•  2 May 2024
  •  ദീപം 57
  •  നാളം 8
ഉണ്ണീരിയമ്മ പറഞ്ഞ കഥ

ആനസമ്മാനം


മുത്തശ്ശിക്കഥ കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടോ? ''ഒരിടത്തൊരിടത്ത്'' അല്ലെങ്കില്‍ ''പണ്ടുപണ്ട്'' എന്നു പറഞ്ഞുതുടങ്ങുന്ന മുത്തശ്ശിക്കഥകളില്‍ കഥ മാത്രമല്ല കാര്യവുമുണ്ട്.
അങ്ങനെയൊരു മുത്തശ്ശി നമുക്കുമുണ്ട്. ഉണ്ണീരിമുത്തശ്ശി എന്ന ഉണ്ണീരിയമ്മ. എത്രയെത്ര കഥകളാണെന്നോ ഉണ്ണീരിയമ്മയ്ക്ക് അറിയാവുന്നത്. കഥകള്‍ മാത്രമല്ല ചരിത്രവും ശാസ്ത്രവും നാട്ടറിവുകളും കേട്ടറിവുകളും എല്ലാം ഉണ്ണീരിയമ്മ പറഞ്ഞുതരും. കേരളപുരം സ്‌കൂളിലെ എല്ലാവര്‍ക്കും പ്രിയപ്പെട്ട ടീച്ചറമ്മയായിരുന്നു. ഗ്രാമത്തിലെ കുട്ടികളെ ആദ്യാക്ഷരം എഴുതിച്ചതും അറിവിന്റെ വെളിച്ചത്തിലേക്കു നയിച്ചതും ഉണ്ണീരിയമ്മതന്നെ.
ഉണ്ണീരിയമ്മയുടെ കഥകള്‍ കേള്‍ക്കാന്‍ ആരൊക്കെയാണ് ഒത്തുചേരുന്നത് എന്നറിയേണ്ടേ?
പേരക്കുട്ടികളായ കുഞ്ഞുണ്ണിയും അമ്മാളുവും അവരുടെ ചങ്ങാതി ജോണിക്കുട്ടിയും പിന്നെ ഇട്ടിണ്ടാനും. 
വലിയ കുട്ടിയായിട്ടും ഇപ്പോഴും നിക്കറിട്ട്, കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ കൂടുന്ന, കുഞ്ഞുമനസ്സും കുഞ്ഞുബുദ്ധിയുമുള്ള, ആര്‍ക്കുവേണമെങ്കിലും പെട്ടെന്നു പറ്റിക്കാവുന്ന, ഒരുപാട് സ്‌നേഹമുള്ള ഇട്ടിണ്ടാന്‍.
ഒരു ദിവസം ഉണ്ണീരിയമ്മയുടെ ചുറ്റിനും കുട്ടിസംഘം ഒത്തുകൂടി. എവിടെ ഇട്ടിണ്ടാന്‍? ഉണ്ണീരിയമ്മ ചോദിച്ചു.
കുട്ടികള്‍ പരസ്പരം നോക്കി ചിരിക്കാന്‍ തുടങ്ങി. ''കുഞ്ഞുണ്ണി ഇട്ടിണ്ടാനെ പറ്റിച്ചു.''
അമ്മാളു തുടര്‍ന്നു:
''കവലയില്‍ ഒരു കച്ചവടക്കാരന്‍ ആളുകള്‍ക്കു സമ്മാനമായി കുട്ടിയാനയെ കൊടുക്കുന്നുണ്ടെന്ന് കുഞ്ഞുണ്ണി പറഞ്ഞു. പാവം ഇട്ടിണ്ടാന്‍ അങ്ങോട്ടേക്ക് ഓടി.'' 
''ഇട്ടിണ്ടാന്റെ ഒരു കാര്യം. ആരെങ്കിലും സമ്മാനമായി ആനയെ കൊടുക്കുമോ?''
ജോണിക്കുട്ടി പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. 
ഉണ്ണീരിയമ്മ അപ്പോള്‍ ഒരു കഥ പറഞ്ഞുതുടങ്ങി:
''ആനയെ സമ്മാനം കൊടുത്ത ഒരാളെപ്പറ്റിയാണ് ഇന്ന് ഞാന്‍ പറയാന്‍ പോകുന്നത്.''
കുട്ടികള്‍ ഉത്സാഹത്തോടെ ഉണ്ണീരിയമ്മയുടെ മുഖത്തേക്കു നോക്കി.
''നമ്മുടെ രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയെക്കുറിച്ചു നിങ്ങള്‍ കേട്ടിട്ടുണ്ടോ?''
''ചാച്ചാജി... ചാച്ചാജി... നെഹ്‌റുജി.''
കുട്ടികള്‍ ഉത്തരം പറഞ്ഞു.
ഉണ്ണീരിയമ്മ കഥ തുടങ്ങി:
''പൂക്കളെയും കുട്ടികളെയും അത്രമേല്‍ ഇഷ്ടപ്പെട്ടിരുന്ന പ്രധാനമന്ത്രിയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു. എത്ര തിരക്കുണ്ടെങ്കിലും കുഞ്ഞുങ്ങളുമായി സംസാരിക്കുവാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന് ഒരു കത്തു വന്നു. ജപ്പാനിലെ കുട്ടികള്‍ എഴുതിയ കത്തായിരുന്നു അത്. ഭാരതത്തിലെ മാത്രമല്ല, ലോകത്തുള്ള എല്ലാ കുട്ടികളുടെയും പ്രിയപ്പെട്ട ചാച്ചാജി ആയിരുന്നുവല്ലോ അദ്ദേഹം. 
കത്തില്‍ ഇതായിരുന്നു ആവശ്യം: രണ്ടാം ലോകമഹായുദ്ധം അവരുടെ ഉറ്റവരെയും ഉടയവരെയും മാത്രമല്ല നഗരങ്ങളെയും ഇല്ലാതാക്കി. ടോക്കിയോയിലെ മൃഗശാലയില്‍ രണ്ട് ആനകളാണ് ഉണ്ടായിരുന്നത്, അണുബോംബ് രണ്ടിന്റെയും ജീവനെടുത്തു. ചാച്ചാജി അവര്‍ക്ക് ഒരു ആനയെ സമ്മാനമായി നല്‍കണം എന്നതായിരുന്നു അവരുടെ ആവശ്യം. കുട്ടികളുടെ ആവശ്യമല്ലേ, ചാച്ചാജിക്ക് ഒഴിവാക്കാനാകുമോ? ജപ്പാനിലെ കുട്ടികള്‍ക്കുവണ്ടി അദ്ദേഹം ഒരു ആനയെ കണ്ടെത്തി. മൈസൂരില്‍നിന്നു കൊണ്ടുവന്ന കുട്ടിയാനയ്ക്ക് അദ്ദേഹം തന്റെ മകളുടെ പേരുതന്നെ ഇട്ടു. ഇന്ദിര. ജപ്പാനിലെ കുട്ടികള്‍ കുട്ടിയാനയ്ക്കു ഗംഭീരമായ സ്വീകരണമാണ് ഒരുക്കിയത്. ജപ്പാനിലെ കുട്ടികളോടു ്‌നെഹൃ പറഞ്ഞത് ഇത് താന്‍ തരുന്ന സമ്മാനമല്ല ഇന്ത്യയിലെ കുട്ടികള്‍ ജപ്പാനിലെ കുട്ടികള്‍ക്കു നല്‍കുന്ന സ്‌നേഹസമ്മാനമാണ് എന്നാണ്. ഇന്ദിര എന്ന ആന രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമായി മാറി. ജപ്പാനിലെ കുട്ടികള്‍ക്കു കിട്ടിയ വ്യത്യസ്തമായ സമ്മാനത്തെപ്പറ്റി അറിഞ്ഞു മറ്റു രാജ്യങ്ങളിലെ കുട്ടികളും നെഹ്‌റുവിനു കത്തെഴുതി. അങ്ങനെ ജര്‍മനിയിലേക്കും കാനഡയിലേക്കും തുര്‍ക്കിയിലേക്കും ചൈനയിലേക്കും സോവിയറ്റ് യൂണിലേക്കുമൊക്കെ ഇന്ത്യയില്‍നിന്ന് ആനസമ്മാനം എത്തി. ലോകത്തുള്ള എല്ലാ കുട്ടികളുടെയും പ്രിയപ്പെട്ട ആനയപ്പൂപ്പനായി അങ്ങനെ നെഹ്‌റു മാറി.''
കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ അമ്മാളു പറഞ്ഞു:
''എങ്കില്‍ ഞാനും ചാച്ചാജിക്ക് കത്ത് എഴുതുമല്ലോ?''
ഉണ്ണീരിയമ്മയും കുഞ്ഞുണ്ണിയും ജോണിക്കുട്ടിയും അമ്മാളുവിനെ നോക്കി ചിരിക്കുമ്പോള്‍ അങ്ങകലെനിന്ന് ഇളിഭ്യനായി ഇട്ടിണ്ടാന്‍ നടന്നുവരുന്നുണ്ടായിരുന്നു.           
 (തുടരും)

 

Login log record inserted successfully!