ഗവണ്‍മെന്റ് സ്‌കൂളില്‍ ചെറിയ ക്ലാസ്സില്‍ പഠിക്കുന്ന സമയം. ഒരധ്യാപകന്‍ വിളിച്ചുപഠിപ്പിച്ച മുദ്രാവാക്യമാണിത്. ആവേശത്തോടെ ഞങ്ങളതേറ്റു ചൊല്ലും:
''ഒരു മരവും മരമല്ല.
ഓരോ മരവും കാടാണ്.
കാടില്ലെങ്കില്‍ നാടില്ല.
നാടില്ലെങ്കില്‍ നാമില്ല.''
അന്നതിന്റെ അര്‍ത്ഥമൊന്നുമറിയില്ല. നല്ല സ്വരത്തില്‍ താളത്തില്‍ ചൊല്ലുമ്പോള്‍ ഒരു രസമുണ്ട്. അത്രതന്നെ! പിന്നീടതിന്റെ അര്‍ത്ഥം ശരിക്കും ഹൃദയത്തിനുള്ളിലായത്, പീച്ചി വനഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗവേഷണത്തിനായി ചേര്‍ന്നതിനുശേഷമാണ്. കേരളത്തിലെ ഒട്ടുമിക്ക വനാന്തരങ്ങളിലൂടെയുമുള്ള യാത്രകളില്‍ ഓരോ മരവും ഒരു കാടായി അനുഭവപ്പെട്ടു. 'നാടു നാടായ് നില്‍ക്കണമെങ്കിലോ കാടു വളര്‍ത്തുവിന്‍ നാട്ടാരേ' എന്ന കവിതാശകലത്തിന്റെ പൊരുളും മനസ്സിലായതപ്പോഴാണ്. വെളിപാടുകളുടെ ഒരിടമാണ് കാട് എന്ന് എപ്പോഴും തോന്നാറുണ്ട്. ബിരുദാനന്തരബിരുദംവരെയുള്ള പഠനപ്രക്രിയയില്‍ ക്ലാസ്മുറികളില്‍ നിന്നു കിട്ടാത്ത എത്രയോ അറിവുകള്‍ സൗമ്യമായി, ശാന്തമായി പകര്‍ന്നുതന്ന സര്‍വകലാശാല. വിസ്മയങ്ങളവസാനിക്കാത്ത പ്രകൃതിയുടെ പാഠപുസ്തകം. അന്നും ഇന്നും മരമെനിക്ക് ഒരദ്ഭുതമാണ്... ആനന്ദമാണ്... മരങ്ങളവസാനിക്കുന്നിടത്ത് മരണത്തിന്റെ ഗന്ധമുണ്ട്.
ഒരു മരവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 30 ജീവിവര്‍ഗങ്ങളെങ്കിലുമുണ്ട് എന്നാണ് ശാസ്ത്രനിരീക്ഷണറിപ്പോര്‍ട്ട്. എന്നു പറഞ്ഞാല്‍, മുപ്പതിലധികം ജീവിവര്‍ഗങ്ങളുടെ ആവാസവ്യവസ്ഥയാണ് ഓരോ മരവും. മരത്തിന്റെ പോടുകളിലും വേരുകള്‍ക്കിടയിലും കാണുന്ന സൂക്ഷ്മജീവികളും ചെറിയ കീടങ്ങളും ഉറുമ്പുകളും ചിലന്തികളുമൊക്കെയായി എത്രയെത്ര ജീവികള്‍! ഓരോ മരത്തിന്റെയും തണലില്‍ വളരുന്ന സസ്യങ്ങള്‍, മരത്തില്‍ ചുറ്റിപ്പിടിച്ചുവളരുന്ന വള്ളിച്ചെടികള്‍, പറ്റിപ്പിടിച്ചു വളരുന്ന ഓര്‍ക്കിഡുകള്‍, പന്നലുകള്‍, ഫേണുകള്‍, മോസുകള്‍, ലൈക്കനുകള്‍ തുടങ്ങിയുള്ള സസ്യജീവിവൈവിധ്യങ്ങള്‍! മരത്തിന്റെ ചില്ലകളില്‍ കൂടൊരുക്കുന്ന പക്ഷികള്‍, തേന്‍ നുകരാനെത്തുന്ന ശലഭങ്ങള്‍, ഫലങ്ങള്‍ ആസ്വദിക്കാനെത്തുന്ന മറ്റു പക്ഷികള്‍, വവ്വാലുകള്‍, അണ്ണാറക്കണ്ണന്മാര്‍, കുരങ്ങുകള്‍ തുടങ്ങി അനവധി ജീവിവര്‍ഗങ്ങളുടെ ഗൃഹമായി ഒരു മരം മാറുമ്പോള്‍ ഓരോ മരവും ഒരു കാടല്ലാതെ മറ്റെന്താണ്?
അതുകൊണ്ടാണ് നമ്മുടെ പൂര്‍വികര്‍ ഒരു മരം മുറിക്കുമ്പോള്‍, അതിനുമുമ്പ് അതില്‍ വസിക്കുന്ന പക്ഷികളടക്കമുള്ള ജീവിവര്‍ഗങ്ങളോട് അനുവാദം ചോദിച്ച്, ക്ഷമ യാചിച്ച് മരം മുറിക്കുന്ന സംസ്‌കാരം പിന്തുടര്‍ന്നിരുന്നത്. ഇന്ന് ഓരോ മിനിറ്റിലും 60,000 മരങ്ങള്‍ ഭൂമിയില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ് എന്ന കണക്ക് നമ്മെ ഞെട്ടിപ്പിക്കുന്നു. തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഡാമില്‍ ബോട്ടില്‍ സവാരി നടത്തുമ്പോള്‍ കാണുന്ന ഒരു കാഴ്ചയുണ്ട്. വെള്ളത്തിനുമേല്‍ ഉയര്‍ന്നുനില്ക്കുന്ന കറുത്തുണങ്ങിയ മരക്കുറ്റികള്‍! അവ നിശ്ശബ്ദമായി നമ്മോടു വിളിച്ചുപറയുന്ന ഒരു സത്യമുണ്ട്: ''ഇവിടൊരു കാടുണ്ടായിരുന്നു...'' വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പരാജയപ്പെട്ട അതിജീവനത്തിന്റെ സ്മാരകശിലകളായി വിറകുകൊള്ളികള്‍ കണക്കേ ഉയര്‍ന്നുനില്ക്കുന്ന മരമുത്തശ്ശിമാരുടെ അസ്ഥിപഞ്ജരങ്ങള്‍ക്ക് ആദരാഞ്ജലികള്‍. മതികെട്ടാനും 'മുട്ടിലു' മൊക്കെ ഓരോ കാലത്തും നിര്‍ബാധം തുടരുമ്പോള്‍, കുഞ്ഞുണ്ണിമാഷിന്റെ വാക്കുകള്‍ ഓര്‍മയില്‍ കനലായെരിയുന്നു:
മഴുകൊണ്ടുണ്ടായൊരു നാടിത്
മഴുകൊണ്ടില്ലാതാകുന്നു.