കേരളക്കാടുകളില് കണ്ടുവരുന്ന മറ്റൊരു മൃഗമാണ് കരടി. ഉള്‍വനത്തിലാണു കാണപ്പെടുക. രാത്രിഞ്ചരനാണ്. പക്ഷേ, പകലും സഞ്ചരിക്കാന്‍ മടിക്കാറില്ല. നീണ്ട മുഖവും നീളം കുറഞ്ഞ വാലും കറുത്ത രോമം നിറഞ്ഞ ശരീരവും കാട്ടില്‍ കരടിക്കു മാത്രം സ്വന്തം. മറ്റു ജീവികളില്‍നിന്നു തികച്ചും വ്യത്യസ്തംതന്നെ കരടിയുടെ നടത്തം. പാദം മുഴുവനായും നിലത്തൂന്നി ആടിയാടി സാവകാശമാണ് കരടികള്‍ നടക്കുക. പിന്‍കാലുകളില്‍ നിഷ്പ്രയാസം എഴുന്നേറ്റു നില്ക്കാന് ഇവയ്ക്കു കഴിയും. മനുഷ്യരുടെ കാല്‍പ്പാടുമായി കരടിയുടെ കാല്‍പ്പാടുകള്‍ക്കു സാമ്യമുണ്ട്. മരം കയറാനും നന്നായി നീന്താനും ഇവയ്ക്കു സാധിക്കുന്നു. ശക്തമായ ഒഴുക്കുള്ള വെള്ളത്തിലിറങ്ങിനിന്നു മീന്‍പിടിക്കാന്‍ ഇവയ്ക്കുള്ള കഴിവ് അസാധാരണമാണ്. 
കരടികള്‍ മിശ്രഭുക്കുകളാണ്. തേന്‍, ഇലകള്‍, കിഴങ്ങുകള്‍, പഴങ്ങള്‍ തുടങ്ങിയവയും മീന്‍ ഉള്‍പ്പെടെയുള്ള മാംസാഹാരവും ഇഷ്ടം. ചെറിയ ജീവികളെയാണ് കരടികള്‍ വേട്ടയാടുക. കരടിയുടെ പാദങ്ങളില്‍ അഞ്ചു വിരലുകളാണ്. നഖങ്ങള്‍ നീണ്ടു കൂര്‍ത്തും. വായില്‍ 42 പല്ലുകള്‍. മണം പിടിക്കാന്‍ അപാരകഴിവാണ്. എന്നാല്‍ കാഴ്ചശക്തി നന്നേ കുറവ്. 30 അടി ദൂരെ മാത്രം കാഴ്ച. പരമാവധി 175 കി. ഗ്രാം തൂക്കം.
കരടിയുടെ സഞ്ചാരം ഒറ്റയ്ക്കാണ്. ഓരോന്നിനും പ്രത്യേക സാമ്രാജ്യമുണ്ട്. ഇവിടെ മറ്റൊരു കരടിയും അതിക്രമിച്ചു കയറില്ല. കയറിയാല്‍ പോര് ശക്തമാകും. മരത്തില്വച്ചുപോലും പോരടിച്ചെന്നു വരും. 50 വര്‍ഷമാണ് കരടികളുടെ പരമാവധി ആയുസ്സ്. 
ലോകത്തിലെ വിവിധ ഭാഗങ്ങളിലെ കരടികള്‍ തമ്മില്‍ നിറത്തിലും രൂപത്തിലും വ്യത്യാസമുണ്ട്. ഭൂമദ്ധ്യരേഖയുടെ വടക്കുള്ള പ്രദേശങ്ങളിലാണ് കരടികള്‍ കൂടുതലായുള്ളത്  ആഫ്രിക്ക, അന്റാര്‍ട്ടിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ കരടികളില്ല. ഏറ്റവും വലിപ്പമുള്ള കരടികള്‍ ഹിമക്കരടികള്തന്നെ. തവിട്ടുനിറമാര്‍ന്ന കോടിയാക് കരടികള്‍ക്ക്  തൊട്ടടുത്ത സ്ഥാനവും. ഇന്നു റ്റെഡി ബെയര്‍ എന്ന കരടിപ്പാവ ലോകമെങ്ങുമുള്ള കുട്ടികള്‍ക്ക് പ്രിയങ്കരം തന്നെ. കേരളത്തില്‍ കണ്ടുവരുന്ന കരടികളുടെ ശാസ്ത്രനാമം മെല്ലൂര്സ് ഉര്‍സിനസ് എന്നാണ്.
							
 മാത്യൂസ് ആർപ്പൂക്കര
                    
									
									
									
									
									
									
									
									
									
									
                    