•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

വോട്ടിന്റെ രാഷ്ട്രീയവും വോട്ടറുടെ ഗതികേടും

കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പാണ് എവിടെയും ചര്‍ച്ച. ഏപ്രില്‍ ആറിന് പോളിങ് ബൂത്തിലേക്കു പോകുന്ന കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും സ്ഥാനാര്‍ത്ഥിനിര്‍ണയം പൂര്‍ത്തിയാകുന്നതിനുമുമ്പേ പ്രചാരണം ചൂടുപിടിക്കുകയാണ്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെ എട്ടു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പുനടക്കുന്ന പശ്ചിമബംഗാളിലും മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ ആറുവരെ മൂന്നു ഘട്ടമായി വോട്ടെടുപ്പു നടക്കുന്ന അസമിലും പ്രചാരണം സജീവമായി.
നാലു പ്രധാന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും ഫലം പ്രഖ്യാപിക്കുന്ന സൂപ്പര്‍ ഞായറാഴ്ചയായ മേയ് രണ്ടുവരെയുള്ള കാത്തിരിപ്പാകും പ്രയാസം. ജനവിധി വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയശേഷം ഏകദേശം ഒരു മാസം കഴിഞ്ഞേ കേരളം ആരു ഭരിക്കുമെന്നറിയാനാകൂ. രാഷ്ട്രീയനേതാക്കള്‍, സ്ഥാനാര്‍ത്ഥികള്‍, പ്രവര്‍ത്തകര്‍മുതല്‍ സാധാരണക്കാര്‍ വരെയുള്ളവരുടെ നെഞ്ചിടിപ്പു ചെറുതാകില്ല.
സംസ്ഥാനത്തെ 140 നിയമസഭാമണ്ഡലങ്ങളിലെയും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പിനു പതിവില്ലാത്ത ഉദ്വേഗവും ആശങ്കകളും വീറും വാശിയും കാണാനാകും. കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെയാണു സംസ്ഥാനത്തെ സുപ്രധാന നിയമസഭാതിരഞ്ഞെടുപ്പു നടക്കുന്നത്. ഭരണത്തുടര്‍ച്ചയാണോ, പതിവുള്ള ഭരണമാറ്റമാണോ, ബിജെപിയുടെ കുതിപ്പാണോ സംസ്ഥാനത്ത് ഉണ്ടാവുകയെന്നതില്‍ ആര്‍ക്കും തീര്‍ച്ചയില്ല. ഓണാഘോഷത്തോടെ വര്‍ദ്ധിച്ച കൊവിഡ് വ്യാപനം തദ്ദേശതിരഞ്ഞെടുപ്പോടെയാണു കൈവിട്ടത്. ഇപ്പോള്‍ത്തന്നെ രാജ്യത്ത് ഏറ്റവും കൂടുതല്‍ പുതിയ കൊവിഡ് കേസുകളുള്ള കേരളത്തില്‍ ഇത്തവണയെങ്കിലും എല്ലാവരും സൂക്ഷിക്കേïതു പരമപ്രധാനമാണ്. വീടിനു പുറത്തിറങ്ങുമ്പോള്‍ അന്യവ്യക്തികളുമായുള്ള അകലം, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയോടൊപ്പം സോപ്പ് ഉപയോഗിച്ചു കൈകളും മുഖവും വൃത്തിയായി കഴുകുകയെന്നതിലും എല്ലാവര്‍ക്കും ശ്രദ്ധയുണ്ടാകേണ്ടതു നമ്മുടെയും രാജ്യത്തിന്റെയും ആവശ്യമാണ്.
വിശ്വാസ്യത ചോരുന്ന സര്‍വേകള്‍
തിരഞ്ഞെടുപ്പ് അടുത്തതോടെ അഭിപ്രായസര്‍വേകളുടെ തുടക്കവുമായി. കേരളത്തില്‍ ഏഷ്യാനെറ്റ്, 24 ന്യൂസ് എന്നിവരോടൊപ്പം സി വോട്ടര്‍ എന്ന ഏജന്‍സിയുമായി ചേര്‍ന്നു കൊല്‍ക്കത്തയിലെ ആനന്ദബസാര്‍ പത്രിക ഗ്രൂപ്പു നടത്തിയ സര്‍വേഫലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫിനും വലിയ പ്രതീക്ഷ നല്‍കുന്നതാണ്. മൂന്നു സര്‍വേകളും ഒരുപോലെ ഇടതുമുന്നണിയുടെ തുടര്‍ഭരണമാണു സംശയമില്ലാതെ പ്രവചിക്കുന്നത്.
എന്നാല്‍, സര്‍വേകള്‍ പലതും പിഴയ്ക്കുന്നതു കേരളവും രാജ്യവും കണ്ടു. സര്‍വേകള്‍ പറഞ്ഞതുപോലെയല്ല പലയിടത്തും ഒറിജിനല്‍ ജനവിധി. മണ്ഡലം തിരിച്ചു തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ചപ്പോള്‍ പലയിടത്തും പ്രവചനം തെറ്റി. അതിനാല്‍, പൊതുവായ പ്രവചനമാണ് ഇക്കുറി മൂന്നു സര്‍വേകളിലും ഉണ്ടായത്. സര്‍വേക്കാര്‍ എന്തു പ്രവചിച്ചാലും ഫലത്തില്‍ കടുത്ത മല്‍സരമാകും നടക്കുക. 
കേരളത്തില്‍ 83-91 വരെ സീറ്റുകള്‍ ഇടതുമുന്നണി നേടുമെന്നാണ് എബിപി - സി വോട്ടര്‍ സര്‍വേയിലെ പ്രവചനം. യുഡിഎഫിന് 47-55 സീറ്റുകളേ കിട്ടൂവെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ബിജെപിക്കു രണ്ടു സീറ്റു കിട്ടിയാല്‍ ഭാഗ്യം. ഒന്നുപോലും ജയിക്കാതിരുന്നാലും അദ്ഭുതപ്പെടാനില്ലെന്നാണ് ഈ സര്‍വേയുടെ വിലയിരുത്തല്‍.
ബംഗാളിലെ മമതയുടെ പോര്‍വീര്യം
പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ആസാമില്‍ ഭരണകക്ഷിയായ ബിജെപിയും ഭരണം നിലനിര്‍ത്തുമെന്നു സി വോട്ടര്‍ പ്രവചിക്കുന്നു. തൃണമൂലിനു ഭൂരിപക്ഷം കുറയുമെങ്കിലും ബിജെപിക്ക് തത്കാലം ഭൂരിപക്ഷത്തിനു സാധ്യതയില്ല. പശ്ചിമബംഗാളിലെ 294 അംഗ നിയമസഭയില്‍ തൃണമൂലിന് 148-164 സീറ്റുകള്‍ കിട്ടിയേക്കും. 
നിലവില്‍ വെറും മൂന്ന് എംഎല്‍എമാരുള്ള ബിജെപിക്ക് 92-108 വരെ സീറ്റുകള്‍ കിട്ടുമെന്നാണു സര്‍വേ പറയുന്നത്. കൊല്‍ക്കത്തയില്‍ പടുകൂറ്റന്‍ റാലി നടത്തി മമതയുടെയും ബിജെപിയുടെയും ഉറക്കം കെടുത്തിയ കോണ്‍ഗ്രസ് - സിപിഎം സഖ്യം ഇക്കുറി 31-39 സീറ്റുകളില്‍ ഒതുങ്ങുമെന്നും സി വോട്ടര്‍ വിലയിരുത്തുന്നു. 
തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ - ബിജെപി സഖ്യത്തിനു മോശം സൂചനയാണ്. ജയലളിതയും കരുണാനിധിയും ഇല്ലാത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ എം.കെ. സ്റ്റാലിന്‍ മുഖ്യമന്ത്രിക്കസേരയിലെത്തുമെന്ന് സി വോട്ടര്‍ സര്‍വേ പറയുന്നു. തമിഴ്‌നാട്ടിലെ 234 അംഗ സഭയില്‍ ഡിഎംകെ - കോണ്‍ഗ്രസ് - സിപിഎം, സിപിഐ സഖ്യത്തിന് 154 മുതല്‍ 162 വരെ സീറ്റുകള്‍ നേടാനാകുമെന്നാണു പ്രവചനം. ഭരണകക്ഷിയായ അണ്ണാ ഡിഎംകെ യ്ക്ക് ബിജെപിയെയും കൂട്ടി ആകെ 58-66 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടിവരാം. കമല്‍ഹാസന്റെ മക്കള്‍ നീതിമയ്യത്തിന് 8-20 സീറ്റുകളില്‍വരെ വിജയിക്കാമെന്നാണു കണ്ടെത്തല്‍.  
വന്‍ഭൂരിപക്ഷം നേടി പുതുച്ചേരിയില്‍ ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ ഒരു സീറ്റുപോലുമില്ലാതിരുന്ന ബിജെപി വളഞ്ഞ വഴിയിലൂടെ അട്ടിമറിച്ചതു വലിയ വിവാദമായിരുന്നു. എന്നിട്ടും തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് 17 മുതല്‍ 21 വരെ സീറ്റുകളോടെ ഭരണത്തിലെത്താനാകുമെന്നാണ് എബിപി - സി വോട്ടറുടെ പ്രവചനം. കോണ്‍ഗ്രസിന് 12 സീറ്റു കിട്ടുമെന്നും പറയുന്നു.
ആസാമിലെ ഭരണകക്ഷിയായ ബിജെപിയെ മറികടക്കാന്‍ കോണ്‍ഗ്രസിനു കഴിയില്ലെന്നാണു സര്‍വേയുടെ വിലയിരുത്തല്‍. 126 അംഗ നിയമസഭയില്‍ എന്‍ഡിഎയ്ക്ക് 68-76 വരെ സീറ്റുകളും കോണ്‍ഗ്രസിന് 43-51 സീറ്റുകളും കിട്ടിയേക്കും. മറ്റുള്ളവര്‍ക്കെല്ലാംകൂടി 5-10 സീറ്റുകളും പ്രവചിട്ടുണ്ട്. 
അഞ്ചു സംസ്ഥാനങ്ങളിലെ ജനവിധി പലതുകൊണ്ടും നിര്‍ണായകമാകും. സിപിഎമ്മിനെപ്പോലെ കോണ്‍ഗ്രസിനും അവസാന കച്ചിത്തുരുമ്പില്‍ മുഖ്യമാണു കേരളം. കേരളഭരണം കൈവിടുന്നത് സിപിഎമ്മിനും കോണ്‍ഗ്രസിനും ആലോചിക്കാന്‍പോലുമാകുന്നില്ല. ബംഗാളിലും ആസാമിലും പുതുച്ചേരിയിലും തമിഴ്‌നാട്ടിലും  കാര്യമായ സാധ്യതയില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും അതീവനിര്‍ണായകമാണ് അഞ്ചു സംസ്ഥാനങ്ങളിലെ ജനവിധി. 
പ്രസ്റ്റീജ് പോരാട്ടത്തില്‍ പാലാ
യുഡിഎഫില്‍നിന്ന് ഒഴിവാക്കിയതോടെ എല്‍ഡിഎഫില്‍ ചേരാന്‍ നിര്‍ബന്ധിതനായ ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസ് - എമ്മിന് ശക്തി തെളിയിച്ചേ മതിയാകൂ. അഞ്ചു പതിറ്റാണ്ടിലേറെ കെ.എം. മാണി സാറിന്റെ തട്ടകമായിരുന്ന പാലാ നിയോജകമണ്ഡലം തിരിച്ചുപിടിക്കാനുള്ള ഉത്തരവാദിത്വംകൂടി ജോസ് കെ. മാണിക്കുണ്ട്. കഴിഞ്ഞതവണ ഇല്ലാതെപോയ രണ്ടില ചിഹ്നവും കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിക്കുള്ള തിരഞ്ഞെടുപ്പുകമ്മീഷന്റെയും ഹൈക്കോടതിയുടെയും അംഗീകാരവും ജോസിന്റെ ആത്മവിശ്വാസം കൂട്ടും. മൂന്നു തവണ മാണിസാറിനോടു തോറ്റ ശേഷം ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച മാണി സി. കാപ്പനും ജയം ആവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. 
കഴിഞ്ഞതവണ യുഡിഎഫിലായിരുന്ന കേരള കോണ്‍ഗ്രസ്(എം) എല്‍ഡിഎഫിലും എല്‍ഡിഎഫിലായിരുന്ന എന്‍സിപി പിളര്‍ന്ന് കാപ്പന്‍ ഇക്കുറി യുഡിഎഫിലും വന്നതോടെ, പാലായിലേത് സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയവും വാശിയേറിയതുമായ മല്‍സരമായിരിക്കും. പ്രസ്റ്റീജ് മല്‍സരത്തില്‍ ആര്‍ക്കാവും ജയമെന്നു തീരുമാനിക്കാന്‍ പാലായിലെ ജനത സജ്ജമാണെന്നു തീര്‍ച്ച. സംസ്ഥാനം ആരു ഭരിക്കുമെന്നതോടൊപ്പം പാലായില്‍ ആരു വിജയക്കൊടി നാട്ടും എന്നതും കേരളമാകെ ഉറ്റുനോക്കുകയാണ്.
കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്‌ലിം ലീഗ് പാര്‍ട്ടികളെപ്പോലെ ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസ്(എം), പി.ജെ. ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ്, ശ്രേയാംസ് കുമാറിന്റെ ലോക് താന്ത്രിക് ജനതാദള്‍, അടുത്തിടെ പിളര്‍ന്ന എന്‍സിപി, ആര്‍എസ്പി തുടങ്ങി ചെറുതും വലുതുമായ ഏതാണ്ടെല്ലാ പാര്‍ട്ടികള്‍ക്കും പി.സി. ജോര്‍ജ്, അനൂപ് ജേക്കബ്, ഷിബു ബേബി ജോണ്‍, ഗണേശ് കുമാര്‍ തുടങ്ങിയ നേതാക്കള്‍ക്കും അടുത്ത തിരഞ്ഞെടുപ്പ് അഗ്‌നിപരീക്ഷയാണ്. അവസാനനിമിഷം പി.സി. തോമസും മല്‍സരത്തിനിറങ്ങിയാല്‍ അദ്ഭുതപ്പെടാനില്ല. മിക്കവര്‍ക്കും ഇതു നിലനില്പിന്റെ പോരാട്ടമാണ്.  
ജനങ്ങളോടുള്ള വെല്ലുവിളി
തിരഞ്ഞെടുപ്പുപ്രഖ്യാപനത്തിനുശേഷവും പാചകവാതകം, പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലകള്‍ വീണ്ടും കൂട്ടിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരേയുള്ള ജനവികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നുവേണം പ്രതീക്ഷിക്കാന്‍. സാധാരണജനങ്ങളോടുള്ള ഭരണക്കാരുടെ വെല്ലുവിളിയായേ ഇതെല്ലാം കാണാനാകൂ. തുടര്‍ച്ചയായ വിവാദങ്ങളില്‍പ്പെട്ട് ഉഴലുന്ന കേരള സര്‍ക്കാരിനും ഭരണസുതാര്യതയിലെ പോരായ്മകള്‍ വെല്ലുവിളികളാകും. 
ഡല്‍ഹിയില്‍ മൂന്നു മാസത്തോളമായി തുടരുന്ന കര്‍ഷകരുടെ സഹനസമരം, കാര്‍ഷികമേഖലയിലെ വിലത്തകര്‍ച്ച, പൊതുവിപണിയിലെ വിലക്കയറ്റം, രൂക്ഷമായ തൊഴിലില്ലായ്മ, പരിസ്ഥിതിലോലപ്രദേശങ്ങളുടെയും വന്യജീവികളുടെയും പ്രശ്‌നങ്ങളിലെ കര്‍ഷകരോടുള്ള അനീതികള്‍ എന്നിവയെല്ലാം വോട്ടര്‍മാരെ വേദനിപ്പിക്കുന്നു. 
ഫാ. സ്റ്റാന്‍ സ്വാമിയും ദിഷ രവിയും പോലുള്ളവരുടെ അറസ്റ്റിനെ അഭിപ്രായ, വ്യക്തി സ്വാതന്ത്ര്യങ്ങളുടെമേലുള്ള കടന്നുകയറ്റമായി കാണുന്നവരാണു കൂടുതല്‍ വോട്ടര്‍മാരും. മത, സാമുദായിക വര്‍ഗീയതകളും മാധ്യമങ്ങളുടെയും സാമൂഹിക മാധ്യമങ്ങളുടെയും മേലുള്ള കടന്നുകയറ്റങ്ങളും നിയന്ത്രണങ്ങളും തൊഴില്‍ - വിദ്യാഭ്യാസ സംവരണങ്ങളിലും സ്‌കോളര്‍ഷിപ്പു വിതരണത്തിലുംവരെ നടക്കുന്ന അനീതികളുമെല്ലാം ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)