•  23 May 2024
  •  ദീപം 57
  •  നാളം 11
നോവല്‍

പലായനം

കൊട്ടാരത്തില്‍ ഇയ്യോ അവിരാ തരകന്റെ ''നാല്പത്തിയൊന്നാണ്.'' തറവാട്ടില്‍ ബന്ധുക്കളും ചാര്‍ച്ചക്കാരും ഒത്തൂകൂടിയിട്ടുണ്ട്. വല്യപ്പച്ചന്റെ മരണത്തിന്റെ ഏഴിനും ഒന്‍പതിനും ചടങ്ങൊന്നും വേണ്ടാ എന്നു തീരുമാനിച്ചിരുന്നു.
എന്നാല്‍, മരിച്ച അന്നുമുതല്‍ 41 വരെ പള്ളിയില്‍ പ്രത്യേക ദിവ്യബലിയും കല്ലറയില്‍ ഒപ്പീസും ഇട്ടിമാത്തുതരകന്‍ ഏര്‍പ്പാടു ചെയ്തിരിക്കുന്നു. 
നാല്പത്തൊന്നിന്, ശവസംസ്‌കാരത്തില്‍ പങ്കെടുത്ത എല്ലാവരെയും ഓര്‍മിച്ച് ലിസ്റ്റെടുത്ത് ക്ഷണിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് പള്ളിയില്‍ കുര്‍ബാനയും കുഴിമാടത്തില്‍ ഒപ്പീസുമുണ്ട്. അതുകഴിഞ്ഞ് തറവാട്ടില്‍ മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനയും വീടുവെഞ്ചരിപ്പും. തുടര്‍ന്ന് സദ്യ. വല്യപ്പച്ചന്റെ ഒരു എണ്ണച്ചായച്ചിത്രം ദാവീദുമേസ്തിരി വരച്ചത് പൂമൂഖത്തു സ്ഥാപിച്ചു. വികാരിയച്ചനാണ് ഛായാചിത്രം അനാച്ഛാദനം ചെയ്തത്. ചിത്രം കണ്ടവരൊക്കെ മേസ്തിരിയെ അഭിനന്ദിച്ചു. വല്യപ്പച്ചന്‍ കസേരയില്‍ ഇരുന്നു തങ്ങളെ ഉറ്റുനോക്കി പുഞ്ചിരിക്കുന്നതായി എല്ലാവര്‍ക്കും തോന്നി. മേസ്തിരിക്ക് മാത്തൂതരകന്‍ അഞ്ചു ബ്രിട്ടീഷ് പവന്‍ സമ്മാനമായി നല്കി. 
കൃഷിയില്‍നിന്നുള്ള ആദായംകൊണ്ടുമാത്രം സമ്പന്നനാകാന്‍ സാധിക്കില്ല എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ ഇയ്യോ അവിരാ തരകന്‍ കൃഷിക്കൊപ്പം കച്ചവടരംഗത്തുകൂടി കടന്നു ചെല്ലാന്‍ ആഗ്രഹിച്ചു. 
അവിരാ തരകന്‍ ഒരിക്കലും തന്റെ പൂര്‍വികരെപ്പോലെ മണ്ണില്‍ പണിതിട്ടില്ല. തന്റെ വെളുത്തുസുന്ദരമായ മേനിയില്‍ മണ്ണു പറ്റുന്നതും അവിരാ തരകന് ഇഷ്ടമായിരുന്നില്ല. 
അപ്പന്‍ സമ്പാദിച്ചുതന്ന നൂറേക്കറില്‍ വിളയുന്ന കുരുമുളക്, ഏലം, ചുക്ക്, തേങ്ങ, കപ്പ എന്നിവ നേരിട്ട് ആലപ്പുഴ എത്തിച്ച് വില്ക്കാന്‍ അവിരാതരകന്‍ മുന്നോട്ടു വന്നു. അതിനുവേണ്ടി അവിരാതരകന്‍ തന്റെ വില്ലുവണ്ടിയില്‍ ആലപ്പുഴയ്ക്കു തിരിച്ചു. 
അവിടെ കയറ്റുമതിക്കായി ഒരു പണ്ടികശാല നടത്തുന്ന ശേഷാദ്രി ഷേണായിയെ നേരിട്ടു പരിചയപ്പെട്ടു. ചരക്ക് എത്രയുണ്ടെങ്കിലും എടുത്തുകൊള്ളാമെന്ന് ഷേണായി.
അങ്ങനെയാണ് നാട്ടിലെ മറ്റു കര്‍ഷകരുടെയും വിളകള്‍ക്കൂടി വാങ്ങി മൊത്തക്കച്ചവടത്തിനായി അവിരാതരകന്‍ തുനിഞ്ഞത്. അവിരാതരകന്റെ ചരക്കുവള്ളങ്ങള്‍ പുഴമാര്‍ഗം ആലപ്പുഴയ്ക്കു നീങ്ങി. അവിരാ തരകന് നല്ല ലാഭവും കിട്ടി. പുഴയോരത്തെ തന്റെ മണ്ണില്‍ ചരക്കു സൂക്ഷിക്കുന്നതിന് ഒരു പണ്ടികശാല കെട്ടുന്നതിനും അവിരാ തരകന്‍ തുനിഞ്ഞു.
മലഞ്ചരക്കിനും തേങ്ങയ്ക്കും പുറമേ തന്റെ കച്ചവടസാമ്രാജ്യം വിപുലപ്പെടുത്താന്‍ അവിരാ തരകന്‍   തീരുമാനിച്ചു. അതിന് ശേഷാദ്രി ഷേണായിയുടെ ഉപദേശവുംകൂടി ഉണ്ടായിരുന്നു.
അങ്ങനെയാണ് അച്ചന്‍കോവില്‍ മലമുകളില്‍നിന്നു തേക്കു വെട്ടി ആലപ്പുഴയില്‍നിന്നു കപ്പല്‍മാര്‍ഗം അയയ്ക്കാനുള്ള അനുവാദം ദിവാനില്‍നിന്നു സമ്പാദിച്ചത്. സര്‍ക്കാരില്‍നിന്നു നേടിയ ഈ കരാറാണ് പിന്നീട് തിരുവിതാംകൂര്‍ രാജകുടുംബത്തില്‍നിന്നു തരകന്‍പട്ടം അനുവദിച്ചു കിട്ടാനിടയാക്കിയത്.
അവിരാതരകന്റെ തടി ബിസിനസും മലഞ്ചരക്കുവ്യാപാരവും നന്നായി പുരോഗമിക്കുകയും ധാരാളം പണം സമ്പാദിക്കുകയും ചെയ്തു. പുഴയ്ക്കക്കരെ 200 ഏക്കര്‍ സ്ഥലംകൂടി വാങ്ങി അവിടെ റബര്‍കൃഷി ചെയ്തു. 1826 ല്‍ ബ്രസീലില്‍നിന്നു വിസ്‌കോ സായിപ്പു കൊണ്ടുവന്ന റബര്‍ ത്തൈ അന്ന് ഇവിടെ വ്യാപകമായി കൃഷി ചെയ്തിരുന്നില്ല. തരകന്‍ വിസ്‌കോ സായിപ്പിനെ നേരില്‍ പോയിക്കണ്ടാണ് റബര്‍കൃഷിക്കുവേണ്ട ഉപദേശം  സ്വീകരിച്ചതെന്നാണ് നാട്ടുവര്‍ത്തമാനം.
അവിരാതരകന്റെ 41 അടിയന്തിരത്തിന്റെ ഊണുകഴിക്കുമ്പോള്‍ താണ്ടമ്മ വല്യപ്പച്ചന്‍ പറഞ്ഞ ഈ കഥ ഓര്‍ത്തു. വല്യപ്പച്ചന്റെ സ്വരം ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നതായി താണ്ടമ്മയ്ക്കു തോന്നി. അമ്മ പ്ലമേനാമ്മയ്ക്ക് ഒപ്പമിരുന്നാണ് താണ്ടമ്മ സദ്യയുണ്ണുന്നത്. അപ്പന്‍ ആദ്യത്തെ പന്തിയില്‍ത്തന്നെ ആഹാരം കഴിച്ചു. തറവാട്ടിലെ പെണ്ണുങ്ങളും അടുത്ത ബന്ധുക്കളില്‍പ്പെട്ട സ്ത്രീകളുമാണ് ഈ പന്തിയില്‍ ഒപ്പമുള്ളത്.
താണ്ടമ്മ വളരെ പെട്ടെന്നുതന്നെ വല്യപ്പച്ചന്റെ ആരാധികയായി മാറിയിരുന്നു. വല്യപ്പച്ചന്റെ വീരകഥകള്‍ കേള്‍ക്കാനും ഇഷ്ടമായിരുന്നു. അവള്‍ പന്തലിലിരുന്നു വല്യപ്പച്ചന്റെ ഛായാചിത്രത്തിലേക്കു നോക്കി. വല്യപ്പച്ചന്‍ തന്നെ നോക്കി പുഞ്ചിരി തൂകുന്നതായി താണ്ടമ്മയ്ക്കു തോന്നി.
വല്യപ്പച്ചനെക്കുറിച്ചുള്ള ദുഃഖസ്മരണയോടെ താണ്ടമ്മ ഒരു ഉരുരുളച്ചോറ് വായിലേക്കു വച്ചു. പെട്ടെന്ന് ഒരു മനംപിരട്ടല്‍പോലെ. അടക്കാന്‍ ശ്രമിച്ചെങ്കിലും ഛര്‍ദിക്കണമെന്ന തോന്നല്‍. പിടിച്ചുനിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
താണ്ടമ്മ പെട്ടെന്ന് എണീറ്റു. തിടുക്കത്തില്‍ പന്തലില്‍നിന്നു പുറത്തിറങ്ങി. പിന്നാലെ പ്ലമേനാമ്മയും ചെന്നു. 
കൈകഴുകാന്‍ ചെമ്പില്‍ വെള്ളം വച്ചിരിക്കുന്നതിനടുത്ത് വാഴച്ചോട്ടിലേക്കു മാറി താണ്ടമ്മ ഓക്കാനിച്ചു. പ്ലമേനാമ്മ മകളുടെ പുറം തടവി.
''എന്തു പറ്റി മോളേ!''
''അറിയില്ല അമ്മ. എനിക്കെന്തോ ഒരു മനംപുരട്ടലുപോലെ...''
ഊണു നിറുത്തി ആണ്ടമ്മയും വന്നു. മരുമോള്‍ക്കെന്തുപറ്റി എന്ന ഉത്കണ്ഠയായിരുന്നു, അവര്‍ക്ക്. 
താണ്ടമ്മ കഴിച്ചൊതൊക്കെ പുറത്തേക്കു ഛര്‍ദിച്ചു. പ്ലമേനാമ്മ വീണ്ടും പുറംതടവി.
''ഈ വെള്ളംകൊണ്ട് മുഖം കഴുക് മോളേ,'' ആണ്ടമ്മ ചെമ്പില്‍നിന്നു ചിരട്ടയില്‍ വെള്ളമെടുത്തോണ്ടു വന്നു. 
താണ്ടമ്മ വെള്ളംവാങ്ങി മുഖവും വായും കഴുകി.
''ഇപ്പോ ആശ്വാസം തോന്നണൊണ്ടോ മോളേ?'' ആണ്ടമ്മ ചോദിച്ചു.
''ഒവ്വ് അമ്മച്ചീ.''
വിവരമറിഞ്ഞ് ഇയ്യോബ് വന്നു. ''എന്തു പറ്റി?''
''അറിയില്ല അച്ചായാ. ഒരു മനംപെരട്ടല്.''
''ഇങ്ങുവാ. കൊറച്ചുനേരം ഒന്നു കെടക്ക്.'' ആണ്ടമ്മ മരുമോളുടെ കൈയ്ക്കു വന്നു പിടിച്ചു.
പ്ലമേനാമ്മയും ആണ്ടമ്മയും ചേര്‍ന്ന് താണ്ടമ്മയെ മാളികപ്പുരയിലേക്കു കൊണ്ടുപോയി.
''ഇത്തിരിനേരം കെടക്ക് മോളേ'' ആണ്ടമ്മ കട്ടിലില്‍ മെത്ത വിരിച്ചുകൊണ്ടു പറഞ്ഞു.
''വേണ്ട അമ്മച്ചി. ഞാനിവ്‌ടെ അല്പനേരമിരുന്നാ മതി.''
മുഖം തുടച്ചുകൊണ്ട് താണ്ടമ്മ പറഞ്ഞു. 
ആണ്ടമ്മ പ്ലമേനാമ്മയുടെ ചെവിയില്‍ എന്തോ മന്ത്രിച്ചു. പ്ലമേനാമ്മ ഒരു നിമിഷം ചിന്തിച്ചിരുന്നിട്ട് താണ്ടമ്മയോട് എന്തോ രഹസ്യത്തില്‍ ചോദിച്ചു.
''ഒവ്വ് അമ്മച്ചീ.'' താണ്ടമ്മയുടെ മറുപടികേട്ട് പ്ലമേനാമ്മയുടെ മുഖത്ത് മന്ദഹാസം വിരിഞ്ഞു. അവര്‍ ആണ്ടമ്മയുടെ ചെവിയില്‍ മന്ത്രിച്ചു:
''ചേടത്തി ഭാഗ്യവതിയാണ്. കൊട്ടാരത്തില്‍ തറവാടിന് പുതിയൊരു അവകാശി പിറക്കാന്‍ പോണു.''
താണ്ടമ്മയുടെ മുഖം നാണംകൊണ്ടു ചുവന്നു.
ഇയ്യോബ് അങ്ങോട്ടു കടന്നുവന്നു. അവനെ കണ്ടപാടേ ആണ്ടമ്മ പറഞ്ഞു:
''എടാ, നിയ്യ് അപ്പനാകാന്‍ പോണു.''
പ്ലമേനാമ്മ ആഹ്ലാദത്തോടെ പ്രഖ്യാപിച്ചു. ''അതേ മരുമോനേ! കൊട്ടാരത്തില്‍ തറവാടിന് പുതിയ അവകാശി ഉണ്ടായിരിക്കുന്നു.''
ഏതാനും മിനിട്ടിനുള്ളില്‍ കൊട്ടാരത്തില്‍ തറവാട്ടിലെ ബന്ധുജനങ്ങള്‍ക്കിടയില്‍ ആ മന്ത്രണംപോലെ ആ വാര്‍ത്ത പരന്നു.
താണ്ടമ്മയുടെ നാത്തൂന്മാര്‍ പരസ്പരം കണ്ണിറുക്കി. അവര്‍ അമ്മ കേള്‍ക്കാതെ കുശുകുശുത്തു.
ഇയ്യോബിന്റെ നാലാമത്ത സഹോദരി ചാച്ചമ്മയാണ് കുത്തിത്തിരിപ്പുണ്ടാക്കിയത്. 
''എവളുവന്ന് വലത്തുകാല് വച്ചു കയറി അമ്പത്താറു തെകഞ്ഞില്ല. അതിനുമുമ്പേ വല്യപ്പച്ചന്‍ മണ്ണിനടിയിലായി.
കത്രീനാമ്മ ചാച്ചമ്മയെ പിന്താങ്ങി:
''ഇപ്പോ കണ്ടില്ലേ, ഇക്കണ്ട സ്വത്തിനൊക്കെ അവകാശിയെ പെറാന്‍ പോണു.''
ഒരു ദീര്‍ഘനിശ്വാസത്തോടെ അന്നാമ്മ കൂട്ടിച്ചേര്‍ത്തു: ''ഇനീപ്പോ നമ്മളൊക്കെ പൊറത്ത്. അത്രതന്നെ.''
ഏലിക്കുട്ടി അല്പം എരിവു കേറ്റി.  രണ്ടാമത്തെ സഹോദരി മറിയക്കുട്ടിമാത്രം ഒന്നും പറഞ്ഞില്ല.  
താണ്ടമ്മ താന്‍ കൊണ്ടുവന്ന വലിയ വാര്‍പ്പുകളിലൊന്ന് ഒരലങ്കാരമായി പൂമുഖത്തു സ്ഥാപിച്ച് അതില്‍ വെള്ളമൊഴിച്ച്, കുളത്തില്‍നിന്നു പറിച്ചെടുത്ത താമരത്തണ്ടുകള്‍ പടര്‍ത്തിയിരുന്നു. ഇപ്പോള്‍ അതിലൊരു താമരമൊട്ട് കൂമ്പി വന്നത് ആരും ശ്രദ്ധിച്ചില്ല. 
പക്ഷേ, അവിരാതരകന്റെ ഛായാചിത്രം അതു കണ്ടു. വല്യപ്പച്ചന്‍ അപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരുന്നു.
ഉച്ചകഴിഞ്ഞ് ചമ്പക്കുളത്തിനു തിരികെപ്പോരാന്‍നേരം പ്ലമേനാമ്മ നിര്‍ബന്ധിച്ചു:
''മോളേ! ഞങ്ങള്‍ക്കൊപ്പം പോരുന്നോ. ഒരാഴ്ച അവ്‌ടെ നിന്നിട്ട് തിരികെപ്പോരാം.''
''ഇല്ലമ്മാ. ഇവിടെ ഇയ്യോബച്ചായന് എല്ലാറ്റിനും ഞാനടുത്തൊണ്ടാവണം. ഏതു ചെറിയ കാര്യത്തിനും താണ്ടമ്മ! താണ്ടമ്മ! എന്നു വിളിച്ചോണ്ടിരിക്കും.''
സഖറിയ തര്യന്‍ ഇടപെട്ടു:
''പിന്നെ, അതൊക്കെ അങ്ങനെ കെടക്കും മോളേ! കല്യാണത്തിനു മുമ്പും അവന്റെ കാര്യങ്ങള് നടന്നിട്ടില്ലേ. നിയ്യ് ഇപ്പോ ഒരാഴ്ച അവ്‌ടെ വന്നു വിശ്രമിക്കുന്നതാ നല്ലത്.''
അപ്പച്ചന്റെ വാക്കുകളില്‍ എന്തോ ഗൂഢാര്‍ഥം നിഴലിച്ചിട്ടുണ്ടോ എന്നു താണ്ടമ്മ  സംശയിച്ചു.
''അതു വേണ്ടപ്പച്ചാ. ഇയ്യോബച്ചായനും ഞാനുംകൂടെ അടുത്താഴ്ച അങ്ങോട്ടു വന്നോളാം.''
അവരുടെ സംസാരം കേട്ടുകൊണ്ടുവന്ന ആണ്ടമ്മയും അതു പിന്താങ്ങി.
''ഇപ്പോഴ് യാത്ര ചെയ്യാതിരിക്കുന്നതാ നല്ലത് പ്ലമേനാമ്മേ. മോള് സ്വസ്ഥായിട്ട് ഇവ്‌ടെ നിക്കട്ടെ. ഞാനവളെ പൊന്നുപോലെ നോക്കിക്കോളാം. എന്റെ മോന്റെ കുഞ്ഞല്ലേ അവ്‌ടെ വയറ്റില്.''
സഖറിയ തര്യന്‍ പിന്നൊന്നും പറഞ്ഞില്ല.
''സമയം വൈകുന്നു പ്ലമേനാ. നമുക്കിറങ്ങാം.'' അയാള്‍ തിരക്കുകൂട്ടി.
അവര്‍ കയറിയ പല്ലക്ക് ചമ്പക്കുളത്തിനു തിരിച്ചു. അമാലന്മാരുടെ വിയര്‍പ്പുകണികകള്‍ നാട്ടുപാതയില്‍ വീണു കുതിര്‍ന്നു.

(തുടരും)

Login log record inserted successfully!