•  23 May 2024
  •  ദീപം 57
  •  നാളം 11
നേര്‍മൊഴി

സുരക്ഷാസേനയും കൂലിപ്പട്ടാളവും

ന്നേക്ക് ഒരാഴ്ചമുമ്പ് വാഗ്‌നര്‍ എന്ന കൂലിപ്പട്ടാളം മോസ്‌കോ ലക്ഷ്യംവച്ചു കുതിച്ചു. പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഞെട്ടി. റഷ്യ വിറച്ചു. ലോകം അമ്പരന്നു. ഭാഗ്യവശാല്‍ പ്രശ്‌നം താത്കാലികമായി ഒത്തുതീര്‍ന്നു. ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കാഷെന്‍കോ ഇടപെട്ടു. മധ്യസ്ഥചര്‍ച്ചകള്‍ നടത്തിയതിന്റെ ഫലമായിട്ടാണ് മഞ്ഞുരുകിയത്. ആഭ്യന്തരയുദ്ധത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച വാഗ്‌നര്‍ കൂലിപ്പട്ടാളം തങ്ങളുടെ ദൗത്യത്തില്‍നിന്നു പിന്മാറിയത് റഷ്യന്‍ ജനതയ്ക്ക് ആശ്വാസമായി.

ലോകത്തില്‍ ഏറ്റവും  കൂടുതല്‍ സുരക്ഷാസേനയുള്ള വ്യക്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനാണ്. രണ്ടാമത്തെ വ്യക്തി മുന്‍ അമേരിക്കന്‍ പ്രസിഡന്റും ശതകോടീശ്വരനുമായ ഡൊണാള്‍ഡ് ട്രംപ് ആണ്. ഈ പദവിയിലെത്തിയിട്ടുള്ള മൂന്നാമത്തെ വ്യക്തി നോര്‍ത്ത് കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ആണ്. നാലാം സ്ഥാനത്തുള്ളത് കത്തോലിക്കാസഭയുടെ തലവന്‍ ഫ്രാന്‍സീസ് മാര്‍പാപ്പായത്രേ. ഇവര്‍ക്കു രാജ്യത്തിന്റെ ചെലവിലാണ് സുരക്ഷ ഒരുക്കുന്നത്. ഇവര്‍ക്കു പുറമേ വലിയ കോടീശ്വരന്മാര്‍ക്കും സ്ഥാപന ഉടമകള്‍ക്കും കലാകായികമേഖലകളിലെ കോടീശ്വരന്മാര്‍ക്കും സ്വകാര്യ സുരക്ഷാ സന്നാഹങ്ങളുണ്ട്. കോടിക്കണക്കിനു രൂപയാണ് ഇതിനായി അവര്‍ ചെലവഴിക്കുന്നത്. 
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സുരക്ഷാസംരക്ഷണമുള്ളത് പ്രധാനമന്ത്രിക്കാണ്. വിവിധ വകുപ്പുകളിലായി മൂവായിരത്തോളം സുരക്ഷാഭടന്മാരാണ് പ്രധാനമന്ത്രിയെ സംരക്ഷിക്കുന്നത്. നോര്‍ത്ത് കൊറിയന്‍ പ്രസിഡന്റുമായി താരതമ്യം ചെയ്യുമ്പോള്‍ അത് തുലോം തുച്ഛമാണ്.  ജിമ്മിന് ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം സുരക്ഷാ ഭടന്മാരുണ്ട്. പ്രധാനമന്ത്രി മോദിയുടെ ഒരു ദിവസത്തെ എസ്.പി.ജി. സംരക്ഷണച്ചെലവ് 1.17 കോടി രൂപയത്രേ.
ഇന്ത്യയിലെ ഔദ്യോഗിക സുരക്ഷാസന്നാഹങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാണ്. ''സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്(എസ്.പി.ജി.), നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സ്(എന്‍.എസ്.ജി.), ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്(ഐ.റ്റി.ബി.പി.), സെന്‍ട്രല്‍ റിസേര്‍വ് പൊലീസ് ഫോഴ്‌സ് (സി.ആര്‍.പി.എഫ്.), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്.) എന്നിവയാണ് പ്രധാന  സുരക്ഷാപാലകര്‍.
രാഷ്ട്രത്തലവന്മാര്‍ക്കും കോടീശ്വരന്മാര്‍ക്കും മറ്റ് അതിവിശിഷ്ടവ്യക്തികള്‍ക്കും സുരക്ഷ ഒരുക്കുന്നതിന്റെ യുക്തി മനസ്സിലാക്കാം. അവരുടെ ജീവന്‍ രാജ്യത്തിനു വിലപ്പെട്ടതാണ്. രാജ്യത്തിനു വികസനമോ പ്രശസ്തിയോ കൊണ്ടുവന്നിട്ടുള്ളവരും ഭാവിയെ രൂപപ്പെടുത്താന്‍ കഴിയുന്നവരുമാണ് അവര്‍. ഇവരുടെ ചുവടുപിടിച്ചാണ് ചില സംസ്ഥാന മുഖ്യമന്ത്രിമാര്‍ തങ്ങള്‍ക്കു രക്ഷാകവചം ഒരുക്കുന്നത്. പല മുഖ്യമന്ത്രിമാരും ആ സ്ഥാനമില്ലെങ്കില്‍ ഒന്നുമല്ലെന്നതാണ് സത്യം. വ്യക്തിമാഹാത്മ്യങ്ങളൊന്നുമല്ല, അവരെ വലിയവരാക്കുന്നത്, അവര്‍ ഇരിക്കുന്ന കസേരയുടെ വലുപ്പമാണ്. വലിയവരായതുകൊണ്ടല്ലേ ആ കസേരയില്‍ എത്തിയത് എന്ന ചോദ്യത്തിനു പ്രസക്തിയില്ല. കാരണം, ആ കസേരയില്‍ എത്താന്‍ ഓരോരുത്തരും അവലംബിക്കുന്ന മാര്‍ഗങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്.
കേരളത്തിന്റെ മുഖ്യമന്ത്രി വലിയ സുരക്ഷാഭീഷണിയുള്ള ആളൊന്നുമല്ല. രാഷ്ട്രീയശത്രുക്കളുണ്ടാവുക സ്വാഭാവികമാണ്. ഊമക്കത്തു കിട്ടുന്നതോ പോസ്റ്റര്‍ പതിച്ച് വധഭീഷണി മുഴക്കുന്നതോ കരിങ്കൊടി കാണിക്കുന്നതോ വ്യാജഫോണ്‍സന്ദേശം ലഭിക്കുന്നതോ ഒന്നും ഗൗരവമുള്ള സുരക്ഷാഭീഷണിയായി കരുതാനാവുകയില്ല. അത്തരം വ്യാജസുരക്ഷാഭീഷണികളുടെ മറവിലാണ് അനേകം വാഹനങ്ങളുടെ അകമ്പടിയോടെ മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. സുരക്ഷാവാഹനങ്ങള്‍ക്കു പുറമേ ഫയര്‍ എഞ്ചിന്‍, ആംബുലന്‍സ് തുടങ്ങിയ മുന്‍കരുതലുകളും മുഖ്യമന്ത്രിയുടെ ചില യാത്രകളില്‍ കാണാറുണ്ട്. മുഖ്യമന്ത്രിക്ക് 28 വാഹനങ്ങളുടെ അകമ്പടിയുണ്ടെന്നാണ് കോണ്‍ഗ്രസുകാരുടെ ആക്ഷേപം. 42 വാഹനങ്ങളുടെ അകമ്പടി ഒരു കമ്യൂണിസ്റ്റു മുഖ്യമന്ത്രിക്കു ഭൂഷണമാണോ എന്നു പരിശോധിക്കണമെന്നാണ് ഘടകകക്ഷിയായ സി.പി.ഐയുടെ നിര്‍ദേശം. ഇല്ലാത്ത ഭീഷണി ഉണ്ടെന്നു നടിക്കുന്നതും ഔദ്യോഗികയാത്രകള്‍ ആഘോഷപൂര്‍വകമായ  ഷോകളാക്കി മാറ്റുന്നതും സ്വന്തം ജനങ്ങളെ ഭയന്നു സുരക്ഷാഭടന്മാരുടെ നടുവില്‍ ധൈര്യപൂര്‍വം നടക്കുന്നതും ജനപിന്തുണയുള്ള നേതാവിനു ചേര്‍ന്നതല്ല.
സ്വകാര്യ സെക്യൂരിറ്റി സ്വന്തം ചെലവില്‍ ഏര്‍പ്പെടുത്തുന്നതാണ്. വാഗ്‌നര്‍ കൂലിപ്പട്ടാളം അത്തരത്തിലുള്ളതാണ്. വാഗനര്‍ കൂലിപ്പട്ടാളത്തിന്റെ തലവന്‍ കോടീശ്വരനായ യെവ്ഗിനി പ്രിഗോഷിനാണ്. 25000 മാത്രം അംഗബലമുള്ള വാഗ്‌നര്‍ സംഘത്തെ എട്ടരലക്ഷം അംഗബലമുള്ള റഷ്യന്‍പട്ടാളം ഭയന്നത് എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്. എണ്ണത്തില്‍ കുറവാണെങ്കിലും പോരാട്ടവീര്യത്തില്‍ കൂലിപ്പട്ടാളം ആരുടെയും പിന്നിലല്ല. അവരില്‍ തൊണ്ണൂറു ശതമാനവും റഷ്യന്‍സൈന്യത്തില്‍നിന്നു വിരമിച്ച ഉദ്യോഗസ്ഥരാണ്. ദേശീയ സേനയില്‍ ഉള്ളവരെക്കാള്‍ കൂടുതല്‍ ശമ്പളം അവര്‍ കൈപ്പറ്റുന്നു. അവരില്‍ കൂടുതല്‍ പേരും കലഹവും സംഘര്‍ഷവും സ്വതവേ ഇഷ്ടപ്പെടുന്നവരുമാണ്.

Login log record inserted successfully!