•  16 May 2024
  •  ദീപം 57
  •  നാളം 10

ക്രൈസ്തവജനത ആരുടെയും അടിമകളല്ല


.

*

പോയവാരം കേരളത്തിലെ ക്രൈസ്തവജനത, പ്രത്യേകിച്ച് കത്തോലിക്കാസഭയും സമുദായവും സമരമുഖത്തായിരുന്നു. വന്യമൃഗാക്രമണങ്ങള്‍ക്കെതിരേയാണ് മലയോരമക്കള്‍ വിവിധ രൂപതകളുടെ നേതൃത്വത്തില്‍ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരായത്. കര്‍ഷകമക്കളുടെ കൂട്ടപ്പോര്‍വിളികള്‍ക്കു ജാതിയുടെയോ മതത്തിന്റെയോ നിറമില്ലായിരുന്നു. ഹൃദയത്തില്‍നിന്നുയര്‍ന്ന മുറവിളികള്‍ക്കും മുന്നേറ്റങ്ങള്‍ക്കും ഒരൊറ്റ സ്വരമായിരുന്നു. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടതിന്റെ നൊമ്പരമാണു പ്രതിഷേധാഗ്നിയായി അവിടങ്ങളില്‍ ആളിക്കത്തിയത്.
കാട്ടുമൃഗങ്ങളുടെ സൈ്വരവിഹാരമാണ് മലനാട്ടിലെ വനാതിര്‍ത്തികളില്‍ മനുഷ്യരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയതെങ്കില്‍, ഇവിടെ ഇടനാട്ടില്‍, കൃത്യമായി പറഞ്ഞാല്‍ കോട്ടയം ജില്ലയിലെ പൂഞ്ഞാറിലാകട്ടെ 'മനുഷ്യമൃഗ'ങ്ങളൂടെ കൂട്ടവിളയാട്ടമായിരുന്നു. പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനപ്പള്ളിയില്‍ ഫെബ്രുവരി 23 വെള്ളിയാഴ്ച ആരാധന നടക്കുന്നതിനിടെയാണ് പള്ളിമൈതാനത്ത് കാറുകളിലും ബൈക്കുകളിലുമായെത്തിയ ഒരുകൂട്ടം ചെറുപ്പക്കാര്‍ കലാപാന്തരീക്ഷം സൃഷ്ടിച്ചത്. ആരാധനയ്ക്കു തടസ്സമുണ്ടാക്കരുതെന്നും പിരിഞ്ഞുപോകണമെന്നും പറഞ്ഞ അസിസ്റ്റന്റ് വികാരിയെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവം കേരളക്കരയില്‍ സമാനതകളില്ലാത്തതാണ്. നിന്ദ്യവും ക്രൂരവുമായ ഈ പൈശാചികകൃത്യത്തിനെതിരേയാണ് പാലാ രൂപതയിലെ സകല പള്ളികളിലുമെന്നല്ല, സമീപരൂപതകളിലും കേരളം മുഴുവനും പ്രതിഷേധത്തിന്റെ അഗ്നിജ്ജ്വാലകളുയര്‍ന്നത്.
പക്ഷേ, ദിവസങ്ങള്‍ പിന്നിട്ടിട്ടും വിശ്വാസികള്‍ക്ക് ആശങ്കകള്‍ വിട്ടൊഴിയുന്നില്ല. ഉത്തരം കിട്ടാതെ കുറെയേറെ ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങുന്നു. സംശയങ്ങളും ദുരൂഹതകളും ദിനംപ്രതി പെരുകുന്നു. അറസ്റ്റു ചെയ്യപ്പെട്ടുവെന്നു പറയുന്ന ക്രിമിനലുകളെവിടെ? അവരുടെ പേരുവിവരങ്ങള്‍ പൊലീസ് ഒളിച്ചുവച്ചിരിക്കുന്നത് ഏതു രാഷ്ട്രീയയജമാനന്റെ/ യജമാനന്മാരുടെ ആജ്ഞപ്രകാരമാണ്? ആരുടെ രാജകല്പനപ്രകാരമാണെങ്കിലും പ്രതികളെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നുമാണ് സഭ ഒന്നടങ്കം പറയുന്നത്. കുറ്റവാളികളെ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ നിറംനോക്കി സംരക്ഷിക്കാന്‍ മുതിരുന്നതു വച്ചുപൊറുപ്പിക്കാനാവില്ല. സമാധാനപരമായ മതാന്തരീക്ഷത്തെ കലാപഭൂമിയാക്കുന്നവര്‍ ആരായാലും, അവരെ പൊതിഞ്ഞുസംരക്ഷിക്കുന്നവര്‍ ഏത് ഉന്നതന്മാരായാലും അവരെയും മറനീക്കി പുറത്തുകൊണ്ടുവരേണ്ടിയിരിക്കുന്നു. പൂഞ്ഞാര്‍ പ്രദേശത്ത് പള്ളിയെയും കുരിശിനെയും സണ്‍ഡേ സ്‌കൂള്‍ കുട്ടികളെയും അവഹേളിക്കുന്നതും ആക്രമിക്കുന്നതും ആദ്യത്തേതല്ലാത്തതിനാല്‍ ഇനി ഒരു ഒളിച്ചുകളിക്കും ഒത്തുതീര്‍പ്പിനും ഇടവകക്കാര്‍ ഒരുക്കമല്ല.
2020 ല്‍ പൂഞ്ഞാര്‍ പള്ളിയുടെ ഉടമസ്ഥതയിലുള്ള പുല്ലുപാറയില്‍ ഫോട്ടോയെടുക്കാനെന്ന വ്യാജേന കുരിശിന്റെ മുകളില്‍ കയറി കുരിശിനെ അവഹേളിച്ച സംഭവവും ആരും മറന്നിട്ടില്ല. 'പ്രായപൂര്‍ത്തിയാകാത്തവരുടെ പിള്ളേരുകളി'യായി അതും അതിനുമുമ്പുണ്ടായ സമാനസ്വഭാവമുള്ള പ്രവൃത്തികളും നിസ്സാരവത്കരിച്ച് ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കുറെയധികം ആളുകള്‍ മത്സരിച്ചതും ആരും മറന്നിട്ടുണ്ടാവില്ല. അര്‍ഥമില്ലാത്തതോ ആത്മാര്‍ഥതയില്ലാത്തതോ ആയ ഇത്തരം ഒത്തുതീര്‍പ്പുനാടകങ്ങളിലൂടെ യഥാര്‍ഥപ്രശ്‌നത്തെ തമസ്‌കരിക്കാനോ അതില്‍നിന്നു തലയൂരാനോ ഇനിയും ആരും മുതിരരുതെന്നാണ് പൂഞ്ഞാറുകാരുടെ ആവശ്യം.  
പൂഞ്ഞാര്‍ വിഷയത്തില്‍, മനഃസാക്ഷിയുള്ള ഏതൊരാളുടെയും ഉള്ളു പൊള്ളിയെങ്കിലും,  കത്തോലിക്കാസമുദായമൊന്നാകെ സടകുടഞ്ഞെണീറ്റുവെന്നത് കേരളസമൂഹം തിരിച്ചറിയേണ്ടതുണ്ട്. ക്രൈസ്തവര്‍ നിസ്സംഗത വെടിഞ്ഞു പ്രതികരണശേഷിയുള്ളവരായിരിക്കുന്നു. സ്വത്വബോധം തിരിച്ചറിഞ്ഞ കത്തോലിക്കര്‍ അവന്റെ സഭയെക്കുറിച്ചും സമുദായത്തെക്കുറിച്ചും അവരുടെ ശക്തിയെക്കുറിച്ചും ആവേശത്തോടെ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. നാളിന്നോളം വിദ്യാഭ്യാസ, ആതുരശുശ്രൂഷാമേഖലകളില്‍ ക്രൈസ്തവര്‍ ഈ രാജ്യത്തിനു നല്കിയ ചരിത്രപരമായ സംഭാവനകളെക്കുറിച്ച് ഊറ്റംകൊണ്ടു തുടങ്ങിയിരിക്കുന്നു. വൈദികരെയും സന്ന്യസ്തരെയും പള്ളികളെയും സ്ഥാപനങ്ങളെയും സ്വത്തുക്കളെയുമെല്ലാം സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന സഭാത്മകബോധത്തിലേക്ക് അവര്‍ വളര്‍ന്നിരിക്കുന്നു. ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധനാവകാശങ്ങളുടെയുംമേലുള്ള കടന്നുകയറ്റങ്ങളെ നിസ്സാരവത്കരിച്ചു കാണാനാവില്ലെന്ന് ഉത്തരവാദിത്വബോധത്തോടെ   കത്തോലിക്കാസമുദായം ഒന്നടങ്കം പറഞ്ഞുതുടങ്ങിയിരിക്കുന്നു. 
കേരളത്തില്‍ ഇന്നു നടക്കുന്ന മതമര്‍ദനം ശരീരത്തിന്റെമേലല്ല, ബുദ്ധിയുടെ തലത്തിലാണ്. അവസരവാദങ്ങളും പ്രീണന, പീഡനതന്ത്രങ്ങളും വോട്ടുബാങ്കു ലക്ഷ്യംവച്ചുള്ള രാഷ്ട്രീയക്കാരുടെ അടവുനയങ്ങളാണ്. ക്രൈസ്തവന്റെ മടിത്തട്ടിലിരുന്നു വോട്ടുചോദിക്കുകയും അധികാരം കൈക്കലാക്കി അവസരം വരുമ്പോള്‍ അവനെ വളഞ്ഞിട്ടാക്രമിക്കുകയും ചെയ്യുന്ന മുതലെടുപ്പു രാഷ്ട്രീയത്തെ തിരിച്ചറിയാനുള്ള ബുദ്ധിയും വിവേകവും ഇവിടുത്തെ ക്രൈസ്തവസമൂഹത്തിനുണ്ടെന്ന് എല്ലാവരും ഓര്‍ത്തിരുന്നാല്‍ നന്ന്. 

 

Login log record inserted successfully!