•  25 Apr 2024
  •  ദീപം 57
  •  നാളം 7
സ്റ്റൂഡന്റ്‌സ് ഷെല്‍ഫ്‌

ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍

''നിന്നോട് എല്ലാം തുറന്നുപറയാന്‍ കഴിയുമെന്നും, നീ എനിക്ക് ആശ്വാസത്തിന്റെയും താങ്ങിന്റെയും ഉറവിടമായിരിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.''
(ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പില്‍നിന്ന്...)
1929 ജൂണ്‍ 12 ന് ജര്‍മനിയിലെ ഫ്രാങ്ക്ഫുട്ട് ഓണ്‍മെയ്‌നില്‍ ഓട്ടോ ഫ്രാങ്കിന്റെയും ഈഡിത്ത്ഫ്രാങ്കിന്റെയും രണ്ടാമത്തെ മകളായാണ് ആന്‍ ജനിച്ചത്. 
പിതാവ് ഓട്ടോ ഫ്രാങ്ക് ബാങ്കുദ്യോഗസ്ഥനും മാതാവ് എഡിത്ത് ഫ്രാങ്ക് വീട്ടമ്മയും. മാര്‍ഗോട്ട് ഫ്രാങ്ക് ആയിരുന്നു ഏകസഹോദരി. ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ നാസിപാര്‍ട്ടി ശക്തിപ്രാപിച്ചതോടെ ജൂതകുടുംബങ്ങള്‍ ആക്രമണഭീഷണിയിലായി. അനേകം ജൂതര്‍ വേട്ടയാടപ്പെട്ടു. മറ്റുള്ളവര്‍ അന്യദേശങ്ങളിലേക്കു പലായനം ചെയ്തു. അതിലൊന്നായിരുന്നു ആന്‍ ഫ്രാങ്കിന്റെ കുടുംബം. ആനിന്റെ അഞ്ചാം വയസ്സില്‍ ഹോളണ്ടിലേക്കാണ് അവര്‍ കുടിയേറിയത്. ആദ്യമൊക്കെ ഹോളണ്ടില്‍ ആന്‍ ഫ്രാങ്കിന്റെ കുടുംബം സന്തോഷത്തില്‍ത്തന്നെയാണു കഴിഞ്ഞത്. ഓട്ടോ ഫ്രാങ്കിന് ആംസ്റ്റര്‍ഡാമില്‍ ഒരു ജാം നിര്‍മാണക്കമ്പനിയില്‍ ജോലിയായി. ആനും സഹോദരിയും സ്‌കൂളില്‍ ചേര്‍ന്നു പഠിക്കാന്‍ തുടങ്ങി. മാര്‍ഗോട്ടിന് താത്പര്യം ഗണിതമായിരുന്നുവെങ്കില്‍ ആന്‍ഫ്രാങ്കിനു സാഹിത്യത്തോടായിരുന്നു ഇഷ്ടം. നാസിപ്പട ഹോളണ്ടിലുമെത്തിയതോടെ ജൂതകുടുംബങ്ങള്‍ അവിടെയും ഭീഷണിയിലായി. ആനിനും സഹോദരിക്കും ജൂതര്‍ മാത്രമുള്ള സ്‌കൂളിലേക്കു പഠിത്തം മാറ്റേണ്ടിവന്നു. ജൂതര്‍ കച്ചവടസ്ഥാപനങ്ങള്‍ നടത്തുന്നതിനും സര്‍ക്കാരുദ്യോഗം വഹിക്കുന്നതിനുമെല്ലാം വിലക്കുവന്നു. ജര്‍മനിയിലേക്കു തിരിച്ചുപോകാത്തവരെ തടവിലാക്കുമെന്ന് അറിയിപ്പുണ്ടായി. പക്ഷേ, പോകാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല അവരുടെ കുടുംബം.
ജര്‍മന്‍ തൊഴില്‍ ക്യാമ്പിലേക്കു പെട്ടെന്നൊരുനാള്‍ ആനിന്റെ സഹോദരി മാര്‍ഗോട്ടിനെ വിളിപ്പിച്ചു. അതോടെ കാര്യങ്ങള്‍ അപകടകരമാണെന്നു മനസ്സിലാക്കിയ പിതാവ് ഓട്ടോ ഫ്രാങ്ക് ഒളിത്താവളം തേടി. മറ്റു നാലു കുടുംബങ്ങളോടൊപ്പം അവര്‍ ഓഫീസ് കെട്ടിടത്തിനു മുകളിലത്തെ നിലയില്‍ ഒളിച്ചുതാമസിക്കാന്‍ തുടങ്ങി. പുറത്തിറങ്ങാന്‍ കഴിയാതെ ഒരു കൊച്ചുമുറിയില്‍ ഭയന്നുവിറച്ചുകൊണ്ടുള്ള ജീവിതം. ചില സുഹൃത്തുക്കള്‍ നല്കിക്കൊണ്ടിരുന്ന ഭക്ഷണമായിരുന്നു അവര്‍ക്കാശ്രയം. പുറംലോകം കാണാനാവാതെ ആന്‍ വീര്‍പ്പുമുട്ടി. ഒരു പൂമ്പാറ്റയെപ്പോലെ ചിറകടിച്ചുയരാന്‍ വെമ്പുന്ന മനസ്സിന് ഒളിത്താവളം കൂച്ചുവിലങ്ങിട്ടു. ആ കുഞ്ഞുമനസ് കരഞ്ഞു. ആ ദിവസങ്ങളിലാണ് ആന്‍ തന്റെ ഡയറിയുമായി കൂട്ടുകൂടാനാരംഭിച്ചത്. 'കിറ്റി' എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ഡയറി. അതവള്‍ക്ക് അച്ഛന്‍ സമ്മാനിച്ചതാണ്. 'പ്രിയപ്പെട്ട കിറ്റി'... എന്നു തുടങ്ങുന്ന വാചകങ്ങളില്‍ തന്റെ ഹൃദയത്തിന്റെ അസ്വസ്ഥതകള്‍ ഓരോന്നും ആന്‍ ഡയറിയില്‍ പകര്‍ത്തി. 
ഒളിവുസങ്കേതങ്ങളിലെ അനുഭവങ്ങള്‍ കിറ്റിയോട് ആന്‍ പറയുന്നത് വ്യത്യസ്തഭാവങ്ങളിലായിരുന്നു. പതിമൂന്നുകാരിയുടെ ദേഷ്യം, കുശുമ്പ്, ആഗ്രഹം, ഉറച്ച ധൈര്യം, ആത്മവിശ്വാസം എന്നിങ്ങനെ ഏറെ വികാരങ്ങള്‍ കിറ്റിയോടു ദിവസവും പറഞ്ഞുകൊണ്ടിരുന്നു. സന്തോഷത്തോടെ ആദ്യകുറിപ്പ് എഴുതിത്തുടങ്ങിയ അവളുടെ ഭാവങ്ങള്‍ക്കു മാറ്റം വരുന്നു അവസാനഭാഗങ്ങളില്‍. നാസികളുടെ ആക്രമണത്തിന്റെ തീവ്രത നമുക്ക് ഹൃദയത്തില്‍ തട്ടുന്ന രീതിയിലാണ്.  യുദ്ധസാഹിത്യത്തിലെ ക്ലാസിക്കാണ് ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍. തന്റെ ഡയറിക്കുറിപ്പുകളെക്കുറിച്ച് ആന്‍ ഫ്രാങ്കുതന്നെ അഭിപ്രായപ്പെട്ടത് ഇങ്ങനെയായിരുന്നു: ''എന്നെപ്പോലൊരാള്‍ക്കു ഡയറിയെഴുത്ത് എന്നത് തീര്‍ത്തും അപരിചിതമായ അനുഭവമാണ്. ഞാന്‍ ഇതിനുമുമ്പ് ഒന്നും എഴുതിയിട്ടില്ല എന്നതുകൊണ്ടു മാത്രമല്ല, എനിക്കു തോന്നുന്നു, പിന്നീട് എനിക്കുതന്നെയോ മറ്റാര്‍ക്കുമോ ഒരു പതിമൂന്നുകാരി സ്‌കൂള്‍ കുട്ടിയുടെ ജല്പനങ്ങളില്‍ യാതൊരു താത്പര്യവുമുണ്ടാകില്ല.'' എന്നാല്‍, ആ കുറിപ്പുകളില്‍ക്കൂടിയാണ് നാസിഭരണത്തിന്‍ കീഴില്‍ ജൂതന്മാര്‍ അനുഭവിക്കേണ്ടിവന്ന യാതനകളെക്കുറിച്ച് ലോകം അറിഞ്ഞത്.
1944 ഓഗസ്റ്റ് നാലിന് നാസി പോലീസ് അവര്‍ താമസിച്ചിരുന്ന ഒളിത്താവളത്തില്‍ മിന്നല്‍ പരിശോധന നടത്തി. ആനും കുടുംബവും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ തടവിലായി. പതിനഞ്ചു വയസ്സുള്ള ആന്‍ ഫ്രാങ്കിനെയും സഹോദരിയെയും അടിമപ്പണി ചെയ്യാന്‍ നിര്‍ത്തി. 1945 മാര്‍ച്ചില്‍ ഹോളണ്ടിന്റെ മോചനത്തിനു കേവലം രണ്ടു മാസംമുമ്പ്, ബെര്‍ഗന്‍ ബെല്‍ഡന്‍ എന്ന കുപ്രസിദ്ധ നാസിത്തടവറയില്‍ വച്ച് ടൈഫസ് പിടിപെട്ടതിനെത്തുടര്‍ന്ന്  ആനും സഹോദരിയും അവശനിലയിലായി. ദിവസങ്ങള്‍ക്കുള്ളില്‍ ആന്‍ ഫ്രാങ്ക് മരണത്തിനു കീഴടങ്ങി. യുദ്ധം തീര്‍ന്ന ശേഷമാണ്, ആന്‍ ഫ്രാങ്കിന്റെ ഒളിത്താവളത്തില്‍നിന്നു ലഭിച്ച ഡയറിക്കുറിപ്പുകള്‍ 1947 ല്‍ ആംസ്റ്റര്‍ഡാമില്‍ വച്ചു പ്രസിദ്ധീകരിക്കുന്നത്, 'ദി ഡയറി ഓഫ് എ യങ് ഗേള്‍' എന്ന പേരില്‍.

 

Login log record inserted successfully!