അന്നം വിളയിക്കുന്നവര്‍ അന്നത്തിനായി പ്രയാസപ്പെടുന്ന അതിദയനീയ കാഴ്ച നമ്മുടെ പച്ചയായ സാമൂഹികയാഥാര്ത്ഥ്യങ്ങളിലൊന്നാണ്. കര്‍ഷകര്‍ പൊതുവില്‍ എല്ലാക്കാലത്തും പ്രതിസന്ധിയിലാണ്. കാര്യകാരണങ്ങള്‍ മാറിക്കൊണ്ടിരിക്കും എന്നു മാത്രം.
മണ്ണിനോടും പ്രകൃതിയോടും പടവെട്ടി മണ്ണില്‍ പൊന്നുവിളയിച്ച കര്ഷകസമൂഹമാണു നമ്മുടെ നാടിന്റെ ഇന്നു കാണുന്ന സാമൂഹികജീവിതത്തിനും സമ്പദ്ഘടനയ്ക്കും അടിത്തറ പാകിയത് എന്നതു ചരിത്രയാഥാര്‍ത്ഥ്യം. തിരുവിതാംകൂറും മലബാറും കൊച്ചിയും ചേര്‍ന്ന് ഐക്യകേരളം രൂപീകൃതമായിട്ട് ആറര പതിറ്റാണ്ടായെങ്കിലും  കര്‍ഷകസമൂഹം ഇപ്പോഴും പടവെട്ടിക്കൊണ്ടേയിരിക്കുന്നു. അവര്‍ക്ക് അഭിമുഖീകരിക്കേണ്ടുന്ന ശത്രുക്കളും പ്രതിബന്ധങ്ങളും വര്‍ധിച്ചു എന്നതാണ് ഉണ്ടായ ഏക മാറ്റം. 
അന്നം വിളയിക്കുന്നവര്‍ അന്നത്തിനായി പ്രയാസപ്പെടുന്ന അതിദയനീയ കാഴ്ച നമ്മുടെ പച്ചയായ സാമൂഹികയാഥാര്ത്ഥ്യങ്ങളിലൊന്നാണ്. കര്‍ഷകര്‍ പൊതുവില്‍ എല്ലാക്കാലത്തും പ്രതിസന്ധിയിലാണ്. കാര്യകാരണങ്ങള്‍ മാറിക്കൊണ്ടിരിക്കും എന്നു മാത്രം. അതില്‍ നെല്‍ക്കര്‍ഷകരുടെ കാര്യമാണ് ഏറെ പരിതാപകരം. കൃഷിയിറക്കി മാസങ്ങള്‍ കഠിനാധ്വാനം ചെയ്ത് വിളവെടുക്കാറാകുമ്പോള്‍, ചെകുത്താനും കടലിനും ഇടയിലായതിനു സമാനമായ അവസ്ഥയിലാകുന്നതാണു പതിവ്. ഇത്തവണയും ആ പതിവു തെറ്റിയില്ല. അപ്പര്‍ കുട്ടനാടിനെ അടക്കം ഉള്‍ക്കൊള്ളുന്ന കോട്ടയം ജില്ലയുടെ കാര്യംതന്നെയെടുക്കാം.
ഈ വൈകിയ വേളയിലും കൊയ്തതും കൊയ്യാനുമുള്ളതുമായി 7000 ടണ്ണിലേറെ നെല്ല് സംഭരിക്കാനുണ്ട്. 1500 ഏക്കറിലേറെ പാടം കൊയ്യാന്‍ അവശേഷിക്കുന്നു. ഇനിയും വൈകിയാല്‍ നൂറുകണക്കിനു കര്‍ഷകരുടെ മാസങ്ങള്‍  നീണ്ട അധ്വാനവും മുതല്‍മുടക്കും വെള്ളത്തിലാവും. 65000 ടണ്‍ നെല്ല് ജില്ലയില്‍ സംഭരിച്ചുകഴിഞ്ഞെന്നാണു കണക്ക്. സ്വകാര്യമില്ലുകളാണു നെല്ല് സംഭരിക്കുന്നത്. സംഭരണശേഷി മറികടന്നു എന്ന സ്ഥിരം കാരണം പറഞ്ഞാണ് അവര്‍ സംഭരണത്തില്‍നിന്നു പിന്നാക്കം  പോയത്. 44 കൃഷിഭവനുകളുടെ പരിധിയിലായി കാല്‍ലക്ഷത്തോളം രജിസ്റ്റേര്‍ഡ് നെല്ക്കര്ഷകരാണു ജില്ലയിലുള്ളത്, 460 പാടശേഖരങ്ങളും. വിത്തുശേഖരണംമുതല് തുടങ്ങുന്നു കര്‍ഷകരുടെ ആശങ്കകള്‍. സര്‍ക്കാര്‍ സംവിധാനത്തിലൂടെയാണു വിത്തുവിതരണം. ശുദ്ധജലം യഥേഷ്ടം ആവശ്യമായ വിളയാണു നെല്ല്. സമുദ്രനിരപ്പില്‍നിന്നു താഴ്ന്ന മേഖലകളിലാണല്ലോ പരമ്പരാഗതമായി നെല്ല് കൃഷി ചെയ്യുന്നത്. ഒഴുക്കു നിലച്ചുകിടക്കുന്ന  തോടുകളിലെ മലിനജലമാണ് മിക്ക പാടങ്ങളിലും കൃഷിക്കു കിട്ടുന്നത്. ഇതുമൂലം വിളവ് വലിയ തോതില്‍ കുറയുന്നു. അടുത്ത കാലത്ത് ഇതിനൊരപവാദം ഉണ്ടായത്, 2018-19 ല്‍ ആണ്. മഹാപ്രളയത്തെത്തുടര്‍ന്ന് തോടുകളില്‍ മാലിന്യം നീങ്ങി ശുദ്ധജലം നിറഞ്ഞതാണ് അതിനുള്ള കാരണം. 
നെല്‍ക്കര്‍ഷകര്‍  നേരിടുന്ന മറ്റൊരു ഗുരുതരപ്രശ്നം  ഗതാഗതസൗകര്യത്തിന്റെ അപാകതയാണ്. മണിക്കൂറുകള്‍ കാല്‍നടയായി സഞ്ചരിച്ചു കിലോമീറ്ററുകള്‍ പിന്നിട്ടുവേണം ഒട്ടുമിക്ക പാടശേഖരങ്ങളിലും എത്തിച്ചേരാന്‍. വിത്തും വളവും എത്തിക്കുന്നതിനും കൊയ്ത നെല്ല് പാടശേഖരത്തില്‍നിന്നു വാഹനത്തില്‍ കയറ്റിവിടുന്നതിനുമൊക്കെ കര്‍ഷകര്‍ ഏറെ പണിപ്പെടേണ്ടിവരുന്നു. ഇക്കാര്യത്തില്‍ കേരളത്തിലെ വലിയൊരു വിഭാഗം നെല്‍ക്കര്‍ഷകര്‍ക്കും അരനൂറ്റാണ്ടു മുമ്പത്തെ സൗകര്യങ്ങള്‍ മാത്രമാണു ലഭ്യമായിട്ടുള്ളത്. ഫലമോ? കര്‍ഷകര്‍ക്കു പാഴ്ചെലവുകള്‍ വര്‍ദ്ധിക്കുന്നു. പാടശേഖരങ്ങളെക്കൂടി ബന്ധിപ്പിച്ച് വില്ലേജു റോഡുകള്‍ ഉണ്ടാവുകയാണ് ഇതിനു പരിഹാരം. അടിസ്ഥാനസൗകര്യവികസനം ആവശ്യമില്ലാത്ത മേഖലയാണു നെല്‍ക്കൃഷി എന്നൊരു മനോഭാവമാണ് കാലാകാലങ്ങളായി ഭരണകൂടവും ഉദ്യോഗസ്ഥവൃന്ദവും വച്ചുപുലര്‍ത്തുന്നത്. 
എല്ലാ വിളവെടുപ്പുസീസണിലും കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന മറ്റൊരു വെല്ലുവിളി കൊയ്ത്തുയന്ത്രങ്ങളുടെ ദൗലഭ്യമാണ്. അയല്‍സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന കൊയ്ത്തു യന്ത്രങ്ങളെക്കൂടി ആശ്രയിച്ചാണു നമ്മുടെ നാട്ടിലെ കൊയ്ത്ത്. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേറ്റ് ലിമിറ്റഡ്, കുട്ടനാട് പാക്കേജിന്റെ ഭാഗമായ കസ്റ്റം ഹയറിങ് സെന്റര്‍ എന്നിവയുടെയൊക്കെ പക്കല്‍ കൊയ്ത്തുയന്ത്രങ്ങളുണ്ട്. പക്ഷേ, ഒന്നുപോലും സമയത്തിനു കര്‍ഷകര്‍ക്ക് ഉപയോഗപ്പെടുന്നില്ല എന്നതാണ് അനുഭവം. കൊയ്ത്തുയന്ത്രമാഫിയ സംസ്ഥാനത്തു ശക്തമാണെന്നു കര്ഷകസാക്ഷ്യം. മണിക്കൂറിന് 2000 രൂപ മുതലാണ് ചാര്‍ജ്. ഒരു മണിക്കൂര്‍കൊണ്ട് ഒരേക്കര്‍ കൊയ്യാനാവും. എന്നാല്‍, കൂടുതല്‍ തുക ഈടാക്കാനായി കൊയ്ത്തുവേഗം കുറയ്ക്കുന്നതും സംഘടിതമായി യന്ത്രക്ഷാമം സൃഷ്ടിക്കുന്നതും പതിവാണ്. 
നെല്ല് കൊയ്തെടുത്താലും കര്‍ഷകരുടെ ആശങ്ക ഒഴിയുന്നില്ല. ഗുണനിലവാരത്തിന്റെ പേരു പറഞ്ഞു സ്വകാര്യമില്ലുകാര്‍ തരാതരംപോലെ താര ആവശ്യപ്പെടുന്നതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. സംഭരണവേളയില്‍ നെല്ലിന്റെ ഗുണനിലവാരം നോക്കി ഒരു ക്വിന്റലിന് ഇത്ര കിലോ എന്ന നിരക്കില്‍ വരുത്തുന്ന കിഴിവാണു താര. 5 മുതല്‍ 15 കിലോവരെ താര ആവശ്യപ്പെടാറുണ്ട്. 5 കിലോയില്‍ കൂടുതല്‍ താര ചുമത്തിയാല്‍ കര്‍ഷകര്‍ക്കു നഷ്ടമുണ്ടാകുന്ന സാഹചര്യമാണു നിലവിലുള്ളത്. സമ്മര്‍ദതന്ത്രത്തില്‍ കുരുക്കി ഉയര്‍ന്ന  താരയ്ക്കു കര്‍ഷകരെ നിര്‍ബന്ധിതരാക്കുന്ന പ്രവണതകൂടിക്കൊണ്ടിരിക്കുന്നു. ഈ സ്ഥിതിഗതികളാണു കേരളത്തിലെ ആകമാനം നെല്‍ക്കര്‍ഷകര്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. 
കൃഷി കേവലം കര്‍ഷകന്റെ ഉപജീവനമാര്‍ഗം അല്ലെന്നും സമൂഹത്തിന്റെ പൊതുആവശ്യമാണെന്നും പ്രസ്താവനകള്‍ക്കപ്പുറം ആത്മാര്‍ത്ഥമായി ഭരണാധികാരികള്‍ അംഗീകരിക്കുന്ന കാലത്തേ കര്‍ഷകര്‍ക്കു നീതി കിട്ടൂ. കാര്‍ഷികവൃത്തി ചങ്കായികൊണ്ടുനടക്കുന്ന കര്‍ഷകര്‍ക്കു വിളവു ചങ്കിടിപ്പാകുന്ന സ്ഥിതി ആശാസ്യമല്ല. പ്രതിസന്ധികളുടെ പെരുമഴയത്തും കൃഷിയിടം വിട്ടുപോകാത്ത കര്‍ഷകര്‍ക്ക് ഒരു ബിഗ്സല്യൂട്ട്.
ഉപസംഹാരം
സായുധ പോലീസ് കാവല്‍നിന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ചപ്പാത്തി യൂണിറ്റില്‍നിന്ന് രണ്ടു ലക്ഷത്തോളം രൂപ കവര്‍ന്നു. കള്ളന് ജയിലിനുള്ളില്ത്തന്നെയോ?
							
 പ്രിൻസ്രാജ് 
                    
									
									
									
									
									
                    