•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

ഓണ്‍ലൈനില്‍ നഷ്ടമാകുന്ന ബാല്യങ്ങള്‍!

കൊവിഡ് മഹാമാരി ഏറ്റവും ക്രൂരമായ ആഘാതമേല്പിച്ചത് ഏതു മേഖലയിലെന്ന ചോദ്യത്തിന് ഏറ്റവും ശരിയായ ഉത്തരം കുട്ടികളുടെ പഠനത്തില്‍ എന്നായിരിക്കും. ഒരു അധ്യയനവര്‍ഷത്തെ സ്‌കൂള്‍കാലം അവര്‍ക്കു നഷ്ടപ്പെട്ടു. മറ്റൊന്നുകൂടി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു: ക്ലാസ് മുറി നല്‍കുന്ന സൗഹൃദത്തിന്റെയും പങ്കുവയ്ക്കലിന്റെയും ചലനാത്മകതയുടെയും വലിയ സാധ്യതകള്‍. ഓരോ ദിനവും പുതുപുത്തനായി അനുഭവപ്പെടുന്ന സ്‌കൂള്‍ദിനങ്ങള്‍ക്കുപകരം വീടിനകത്തെ ഇത്തിരി സ്‌ക്രീനില്‍ തെളിയുന്ന പാഠങ്ങളുടെ വിരസതയിലേക്കു കുട്ടികള്‍ എടുത്തെറിയപ്പെട്ടു. കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെയാണു കൂടുതല്‍ ബാധിച്ചേക്കുകയെന്ന മുന്നറിയിപ്പുകള്‍ക്കിടെ ക്ലാസ് മുറിയിലേക്കുള്ള തിരിച്ചുപോക്കിനെക്കുറിച്ചു ചിന്തിക്കാന്‍ ഒരിക്കലും സര്‍ക്കാര്‍ തയ്യാറാകില്ല.
സമ്പര്‍ക്കക്ലാസിനു പകരമാകാത്ത 
ഡിജിറ്റല്‍ ക്ലാസുകള്‍
ഈ സാഹചര്യത്തെ മറികടക്കാനുള്ള ശ്രമമാണ് ഡിജിറ്റല്‍ ക്ലാസുകളിലൂടെ നടത്തുന്നത്. അത് ഒരിക്കലും സമ്പര്‍ക്കക്ലാസിനു പകരമല്ല. അതുകൊണ്ട് ഡിജിറ്റല്‍ക്ലാസുകളുടെ ഒരു വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ സമഗ്രമായ പഠനം നടത്തി ഏറ്റവും അനുയോജ്യമായ രീതിയിലേക്ക് ഈ സംവിധാനത്തെ പരിവര്‍ത്തിപ്പിക്കേണ്ടിയിരിക്കുന്നു. കുഞ്ഞുങ്ങളില്‍ എന്തൊക്കെ ആഘാതങ്ങളാണ് ഇത്തരം ക്ലാസുകള്‍ ഉണ്ടാക്കുന്നതെന്ന് ആഴത്തില്‍ പഠിക്കണം. ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ എത്രകണ്ട് ആകര്‍ഷകമാക്കിയാലും കുട്ടികള്‍ക്ക് അത് ആസ്വാദ്യമാകുന്നില്ലെന്നത് വസ്തുതയാണ്. അത് ക്ലാസ് കൈകാര്യം ചെയ്യുന്ന അധ്യാപകന്റെയോ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്ന വിദഗ്ധരുടെയോ കുഴപ്പമല്ല. ഈ സംവിധാനത്തിന്റെതന്നെ കുഴപ്പമാണ്. 
നഷ്ടമാകുന്ന സൗഹൃദക്കൂട്ടായ്മകള്‍
ചെറിയ കുട്ടികളെക്കാള്‍ ഹയര്‍ സെക്കന്‍ഡറി, സെക്കന്‍ഡറി ക്ലാസുകളിലുള്ളവര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഇവരും ഈ സമ്പ്രദായത്തോടു വലിയ താത്പര്യം കാണിക്കുന്നില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ക്ലാസുകളുടെ കൃത്യതയോ മേന്മയോ അല്ല പ്രശ്‌നം. അധ്യാപകരുമായി നേരിട്ടുള്ള ബന്ധം, സഹപാഠികളുമായുള്ള കൂട്ട്, വീടിനു പുറത്തുള്ള പഠനാന്തരീക്ഷം ഇവയെല്ലാം കുട്ടികള്‍ കൊതിക്കുന്നു.
ആശ്വാസകരമായ മുന്നേറ്റം
ഡിജിറ്റല്‍ ഡിവൈസിന്റെ പ്രശ്നം ഇപ്പോഴും പൂര്‍ണമായി പരിഹരിച്ചിട്ടില്ല. കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റ് സൗകര്യവുമില്ലാത്തവര്‍, വൈദ്യുതി കണക്ഷന്‍ പോലുമില്ലാത്തവര്‍ ഇന്നും ഏറെയുണ്ട്. ആദ്യ ഘട്ടത്തെക്കാള്‍ ഈ പ്രശ്നത്തെ മറികടക്കാന്‍ സാധിച്ചിട്ടുണ്ടെന്നത് ആശ്വാസകരമാണ്.
ശാരീരിക - മാനസികപ്രശ്‌നങ്ങള്‍
ഡിജിറ്റല്‍ ക്ലാസുകളുടെ ദൈര്‍ഘ്യം ഒരു പ്രശ്നമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സി ബി എസ് ഇ, ഐസി എസ്ഇ വിദ്യാലയങ്ങളില്‍ ഒരു ദിവസം മൂന്നുമുതല്‍ അഞ്ചുവരെ മണിക്കൂര്‍ നീളുന്ന ഡിജിറ്റല്‍ ക്ലാസുകളാണ് നടന്നുവരുന്നത്. ഇതു കൂടാതെ, രണ്ടുമുതല്‍ മൂന്നു വരെ മണിക്കൂര്‍ നീളുന്ന ഡിജിറ്റല്‍ സ്വകാര്യ ട്യൂഷനുമുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ദൈര്‍ഘ്യം രണ്ടുമുതല്‍ മൂന്നുവരെ മണിക്കൂര്‍ മാത്രമാണ്. ദീര്‍ഘനേരം സ്‌ക്രീനില്‍ നോക്കിയിരിക്കുന്നത് കുട്ടികളില്‍ കണ്ണുവേദന, കഴുത്തുവേദന, തലവേദന, മുതുകുവേദന, പൊണ്ണത്തടി തുടങ്ങിയ ശാരീരികപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മാനസികപ്രശ്നങ്ങള്‍ നിരവധിയുണ്ട്. ഉത്കണ്ഠ, ശ്രദ്ധക്കുറവ്, ഉറക്കക്കുറവ്, വികൃതി, ദേഷ്യം, സ്വഭാവപ്രശ്നങ്ങള്‍, ആത്മവിശ്വാസക്കുറവ് എന്നിവ വളരെ പ്രധാനമാണെന്ന് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയിലെ ശിശുരോഗവിഭാഗം അഡീഷനല്‍ പ്രൊഫസറും ചൈല്‍ഡ് സൈക്യാട്രിസ്റ്റുമായ ഡോ. ജയപ്രകാശ് നിരീക്ഷിക്കുന്നു.
നിയന്ത്രണങ്ങളിലെ നിസ്സഹായത
സ്‌ക്രീന്‍ അഡിക്ഷനാണ് ഡിജിറ്റല്‍ ക്ലാസുകള്‍ സൃഷ്ടിക്കാനിടയുള്ള ഏറ്റവും ഗുരുതരമായ പ്രശ്‌നം. കുട്ടികള്‍ മൊബൈല്‍ ഫോണില്‍ മാത്രമായി അകപ്പെടുന്ന അവസ്ഥയാണത്. മിണ്ടാട്ടം നിലയ്ക്കും. ഫോണ്‍ വാങ്ങിവയ്ക്കാന്‍ ശ്രമിച്ചാല്‍ അക്രമകാരിയാകും. ക്ലാസ് കഴിഞ്ഞാലും ഫോണില്‍ത്തന്നെ തുടരും. ക്ലാസില്‍ ശ്രദ്ധിക്കാന്‍ സാധിക്കാതെവരും. വിനോദസൈറ്റുകളിലൂടെ സഞ്ചരിക്കുകയാണ് ചെയ്യുക. ചിലപ്പോള്‍ അത് അശ്ലീലസൈറ്റുകളിലേക്കും എത്തും. ഇതു കണ്ടുപിടിക്കാന്‍ വശമില്ലാത്ത രക്ഷിതാക്കള്‍ ഒരുവശത്ത്. കണ്ടുപിടിച്ചാല്‍ത്തന്നെ നിയന്ത്രിക്കാന്‍ സാധിക്കാതെ നിസ്സഹായരാകുന്നവര്‍ മറുവശത്ത്. ഡിജിറ്റല്‍ അപകടങ്ങളില്‍ പെടുന്നതും വിരളമല്ല.
ധാര്‍മികമൂല്യങ്ങള്‍ കുഞ്ഞുങ്ങളിലേക്കു പ്രസരിപ്പിക്കണം
ഏതായാലും, വിക്‌ടേഴ്‌സ് ചാനല്‍വഴി നല്‍കിവന്ന കേന്ദ്രീകൃത ക്ലാസുകളോടൊപ്പം കുട്ടികളുടെ സ്വന്തം അധ്യാപകര്‍ നയിക്കുന്ന സെഷനുകള്‍ തുടങ്ങിയത് ശരിയായ ചുവടുവയ്പ്പാണ്. സ്‌ക്രീന്‍ അഡിക്ഷനെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം. ഇതിനായി വിദഗ്ധരുടെ ക്ലാസുകള്‍ കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പങ്കെടുപ്പിച്ച് സംഘടിപ്പിക്കേണ്ടതാണ്. ഫോണ്‍ ഉപയോഗത്തില്‍ മാതാപിതാക്കളും വീട്ടിലെ മറ്റു മുതിര്‍ന്നവരും കുട്ടികള്‍ക്ക് മാതൃകയാകണമെന്നതാണ് ഏറ്റവും പ്രധാനം. ഓരോ പ്രതിസന്ധിയെയും തരണം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നത് കുടുംബത്തില്‍നിന്നുള്ള പാഠങ്ങളാണല്ലോ. ഇക്കാര്യത്തിലും ഓരോ കുടുംബവും ധാര്‍മികമൂല്യങ്ങള്‍ കുഞ്ഞുങ്ങളിലേക്കു പ്രസരിപ്പിക്കണം. നമ്മുടെ പെരുമാറ്റച്ചട്ടം നമ്മള്‍തന്നെയുണ്ടാക്കണം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)