•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

പതിനാലാമെടം

പുനര്‍ജനിയുടെ തിരുമുറിവുകള്‍

യോറയുടെ കുതിര നിരത്തിന്റെ അങ്ങേത്തലയ്ക്കല്‍ പൊടിപടലങ്ങളുയര്‍ത്തി മറയുന്നതുവരെ അനനിയാദ് അവിടെത്തന്നെ നിന്നു. യോറ കാഴ്ചയില്‍നിന്നു മറഞ്ഞിരിക്കുന്നു. നിരത്തില്‍ അനനിയാദും വെയിലും ഒറ്റയ്ക്കായി. അവന്‍ ചിന്തിച്ചു നോക്കി. എല്ലാവരും നസ്രായനായ യേശുവിനെ കാണുന്നു. തനിക്കു മാത്രം അവനെ കണ്‍വെട്ടത്തു കിട്ടുന്നില്ല. പലപ്പോഴും തന്റെ സമീപത്ത് അവന്‍ എത്തിപ്പെടുകയും ചെയ്യുന്നു.
പകലിന്റെ മൂന്നാം മണിക്കൂര്‍ കഴിഞ്ഞിരുന്നു. അങ്ങുദൂരെ ജറുസലേമിന്റെ മുഴുവന്‍ ഭംഗിയും ചേര്‍ന്നുയര്‍ന്നു നില്ക്കുന്ന ഒലിവുമല അവന്‍ കണ്ടു. ഒലിവുമരങ്ങള്‍കൊണ്ട് ഹരിതം നിറഞ്ഞ മല. മല കടന്ന് കെദ്രോണ്‍താഴ്‌വര താണ്ടിയാല്‍ ജറുസലേമിലേക്കെത്താമെന്ന് അവന്‍ വിചാരിച്ചു. അനനിയാദ് സാവധാനം നടന്നു.  പഴുത്ത് കൊയ്ത്തിനു പാകമായ ഗോതമ്പുവയലുകള്‍ക്കു മീതെ വെട്ടുക്കിളിക്കൂട്ടങ്ങള്‍ പറന്നുനടക്കുന്നതവന്‍ കണ്ടു.
താഴ്‌വരകളില്‍ മാതളനാരകങ്ങള്‍ ഇറുങ്ങനെ കായ്ച്ചുകിടക്കുന്നു. അവന്‍ ഗോതമ്പുവയലുകളും താഴ്‌വരയിലെ തോട്ടങ്ങളും കടന്ന് മലകയറാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ഒരാള്‍ സാവധാനം മലയിറങ്ങി വരുന്നത് അവന്‍ കണ്ടത്. വെളുത്ത വസ്ത്രങ്ങളിഞ്ഞ ഒരു യുവതിയാണ് തനിക്കെതിരേ വരുന്നതെന്നവന്‍ കണ്ടു.
പക്ഷേ, അവളില്‍നിന്ന് പത്തുവാര അകലെ അവന്‍ നിന്നു. ആകാശത്തില്‍ കിഴക്കന്‍കാറ്റടിച്ചു. അവന്‍ ആപാദചൂഡം വിറകൊണ്ടു. ഭൂമി കുലുങ്ങുകയും പര്‍വതങ്ങള്‍ പിളരുകയും ചെയ്യുന്നു. ആരോ അവന്റെ ചുമലില്‍ കൊടിയ ഭാരമിറക്കി വച്ചു. ഞാണ്‍ വലിച്ചു കെട്ടിയ ഒരു വില്ലുപോലെ അവന്‍ മുറുകി.
അത് മേരിയായിരുന്നു. മഗ്ദലേനയിലെ മേരി...
ചതുപ്പില്‍ വേരുകളുറപ്പിച്ച ഞാങ്ങണപോലെ അവന്‍ നിന്നു. കാറ്റ് അവനെ ഉലച്ചുകളഞ്ഞു. അവന്‍ അവളോട് പറഞ്ഞു:
''നീ എന്നോടു ക്ഷമിക്കുക.'
''എന്തിന്?'' മേരി അദ്ഭുതത്തോടെ ചോദിച്ചു. അവള്‍ക്ക് അവനെ മനസ്സിലായില്ല. അവര്‍ കുറച്ചുകൂടി അടുത്തുവന്നു. അവന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കിക്കൊണ്ട് വീണ്ടും ചോദിച്ചു:
''നിനക്കും എനിക്കും തമ്മിലെന്ത്?''
എവിടെയോ മഞ്ഞുപര്‍വതങ്ങള്‍ പിളരുകയായി. കടല്‍ വേലിയേറ്റംകൊണ്ടു. ഗെത്‌സെമനിയില്‍ കാറ്റ് മുടിയഴിച്ചാടുന്നു.
അനനിയാദിന്റെ അരപ്പട്ടയിലെ കുഴല്‍ എവിടെയോ നഷ്ടം വന്നിരിക്കുന്നു. അവന്റെ സംഗീതം മരുഭൂമി കവര്‍ന്നെടുത്തു.
''നിനക്ക് എന്നെ മനസ്സിലായില്ലെന്നോ...?'' അവന്റെ ശബ്ദം ഇടറിയിരുന്നു.
''സത്യമായും ഇല്ല.'' അവള്‍ പറഞ്ഞു.
''ഞാന്‍ അനനിയാദ്... ഞാന്‍ നിന്നോട് അപരാധം ചെയ്തു. എനിക്ക് യേശുവിനെ കാണണമായിരുന്നു. ആയതിനാല്‍, ഞാന്‍ നിന്നെ ഉപേക്ഷിച്ചുപോന്നു...''
''ഞാന്‍ അവനെ കണ്ടു...'' മേരി പറഞ്ഞു. അവളുടെ വാക്കുകള്‍ അവനില്‍ നടുക്കമുണ്ടാക്കി. അവിശ്വസനീയതയോടെ അവന്‍ മിഴികളുയര്‍ത്തി ചോദിച്ചു:
''ആരെ...?''
''നസ്രായനായ യേശുവിനെ.'' അവള്‍ പറഞ്ഞു. ''അവന്‍ ദൈവപുത്രന്‍തന്നെ. ലോകത്തിന്റെ പാപം നീക്കുന്ന കുഞ്ഞാട്. അവന്‍ എന്റെ പാപങ്ങളെല്ലാം കഴുകിക്കളഞ്ഞു.''
അവള്‍ പറഞ്ഞതിന്റെ പൊരുള്‍ അവനു മനസ്സിലായില്ല. അവന്‍ ചോദിച്ചു:
''നീ എങ്ങനെയാണ് അവനെ കണ്ടത്... എവിടെ വച്ചാണ്?''
അവള്‍ ഓര്‍മിക്കുകയായിരുന്നു. എല്ലാം നല്ലതിനുവേണ്ടിയായിരുന്നു എന്ന് ഇപ്പോള്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ലല്ലോ...
ദിവസങ്ങള്‍ക്കുമുമ്പുള്ള ഒരു രാത്രി. ഫരിസേയപ്രമാണിമാരും അവരുടെ ആളുകളും ചെന്ന് മേരിയെ ബലമായി പിടിച്ചുകൊണ്ടു പോരുകയായിരുന്നു. അവരവളെ ഗോതമ്പുവയലുകള്‍ക്കു നടുവിലുള്ള കളപ്പുരയില്‍ അടച്ചിട്ടു. അവര്‍ ഭക്ഷണമോ പാനീയമോ നല്കിയില്ല. പകരം ദയവില്ലാതെയും മൃഗീയമായും പെരുമാറി. അവളുടെ സമ്മതമില്ലാതെ അവളോടൊത്തു ശയിക്കുകയും ദേഷ്യത്താല്‍ പ്രഹരിക്കുകയും ചെയ്തു.
അവര്‍ തന്നെ കൊന്നുകളയുമെന്ന് അവള്‍ കരുതി. പക്ഷേ, സംഭവിച്ചതങ്ങനെയൊന്നുമല്ല. ഒരു ദിവസം അവര്‍ വന്ന് കളപ്പുരയില്‍നിന്ന് അവളെ കൂട്ടിക്കൊണ്ടുപോയി. ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു മനുഷ്യന്റെ മുമ്പില്‍ കൊണ്ടുവന്നു നിറുത്തിയിട്ട് ഇപ്രകാരം പറഞ്ഞു:
''ഗുരോ, ഈ സ്ത്രീയെ വ്യഭിചാരത്തില്‍ ഏര്‍പ്പെട്ടിരിക്കെ പിടികൂടിയതാണ്. ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്ന് മോശ നിയമത്തില്‍ കല്പിച്ചിട്ടുണ്ട്. നീ എന്തു പറയുന്നു?''
ആ മനുഷ്യനാകട്ടെ നിലത്ത് വിരല്‍ നീട്ടി എന്തോ എഴുതിക്കൊണ്ടിരുന്നു. അതു കണ്ടപ്പോള്‍ അവര്‍ വീണ്ടും ചോദ്യമാവര്‍ത്തിച്ചു. അവന്‍ എഴുന്നേറ്റുനിന്നു. അപ്പോഴാണ് അവള്‍ അവനെ പൂര്‍ണമായും കണ്ടത്. ആ മുഖം സൂര്യനെപ്പോലെ തേജസ്സുള്ളതും തിരയൊതുങ്ങിയ തടാകംപോലെ ശാന്തവുമായിരുന്നു. ആ കണ്ണുകളില്‍ ജ്ഞാനത്തിന്റെയും കനിവിന്റെയും      ഒരു സമുദ്രം അവള്‍ കണ്ടു.
''നിങ്ങളില്‍ പാപമില്ലാത്തവര്‍ ആദ്യം ഇവളെ കല്ലെറിയട്ടെ.'' അനന്തരം അവന്‍ വീണ്ടും കുനിഞ്ഞ് നിലത്ത് എന്തോ എഴുതാന്‍ തുടങ്ങി.
അവളെ കൊണ്ടുവന്നവരാകട്ടെ കല്ലുകള്‍ നിലത്തിട്ട് ഓരോരുത്തരായി പിരിഞ്ഞുപോയി. കല്ലുകള്‍ നിലത്തു വീഴുന്ന ശബ്ദമല്ലാതെ കുറെനേരം അവിടെ കാറ്റുപോലും അനങ്ങിയില്ല.
ഒടുക്കം അവനും അവളും തനിച്ചായി. ഒരു ശീതളമായ കാറ്റ് അവരെ കടന്നുപോയി. അവര്‍ക്കിടയില്‍ മൗനത്തിന്റെ ഒരു മരുഭൂമി കിടന്നു തപിച്ചു. അവളാകട്ടെ തിരിച്ചറിയാനാകാത്ത ഒരുതരം ഭീതികലര്‍ന്ന വികാരത്തിന്റെ മുള്‍മുനയില്‍ കിടന്നു പിടഞ്ഞു. അവന്‍ ശിരസ്സുയര്‍ത്തി അവളോടു ചോദിച്ചു:
''സ്ത്രീയേ, നിന്നെ കൊണ്ടുവന്നവര്‍ എവിടെ... ആരും നിനക്കു ശിക്ഷ വിധിച്ചില്ലേ?''
''കര്‍ത്താവേ ഇല്ല.'' അവള്‍ പറഞ്ഞു.
''ഞാനും നിന്നെ വിധിക്കുന്നില്ല. പൊയ്‌ക്കൊള്‍ക. ഇനി പാപം ചെയ്യരുത്.''
അവള്‍ അവനെ വിട്ട് നടന്നു. അവളുടെ മനസ്സിലപ്പോള്‍ ആഗ്രഹങ്ങളോ ദുഃഖങ്ങളോ ഉണ്ടായിരുന്നില്ല. അവളപ്പോള്‍ ഭാരമില്ലാത്തവളായിരുന്നു. സ്വര്‍ഗത്തില്‍ നിന്നെന്നപോലെ     ഒരു ശാന്തി അവളില്‍ വന്നു നിറഞ്ഞു. ആ നിറവിലാണ് അവള്‍ കുന്നിറങ്ങി വന്നത്.
''നീ എത്ര ഭാഗ്യവതി... നീ അവനെ കാണുകയും അവന്‍ നിന്നെ അനുഗ്രഹിക്കുകയും ചെയ്തല്ലോ... ഞാന്‍ എത്രകാലമായി അവനെ തിരയുന്നു...?''
''അവന്‍ എല്ലാവര്‍ക്കും വേണ്ടി അയയ്ക്കപ്പെട്ടവനാണ്. നീ അന്വേഷിക്കുക. സത്യമായും കണ്ടെത്താതിരിക്കില്ല.'' അവള്‍ പറഞ്ഞു. പിന്നെ അവനെ വിട്ട് കുന്നിറങ്ങാന്‍ തുടങ്ങി.
''നീ എവിടേക്കാണ്. വീണ്ടും മഗ്ദലേനയിലേക്കോ?'' അനനിയാദ് ചോദിച്ചു.
''എനിക്കിനി മഗ്ദലേനയില്‍ എന്ത്? അവിടെ ഞാന്‍ സമ്പാദിച്ചതെല്ലാം അവിടെത്തന്നെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു. ഇനി ഞാന്‍ ബേഥനിയായിലേക്കാണ്. എന്റെ സഹോദരനും സഹോദരിയും അവിടെ ഉണ്ടല്ലോ...''
അവള്‍ അവനെവിട്ട് അവളുടെ വഴിയേ പോയി. മേരിയില്‍ വന്ന മാറ്റം അവനെ അമ്പരപ്പിക്കുകതന്നെ ചെയ്തു. അവളുടെ കണ്ണുകളിലെ കാമത്തിന്റെ തിരയിളക്കം നഷ്ടമായിരിക്കുന്നു. അവളുടെ ശരീരത്തിന്റെ മദിപ്പിക്കുന്ന വശ്യത വിശുദ്ധമായൊരു ശാലീനതയായി പരിണമിച്ചിരിക്കുന്നു. ചിറകൊതുക്കിയ ഒരു വെണ്‍പ്രാവിനെപ്പോലെ സൗമ്യവതിയായിത്തീര്‍ന്നിരിക്കുന്നു മേരി.
അവള്‍ ഭാഗ്യവതി. എത്രയോ ഭാഗ്യവതി. അവളുടെ കണ്ണുകള്‍ നസ്രായനെ കണ്ടതിനാല്‍ ഭാഗ്യം ചെയ്തിരിക്കുന്നു. അവളുടെ കാതുകള്‍ അവനെ കേട്ടതിനാല്‍ ഭാഗ്യമുള്ളവയായിത്തീര്‍ന്നിരിക്കുന്നു. അവന്റെ അനുഗ്രഹത്താല്‍ അവള്‍ പൂര്‍ണമായും നവീകരിക്കപ്പെട്ടിരിക്കുന്നു.
മേരി കണ്‍വെട്ടത്തുനിന്നു മറഞ്ഞിരിക്കുന്നു. അനനിയാദപ്പോള്‍ ഒലിവുമലയിലായിരുന്നു. 
തലയ്ക്കുമുകളില്‍ നീലാകാശത്തിന്റെ മേലാപ്പ്...
ആകാശം ദൈവത്തിന്റെ മഹത്ത്വം വിളംബരം ചെയ്യുന്നു.
ആകാശക്കമാനം അവന്റെ കരവിരുത് പ്രഘോഷിക്കുന്നു.
പകല്‍ പകലിനോടു സംസാരിച്ചുകൊണ്ടിരുന്നു. 
രാത്രി രാത്രിയോട് അറിവു പ്രഖ്യാപിക്കുന്നു..
സംസാരമില്ല...
വാക്കുകളില്ല...
ശബ്ദം കേള്‍ക്കുന്നുമില്ല.
എങ്കിലും അവയുടെ സ്വരം ഭൂമി മുഴുവന്‍ വ്യാപിക്കുന്നു.
അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിവരെയും...
അവയില്‍ അവന്‍ സൂര്യന് ഒരു കൂടാരം തീര്‍ത്തു.
സൂര്യന്‍ മണവറ വിട്ട് പുറത്തുവരുന്ന മണവാളനെപ്പോലെയാണ്...
പന്തയമോടുവാന്‍ തുടങ്ങുന്ന ശക്തനെപ്പോലെ അത് ആഹ്ലാദിക്കുന്നു... അങ്ങേ അറ്റത്തോളമാണ് അതിന്റെ പര്യടനം.
അതിന്റെ ചൂടില്‍നിന്ന് യാതൊന്നും മറയ്ക്കപ്പെടുന്നില്ല...
അനനിയാദ് പാടിക്കൊണ്ടിരുന്നു...
താഴെ കെദ്രോണ്‍ നദി. വെള്ളം വറ്റിയ നദിയുടെ മണല്‍പ്പരപ്പില്‍ വെയിലിന്റെ ചുവന്ന  നീരാളങ്ങള്‍... അക്കരെ ജറുസലേം പട്ടണത്തില്‍ മിനാരങ്ങള്‍ കാണായി. അവന്റെ ഹൃദയം പ്രാവിനെപ്പോലെ കുറുകി. അവന്റെ സന്തോഷം ചിറകടിച്ചു.
ജറുസലേമില്‍ അവനുണ്ടാകും. നസ്രായനായ യേശു. കാനായില്‍ വെള്ളം വീഞ്ഞാക്കുകയും കഫര്‍ണാമിലെ ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തുകയും ചെയ്ത മിശിഹാ...
അനനിയാദ് കുന്നിറങ്ങുകയായിരുന്നു. അവന്‍ ബന്ധനങ്ങളില്ലാത്തവനായിത്തീര്‍ന്നിരുന്നു. എവിടെയൊക്കെയോ നഷ്ടപ്പെട്ടുപോയിരുന്ന മനസ്സ് തിരിച്ചുകിട്ടിയതുപോലെ അവനു തോന്നി. അവനെ ചൂടിയിരുന്ന ഏകാന്തത കൂടൊഴിഞ്ഞു പോയിരുന്നു.
അവന്‍ നദി കടന്ന് ജറുസലേമിലേക്കെത്തിയപ്പോഴേക്കും സന്ധ്യയായിരുന്നു. നഗരത്തില്‍ നല്ല തിരക്കുണ്ടായിരുന്നു. യഹൂദന്മാരുടെ തിരുനാളിന്റെ ദിവസങ്ങളായിരുന്നതിനാല്‍ നഗരകവാടം മുതല്‍ കച്ചവടക്കാരുടെ വില്പനശാലകള്‍ കണ്ടു.
തിരക്കിനിടയിലൂടെ അവന്‍ കവാടം കടന്ന് നഗരത്തിലേക്കു പ്രവേശിച്ചു. ആളുകള്‍ അവിടവിടെ കൂട്ടംകൂട്ടമായിനിന്ന് എന്തൊക്കെയോ ഗൗരവമായി സംസാരിക്കുന്നു. അവന്‍ നഗരത്തില്‍ ഇടകലര്‍ന്നു കിടക്കുന്ന ഇരുട്ടും വെളിച്ചവും തിരക്കും കടന്നു ദേവാലയത്തിലേക്കു പോയി. ദേവാലയാങ്കണത്തില്‍ മുഖ്യപുരോഹിതന്മാരും ഫരിസേയപ്രമാണിമാരും എന്തോ കൂടിയാലോചിക്കുന്നതും ചിലപ്പോള്‍ നിയന്ത്രണം വിട്ട് ഉച്ചത്തില്‍ സംസാരിക്കുന്നതും കണ്ടു.
എന്തോ കാര്യമായി ഇവിടെ സംഭവിച്ചിരിക്കുന്നു എന്ന് അനനിയാദിനു മനസ്സിലായി. അവന്‍ ദേവാലയമതിലിനരുകില്‍ ഇരുന്ന ഒരു ഭിക്ഷക്കാരനോട് കാര്യമന്വേഷിച്ചു. ഭിക്ഷക്കാരന്‍ പറഞ്ഞു.
''അവന്‍ വന്നിരുന്നു...''
''ആര്...?''
''ദാവീദിന്റെ പുത്രന്‍. എനിക്കു കാഴ്ച നല്കിയവന്‍...'' അനനിയാദ് അവനെ കേട്ട് ആശ്ചര്യപ്പെട്ടു.
''കണ്ടോ എന്റെ കണ്ണുകള്‍. ഇതില്‍നിറയെ ഇരുട്ടായിരുന്നു. അവന്‍ എനിക്കു കാഴ്ച തന്നു. പ്രകാശം തന്നു. അവന്‍ ദൈവപുത്രനായ മിശിഹാതന്നെ.''
അവന്‍ ജറീക്കോയിലെ തിമേയൂസിന്റെ പുത്രനായ ബര്‍ത്തമിയോസ് ആയിരുന്നു. ജന്മനാ അന്ധനായിരുന്ന അവനില്‍ യേശു അദ്ഭുതം കാണിച്ചു. അങ്ങനെ അവന്‍ വിശ്വസിച്ചു. അതുകണ്ടു മറ്റനേകരും യേശുവില്‍ വിശ്വസിച്ചു.
ബര്‍ത്തിമിയോസ് പറഞ്ഞു: ''യേശു ദേവാലയത്തില്‍ കടന്ന് അതിനുള്ളില്‍ കച്ചവടം ചെയ്തിരുന്നവരെ ചാട്ടവാറുകൊണ്ട് അടിച്ചു പുറത്താക്കി. നാണയമാറ്റക്കാരുടെ മേശകളും പ്രാവുകളെ വിറ്റിരുന്നവരുടെ ഇരിപ്പിടങ്ങളും അവന്‍ മറിച്ചിട്ടു. എന്നിട്ട് അവിടെയുണ്ടായിരുന്ന മുഖ്യപുരോഹിതന്മാരോടും വേദജ്ഞരോടും ശബ്ദമുയര്‍ത്തി പറഞ്ഞു:
''എന്റെ ആലയം പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും എന്ന് വിശുദ്ധലിഖിതത്തിലുണ്ടല്ലോ. എന്നാല്‍, നിങ്ങളതിനെ കൊള്ളക്കാരുടെ ഗുഹയാക്കിയിരിക്കുന്നു.''
''അവന്‍ ദേവാലയത്തില്‍ ജനങ്ങളെ പഠിപ്പിച്ചു. നിങ്ങള്‍ക്കറിയാമോ ഈ നഗരം മുഴുവന്‍ അവന്റെ വിജ്ഞാനത്തില്‍ വിസ്മയിച്ചിരിക്കുന്നു...''
''എന്നിട്ട് അവനെവിടെ... യേശു.''
''വൈകുന്നേരമായപ്പോഴേക്കും അവനും ശിഷ്യരും നഗരം വിട്ടുപോയി.''
''എവിടേക്ക്. എവിടേക്കാണ് അവനും കൂട്ടരും പോയത്?'' അനനിയാദ് ജിജ്ഞാസപ്പെട്ടു.
''എവിടേക്കെന്ന് അറിഞ്ഞുകൂടാ.'' ബര്‍ത്തമിയോസ് പറഞ്ഞു.
ആ രാത്രിതന്നെ അനനിയാദ് ജറുസലേം വിട്ടു. നഗരത്തിനു പുറത്ത് രാത്രി വന്യവും നിഗൂഢവും ആയിരുന്നു. ഇരുട്ടിനാല്‍ സ്‌നാനം സ്വീകരിച്ചതുപോലെ രാത്രി കറുത്തു കിടക്കുന്നു. എങ്കിലും ആകാശക്കമാനത്തില്‍ പ്രകാശപൂരിതമായ ഒരൊറ്റ നക്ഷത്രം തെളിഞ്ഞുനിന്നിരുന്നു.
''അവന്‍ എവിടേക്കാണു പോയത്. ഗലീലിയിലേക്കോ... യൂദയായിലേക്കോ... ആരോടാണു ചോദിക്കുക...? എവിടെയാണ് തിരയുക...''
യേശു അപ്പോള്‍ യോര്‍ദ്ദാന്റെ മറുകരയില്‍ യോഹന്നാനില്‍നിന്നു സ്‌നാനം സ്വീകരിച്ചിരുന്നിടത്ത് താമസിക്കുകയായിരുന്നു. യേശു അവിടെ ഉണ്ടെന്നറിഞ്ഞ മാര്‍ത്തയും മേരിയും അവന്റെയടുത്തേക്ക് ആളയച്ച് തങ്ങളുടെ സഹോദരന്‍ ലാസര്‍ രോഗിയായ വിവരം അറിയിച്ചു. ലാസര്‍ രോഗിയാണെന്നറികെ യേശു രണ്ടുദിവസംകൂടി അവിടെ പാര്‍ത്തു.
യേശു ബേഥനിയായില്‍ എത്തിയപ്പോഴേക്കും ലാസര്‍ മരിച്ചിട്ട് നാലുദിവസം കഴിഞ്ഞിരുന്നു. യേശു വരുന്ന വാര്‍ത്ത കേട്ട് മാര്‍ത്ത അവന്റെ പക്കല്‍ ചെന്നു പറഞ്ഞു:
''നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുമായിരുന്നില്ല. ദൈവത്തോട് നീ എന്തപേക്ഷിച്ചാലും ദൈവം അതു നിനക്കു തരും എന്നെനിക്കറിയാം.''
''നിന്റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.'' യേശു പറഞ്ഞു.
യേശു വന്നിട്ടുണ്ടെന്നറിഞ്ഞ മേരിയും അവന്‍ നിന്നിരുന്നിടത്തു ചെന്ന് അവന്റെ കാല്ക്കല്‍ വീണുകൊണ്ട് പറഞ്ഞു:
''കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുമായിരുന്നില്ല.''
അവളും അവളുടെ കൂടെ വന്ന യഹൂദന്മാരും കരയുന്നതുകണ്ട് യേശുവിന്റെ മനസ്സ് കലങ്ങി. അവന്‍ അസ്വസ്ഥനായി ചോദിച്ചു:
''അയാളെ എവിടെ അടക്കിയിരിക്കുന്നു?''
അവര്‍ കാണിച്ചുകൊടുത്തപ്രകാരം യേശു കല്ലറയുടെ അടുത്തു ചെന്നു. അത് ഒരു ഗുഹയായിരുന്നു. അതിനു മീതെ വച്ചിരുന്ന കല്ലു മാറ്റുവാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ മര്‍ത്ത പറഞ്ഞു:
''കര്‍ത്താവേ, ഇതിനകം ദുര്‍ഗന്ധമായിക്കാണും. മരിച്ചിട്ട് നാലു ദിവസമായല്ലോ?''
''നീ വിശ്വസിച്ചാല്‍ ദൈവത്തിന്റെ മഹത്ത്വം കാണും.'' യേശു പറഞ്ഞു.
അവന്‍ പറഞ്ഞപ്രകാരം അവര്‍ കല്ലറയുടെ മൂടി മാറ്റി. അവന്‍ ശബ്ദമുയര്‍ത്തി:
''ലാസറേ പുറത്തു വരിക.''
മരിച്ച മനുഷ്യന്‍ പുറത്തു വന്നു. അയാളുടെ കൈകാലുകള്‍ നാടകൊണ്ട് കെട്ടിയിരുന്നു. മുഖം തുണികൊണ്ടു മൂടിയിരുന്നു. യേശു പറഞ്ഞു:
''അയാളുടെ കെട്ടുകളഴിക്കുക. അയാള്‍ പോകട്ടെ.''
അവിടെയുണ്ടായിരുന്ന യഹൂദരില്‍ പലരും അതുകണ്ട് അവനില്‍ വിശ്വസിച്ചു. മറ്റു ചിലരാകട്ടെ ഫരിസേയപ്രമാണിമാരുടെ അടുത്തുചെന്ന് അവന്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി പറഞ്ഞു.
(തുടരും)

 

Login log record inserted successfully!