•  2 May 2024
  •  ദീപം 57
  •  നാളം 8
സ്റ്റൂഡന്റ്‌സ് ഷെല്‍ഫ്‌

ബീര്‍ബലിന്റെ കൗശലങ്ങള്‍

കുട്ടികള്‍ക്ക് അപ്രതീക്ഷിതമായി കിട്ടിയ ഈ നീണ്ട അവധിക്കാലത്തെക്കുറിച്ചു വിവരിക്കാന്‍ വലിയ സന്തോഷമാണ്. പഠിക്കണ്ട, പരീക്ഷ എഴുതണ്ട, പറഞ്ഞുവച്ചിരുന്ന അവധിക്കാല ക്ലാസുകള്‍ക്കു പോകണ്ട. അവര്‍ ആഗ്രഹിച്ചതുപോലെതന്നെ ടിവി ചാര്‍ജു ചെയ്ത് മൊബൈല്‍ ഗെയിം കളിക്കാന്‍ ഇഷ്ടംപോലെ സമയം. ഈ നീണ്ട അവധിക്കാലം അടിച്ചുപൊളിച്ച് ആസ്വദിക്കാം എന്നതാണ് അവരുടെ സന്തോഷം. കുട്ടികള്‍ക്ക് അവധിക്കാലം ചെലവഴിക്കാന്‍ നല്കുന്ന സൗകര്യങ്ങള്‍ക്കും അവര്‍ അതിനോടു കാണിക്കുന്ന അമിതാവേശത്തിനും  നിയന്ത്രണം വയ്ക്കാതെതന്നെ  അവരില്‍  വായനശീലവും വളര്‍ത്തിയെടുക്കുകകൂടി ചെയ്താല്‍ നന്നാവും. ലോകത്തൊട്ടാകെ ഒരു വലിയ സാഹിത്യശാഖയായി കുട്ടികളുടെ സാഹിത്യം മാറിയിട്ടുണ്ട്. ഓരോ ദേശത്തിനും അതിന്റെ വകഭേദങ്ങളുണ്ട്. നാടോടിക്കഥകളും മിത്തുകളും കോമിക്കുകളും ഒക്കെയായി അതൊരു വലിയ സാധ്യത തുറന്നിടുന്നുണ്ട്. അത്തരമൊരു പുസ്തകമാണ് ബീര്‍ബല്‍ കഥകള്‍.
പതിനാറാം നൂറ്റാണ്ടില്‍ ഇന്ത്യ ഭരിച്ചിരുന്ന മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബറിന്, വിക്രമാദിത്യ രാജാവിന്റെ സദസ്സിലെ നവരത്‌നങ്ങള്‍പോലെ ഒമ്പതു മന്ത്രിമാരുണ്ടായിരുന്നു. ധനകാര്യവിദഗ്ധനായ തോഡര്‍മാളും സൂഫി കവി ഫൈസിയും ചിത്രകാരന്‍ അബ്ദുള്‍ ഫസലും പടത്തലവന്‍ മാന്‍സിങ്ങും ആ സദസ്സില്‍ ഉള്‍പ്പെടുന്നവരായിരുന്നു. എന്നാല്‍, അക്ബറിന് ഏറ്റവും പ്രിയപ്പെട്ട മന്ത്രി ബീര്‍ബലായിരുന്നു. മഹേശ് ദാസ് എന്നായിരുന്നു ബീര്‍ബലിന്റെ ആദ്യപേര്. ബീര്‍ബല്‍ എന്ന് അദ്ദേഹത്തിനു പേരു നല്‍കിയത് അക്ബറാണ്.
അക്ബറും ബീര്‍ബലും തമ്മിലുള്ള ബന്ധം ചക്രവര്‍ത്തി - മന്ത്രി എന്നതിലുപരി സുഹൃത്തുക്കള്‍ എന്ന നിലയിലേക്കു വളര്‍ന്നു. രാജാവിന്റെ വ്യക്തിജീവിതത്തിലും രാജഭരണത്തിലും ബീര്‍ബല്‍ സന്ദര്‍ഭോചിതമായി ഇടപെട്ടിരുന്നു. പല പ്രതിസന്ധിഘട്ടങ്ങളിലും ബീര്‍ബല്‍ അക്ബറിന്റെ മാനം മാത്രമല്ല ജീവന്‍പോലും രക്ഷിച്ചു. അതിനാല്‍ത്തന്നെ മറ്റാരെയുംകാള്‍ ചക്രവര്‍ത്തിയോട് അടുത്ത് ഇടപഴകാനും എന്തിന്, അദ്ദേഹത്തെ കളിയാക്കാനുള്ള സ്വാതന്ത്ര്യംപോലും ബീര്‍ബലിനുണ്ടായിരുന്നു.
അക്ബറും ബീര്‍ബലും തമ്മില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ നടത്തിയ സംഭാഷണങ്ങള്‍, വായിക്കുന്ന ഏതൊരാളെയും ചിരിപ്പിക്കുന്നതും അതേസമയം ചിന്തിപ്പിക്കുന്നതുമാണ്. അതിനാല്‍ത്തന്നെയാണ് സാഹിത്യത്തിലും ഈ കഥകള്‍ക്ക് അവഗണിക്കാനാകാത്ത സ്ഥാനം നേടിയെടുക്കാന്‍ സാധിച്ചത്. ഈ കഥകള്‍ വായിക്കുമ്പോള്‍ ചക്രവര്‍ത്തിയെക്കാള്‍ മാഹാത്മ്യം ബീര്‍ബലിനുണ്ടെന്നു വായനക്കാര്‍ക്കു തോന്നിയാല്‍ അത് തള്ളിക്കളയാന്‍ സാധിക്കില്ല. കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും രസിപ്പിക്കുന്ന ബീര്‍ബല്‍ കഥകള്‍ വായിച്ചാല്‍ അതു യഥാര്‍ത്ഥമോ അതോ കെട്ടിച്ചമച്ചതോ എന്നു പറയുക അസാധ്യമാണ്. അത്രത്തോളം ഈ കഥകള്‍ മനസ്സുകളിലേക്കു പടര്‍ന്നിരിക്കുന്നു.
ഗുണപാഠങ്ങള്‍ക്കൊപ്പം, അവസരോചിതമായ നയതന്ത്രങ്ങളും പ്രശ്‌നപരിഹാരങ്ങളുംകൊണ്ടു സമൃദ്ധമാണ് ബീര്‍ബല്‍ കഥകള്‍. വായിക്കുന്ന കുട്ടിയുടെ ചിന്താശേഷിയെ ഉണര്‍ത്താന്‍ പ്രേരിപ്പിക്കുന്നതാണ് ബീര്‍ബലിന്റെ കൗശലങ്ങള്‍. സത്യത്തിന്റെയും ധര്‍മത്തിന്റെയും ഭാഗത്തുനിന്നുകൊണ്ട് എത്ര കുഴപ്പം പിടിച്ച സന്ദര്‍ഭത്തെയും വളരെ ലളിതമായി കൈകാര്യം ചെയ്യുന്ന ശൈലിയാണ് ബീര്‍ബലിന്റേത്. ഇത് കുട്ടികളെ ഏറെ സ്വാധീനിക്കും എന്നുറപ്പ്.

 

Login log record inserted successfully!