താങ്കളുടെ പേര് ലോകപ്രശസ്തമാണല്ലോ സക്കേവൂസ്! അതുപിന്നെ അങ്ങനെയല്ലേ വരൂ. വിശുദ്ധ ഗ്രന്ഥത്തിലല്ലേ ഇടംപിടിച്ചിരിക്കുന്നത്. ചെറിയ കാര്യമാണോ!
താങ്കള്‍ ചുങ്കംപിരിവുകാരനായിരുന്നല്ലോ. ചുങ്കംപിരിവുകാരുടെ നേതാവും വലിയ ധനികനും ആയിരുന്നു എന്നല്ലേ ലൂക്കാസുവിശേഷകന്‍ എഴുതിവച്ചിരിക്കുന്നത്. താങ്കള്‍ക്കു പൊക്കം കുറവായിരുന്നെന്നും. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ കുള്ളന്‍.
ഇന്നത്തെ കാലത്തെ സ്ഥിതിയല്ല. താങ്കളുടെ കാലത്ത് ചുങ്കംപിരിവുകാരെ എല്ലാവര്‍ക്കും വെറുപ്പായിരുന്നു. പാപികളായിട്ടാണു ഗണിച്ചിരുന്നത്. അതിലൊരു പൊരുത്തക്കേടില്ലേ? താങ്കളും താങ്കളുടേതുപോലുള്ള ചുങ്കം പിരിവുകാരും രാഷ്ട്രസേവനമല്ലേ ചെയ്തിരുന്നത്. രാജാക്കന്മാരുടെയോ ഉന്നത ഉദേ്യാഗസ്ഥരുടെയോ നിര്‍ദ്ദേശം നിങ്ങള്‍ അനുസരിക്കുന്നു. ചുങ്കം പിരിക്കുന്നു, ഖജനാവ് സമ്പന്നമാക്കുന്നു. ആ നിലയ്ക്ക് താങ്കളെയും മറ്റുള്ളവരെയും പാപികളുടെ കൂട്ടത്തില്‍ പെടുത്തേണ്ടിയിരുന്നില്ല; വെറുക്കപ്പെടേണ്ടിയിരുന്നില്ല. ഒരു പക്ഷേ ചുങ്കംപിരിവിന്റെ മറവില്‍ സ്വന്തം കീശ വീര്‍പ്പിക്കുന്നവര്‍ ഉണ്ടായിരുന്നിരിക്കാം. അത്തരക്കാരുടെ ദുഷ്‌ചെയ്തികളായിരിക്കാം ചുങ്കക്കാര്‍ക്ക് പാപികള്‍ എന്ന ദുഷ്‌പേര് ഉണ്ടാക്കിയത്.
താങ്കള്‍ക്കും ചുങ്കംപിരിവുകാര്‍ക്കു പൊതുവെയും ഉണ്ടായിരുന്ന ഈ ദുഷ്‌പേരില്‍ താങ്കള്‍ ആകുലചിത്തനായിരുന്നു എന്നു തോന്നുന്നു. രാഷ്ട്രത്തിനുവേണ്ടി വേല ചെയ്യുക; ദുഷ്‌പേരിനു പാത്രമാകുക - ഈ ദൂഷിതവലയത്തില്‍നിന്നു പുറത്തുകടക്കണമെന്ന് താങ്കള്‍ ആഗ്രഹിച്ചിരുന്നു; അതിനു വഴി തേടിയിരുന്നു എന്നു കരുതാവുന്ന ചില സാഹചര്യങ്ങളും ഉണ്ടായിരുന്നല്ലോ. താങ്കള്‍ യേശുവിനെ നേരിലൊന്നു കാണുവാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. അതുതന്നെയാണല്ലോ ഏറ്റവും വലിയ സാഹചര്യത്തെളിവ്.
മഗ്ദലനമറിയയുടെ പാപം പൊറുത്തതും, പാപങ്ങള്‍ പൊറുത്ത് രോഗശാന്തി നല്‍കുന്നതുമെല്ലാം സക്കേവൂസും മനസ്സിലാക്കിയിരുന്നില്ലേ? അത് താങ്കളില്‍ വലിയ പ്രതീക്ഷ ഉണര്‍ത്തിയിരുന്നു അല്ലേ? അതുകൊണ്ടാണല്ലോ യേശു താങ്കളുടെ പട്ടണമായ ജറീക്കോയിലൂടെ വരുന്നുവെന്നറിഞ്ഞ് സിക്കമൂര്‍മരത്തിനു മുകളില്‍ കയറിയിരുന്നത്. ജനക്കൂട്ടത്തിനു നടുവിലൂടെ നടന്നുവരുന്ന യേശുവിനെ കാണുവാന്‍ അഥവാ യേശുവിന് തന്നെ കാണുവാന്‍ തന്റെ ഉയരക്കുറവ് തടസമാകുമോ എന്ന ചിന്തയായിരിക്കാം താങ്കളെ മരത്തിനു മുകളില്‍ കയറിയിരിക്കാന്‍ പ്രേരിപ്പിച്ചിരിക്കുക.
താങ്കളുടെ പൊക്കക്കുറവിനെക്കുറിച്ചും; മരത്തില്‍ കയറിയതിനെക്കുറിച്ചും സിദ്ധാന്തപരവും പണ്ഡിതോചിതവുമായ ചില വ്യാഖ്യാനങ്ങളുമുണ്ടായി പിന്നീട്. അവനവന്‍ അവനവനെ അറിയുക; സ്വന്തം കഴിവുകളെ അഥവാ കുറവുകളെ സ്വയം കണ്ടെത്തുക, വിലയിരുത്തുക, പരിഹരിക്കുക എന്നൊരു സിദ്ധാന്തം!
താങ്കള്‍ താങ്കളുടെ കുറവ് കണ്ടെത്തി - ആ കുറവ് പരിഹരിക്കാന്‍ മരത്തിനു മുകളില്‍ കയറി; കുറവുകളില്‍ പരിതപിക്കുന്ന, നിരാശരാവുന്ന ചിലരുണ്ടല്ലോ, അവര്‍ക്കൊരു മാതൃകയാവുകയാണ് താങ്കള്‍. താങ്കള്‍ അത്തരക്കാര്‍ക്കൊരു സന്ദേശം നല്‍കുന്നു; പ്രചോദനത്തിന്റെ സന്ദേശം.
മരത്തില്‍ കയറിയിരുന്നതുകൊണ്ട് യേശുവും ശിഷ്യന്മാരും വരുന്നത് ദൂരെ നിന്നുതന്നെ കാണാമായിരുന്നു. യേശു അടുത്തുവരുന്നത് താങ്കള്‍ ആകാംക്ഷാപൂര്‍വ്വം നോക്കിയിരിക്കയായിരുന്നല്ലോ. യേശു നടന്നുനടന്ന് താങ്കള്‍ കയറിയ മരത്തിനു കീഴേ വന്നു. പിന്നെ നടന്നത് താങ്കള്‍ തീരെ പ്രതീക്ഷിച്ചതല്ല. അല്ലേ? അത് താങ്കളെ അത്ഭുതപ്പെടുത്തി. എങ്ങനെ അദ്ഭുതപ്പെടാതിരിക്കും? യേശു മരത്തിനു മുകളിലിരുന്ന താങ്കളെ നോക്കി വിളിക്കുകയായിരുന്നല്ലോ.
'സക്കേവൂസ്, വേഗം ഇറങ്ങി വരുക.'
യേശു താങ്കളെ പേരുചൊല്ലി വിളിക്കുക; ഇതിനുമുമ്പൊരിക്കലും താങ്കള്‍ യേശുവിനെ കണ്ടിട്ടില്ല; യേശു താങ്കളെയും കണ്ടിട്ടില്ല. എങ്ങനെ അദ്ഭുതപ്പെടാതിരിക്കും!
യേശുവിന്റെ അടുത്ത വാക്കുകള്‍ താങ്കളെ സ്തബ്ധനാക്കിക്കളഞ്ഞിരിക്കും.
'ഇന്ന് എനിക്ക് നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു.'
ഈ വാക്കുകള്‍ കേട്ട് താങ്കള്‍ മാത്രമല്ല, ജനക്കൂട്ടം മുഴുവന്‍ സ്തംഭിച്ചുവല്ലോ. അതുകൊണ്ടാണല്ലോ അവര്‍ 'ഇവന്‍ പാപിയുടെ വീട്ടില്‍ അതിഥിയായി താമസിക്കുന്നല്ലോ'എന്ന് പിറുപിറുത്തത്.
ഒരു മാനസാന്തരചിന്ത താങ്കളെ മഥിക്കുന്നതായി കണ്ടുവല്ലോ. ഒരുപക്ഷേ താങ്കളുടെ ഈ തീവ്രവികാരം സര്‍വ്വശക്തനായ യേശു കണ്ടറിഞ്ഞ് മാനസാന്തരത്തിനായൊരവസരം താങ്കള്‍ക്കു നല്‍കുകയായിരുന്നോ?
അങ്ങനെ കരുതുകയാകും യുക്തിഭദ്രം. താങ്കള്‍ അകപ്പെട്ടിരുന്ന ആ ദൂഷിതവലയത്തില്‍നിന്നു രക്ഷപ്പെടുന്നതിന് താങ്കള്‍ക്കു നല്‍കപ്പെട്ട അവസരം താങ്കള്‍ പരിപൂര്‍ണ്ണമായും പക്വതയോടെ വിനിയോഗിച്ചു. 'ഇതാ എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു, ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു' എന്ന താങ്കളുടെ വാക്കുകള്‍തന്നെ അതിന് ധാരാളം.
'ഇന്ന് ഈ ഭവനത്തിന് രക്ഷ ലഭിച്ചിരിക്കുന്നു, ഇവനും അബ്രാഹത്തിന്റെ പുത്രനാണ്.'
യേശുവിന്റെ വാക്കുകള്‍ താങ്കളുടെ കാതില്‍ പതിഞ്ഞില്ലേ? താങ്കള്‍ക്കവ പീയൂഷമായില്ലേ?
അതേ, താങ്കള്‍ക്കവ പീയൂഷംതന്നെയായി. താങ്കളുടെ മാനസാന്തരം ലോകത്തിനു വലിയ സന്ദേശമായി, ഇന്നേക്കു മാത്രമല്ല; കല്പാന്തകാലത്തോളം.