•  16 May 2024
  •  ദീപം 57
  •  നാളം 10

കരുത്തും കരുതലുമായി വലിയ ഇടയന്‍


.

*

ന്ത്യയ്ക്ക് അകത്തും പുറത്തുമായി വ്യാപിച്ചുകിടക്കുന്ന സീറോ മലബാര്‍സഭയുടെ വലിയ ഇടയനായി മാര്‍ റാഫേല്‍ തട്ടില്‍ നിയോഗിക്കപ്പെട്ടത് കാലത്തിന്റെ അനിവാര്യതയും സുകൃതവുമാണ്. അമ്പതുലക്ഷത്തിലധികം വിശ്വാസികളുള്ള സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി ഷംഷാബാദ് രൂപതാധ്യക്ഷനായിരുന്നമാര്‍ റാഫേല്‍ തട്ടിലിനെ സിനഡ് പിതാക്കന്മാര്‍ വോട്ടെടുപ്പിലൂടെയാണു തിരഞ്ഞെടുത്തത്. സ്ഥാനാരോഹണം ജനുവരി 11 ന് സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ്‌തോമസില്‍ പ്രാര്‍ഥനാശുശ്രൂഷകളോടെ നടന്നു. 
പരിശുദ്ധാത്മാവിനാല്‍ വെളിപ്പെടുത്തപ്പെട്ട ദൈവനിയോഗത്തെ സഭാസിനഡ് പ്രാര്‍ഥനയിലൂടെയും പരിചിന്തനത്തിലൂടെയുമാണു കണ്ടെത്തിയത്. തിരഞ്ഞെടുപ്പിന്റെ സങ്കീര്‍ണതകളൊന്നുമുണ്ടായില്ല. തിരഞ്ഞെടുക്കപ്പെട്ട ആളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ  അതിന്റെ രഹസ്യാത്മകത പരിപൂര്‍ണമായി കാത്തുസൂക്ഷിക്കാന്‍ സിനഡിനു കഴിഞ്ഞുവെന്നത് സഭയുടെ ഐക്യവും കെട്ടുറപ്പും വെളിപ്പെടുത്തുന്നതായിരുന്നു.
എനിക്ക് ഇഷ്ടപ്പെട്ട ഇടയന്മാരെ ഞാന്‍ നിങ്ങള്‍ക്കു തരും (ജെറമിയ 3:15) എന്ന വാക്കുകള്‍ അന്വര്‍ഥമാകുന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്.  ഷംഷാബാദ് രൂപതാധ്യക്ഷന്‍ എന്ന നിലയില്‍ ഭാരതത്തിലെ 23 രൂപതകളിലായി വ്യാപിച്ചുകിടക്കുന്ന അതിവിസ്തൃതമായ ഒരു രൂപതയിലെ സീറോ മലബാര്‍ വിശ്വാസികളെ സഭാസ്‌നേഹത്തിലേക്കും സമുദായബോധത്തിലേക്കും ഒരുമിപ്പിക്കാനും ശക്തീകരിക്കാനും അദ്ദേഹം നടത്തിയ ധീരമായ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരംകൂടിയാണ് ഈ ദൈവനിയോഗം. 
മാര്‍ റാഫേല്‍ തട്ടില്‍ മെത്രാനായപ്പോള്‍ തിരഞ്ഞെടുത്ത ആപ്തവാക്യം - മുറിക്കപ്പെടാനും നല്‍കപ്പെടാനും (To be broken and to be given )  - ജീവിതത്തോടു ചേര്‍ത്തുപിടിച്ചതിന്റെ ആധികാരികതയും ആത്മീയതയും അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവൃത്തികളിലുമുണ്ട്. മുറിവുണക്കുന്നവന്‍, സുഖപ്പെടുത്തുന്നവന്‍ എന്നൊക്കെയാണ് റാഫേല്‍ എന്ന വാക്കിന്റെ അര്‍ഥം. മുറിവുണക്കുന്ന ഇടയനെയാണ് ഈ കാലഘട്ടത്തില്‍ സഭയ്ക്കുവേണ്ടതെന്ന് ദൈവം തീരുമാനിച്ചതിന്റെ ഫലമായാണ്  മാര്‍ റാഫേല്‍ തട്ടില്‍ സഭയുടെ അമരത്തേക്കു തിരഞ്ഞെടുക്കപ്പെട്ടതെന്നു വേണം കരുതാന്‍. പലവിധ സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുമ്പോഴും സഭ ഒരിക്കലും ദുര്‍ബലയല്ല. സഭയെ തകര്‍ക്കാന്‍ നാരകീയശക്തികള്‍ക്കാവില്ല. സഭയ്ക്കു മുറിവുകളുണ്ടെങ്കില്‍ അതുണക്കി ദൈവജനത്തെ സമൃദ്ധിയുടെ കാനാന്‍ദേശത്തേക്കു നയിക്കാന്‍പോന്ന ധൈര്യവും ശക്തിയുമുള്ള നേതൃശുശ്രൂഷയാണ് മാര്‍ റാഫേല്‍ തട്ടിലിന്റേതെന്ന് ദൈവജനം തിരിച്ചറിയുന്നു. സഭയുടെ കൂട്ടായ്മയില്‍നിന്ന് ആരും നഷ്ടമാകാന്‍ ഇടയാകരുതെന്ന് മാര്‍ റാഫേല്‍ തട്ടില്‍ തുടര്‍ച്ചയായി പറയുന്നു. സഭയുടെ മേല്‍പ്പട്ടശുശ്രൂഷയെന്നത് എല്ലാവരെയും അധികമായി സ്‌നേഹിക്കാനും ചേര്‍ത്തുനിര്‍ത്താനുമുള്ള വിളിയാണെന്ന് അദ്ദേഹം കരുതുന്നു. ഹൃദയംകൊണ്ടു സംസാരിക്കുമ്പോള്‍ സമാധാനം സംജാതമാകുന്നുവെന്ന് അദ്ദേഹത്തെ കേള്‍ക്കുന്നവരും കാണുന്നവരും പെട്ടെന്നു തിരിച്ചറിയുന്നു. 
അടിച്ചുവാരല്‍ശുശ്രൂഷയും കണ്ടെടുക്കല്‍ശുശ്രൂഷയുമാണ് തന്റെ ദൗത്യമെന്ന് സ്ഥാനാരോഹണശുശ്രൂഷാനന്തരമുള്ള മറുപടിപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. നാമോരോരുത്തരും നമ്മെത്തന്നെ അടിച്ചുവാരി വൃത്തിയാക്കാന്‍ തയ്യാറായാല്‍ നമ്മിലൂടെ ഒരു സഭ മുഴുവനും വൃത്തിയാകും. നഷ്ടപ്പെട്ടതൊക്കെ നമുക്കു കണ്ടെത്താനാവും. നഷ്ടപ്പെട്ട നാണയം കണ്ടെത്താന്‍ വീടുമുഴുവന്‍ അടിച്ചുവാരി വൃത്തിയാക്കിയ സ്ത്രീയെക്കുറിച്ചുളള ബൈബിള്‍ഭാഗം പരാമര്‍ശിച്ചാണ് അദ്ദേഹം ഈ ആശയം പങ്കുവച്ചത്. 
മേജര്‍ ആര്‍ച്ചുബിഷപ്പായി ഉത്തരവാദിത്വമേറ്റശേഷം സ്വന്തം നാടായ തൃശൂരില്‍ നല്‍കിയ സ്വീകരണവേളയില്‍ മൂന്ന് ആഗ്രഹങ്ങള്‍ തുറന്നുപറഞ്ഞത് ലോകം മുഴുവനും ശ്രദ്ധിച്ചു. ഒന്നാമതായി പറഞ്ഞത്, ആധികാരികമായ ഒരു ജീവിതം താന്‍ കൊതിക്കുന്നുവെന്നാണ്. അതായത്, പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മിലുള്ള അന്തരമില്ലാത്ത ജീവിതം. രണ്ടാമത്തെ ആഗ്രഹമായി പറഞ്ഞത്, സംലഭ്യതയാണ്. നല്ല സമറായക്കാരനെപ്പോലെ എല്ലാവര്‍ക്കുമൊപ്പമാകാന്‍, ജാതിയും മതവും ഒന്നും നോക്കാതെ ആവശ്യമുള്ള എല്ലാവര്‍ക്കും തന്റെ സാന്നിധ്യം ശക്തിയായി കൊടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനപ്പുറം മറ്റുള്ളവരെ കേള്‍ക്കാനാണ് ആഗ്രഹമെന്നും പ്രത്യേകിച്ച് അവശതയനുഭവിക്കുന്നവരെ, സംഘര്‍ഷങ്ങളുള്ളവരെ ചേര്‍ത്തുനിര്‍ത്താനും പ്രതിസന്ധിയുമായി അടുത്തുവരുന്നവന് ഉടനടി പരിഹാരം ഉണ്ടാക്കിക്കൊടുക്കാനും സഭയ്ക്കു സാധിക്കണമെന്നും അദ്ദേഹം പറയുന്നു.
മൂന്നാമത്തേതും ഏറ്റവും ഉന്നതവുമായ പരിഗണനയായി അദ്ദേഹം പറഞ്ഞത്, സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യമാണ്. ആര്‍ഭാടവും ആഘോഷങ്ങളുമായി നടക്കുന്ന സഭയോട് തനിക്കു വിയോജിപ്പാണെന്ന് അദ്ദേഹം മനസ്സു തുറന്നു. മേജര്‍ ആര്‍ച്ചുബിഷപ് എന്ന നിലയില്‍, തന്റെ ശിരസ്സില്‍ വയ്ക്കുന്ന കിരീടവും താന്‍ പിടിക്കുന്ന ചെങ്കോലും നല്‍കുന്ന പ്രവാചകദൗത്യം, അനാവശ്യമായി ആര്‍ഭാടങ്ങള്‍ക്കു ചെലവഴിക്കുന്ന പണം മുഴുവന്‍ പാവങ്ങളുടെ സമുദ്ധാരണത്തിനായി കൊടുക്കാന്‍ സഭയെ ഓര്‍മപ്പെടുത്തുന്നുവെന്ന് അദ്ദേഹം  പറഞ്ഞു. 
സീറോ മലബാര്‍സഭയുടെ വലിയ അമരക്കാരന്‍ സഭയ്ക്കു വലിയ പ്രതീക്ഷയും കരുത്തും പകരുന്നുണ്ട്. സഭയുടെ  പ്രേഷിതശുശ്രൂഷകള്‍ക്കു വിശാലമായ മാനവും സമൂലമായ പരിവര്‍ത്തനവും പകരാന്‍ പുതിയ ഇടയശ്രൂഷയ്ക്കാവുമെന്നതില്‍ സംശയമില്ല. സീറോ മലബാര്‍ സഭയുടെ ആത്മീയാചാര്യന് ദീപനാളത്തിന്റെ പ്രാര്‍ഥനാമംഗളങ്ങള്‍.

 

Login log record inserted successfully!