•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

പണമില്ലാക്കാലത്തെ പുതുമയില്ലാക്കണക്കുകള്‍

  • റ്റി. സി മാത്യു
  • 17 June , 2021

നികുതി കൂട്ടിയില്ല. അതിനര്‍ത്ഥം ഭാവിയില്‍ നികുതി കൂട്ടില്ല എന്നല്ല. കൊവിഡ് മാറി ജീവിതം സാധാരണനിലയിലാകുമ്പോള്‍ നികുതി കൂട്ടും. കാരണം, വരുമാനം കൂട്ടാതെ സര്‍ക്കാരിനു പിടിച്ചു നില്‍ക്കാനാവില്ല. 
രണ്ടാം പിണറായി സര്‍ക്കാര്‍ ബജറ്റ് പുതുക്കി അവതരിപ്പിച്ചപ്പോള്‍ നികുതിവര്‍ധനയെപ്പറ്റി ഉണ്ടായിരുന്ന ആശങ്ക ഇങ്ങനെ പരിഹരിച്ചു. അഥവാ ആശങ്ക വരുംകാലത്തേക്കുള്ള മുന്നറിയിപ്പാക്കി മാറ്റി. അതാണു പുതുക്കിയ ബജറ്റില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ചെയ്ത പ്രധാന കാര്യം. മദ്യനികുതിയും ഭൂനികുതിയുമാകും കൊവിഡ് കഴിഞ്ഞാല്‍ ഉടന്‍ വര്‍ധിപ്പിക്കുക എന്നാണു സൂചന.
പണമില്ലാതെ ധനമന്ത്രി

ഇതിനപ്പുറം സംസ്ഥാനബജറ്റ് എന്തെങ്കിലും ചെയ്‌തോ എന്നു ചോദിച്ചാല്‍ ഇല്ല എന്ന് ഉത്തരം നല്‍കേണ്ടിവരും. 
കടം മേടിച്ചായാലും കരുതല്‍ നടപ്പാക്കുന്നതാണ് ഇടതുനയം എന്നൊക്കെ വലിയ മുദ്രാവാക്യം ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിലേ മുഴക്കിയെങ്കിലും ആ വഴിക്ക് ഒന്നും ചെയ്തുകണ്ടില്ല. പണമില്ലായ്മയെപ്പറ്റി ഏറെ പരിതപിച്ചിട്ടുണ്ട് ധനമന്ത്രി. പക്ഷേ, വായ്പയെടുക്കല്‍ ഡോ.തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിലെ തുകയില്‍ ഒതുക്കി. കടമെടുക്കലും മറ്റും കേന്ദ്രം അനുവദിക്കുന്നിടത്തോളം മാത്രമേ പറ്റൂ. സംസ്ഥാന ജിഡിപിയുടെ മൂന്നര ശതമാനമാണ് അനുവദനീയവായ്പ. അതനുസരിച്ചു വായ്പയും ധനക്കമ്മിയും ഒതുക്കി. 
പുതുമയില്ലാതെ പാക്കേജ് 
കൊവിഡ് ദുരിതാശ്വാസത്തെപ്പറ്റി ഏറെ പറയുകയും  പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തു. ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് 2800 കോടി രൂപ,
ഉപജീവനം പ്രതിസന്ധിയിലായവര്‍ക്കു നേരിട്ടു നല്‍കാന്‍ 8900 കോടി രൂപ, സാമ്പത്തിക പുനരുജ്ജീവനത്തിനു  വായ്പയും സബ്‌സിഡിയുമായി 8300 കോടി എന്നിങ്ങനെ മൂന്നു ഭാഗമായി 20,000 കോടിയുടേതാണു പാക്കേജ്.  ബജറ്റിലെ ഏറ്റവും പ്രധാന സ്‌കീമായി പറയുന്ന ഈ പാക്കേജ് പുതിയ ഒന്നല്ല. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചപ്പോഴും പുതിയതായിരുന്നില്ല. നിലവിലുള്ള വിവിധ പദ്ധതികള്‍ തന്നെയാണ് ഇതില്‍ പറയുന്നത്. അതിനാലാണു ബജറ്റില്‍ പാക്കേജിനായി പ്രത്യേക തുകയുടെ വകയിരുത്തല്‍ ഇല്ലാത്തത്.
സൗജന്യവാക്‌സിനേഷനുള്ള 1000 കോടിയും അതിനു സാമഗ്രികള്‍ വാങ്ങാനുള്ള 500 കോടിയും (ഇവ നേരത്തേ പ്രഖ്യാപിച്ച കാര്യങ്ങളാണ്) ഐസലേഷന്‍ വാര്‍ഡുകള്‍ നിര്‍മിക്കാനുള്ള 636.5 കോടിയും (ഈ തുക എംഎല്‍എ ഫïില്‍നിന്നു മാറ്റുന്നതാണ്) ഒക്കെ ചേര്‍ന്നതാണ് ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനുള്ള 2800 കോടി രൂപ.
കുറവുകള്‍ പരിഹരിക്കും
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ കേരള ആരോഗ്യമേഖലയുടെ ചില കുറവുകള്‍ വെളിപ്പെട്ടിരുന്നു. ഓക്‌സിജന്‍, വെന്റിലേറ്റര്‍ ബെഡ്, ഐസൊലേഷന്‍ വാര്‍ഡ് തുടങ്ങിയവയുടെ കുറവ് പ്രത്യേകിച്ചും. ഇവ പരിഹരിക്കാനും രോഗംമൂലം ബുദ്ധിമുട്ടിലായ ദുര്‍ബലവിഭാഗങ്ങളെ സഹായിക്കാനും അദ്ദേഹം ശ്രദ്ധിച്ചതിന്റെ ഫലമാണ് ഈ വകയിരുത്തല്‍. ഇനിയൊരു മൂന്നാം തരംഗമുണ്ടായാല്‍ അതു നേരിടാനുള്ള കുറെ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കാനും ഇതു സഹായിക്കും.
വായ്പ-ധനസഹായപദ്ധതികള്‍ പ്രഖ്യാപിച്ചതില്‍ വായ്പ നല്‍കുന്നത് ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളുമാണ്. സര്‍ക്കാരിന്റെ പങ്ക് ഫസിലിറ്റേഷനും (സൗകര്യപ്പെടുത്തല്‍) ചില ഇനങ്ങളില്‍ പലിശ സബ്‌സിഡിയും മാത്രം. 
ഉപജീവനം നഷ്ടമാകുന്നവര്‍ക്കു നേരിട്ടു പണം നല്‍കുന്ന പദ്ധതി നിലവില്‍ ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള പെന്‍ഷന്‍-ധനസഹായസ്‌കീമുകള്‍ തന്നെയാണ്. ക്ഷേമപെന്‍ഷനുകള്‍ ഒന്നും ഇല്ലാത്തവര്‍ക്കു നല്‍കാന്‍ ഡോ. തോമസ് ഐസക്ക് പ്രഖ്യാപിച്ച 1100 കോടിയുടെ പദ്ധതിയും ഇതില്‍പ്പെടുന്നു. പുതു
തായി ഒന്നും തുടങ്ങുന്നില്ല. വിപണിയിലേക്കെത്തുന്ന പണമാണ്, കൈയിലേക്കു നല്‍കുന്നതല്ല എന്നൊക്കെ വിശദീകരിച്ച് ഇതേപ്പറ്റി പുകമറ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുï്. 
വാങ്ങല്‍ശേഷി കൂട്ടണം
പക്ഷേ, പുതുതായി ഒന്നുമില്ലെന്ന വസ്തുത നിലനില്‍ക്കുന്നു. ബാലഗോപാല്‍ ഇതിനുള്ള കാരണം വളച്ചുകെട്ടില്ലാതെ ആദ്യമേ പറഞ്ഞു വച്ചിരുന്നു. പണമില്ല; അതിനാല്‍ പുതിയ പദ്ധതികളില്ല.
പണമില്ലായ്മയുടെ കാലത്തു പണമൊഴുക്കി ജനങ്ങളുടെ വാങ്ങല്‍ശേഷി കൂട്ടുകയാണു സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. എങ്കിലേ നാട്ടില്‍ പണിയും വരുമാനവും ഉണ്ടാകൂ. അതാണ് യഥാര്‍ത്ഥ വികസനവഴി. 
പണമില്ലായ്മയുടെ മഹാമാരി സംസ്ഥാന ബജറ്റിനെ ബാധിച്ചിട്ടുണ്ട്. സംസ്ഥാന ജിഡിപിയിലെ കുറവ് 2020-21 ല്‍ 1,56,041 കോടി രൂപയാണ്. അതിന് ആനുപാതികമായ കുറവ് നികുതിവരുമാനത്തിലും ഉണ്ടï്. കേന്ദ്രത്തില്‍നിന്നുള്ള നികുതിവിഹിതവും ഇതേപോലെ കുറഞ്ഞു.
കൂടുതല്‍ കടത്തിനു വഴിയില്ല; നികുതി കൂട്ടാന്‍ പഴുതുമില്ല
ഈ കുറവ് നികത്താനും അധികച്ചെലവിനുമായി കൂടുതല്‍ കടമെടുക്കാന്‍ പറ്റില്ല. അതത്രയും കണക്കാക്കിയുള്ള ചെലവുകള്‍ ഉള്‍ക്കൊള്ളിച്ചാണു മുന്‍ഗാമി ഡോ. തോമസ് ഐസക്ക് ജനുവരിയില്‍ ബജറ്റവതരിപ്പിച്ചത്. ആ ബജറ്റിലെ നിര്‍ദേശങ്ങളെല്ലാം പുതുക്കിയ ബജറ്റിലും തുടരുന്നു. അതുകൊണ്ട് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് അവയ്ക്കുവേണ്ടി കടമെടുക്കാന്‍ പറ്റില്ല.
നികുതി കൂട്ടലും പ്രയാസം. ജിഎസ്ടിയില്‍ തൊടാന്‍ പറ്റില്ല. സംസ്ഥാനത്തിന് അതിനധികാരമില്ല. സംസ്ഥാനത്തിനധികാരമുള്ള നികുതികള്‍ ഭൂനികുതി, വാഹനനികുതി, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ്, മദ്യനികുതി, പെട്രോള്‍-ഡീസല്‍ വില്പന നികുതി എന്നിവയാണ്. ഇപ്പോള്‍ ഇവ കൂട്ടിയാല്‍ വലിയ വിമര്‍ശനമുയരും. അതു ഭരണത്തുടര്‍ച്ചയുടെ മുഴുവന്‍ ശോഭയും കെടുത്തും.
നികുതിയിതര വരുമാനം വര്‍ധിപ്പിക്കാനും വഴിയില്ല. ലോട്ടറിവില്പന കൊവിഡ് നിയന്ത്രണം മൂലം മുടങ്ങി. അതില്‍ വരുന്ന നഷ്ടം 500 കോടി എന്നു പുതുക്കിയ ബജറ്റില്‍ പറഞ്ഞിട്ടുള്ളത് ഒരു മാസത്തെ മാത്രം നഷ്ടമാണ്. നിയന്ത്രണങ്ങള്‍ നീളുംതോറും നഷ്ടം കൂടും. 
പഴയ കടത്തിന്റെ ഭാരം
കടമെടുപ്പിന്റെ കാര്യത്തില്‍ കൂടുതല്‍ വിഷമത്തിലാണു സംസ്ഥാനത്തിന്റെ പുതിയ ധനമന്ത്രി. കടം സംസ്ഥാന ജിഡിപിയുടെ അനുപാതം എന്ന നിലയില്‍ അപായകരമായ നിലയില്‍ എത്തിയിരിക്കുന്നു. കഴിഞ്ഞ മാര്‍ച്ച് 31 ലെ അവസ്ഥ ഇങ്ങനെ: സംസ്ഥാന ജിഡിപി 8.22 ലക്ഷം കോടി രൂപ. സംസ്ഥാന കടബാധ്യത 2.99 ലക്ഷം കോടി രൂപ. കടം ജിഡിപിയുടെ 36.11 ശതമാനം. ഇതിന്റെ പലിശ 20,286 കോടി.2024 മാര്‍ച്ചില്‍ കടം 3.9 ലക്ഷം കോടിയും പലിശ 27,667 കോടി രൂപയുമായി ഉയരും. 
കേന്ദ്രവും റിസര്‍വ് ബാങ്കും ധനകാര്യ കമ്മീഷനും വരയ്ക്കുന്ന അതിര്‍വരമ്പിനുള്ളില്‍ അഭ്യാസം നടത്താനേ സംസ്ഥാനങ്ങള്‍ക്ക് അനുവാദമുള്ളൂ. അതിര്‍വരമ്പില്‍ റവന്യു കമ്മി ഇല്ലാതാക്കുകയും ധനകമ്മി സംസ്ഥാന ജിഡിപിയുടെ മൂന്നു ശതമാനമായി താഴ്ത്തുകയും വേണം. കൊവിഡ് ആഘാതംമൂലം ഈ ലക്ഷ്യം നാലഞ്ചു വര്‍ഷം കഴിഞ്ഞേ ചിന്തിക്കാന്‍ പറ്റൂ. 

കമ്മിപരിധി മറികടന്നില്ല
നടപ്പുവര്‍ഷത്തേക്കു ബജറ്റില്‍ ലക്ഷ്യമിടുന്നത് 1,62,032.39 കോടി രൂപയുടെ ചെലവാണ്. അതില്‍ 1,47891.18 കോടി റവന്യു ഇനം. ബാക്കി 14,141.21 കോടി   മൂലധനച്ചെലവും. ചെലവില്‍ 42,000 കോടി രൂപയുടെ വര്‍ധന കണക്കാക്കുന്ന ബജറ്റ് 16,910 കോടിയുടെ റവന്യു കമ്മി കാണിക്കുന്നു. 30,697.52 കോടിയുടെ ധനകമ്മി ഉണ്ടാകും. റവന്യു കമ്മി സംസ്ഥാന ജിഡിപിയുടെ 1.93 ശതമാനത്തിലും ധനകമ്മി 3.5 ശതമാനത്തിലും ഒതുക്കിയിട്ടുണ്ട്. ഈ പരിധി മറികടക്കാന്‍ കേന്ദ്രവും റിസര്‍വ് ബാങ്കും അനുവദിക്കാത്തതിനാല്‍ മുണ്ടു വരിഞ്ഞുമുറുക്കുകയേ ധനമന്ത്രിക്കു മാര്‍ഗമുള്ളൂ. ധനകാര്യഅച്ചടക്കം പാലിക്കുന്നു എന്നു മേനി പറയുകയും ചെയ്യാം.
ജനുവരിയിലെ ബജറ്റുകണക്കില്‍നിന്ന് കാര്യമായ മാറ്റം ബാലഗോപാല്‍ വരുത്തിയിട്ടില്ല. ലോട്ടറിവരുമാനപ്രതീക്ഷ 500 കോടി കുറച്ചു. വാറ്റ് - വില്പനനികുതി ഇനത്തില്‍ 1000 കോടിയുടെ കുറവും കണക്കാക്കി. ഇതു മദ്യനികുതിയിലെ മാത്രം കുറവായിരിക്കാനാണു സാധ്യത. പെട്രോള്‍ - ഡീസല്‍ വില്പനയില്‍ കുറവു വന്നെങ്കിലും വില കൂടിയപ്പോള്‍ വാറ്റ് വരുമാനം കൂടിയിട്ടുണ്ട്. 
കേന്ദ്രത്തില്‍നിന്നു കിട്ടുന്ന തുക തോമസ് ഐസക്കിന്റെ ബജറ്റില്‍ പറഞ്ഞതിനെക്കാള്‍ 4392 കോടി രൂപ അധികമുണ്ട്. അവിടെനിന്നുള്ള നികുതിവിഹിതം കുറയുകയും ഗ്രാന്റ് ഇന്‍ എയിഡ് കൂടുകയും ചെയ്തു. ഗ്രാന്റ് ധനകാര്യ കമ്മീഷന്‍ അവാര്‍ഡ് വഴിയുള്ളതാണ്. കേന്ദ്രത്തിന്റെ ഔദാര്യമൊന്നുമല്ല.
ഭാവനയുടെ കമ്മി
ബാലഗോപാലിന്റെ ബജറ്റ് പുതുമകള്‍ ഒന്നും സമ്മാനിക്കുന്നില്ല. കവിതയും കഥയുമൊന്നും ചേര്‍ത്തില്ല, അധികസമയമെടുക്കാതെ കാര്യം പറഞ്ഞുതീര്‍ത്തു എന്നൊക്കെ പുകഴ്ത്തുമ്പോഴും ഒരു സംശയം ബാക്കി. കുറെക്കൂടി ഭാവനാപൂര്‍ണമായ കാര്യങ്ങള്‍ ബജറ്റില്‍ കൊണ്ടുവരാമായിരുന്നില്ലേ? (പ്രത്യേകിച്ചും ധാരാളം ആശയങ്ങള്‍ ഉള്ള ഒരു മുന്നണിയുടെ തുടര്‍ഭരണബജറ്റ് ആകുമ്പോള്‍). 
ഗവണ്മെന്റിന്റെ ധനനില മെച്ചപ്പെടുത്താന്‍  ബജറ്റില്‍ പല നല്ല കാര്യങ്ങളും തുടങ്ങി വയ്ക്കാമായിരുന്നു. അതുണ്ടായില്ല. പുതിയ സര്‍ക്കാരിന് ആദ്യവര്‍ഷം മുഖം നോക്കാതെ പലതും ചെയ്യാം. പിന്നീടുള്ള വര്‍ഷങ്ങളില്‍ അത് എളുപ്പമല്ല. സര്‍ക്കാരിന്റെ ചെലവു ചുരുക്കാനും വരവു കൂട്ടാനും ആലോചനയും ഗൃഹപാഠവും തുടങ്ങി എന്നാണു ധനമന്ത്രി പറഞ്ഞത്. അതു നേരത്തേ ചെയ്യേണ്ടതായിരുന്നു. ഇനി ആലോചനയും പഠനവും വെട്ടും തിരുത്തും കഴിയുമ്പോള്‍ വര്‍ഷങ്ങള്‍ കടന്നുപോകും.
ആശയങ്ങള്‍ പഠനമുറിയില്‍
ബജറ്റില്‍ നിരവധി ആശയങ്ങളും പദ്ധതികളെപ്പറ്റിയുള്ള നിര്‍ദേശങ്ങളും ഉണ്ട്. വൈദ്യശാസ്ത്രഗവേഷണത്തിനും സാംക്രമികരോഗ നിവാരണത്തിനും അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മാതൃകയില്‍ സ്ഥാപനം തുടങ്ങുന്നത് അതിലൊന്നാണ്. പക്ഷേ, അതേപ്പറ്റി പഠനം തുടങ്ങുന്നതു മാത്രമേയുള്ളൂ.
വാക്‌സിന്‍ ഗവേഷണം, നിര്‍മാണം തുടങ്ങിയവയിലേക്കു കടക്കാനുള്ള പ്രഖ്യാപനവും പഠനതലത്തില്‍ മാത്രമാണ്.
തീരദേശത്തിനു തീരസംരക്ഷണപദ്ധതിയും വികസനപദ്ധതികളും അടങ്ങുന്ന പാക്കേജ് വിശദീകരിച്ചെങ്കിലും അവ നിലവിലുള്ളവ തന്നെയാണ്.
കാര്യമായി പുതിയ കാര്യങ്ങള്‍ ഇല്ല എന്നത് ധനമന്ത്രിയുടെ പിഴവല്ല. വരുമാനം കുറഞ്ഞു; റവന്യുചെലവുകളില്‍ സിംഹഭാഗവും കുറയ്ക്കാന്‍ പഴുതില്ലാത്ത ശമ്പളം (39,837 കോടി), പെന്‍ഷന്‍ (23,106 കോടി), പലിശ (21,940 കോടി) എന്നിവയാണ്. ഇവ കഴിഞ്ഞാല്‍ 63,008 കോടി മാത്രം. അതില്‍നിന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള തുക കിഴിച്ചാല്‍ 48,525 കോടി രൂപ മാത്രം. നിലവിലുള്ള പദ്ധതികളുടെ ചെലവും കെഎസ്ആര്‍ടിസിയുടെ ദുരിതം നീക്കലും കഴിഞ്ഞാല്‍ പുതിയ  പദ്ധതികള്‍ക്കു പഠനച്ചെലവ് നടത്താനേ ഇപ്പോള്‍ പറ്റൂ. അതാണു ബാലഗോപാല്‍ വിജയകരമായി നിര്‍വഹിച്ചത്.

 

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)