സൂക്ഷ്മദൃക്കുകളും കൃത്യനിഷ്ഠ പുലര്‍ത്തുന്നവരുമാണ് ഇനിയൊരു കൂട്ടര്. ഇവര്‍ക്ക് ജീവിതത്തെക്കുറിച്ചും നേടിയെടുക്കേണ്ട ലക്ഷ്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാകും. അതിനായി സ്പഷ്ടമായ ഒരു മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കുന്നു. ആ ലക്ഷ്യം കരസ്ഥമാക്കുന്നതുവരെ പിന്നെ വിശ്രമമില്ല.
സമയബന്ധിതമായി അവര്‍ കഠിനാധ്വാനം തുടങ്ങുന്നു. എല്ലാ കാര്യങ്ങളിലും അടുക്കും ചിട്ടയുമുണ്ട്. അശ്രദ്ധകൊണ്ടുള്ള വീഴ്ച അത്യപൂര്‍വമായിരിക്കും.
നിയമത്തെ ഇവര്‍ വളരെയധികം മാനിക്കുന്നു. അതു വിട്ടൊരു നടപടിയുമില്ല. സ്വന്തം കടമകളെക്കുറിച്ചു നല്ല ബോധ്യമുണ്ട്. അച്ചടക്കത്തിന്റെ വഴിവിട്ടൊരു ജീവിതം ചിന്തിക്കാനേ വയ്യ. വിശ്വസ്തരും ഉത്തരവാദിത്വബോധമുള്ളവരുമായി ഇവര്‍ കണക്കാക്കപ്പെടുന്നു.
തീര്‍ച്ചയായും വിലമതിക്കപ്പെടേണ്ട ഒന്നാണിത്. ഇങ്ങനെയൊക്കെ ആയിത്തീരാനല്ലേ ഭൂരിപക്ഷം പേരും സ്വപ്നം കാണുന്നതുപോലും! ഇത്തരക്കാരെ മേലുദ്യോഗസ്ഥരും മാനേജ്മെന്റുമൊക്കെ നന്നായി പ്രയോജനപ്പെടുത്തും. ഇവരുടെ വിട്ടുവീഴ്ചയില്ലാത്ത, വിശ്രമമില്ലാത്ത നിലപാടുകള്‍ കമ്പനികള്‍ക്കു ലാഭവും സംഘടനകള്‍ക്കു നേട്ടങ്ങളുമുണ്ടാകുന്നു.
കുടുംബജീവിതത്തിലേക്കു കടക്കുമ്പോള്‍ സ്ഥിതി അല്പം മാറുന്നു. അവിടെ വിട്ടുവീഴ്ചകള്‍ ന്യായമായും വേണ്ടിവരും. കര്ക്കശനിലപാടുകള്ക്കു സ്വീകാര്യതയില്ല. പങ്കാളി സ്വന്തം അസ്തിത്വത്തിന്റെ ഭാഗമാണല്ലോ. കാര്‍ക്കശ്യം വച്ചു പുലര്‍ത്തണമെങ്കില്‍, ആ വ്യക്തിയെ രണ്ടാമതൊരാളായി കണക്കാക്കേണ്ടി  വരും. അത് പ്രണയനീതിയുമല്ല. അതേ സമയം ഇരുവരും ഒരേ തൂവല്പ്പക്ഷികളാണെങ്കിലോ? അനായാസം അവര്‍ വിജയം നേടും. മറിച്ചാണെങ്കില്‍ പ്രൊഫഷണില്‍ വിജയവും ഫാമിലിയില്‍ പരാജയവും ആയിരിക്കും സംഭവിക്കുക.
പ്രണയത്തില്‍ പട്ടാളച്ചിട്ടകള്ക്കിടംകൊടുക്കാതിരിക്കുക. അത് ആത്മഹത്യാപരമല്ലാതെ മറ്റെന്താണ്?
വിട്ടുവീഴ്ചയില്ലായ്മയും കൃത്യനിഷ്ഠയുമൊക്കെ, ഒന്നായി നിന്ന്, പൊതുലക്ഷ്യങ്ങളിലേക്കു സന്നിവേശിപ്പിക്കേണ്ടവയാണ്.
							
 ഡോ. ആൻ്റണി ജോസ്
                    
									
									
									
									
									
									
									
									
									
									
                    