ദൈവം സ്‌നേഹമാകുന്നു. മനുഷ്യന് എത്രമാത്രം ആവശ്യങ്ങള്‍ വര്‍ദ്ധിക്കുന്നുവോ അത്രമാത്രം ശക്തിയിലും വീര്യത്തിലും ദൈവാത്മാവ് ഈ ലോകത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. തന്റെ മക്കളെ അവന്‍ വഴികാട്ടി നടത്തുന്നു. അവര്‍ക്കു ശാന്തി പ്രദാനം ചെയ്യുന്നു..
ഒരു യുഗപരിവര്‍ത്തനത്തിന്റെ കാലഘട്ടത്തിലാണു നാം നില്ക്കുന്നത്. പ്രപഞ്ചശക്തികള്‍ വര്‍ത്തമാനകാലജീവിതത്തെ കൂടുതല്‍ കൂടുതലായി സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടവുമാണിത്.
പരമസത്യം ഗ്രഹിക്കാന്‍ നമുക്കു കഴിയുന്നില്ല. പ്രപഞ്ചശക്തികളുടെ ആന്തരികവും ബാഹ്യവുമായ വിളയാട്ടം നിസ്സഹായതയോടെ നോക്കിനില്‌ക്കേണ്ടി വരുന്നു. കൊറോണ ലോകമാസകലം സംഹാരതാണ്ഡവം നടത്തുകയാണ്. ആത്മാവും ശരീരവും ഒരുപോലെ നശിച്ചുകൊണ്ടിരിക്കുന്നു.
ചില പ്രാപഞ്ചികനിയമങ്ങളെ ആധാരമാക്കി യുഗങ്ങള്‍ മാറി വരുന്നു. ഓരോ യുഗത്തിലും അതിന്റേതായ ആത്മീയോല്‍ക്കര്‍ഷം ഉണ്ടാവുകയും മനുഷ്യന് കൂടുതല്‍ ആത്മീയമായ ഉള്‍ക്കാഴ്ച ഉണ്ടാവുകയും ചെയ്യുന്നു. ഇഹലോകവാസം ക്ഷണികമാണെന്നും ശാശ്വതജീവന്‍ ഈശ്വരനിലാണെന്നും നാം തിരിച്ചറിയണം.
നാം ജീവിക്കുന്നത് ആണവയുഗത്തിലാണ്. എങ്കിലും കൊറോണാകാലം ഈ യുഗം ആത്മീയമൂല്യങ്ങളിലധിഷ്ഠിതമായ ഒരു ജീവിതശൈലി നമുക്കു കാട്ടിത്തരുന്നു. ഓരോരുത്തരും സത്യം കണെ്ടത്താന്‍ അവനവന്റെ ഉള്ളിലേക്കു തിരിയണം. ഭൗതികലോകത്തിന്റെ ആഡംബരങ്ങളെല്ലാം ഒന്നൊന്നായി തകര്‍ന്നുവീഴുകയാണ്. മഹാരോഗത്തിന്റെ പിടിയില്‍പ്പെട്ട് ലക്ഷങ്ങള്‍ മരിക്കുന്ന കാഴ്ച. കണ്ടുനില്ക്കുന്നവരില്‍ ഭീതി മറ്റൊരു സാംക്രമികരോഗംപോലെ പടര്‍ന്നുപിടിക്കുന്നു.
ഇത്തരമൊരവസ്ഥയിലും ജീവന്റെ ദാതാവും രക്ഷകനുമായ ദൈവം നമ്മെ വിട്ടുകളയുന്നില്ല. കാരണം, ദൈവം സ്‌നേഹമാകുന്നു. മനുഷ്യന് എത്രമാത്രം ആവശ്യങ്ങള്‍ വര്‍ദ്ധിക്കുന്നുവോ അത്രമാത്രം ശക്തിയിലും വീര്യത്തിലും ദൈവാത്മാവ് ഈ ലോകത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. തന്റെ മക്കളെ അവന്‍ വഴികാട്ടി നടത്തുന്നു. അവര്‍ക്കു ശാന്തി പ്രദാനം ചെയ്യുന്നു.
സര്‍വ്വശക്തികളുടെയും ഉറവിടവും ജീവചൈതന്യത്തിന്റെ മൂലബിന്ദുവും സര്‍വ്വേശ്വരനാകുന്നു. ഇതാണ് രക്ഷയുടെ ആദ്യത്തെ പടി. കളങ്കരഹിതമായ വികാരവിചാരങ്ങളിലൂടെ മറ്റുള്ളവരുമായി സമാധാനം പങ്കിടുക രണ്ടാമത്തെ പടി. മനുഷ്യന്‍ തന്റെ സഹജീവിയെ സ്‌നേഹിക്കാന്‍ തുടങ്ങുമ്പോള്‍, അവന്റെ കഷ്ടതയില്‍ ആര്‍ദ്രതയുണ്ടാകുമ്പോള്‍ അവന്റെ കഷ്ടത നമ്മുടേതാവുന്നു. സഹജീവികളെ തന്നെപ്പോലെതന്നെ കാണുമ്പോള്‍, അവരെ അടുത്തറിയുമ്പോള്‍, ആന്തരികവൈദ്യനും ആത്മാവിന്റെ രക്ഷകനുമായ ക്രിസ്തുവുമായി നാം കൂടുതല്‍ അടുക്കുന്നു. കാരണം, നമ്മിലെ ദൈവികചൈതന്യമാണ് ക്രിസ്തു. അവനാണ് നമ്മുടെ വഴിയും ജീവനും. അവന്‍ മാത്രമാണ് ഏവരുടെയും ആന്തരികവൈദ്യനും ആശ്വാസദായകനും. നശ്വരലോകത്തിന്റെ ഭ്രമത്തില്‍പ്പെടാതെ സത്യലോകം അന്വേഷിക്കുകയും ഒരിക്കലും നശിക്കാത്ത ഇടങ്ങളില്‍ ഉറച്ചുനില്ക്കാന്‍ ശ്രമിക്കുകയും ചെയ്യാം.