•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

തിരിച്ചറിയണം ഈ സനാതനസത്യത്തെ

2020 ന്റെ ആദ്യപകുതിയില്‍ കൊവിഡ് താണ്ഡവമാടുന്നതിനിടെ അമേരിക്കയിലെ ചില വന്‍നഗരങ്ങളിലെ വിജനമായ വീഥികളിലൂടെ ചാക്കുവസ്ത്രം ധരിച്ച് നഗ്നപാദനായി മാനസാന്തരം ആഹ്വാനം ചെയ്തു നടന്ന ഒരു യുവാവിനെ ഓര്‍മിക്കുന്നു. ആളാരുമാകട്ടെ, മഹാമാരിയുടെ പശ്ചാത്തലത്തിലുള്ള അദ്ദേഹത്തിന്റെ വേഷവും വാക്കുകളും അനുസ്മരിപ്പിക്കുന്ന ചില വസ്തുതകളുണ്ട്: 1) പുറപ്പാടുപുസ്തകത്തിലെ ബാധകള്‍ 2) നിനവേ നഗരത്തില്‍ മാനസാന്തരം പ്രഘോഷിച്ച യോനാ പ്രവാചകന്‍ 3) സ്‌നാപകയോഹന്നാന്‍.

1) പുറപ്പാടുപുസ്തകത്തിലെ ബാധകള്‍ 
ബാധകള്‍ എല്ലാവര്‍ക്കും  ''ബാധകമല്ലായിരുന്നു''. ഈജിപ്തുകാര്‍ക്ക് ശിക്ഷാകരമായിത്തീര്‍ന്ന ബാധകള്‍ പക്ഷേ, യഹൂദര്‍ക്ക് / ഹെബ്രായര്‍ക്ക് രക്ഷാകരമായിരുന്നു. ബാധകളുടെ ഉദ്ദേശ്യം രക്ഷ ആയിരുന്നു; ശിക്ഷ അല്ലായിരുന്നു. രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക, സാമുദായികാടിമത്തത്തില്‍നിന്നുള്ള യഹൂദരുടെ രക്ഷ. മുതലാളിത്ത, മേധാവിത്വ, ആധിപത്യ, അടിമത്തമനോഭാവത്തില്‍നിന്നുള്ള ഈജിപ്തുകാരുടെ രക്ഷ. ഈജിപ്തുകാര്‍ ശഠിച്ചു, രക്ഷ ശിക്ഷയായി ഏറ്റുവാങ്ങി. ബാധകളും മഹാമാരിയുമെല്ലാം രക്ഷാകരമാക്കണം, ശിക്ഷയാക്കരുത്.
2) നിനവേ നഗരിയിലെ യോനാ
മാനസാന്തരമാണ് യോനാ പ്രഘോഷിക്കുന്നതെങ്കിലും സര്‍വനാശമാണ് അവന്‍ പ്രതീക്ഷിക്കുന്നത്. ശിക്ഷയാണ്, രക്ഷയല്ല അവന്റെ താത്പര്യം. എന്നാല്‍, അവനെ അയച്ചവന്റെ ലക്ഷ്യം രക്ഷയാണ്, ശിക്ഷയല്ല. നിനവേക്കാര്‍ മാനസാന്തരപ്പെടുന്നു, ആസന്നമായിരുന്ന ശിക്ഷ രക്ഷയാകുന്നു.
3) സ്‌നാപകയോഹന്നാന്‍ 
ബൈബിള്‍ പ്രവാചകരില്‍ അവസാനത്തെയാളും മിശിഹായുടെ സമകാലികനുമായിരുന്ന സ്‌നാപകന്‍ തന്റെ മുന്‍ഗാമികളിലും പിന്‍ഗാമികളിലുംനിന്ന് വ്യത്യസ്തനായി, തങ്ങള്‍ക്കു മധ്യേ, തങ്ങളോടു 'കൂടെ' ഉണ്ടായിരുന്ന മിശിഹായെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പ്രഘോഷിച്ചത്. പ്രവാചകശബ്ദത്തിന്റെ പരംപൊരുളായ 'മാനസാന്തരവും തിരിച്ചുവരവും' യോഹന്നാനിലും പ്രകടമാണെങ്കിലും ഒരു തിരിച്ചുവരവിലുപരിയായി ഒരു തിരിച്ചറിവിനാണ് യോഹന്നാന്‍ ഊന്നല്‍കൊടുക്കുന്നത്: 'ഇതാ,  ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്, 'ഇവന്‍ ദൈവപുത്രനാണ്...' (യോഹ. 1:29.34.36). 'നിങ്ങള്‍ അറിയാത്ത ഒരുവന്‍ നിങ്ങളുടെ മധ്യേ നില്പുണ്ട്' (യോഹ. 1:26). അവനെ 'തിരിച്ചറിയാനും' സ്വീകരിക്കാനും അനുഗമിക്കാനുമാണ് യോഹന്നാന്‍ ആഹ്വാനം ചെയ്യുന്നത്.
തീര്‍ച്ചയായും ക്രിസ്തു രക്ഷയായി നമ്മോടു'കൂടെ'യുണ്ട്. 'യുഗാന്ത്യംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും' എന്നാണ് അവന്റെ വാഗ്ദാനം. എന്നാല്‍, നാളേറെയായി നാം അവന്റെ സാന്നിധ്യം അറിഞ്ഞും അറിയാതെയും അവഗണിക്കുകയും തമസ്‌കരിക്കുകയും ചെയ്യുന്നു. അവന്റെ മാര്‍ഗങ്ങള്‍ - സ്‌നേഹവും, ജീവനും - തിരസ്‌കരിക്കുകയും തള്ളിക്കളയുകയും അവന്റെ കര്‍മമണ്ഡലത്തില്‍നിന്നു വ്യതിചലിക്കുകയും ചെയ്യുന്നു. ഇവിടെയാണ് 'കൊവിഡ് പ്രവാചക'ന്റെ ശബ്ദം പ്രസക്തമാകുന്നത്. ആധുനികമനുഷ്യന്റെ തിന്മകളെയും ഒരു തിരിച്ചറിവിന്റെ ആവശ്യകതയെയുംകുറിച്ചാണ് കൊവിഡ് വിളിച്ചുപറയുന്നത്. സാമുദായികവും സാമൂഹികവും സാംസ്‌കാരികവുമായ അധഃപതനവും സാമ്പത്തികവും രാഷ്ട്രീയവുമായ ആക്രമണവും അടിച്ചമര്‍ത്തലും അധിനിവേശവും ആധിപത്യവും അടിമത്തവും എല്ലാം കൊവിഡ് ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭനിരോധനം, ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗരതി, ലൈംഗികാരാജകത്വം, മുതലാളിത്ത - കച്ചവടമനോഭാവങ്ങള്‍ തുടങ്ങിയവ ഇന്നിന്റെ തിന്മകളായി ഈ വൈറസ് നമ്മെ ഓര്‍മപ്പെടുത്തുന്നു. മനുഷ്യചരിത്രത്തിലെതന്നെ ആദ്യത്തെ ലോകവ്യാപകമായ ഈ മഹാമാരിയും (1720 ല്‍ ഏഷ്യയില്‍ കോളറയും, യൂറോപ്പില്‍ പ്ലേഗും, 1920 ല്‍ യൂറോപ്പില്‍ സ്പാനിഷ് ഫ്‌ളൂവും മഹാമാരിയായി നാശം വിതച്ചെങ്കിലും അവയെല്ലാം ഒരു ഭൂഖണ്ഡത്തിന്റെ ഏതാനും ചില പ്രദേശങ്ങളില്‍ മാത്രമായിരുന്നു.) അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാവ്യതിയാനങ്ങളും അതു വരുത്തുന്ന ദുരന്തങ്ങളും ബൈബിളിലെ ഒരു മുന്നറിയിപ്പിനെ ഓര്‍മിപ്പിക്കുകയാണ്: ''നിങ്ങള്‍ക്കു വസിക്കാനായി ഞാന്‍ നിങ്ങളെ എങ്ങോട്ടു നയിക്കുന്നുവോ ആ ദേശം നിങ്ങളെ തിരസ്‌കരിക്കാതിരിക്കാന്‍ നിങ്ങള്‍ എന്റെ നിയമങ്ങളും കല്പനകളും അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍'' (ലേവ്യ. 20:22). ''ഈ ദേശം നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്നവരെ പുറന്തള്ളിയതുപോലെ അതിനെ അശുദ്ധമാക്കുകവഴി നിങ്ങളെയും പുറന്തള്ളാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍'' (ലേവ്യ. 18:28). വേദപുസ്തകം സാഹിത്യസൃഷ്ടിയല്ലേ, അതു കാലഹരണപ്പെട്ടില്ലേയെന്നു വാദിക്കുമ്പോഴും കാലത്തിന്റെ അടയാളങ്ങള്‍ പക്ഷേ, വചനം സത്യമാണെന്ന് (യോഹ. 17:17, 2 സാമു. 7:28) വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇവിടെ ഒരു 'തിരിച്ചറിവാ'ണ് അനിവാര്യം.
വിവരസാങ്കേതിക-ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ നേട്ടങ്ങളായും പുരോഗമനമായും അവകാശപ്പെടാമെങ്കിലും വസ്തുനിഷ്ഠമായി നോക്കിയാല്‍, ഈ നേട്ടങ്ങള്‍ മനുഷ്യന്റെ അധോഗതിക്കല്ലേ കൂടുതല്‍ കാരണമാകുന്നത്? ആധുനികവാര്‍ത്താവിനിമയസംവിധാനങ്ങള്‍ ലോകത്തെ ഒരു ആഗോളഗ്രാമമാക്കി ബന്ധിപ്പിക്കുന്നെങ്കിലും ഇതേ സാങ്കേതികത്വം സമീപസ്ഥനെ വിദൂരസ്ഥനാക്കുന്നു. ശാസ്ത്രസാങ്കേതിക കണ്ടുപിടിത്തങ്ങള്‍ മനുഷ്യന്റെ ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുമ്പോള്‍, മറുവശത്ത് ഇവ ജൈവായുധങ്ങളായി അവതരിക്കുന്നു. ശാസ്ത്രം മനുഷ്യന് ബഹിരാകാശത്ത് വാസമൊരുക്കാനും അന്യഗ്രഹങ്ങളില്‍ ജലം അന്വേഷിക്കാനും ശ്രമിക്കുമ്പോള്‍, ദാഹജലത്തിനായി കേഴുന്നോനെയും പാര്‍പ്പിടമില്ലാതെ അലയുന്നോനെയും കണ്‍മുമ്പില്‍ നാം കാണുന്നു.
ചുരുക്കത്തില്‍, കൂട്ടിയും കിഴിച്ചും നോക്കിയാല്‍ ആധുനികമനുഷ്യന്‍ അവകാശപ്പെടുന്ന പുരോഗമനം തല്ലാനും കൊല്ലാനും നശിപ്പിക്കാനും മാത്രമായി ചുരുങ്ങുന്നില്ലേയെന്നു സംശയിക്കണം. പണ്ട് കല്ലും കവണിയും; അമ്പും വില്ലും; വാളും പരിചയും; ഗദയും കുന്തവും ഉപയോഗിച്ചു. ഇന്ന് പീരങ്കിയും മിസൈലും അണുബോംബും ഉപയോഗിക്കുന്നു. പണ്ട് ഗോത്രങ്ങള്‍ തമ്മിലും ദേശങ്ങള്‍ തമ്മിലും യുദ്ധം ചെയ്തു. ഇന്ന് ഭൂഖണ്ഡാന്തരയുദ്ധങ്ങള്‍!
ഭയപ്പെടേണ്ട, അസ്വസ്ഥരായി ധ്യാനകേന്ദ്രങ്ങളിലൂടെയോ ചാനലുകളിലൂടെയോ അലയേണ്ട. രക്ഷാമാര്‍ഗം (വചനം) നിനക്കു സമീപസ്ഥമാണ്. അതു നിന്റെ അധരത്തിലും ഹൃദയത്തിലുമുണ്ട് (നിയമ. 30:14, റോമ 10:8). 'കൂടെ' ഉള്ളവനെ തിരിച്ചറിയണം. ക്രിസ്തുവിനെ നാം നമ്മില്‍ത്തന്നെയും (അഹം ബ്രഹ്മാസ്മി) മറ്റുള്ളവരിലും (തത്ത്വമസി) 'തിരിച്ചറിയണം'. പ്രളയവും കൊടുങ്കാറ്റും മഹാമാരിയും മറ്റും സംഭവിക്കാം. എന്നാല്‍ ഓര്‍മിക്കുക: അവയെ എല്ലാം നിയന്ത്രിക്കുന്നവന്‍, രക്ഷാമാര്‍ഗമാക്കുന്നവന്‍  കൂടെയുണ്ട്. മനുഷ്യന്റെ എല്ലാ അന്വേഷണത്തിന്റെയും ആധ്യാത്മികതയുടെയും പരംപൊരുളായ ഈ സനാതനസത്യത്തെ തിരിച്ചറിയുക; കൂടെ വസിക്കുക.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)