•  25 Apr 2024
  •  ദീപം 57
  •  നാളം 7
കേരളത്തിലെ കാട്ടുമൃഗങ്ങള്‍

കരിമ്പുലി

കാട്ടില്‍ നില്ക്കുന്ന കരിമ്പുലിയെ കാണുക ദുഷ്‌കരമാണ്. രാത്രിയില്‍ അതിദുഷ്‌കരവും. കറങ്ങുന്ന തിളങ്ങുന്ന, രണ്ടു വജ്രക്കണ്ണുകളാവും ആദ്യം മനുഷ്യദൃഷ്ടിയില്‍പ്പെടുക. പുള്ളിപ്പുലിയുടെ സ്വഭാവസവിശേഷതകള്‍ തന്നെയാണ് കരിമ്പുലിക്കുമുള്ളത്. ബ്ലാക് പാന്തര്‍ എന്നത് ഇംഗ്ലീഷില്‍ കരിമ്പുലിയെ വിളിക്കുന്നു. മാര്‍ജാരവംശത്തിലെ വലിയ ജീവികളായ കടുവ, സിംഹം എന്നിവയ്‌ക്കൊപ്പമാണ് കരിമ്പുലികള്‍. സാധാരണ പുലികളുടെ ദേഹത്തു കാണപ്പെടുന്ന ഓറഞ്ചുനിറത്തിനു കാരണമായ ഫിലോമെലാനിന്‍ കരിമ്പുലിയുടെ ദേഹത്തു കാണപ്പെടുന്നില്ല. ജനിതകമായി വ്യത്യാസം സംഭവിച്ചു യുമെലാനിന്‍ എന്ന കറുത്ത വര്‍ണവസ്തു ഉണ്ടാകുന്നു. ഇത് അധികമായി ഉണ്ടാകുന്നതുകൊണ്ടാണ് ഈ പുലിക്കു കറുത്ത നിറമുണ്ടാകുന്നത്. നല്ല പ്രകാശത്തില്‍ കരിമ്പുലിയുടെ ദേഹത്തു പുള്ളികള്‍ കാണാമത്രേ.
നമ്മുടെ കാട്ടിലെ ഒരപൂര്‍വ്വയിനം പുലിയാണ് കരിമ്പുലി.  കരിമ്പുലി എന്ന ബ്ലാക് പാന്തറിനെ കേരളത്തില്‍ ആദ്യമായി കണ്ടത്തിയത് ഇടുക്കിവനത്തിലാണ്. ഉള്‍ക്കാടുകളിലാണു വാസം. രാത്രി സഞ്ചാരികളാണിവ. ഇവ എണ്ണത്തില്‍ വളരെ കുറവാണ്. ഇടുക്കി, വയനാട്, പെരിയാര്‍ വനങ്ങളില്‍ കരിമ്പുലിയുടെ സാന്നിധ്യമുണ്ട്. ഭക്ഷണരീതിയും ജീവിതശൈലിയുമൊക്കെ പുള്ളിപ്പുലിയുടേതുതന്നെ.
ഒറ്റതിരിഞ്ഞാണ് കരിമ്പുലിയുടെ നടപ്പ്. പൊക്കം കുറഞ്ഞ മരത്തില്‍ കയറി ഇരയെ കാത്തു കിടക്കും. മുയല്‍, പുള്ളിമാന്‍, കാട്ടുപന്നി, കുരങ്ങന്‍ എന്നിവയെയൊക്കെ കരിമ്പുലി പിടികൂടി ഭക്ഷിക്കും. കാട്ടുപോത്തുപോലുള്ള വലിയ മൃഗങ്ങളെയും പിടികൂടാന്‍ സമര്‍ത്ഥനായ ഈ പോരാളിക്കു പേടിയില്ല. കൂട്ടംകൂടി നില്ക്കുന്ന ഇരകളെ വേണ്ടെന്നുവച്ച് ഒറ്റതിരിഞ്ഞുനടക്കുന്ന ഇരയെയാവും ഇവ വേട്ടയാടുക. ഈറ്റപ്പുലിക്കു ശൗര്യം പതിന്മടങ്ങാണ്. കരിമ്പുലി കാട്ടിലെ ബ്ലാക്ക് ക്യാറ്റാണെന്നു പറയാറുണ്ട്. ഒന്നാന്തരം വേട്ടക്കാരന്‍!... അഥവാ ബ്ലാക് വില്ലന്‍!..

 

Login log record inserted successfully!