•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രതികരണങ്ങള്‍

ഈ രാക്ഷസരാഷ്ട്രീയം എന്നവസാനിക്കും?

  • ഡോ. തോമസ് മൂലയിൽ
  • 22 April , 2021

രാക്ഷസന്മാര്‍ നരഭോജികള്‍ എന്നാണു സങ്കല്പം. രാഷ്ട്രീയക്കാരെ ഇങ്ങനെ അഭിസംബോധന ചെയ്യാനുള്ള കാരണം അതാണ്: അവര്‍ തിന്നുന്നില്ലന്നേയുള്ളു... കൊന്നുകൊലവിളിക്കുകയല്ലേ?
പണ്ട്, ഒരു ആദിവാസി മൂപ്പന്‍ പറഞ്ഞുകേട്ട ഒരു സംഭവം ഓര്‍ക്കുന്നു. അയാള്‍ പാര്‍ക്കുന്നത് വനമദ്ധ്യത്തിലുള്ള ഏറുമാടത്തിലാണ്. ഒരു ദിവസം സന്ധ്യമയങ്ങിയ നേരം. രണ്ടു കൊമ്പന്മാര്‍ കൊമ്പുകോര്‍ക്കുന്നു. ഇത് അപൂര്‍വമായിട്ടേ സംഭവിക്കാറുള്ളൂ. ആന കൂട്ടമായിട്ടാണല്ലോ ജീവിക്കുന്നത്. കൊമ്പുകോര്‍ത്ത ആനകള്‍ രണ്ടും അലറുന്നു; ചിന്നം വിളിക്കുന്നു; കൊമ്പുടക്കിനിന്ന്, നിന്നിടമെല്ലാം ചവിട്ടിമെതിക്കുന്നു. ശണ്ഠ ഒന്നിനൊന്നിനു മുറുകുന്നതല്ലാതെ രണ്ടും വിട്ടുകൊടുക്കുന്നില്ല. അവസാനം ഒരുത്തന്‍ ഓടി. മറ്റവന്‍ പിറകെയും. ഓട്ടത്തിനിടെ അവന്‍ പിറകില്‍നിന്നൊരു തള്ള്! മറ്റവന്‍ ഒരു കൊക്കയില്‍ച്ചെന്നു പതിച്ചു. അപ്പോഴത്തെ അവന്റെ അലര്‍ച്ച ഒരു നിലവിളിപോലെയായി. ഈ നിലവിളിയുടെ സ്വരം തിരിച്ചറിഞ്ഞിട്ടാവണം, ജയിച്ചവന്‍ മണ്ണിടിച്ചു താരയുണ്ടാക്കി, തുമ്പിക്കൈകൊണ്ട് അവനെ വലിച്ചു കരകയറ്റി. അവന്‍ അവശതകൊണ്ടു വീണുപോയി. ജയിച്ചവന്‍ ഒരു പ്രത്യേക ശബ്ദത്തില്‍ അലറി. ഉടനെ കാട്ടാനക്കൂട്ടം ഓടിയടുത്തു.  വിജയി തുമ്പിക്കൈകൊണ്ട് അവനെ തലോടുന്നു; അരുവിയില്‍ച്ചെന്നു തുമ്പിക്കൈയില്‍ വെള്ളം കൊണ്ടുവന്നു കൊടുക്കുന്നു! മറ്റാനകളും അവരുടേതായ രീതിയിലുള്ള ശുശ്രൂഷകള്‍ ചെയ്യുന്നു. വീണുപോയ ആന സാവകാശം എഴുന്നേല്ക്കുന്നു. ആനക്കൂട്ടം വനത്തിനുള്ളിലേക്കു നീങ്ങുന്നു. തോറ്റവനും ചട്ടിയും ചടഞ്ഞും ആനക്കൂട്ടത്തെ അനുയാത്ര ചെയ്യുന്നു. ജയിച്ചവന്‍ എല്ലാവരെയും നയിച്ചുകൊണ്ട് വനത്തിനുള്ളിലേക്കു വലിയുന്നു...! തോറ്റവനെ തോല്പിച്ചവന്‍ പരിചരിക്കുന്നു! ശുശ്രൂഷിക്കുന്നു! സംരക്ഷിക്കുന്നു! കാട്ടാനയുടെ സുകൃതം!
ഇന്നത്തെ രാഷ്ട്രീയത്തില്‍ കാട്ടുമൃഗങ്ങളുടെ അലിവും ദയയുംപോലും ഇല്ലാതായിരിക്കുന്നു. ആരെയും കൊല്ലാതെയും ആരും ചാകാതെയും വെട്ടും കുത്തുമില്ലാതെയും വോട്ടെടുപ്പു കഴിഞ്ഞു... ദൈവമേ! എല്ലാം ശാന്തമായല്ലോ! എന്നു ജനം ആശ്വസിച്ചു, ദീര്‍ഘനിശ്വാസം വിട്ട സമയം! അപ്പോഴാണ് ആ കൊടുംക്രൂരത! ഒരു മുസ്ലീം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. കേട്ടവരെല്ലാം ഞെട്ടിത്തരിച്ചുനിന്നു! ജനം, പിന്നല്ലാതെന്തു ചെയ്യാന്‍? പക്ഷേ, കൊന്നവനെ, അല്ല കൊന്നവരെ സംരക്ഷിക്കാന്‍ പാര്‍ട്ടി അരയും തലയും മുറുക്കി കളത്തിലിറങ്ങി. പിടിച്ചുകൊടുത്ത ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തു... തീര്‍ന്നു!
പതിവുപോലെ ചാനലുകള്‍ സജീവമായി. കൊന്നവരുടെ പാര്‍ട്ടിയും മരിച്ചവന്റെ പാര്‍ട്ടിയും എന്ന രണ്ടു ചേരികള്‍ പോരുതുടരുന്നു. രണ്ടുപക്ഷത്തുനിന്നും മറുപക്ഷക്കാര്‍ കൊന്നതിന്റെ കണക്കു നിരത്തുന്നു. എണ്ണത്തിലെ ഏറ്റക്കുറച്ചിലിനെപ്പറ്റിയായി ചര്‍ച്ച! ചര്‍ച്ച തുടര്‍ന്നു കൊണ്ടേയിരിക്കുന്നു... ഇതിനിടെ ചത്ത അമ്പലപ്പുഴ വിജയകൃഷ്ണന്‍ എന്ന ആനയുടെ ജഡത്തിനരികെനിന്നു നിലവിളിക്കുന്ന മനുഷ്യരെ ചാനലുകളില്‍ കണ്ടു. മരിച്ച യുവാവിനെ ഓര്‍ത്തു കരയുന്നവര്‍ ഒട്ടേറെയുണ്ടെങ്കിലും ആ യുവാവിന്റെ മാതാപിതാക്കളുടെ കരച്ചില്‍ മാത്രം കാണിച്ച് ചാനലുകള്‍ കൃത്യനിര്‍വഹണം പൂര്‍ത്തിയാക്കുന്നു!
'മാ നിഷാദ'യുടെ നാട്ടില്‍, അഹിംസയുടെ നാട്ടില്‍, നിഷാദന്മാര്‍ വില്ലുകുലച്ചുനിന്ന കൊലവിളി നടത്തുന്നു! ദൈവമേ, ഈ രാക്ഷസരാഷ്ട്രീയം എന്നവസാനിക്കും? തേങ്ങലും നെടുവീര്‍പ്പുമായി ഞാന്‍ പിന്‍വാങ്ങുന്നു. ആശാനോടു ചേര്‍ന്നു വിലപിക്കുന്നു, ''കണ്ണേ മടങ്ങുക...'' മനസ്സാക്ഷിയുള്ള മനുഷ്യര്‍ക്കതല്ലേ പറ്റൂ...! 

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)