസ്യങ്ങള്‍കൊണ്ട് മനുഷ്യനെ ഉപദ്രവിക്കുന്നത് മഹാപാപമാണ്. ഇക്കാര്യത്തില്‍ ദയ കാട്ടണമെന്ന് വിനയപുരസരം അപേക്ഷിക്കുന്നു. സര്‍ക്കാര്‍ കര്‍ശനനടപടി എടുത്തേ പറ്റൂ. കമ്പനി ഉടമകളേ, താടിക്കു തീപിടിച്ചോടുമ്പോള്‍ ബീഡി കത്തിക്കാന്‍ ശ്രമിക്കല്ലേ....
പരസ്യത്തിലെ ഒരു വൈരുദ്ധ്യം... പഴയ പല്ലവിയില്‍ ''പനി, ചുമ, ശ്വാസംമുട്ടല്‍'' ആയിരുന്നു എടുത്തുപറഞ്ഞുകൊണ്ടിരുന്നതിന്റെ ചുരുക്കം. ഞാന്‍ ഒരു കോവിഡ് ബാധിതനാണ്. എനിക്ക് പനിയോ ചുമയോ ശ്വാസംമുട്ടലോ അനുഭവപ്പെട്ടില്ല. ക്ഷീണം, വിശപ്പില്ലായ്മ, രുചിയില്ലായ്മ, ഭക്ഷണത്തോടു വെറുപ്പ് ഒന്നും. ഈ വിവരം എന്റെ ഡോക്ടര്‍മാരോട് ഫോണില്‍ പറഞ്ഞപ്പോള്‍ എത്രയുംപെട്ടെന്ന് പരിശോധിക്കാന്‍ പറഞ്ഞു. ഉടനെ പോയി പരിശോധിച്ചു... പോസിറ്റീവ്! ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയില്‍ അഡ്മിറ്റായി. അവിടുത്തെ വിദഗ്ദ്ധപരിചരണവും ശുശ്രൂഷയുംമൂലം പത്തുദിവസംകൊണ്ട് നെഗറ്റീവായി തിരിച്ചെത്തി. ഞങ്ങള്‍ 30 വൃദ്ധവൈദികര്‍ താമസിക്കുന്ന പ്രീസ്റ്റ് ഹോമില്‍ 11 പേര്‍ക്കും രോഗം പിടിപെട്ടു. എല്ലാവരും തിരിച്ചെത്തി. ഈ പറയുന്ന പനി, ചുമ, ശ്വാസംമുട്ടല്‍ ഒരു ആള്‍ക്കാര്‍ക്കും അനുഭവപ്പെട്ടില്ല! അപ്പോള്‍ പരസ്യത്തിന്റെ വിശ്വാസ്യതയോ?