•  23 May 2024
  •  ദീപം 57
  •  നാളം 11
നേര്‍മൊഴി

സ്വാതന്ത്ര്യത്തിന്റെ നേര്‍വഴികള്‍

ന്ത്യ സ്വതന്ത്രമായിട്ട് 76 വര്‍ഷമാവുകയാണ്. ദേശബോധത്തിന്റെയും ദേശസ്‌നേഹത്തിന്റെയും അഭിമാനനിമിഷങ്ങള്‍. ദേശീയസമരനേതാക്കളെ ആദരവോടെ  ഓര്‍മിക്കുന്ന സമയം. സ്വാതന്ത്ര്യദിനംമുതല്‍ നാളിതുവരെ ജനാധിപത്യത്തിന്റെ രാജപാതയില്‍നിന്നു രാജ്യംവഴിമാറി നടക്കുകയോ ത്രിവര്‍ണപതാകയുടെ നിറം മാറ്റുകയോ ചെയ്തിട്ടില്ല.
1947 ല്‍ സ്വയംഭരണാവകാശത്തിലേക്കു രാജ്യം കടന്നപ്പോള്‍ ജനസംഖ്യ 34 കോടി മാത്രമായിരുന്നു. ഇന്ന് ഇന്ത്യ ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്താണ്. 142 കോടി ജനങ്ങള്‍. ചൈന രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ സമയത്ത് ഇന്ത്യയില്‍ ദാരിദ്ര്യം 70 ശതമാനമായിരുന്നു. ഇപ്പോള്‍ അതു ചുരുങ്ങി 14 ശതമാനമായിരിക്കുന്നു. ബ്രിട്ടീഷുകാര്‍ രാജ്യം വിടുന്ന സമയത്ത് ഇവിടെ 21,400 കി.മീ. ദേശീയപാതയാണുണ്ടായിരുന്നത്. ഇപ്പോഴത് 144,500 കി.മീ. ആയി വര്‍ധിച്ചു. കൊള്ളയടിക്കപ്പെട്ട രാജ്യം എന്ന നിലയില്‍ 1947 ല്‍ ഇന്ത്യ തീരെ ദരിദ്രമായിരുന്നു. ഇപ്പോള്‍ ലോകത്തില്‍ അഞ്ചാമത്തെ സാമ്പത്തികശക്തിയാണ്. ശാസ്ത്രവികസനത്തിന്റെ കാര്യത്തിലും ഇന്ത്യയുടെ സ്ഥാനം നാലോ അഞ്ചോ ആണ്. രാജ്യം സ്വതന്ത്രമാകുമ്പോള്‍ 20 സര്‍വകലാശാലകളും 496 കോളജുകളുമാണുണ്ടായിരുന്നത്. 2023 ല്‍ 1074 സര്‍വകലാശാലകളും 43796 കോളജുകളുമുള്ള വലിയ ഒരു വിദ്യാഭ്യാസഹബ്ബായി രാജ്യം മാറിയിരിക്കുന്നു. രാജ്യത്തെക്കുറിച്ച് അഭിമാനമില്ലാത്തവര്‍ക്കു വികസനത്തിന്റെ ഈ നാള്‍വഴി പ്രചോദനമേകട്ടെ.
എന്താണ് യഥാര്‍ഥ സ്വാതന്ത്ര്യം? ആലങ്കാരികമായി രവീന്ദ്രനാഥടാഗോറിന്റെ ഭാഷയില്‍ അത് ലോകത്തിനു മുമ്പില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നിര്‍ഭയത്തോടെ നില്‍ക്കാനുള്ള തന്റേടമാണ്. ഒരടിമയ്ക്ക് ഈ തന്റേടമുണ്ടാകില്ല. സ്വാതന്ത്ര്യം സ്വന്തം ജീവിതവും അതിന്റെ ഭാവിയും നിശ്ചയിക്കാനുള്ള അവസരമാണ്. സ്വാതന്ത്ര്യം വിലങ്ങുകളും ചങ്ങലകളുമില്ലാത്ത അവസ്ഥയല്ല; പകരം, അത് വികസനത്തിന്റെ ചിറകുകളുള്ള അവസ്ഥയാണ്. വ്യക്തിയും നാടും വികസിക്കുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ അനുഭവമുണ്ടാകുക. വ്യക്തികളുടെ അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയ്ക്കു മറ്റുള്ളവരെ ആശ്രയിക്കുന്ന അവസ്ഥ ഒഴിവാകണം. പഠിക്കാന്‍ സ്‌കൂളുകളും സഞ്ചരിക്കാന്‍ വഴിയും ചെലവഴിക്കാന്‍ ആവശ്യത്തിനു പണവും ലഭിക്കണം. ആരോഗ്യപാലനത്തിനും സാമൂഹികസുരക്ഷിതത്വത്തിനുംവേണ്ടിയുള്ള പദ്ധതികളുംകൂടി ഉറപ്പാകുമ്പോഴാണ് ഒരു സമൂഹം വികസിതമാകുന്നത്. എല്ലാ പൗരന്മാര്‍ക്കും അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാകുമ്പോഴാണ് നാടു വികസിതമാകുന്നത്. ഭാരതം ഭാഗ്യവശാല്‍ വികസനത്തിലേക്കു കുതിക്കുകയാണ്. ഇതിനര്‍ഥം കുറവുകളും വികസനത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളും ഇല്ലെന്നല്ല. കാലം മാറുകയും ഭരണകൂടങ്ങള്‍ മാറുകയും ചെയ്യുമ്പോള്‍ വികസനനയങ്ങളിലും നടത്തിപ്പിലും മാറ്റങ്ങളുണ്ടാകും. ഇനി രാജ്യത്ത് ഉണ്ടാകേണ്ടത് തൊഴിലവസരങ്ങളാണ്. കൃഷി ആദായകരമല്ലാതായി മാറിയതോടെ തൊഴില്‍ ചെയ്യാത്തവരുടെ എണ്ണം പെരുകി. ഉന്നതവിദ്യാഭ്യാസം നേടുന്നവരും തൊഴിലധിഷ്ഠിതവിദ്യാഭ്യാസം ആര്‍ജിക്കുന്നവരും കേരളത്തില്‍ കൂടുതലാണ്. അത്തരക്കാര്‍ പഠനത്തിനൊത്ത ജോലി തേടി നാടുവിടുന്നു. അല്ലാത്തവര്‍ ഒരു തൊഴിലും ചെയ്യാതെ അലസരും അസംതൃപ്തരുമായി കഴിയുന്നു.
മറ്റൊരു മേഖല സ്വയംസംരംഭകത്വത്തിന്റേതാണ്. കേന്ദ്രം അതിനു മുന്‍ഗണന നല്‍കുന്നുമുണ്ട്. രാജ്യത്തിനകത്തും പുറത്തും വിപണിയുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍, അതിനു യോജിച്ച സംരംഭകപ്രിയ അന്തരീക്ഷം സര്‍ക്കാര്‍ സംവിധാനങ്ങളിലില്ല. നിയമക്കുരുക്കുകളും ഉദ്യോഗസ്ഥരുടെ കടുംപിടിത്തങ്ങളും അവര്‍ക്കിടയിലെ അഴിമതിയും ചുവപ്പുനാടകളും ട്രേഡ് യൂണിയന്‍സമരങ്ങളുമെല്ലാം മുതല്‍മുടക്കാന്‍ വരുന്നവന്റെ മനസ്സ് മടുപ്പിക്കുന്നു.
രാഷ്ട്രീയക്കാര്‍ നേട്ടങ്ങള്‍ക്കുവേണ്ടി മതത്തെ കൂട്ടുപിടിക്കുന്നതും മതങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതും ജനാധിപത്യത്തിനെതിരാണ്. ഭിന്നസ്വരങ്ങളെ അമര്‍ച്ച ചെയ്യുന്ന ഭരണകൂടഭീകരതയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വെല്ലുവിളികളില്‍പ്പെടുന്നതാണ്. മതേതരത്വത്തിന്റെ കവചത്തിനുള്ളിലായിരിക്കണം എല്ലാ മതങ്ങളും. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഒരു ശക്തിയും മതേതരത്വത്തിന്റെ ലക്ഷ്മണരേഖ മറികടക്കരുത്. വര്‍ഗീയതയും വിഭാഗീയതയും ജനാധിപത്യത്തിന്റെ ആത്മാവിലേല്ക്കുന്ന മുറിവാണ്.
സ്വാതന്ത്ര്യത്തിന്റെ പിറന്നാളാഘോഷങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ തോതനുസരിച്ചു ദേശീയബോധവും രാജ്യസ്‌നേഹവും വളരേണ്ടതാണ്. ഭരണഘടന ഉറപ്പുതരുന്ന അവകാശങ്ങള്‍പോലെ കടമകളുമുണ്ടെന്ന കാര്യം പൗരന്മാര്‍ മറക്കരുത്. സ്വാതന്ത്ര്യം എന്തും  ചെയ്യാനുള്ള അനുമതിയല്ല. എന്റെയും സഹപൗരന്റെയും രാജ്യത്തിന്റെയും വളര്‍ച്ചയ്ക്കുതകുന്നകാര്യങ്ങള്‍ ചെയ്യാനുള്ള അവസരമാണത്.

 

Login log record inserted successfully!