•  2 May 2024
  •  ദീപം 57
  •  നാളം 8
ചരിത്രത്തിലെ ജ്വലാമുഖികള്‍

സേവനരാഷ്ട്രീയത്തിന്റെ ഉദാത്തമാതൃക

ന്ത്യന്‍ സ്വാതന്ത്ര്യസമരരംഗത്തേക്ക് കേരളത്തില്‍നിന്നു കടന്നുചെന്ന നേതൃപാടവമുള്ള അപൂര്‍വം വനിതകളില്‍ ഒരാളായിരുന്നു എ.വി. കുട്ടിമ്മാളു അമ്മ. നിയമലംഘനസമരവുമായി ബന്ധപ്പെട്ട് രണ്ടുമാസം പ്രായമുള്ള കുഞ്ഞുമായി ഇവര്‍ ജയിലില്‍അടയ്ക്കപ്പെട്ടു.
പാലക്കാട് ജില്ലയിലെ ആനക്കര ഗ്രാമത്തിലെ വടക്കത്തു കുടുംബത്തില്‍ പെരുമ്പിലാവില്‍ ഗോവിന്ദമേനോന്റെയും അമ്മു അമ്മയുടെയും മൂത്തമകളായി 1905 ഏപ്രില്‍ 23 നാണ് കുട്ടിമാളു അമ്മ ജനിച്ചത്. ഗാന്ധിജിയുടെ അടുത്ത അനുയായിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകയുമായിരുന്നു.മാതൃഭൂമിയുടെ ഡയറക്ടറായും മലബാര്‍ ഹിന്ദി പ്രജാസഭയുടെ അദ്ധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
രാഷ്ട്രീയപ്രവര്‍ത്തനത്തിന് അധികാരരാഷ്ട്രീയം, സേവനരാഷ്ട്രീയം എന്നീ രണ്ടു തട്ടുകളുണ്ട്. കുട്ടിമാളുഅമ്മ രണ്ടാമത്തെ തട്ടകത്തില്‍ ഉറച്ചുനിന്നു. മാതൃഹൃദയത്തിന്റെ ഭാവവും ഭാഷയും അവര്‍ക്കെന്നും സ്വന്തമായിരുന്നു. 
ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിന് കുട്ടിമാളു  അമ്മ രണ്ടു വര്‍ഷം ജയില്‍വാസം അനുഭവിച്ചു. ജയില്‍ശിക്ഷ പൂര്‍ത്തിയാക്കി പുറത്തുവന്നപ്പോള്‍ താമസിക്കാന്‍ ഇടമില്ലാത്ത സ്ഥിതിവന്നു. രണ്ടുമാസം അവര്‍ താമസിച്ചത് പുവര്‍ഹോം സൊസൈറ്റിയിലായിരുന്നെന്ന് മകന്‍ കേണല്‍ എ.വി.എം. അച്യുതന്‍ ശതാബ്ദിസ്മരണ ലേഖനത്തില്‍ കുറിച്ചിട്ടുണ്ട്. അനുമാനവും അനുഭവവും തമ്മില്‍ സാത്മ്യം പ്രാപിക്കുമ്പോഴാണ് ജീവിതം അര്‍ത്ഥവത്താകുന്നത്.
അച്ഛനും അമ്മയും പകര്‍ന്നു നല്‍കിയ ആത്മവിശ്വാസമാണ് അവരെ പോരാളിയാക്കിത്.  ഭര്‍ത്താവ് കോഴിപ്പുറത്ത് മാധവമേനോനൊപ്പം സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ കൈകോര്‍ത്തു. അമ്മു സ്വാമിനാഥന്റെ സഹോദരീ പുത്രിയാണ് അവര്‍. നാട്ടിലെ സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയിലുണ്ടായിരുന്നു. ഖാദിയുടെ പ്രചാരകയായിരുന്നു. ജയില്‍ ജീവിതം അവരെ മികച്ച സേനാനിയായി പാകപ്പെടുത്തി. നിരവധി തവണ ജയില്‍വാസം അനുഭവിക്കേണ്ടി വന്നു. ആറാംക്ലാസുവരെ മാത്രം വിദ്യാഭ്യാസം ചെയ്ത ഈ ധീര രാജ്യസ്‌നേഹി ജയില്‍വാസത്തിനിടെ ഇംഗ്‌ളീഷ്, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യം നേടുകയും പൊതുവേദികളില്‍ മികപ്രഭാഷികയായി മാറുകയും ചെയ്തു. ഗാന്ധിജി, നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിവര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നായിരുന്നൂ പ്രവര്‍ത്തനം. 
1985 ഏപ്രില്‍ 15 ന് സ്വാതന്ത്ര്യസമരചരിത്രത്തിലെ ആ സുവര്‍ണ അധ്യായം അവസാനിച്ചു.

 

Login log record inserted successfully!