•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

യൂറോപ്പ് കീഴടക്കി അസ്സൂറിപ്പട

ലോകഫുട്‌ബോളിന്റെ തറവാടായ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ആവേശോജ്ജ്വല ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ഇറ്റലി തങ്ങളുടെ രണ്ടാമത്തെ യൂറോപ്യന്‍കിരീടം ഉയര്‍ത്തിയത്. 2006 ലോകകപ്പ് കിരീടനേട്ടത്തിനുശേഷം ഇറ്റലി നേടുന്ന ഒരു പ്രധാന അന്താരാഷ്ട്രകിരീടമാണ് യൂറോ 2020. ഇതിനുമുമ്പ് 1968 ലാണ് ഇറ്റലി യൂറോ ചാമ്പ്യന്മാരായത്. 2000 ലും 2012 ലും യൂറോകപ്പിന്റെ ഫൈനലില്‍ കടന്നെങ്കിലും ഫ്രാന്‍സിനോടും സ്‌പെയിനോടും പരാജയപ്പെടാനായിരുന്നു വിധി. 2018 ലെ റഷ്യന്‍ ലോകകപ്പിനു യോഗ്യതപോലും നേടാന്‍ സാധിക്കാതിരുന്ന ഇറ്റലിയുടെ ഉജ്ജ്വലതിരിച്ചുവരവാണ് റോബര്‍ട്ടോ മാഞ്ചീനി എന്ന തന്ത്രജ്ഞനായ പരിശീലകന്റെ കീഴില്‍ കണ്ടത്. 1988 യൂറോകപ്പിലും 1990 ലോകകപ്പിലും ഇറ്റലിയുടെ കുപ്പായത്തില്‍ കളത്തിലിറങ്ങിയ താരമാണു മാഞ്ചീനി. ഇറ്റലിയുടെ തുടര്‍ച്ചയായി 34 മത്സരങ്ങളില്‍  പരാജയമറിയാതെയുള്ള കുതിപ്പാണ് ഇന്നു യൂറോകപ്പ് വിജയത്തില്‍ എത്തിനില്‍ക്കുന്നത്. ഗോള്‍വല കാത്ത യുവതാരം ജിയാന്‍ല്യൂജി ഡോന്നാരുമ്മ, വെറ്ററന്‍ പ്രതിരോധതാരങ്ങളായ കില്ലെനിയും ബനൂച്ചിയും മധ്യനിരതാരം ജോര്‍ജിനോയും മുന്നേറ്റനിരയുടെ കുന്തമുന ഫെഡറിക്കോ കിയേസയും എല്ലാം കളം നിറഞ്ഞുകളിച്ചപ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും സന്തുലിതമായ ടീമായി ഇറ്റലി.
55 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഫുട്‌ബോള്‍ ഭ്രാന്തന്മാരുടെ നാടായ ഇംഗ്ലണ്ട് ഒരു ഫൈനലില്‍ കളിക്കാന്‍ യോഗ്യത നേടുന്നത്. 1966 ല്‍ ഫുട്‌ബോള്‍ ലോകകപ്പ് നേടിയതിനുശേഷം കിരീടനേട്ടങ്ങള്‍ ഒന്നുമില്ലാതിരുന്ന ഇംഗ്ലണ്ട് തങ്ങളുടെ കന്നി യൂറോകിരീടം തേടിയാണ് ലോകത്തിലെതന്നെ ഏറ്റവും പ്രശസ്തവും പുരാതനമായ ഫുട്‌ബോള്‍ മൈതാനമായ വെംബ്ലിയില്‍ ഇറങ്ങിയത്. ആതിഥേയരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി കളിയുടെ രണ്ടാം മിനുട്ടില്‍ ഇറ്റലിയെ ഞെട്ടിച്ചുകൊണ്ട് ഇംഗ്ലണ്ടിനുവേണ്ടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ലൂക്ഷാ ഒരു മിന്നല്‍ ഹാഫ് വോളിയിലൂടെ പന്ത് വലയിലെത്തിച്ചു. 
യൂറോകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോള്‍ ആയിരുന്നു ഇത്. ഈ ഗോളിന്റെ ആഘാതത്തില്‍നിന്നു മുക്തരാവാന്‍ ഇറ്റലി നന്നേ വിയര്‍പ്പൊഴുക്കി. ആദ്യപകുതിയുടെ 20 മിനിട്ടുകള്‍ക്കു ശേഷം ഇറ്റലി പതിയെ കളിയില്‍ പിടിമുറുക്കാന്‍ തുടങ്ങി. ഇറ്റലിയുടെ യുവന്റസ് താരം ഫെഡറിക്കോ കിയേസ കളിയിലുടനീളം ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡിനെ പരീക്ഷിച്ചുകൊണ്ടിരുന്നു. രണ്ടാം പകുതിയില്‍ കളിയുടെ പൂര്‍ണനിയന്ത്രണം ഇറ്റലിയുടെ കയ്യിലായിരുന്നു. എല്ലാ മേഖലയിലും അവര്‍ ആതിഥേയരെ കടത്തിവെട്ടി. എങ്കിലും ഇംഗ്ലണ്ടിന്റെ പ്രതിരോധപ്പൂട്ടു പൊളിക്കാന്‍ 67-ാമത്തെ മിനിറ്റു വരെ കാത്തിരിക്കേണ്ടിവന്നു ഇറ്റലിക്ക്. കോര്‍ണര്‍ കിക്കിനെത്തുടര്‍ന്ന് ഇംഗ്ലണ്ട് ബോക്‌സിനുള്ളില്‍  ഉണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പന്ത് ഇംഗ്ലണ്ട് വലയിലെത്തിച്ചു ഇറ്റലിയുടെ മുതിര്‍ന്ന പ്രതിരോധനിരതാരം ലിയാണോര്‍ഡോ ബനൂച്ചി വിലപ്പെട്ട സമനിലഗോള്‍ നല്‍കി. തുടര്‍ന്ന് കളി ഇറ്റലിയുടെയും പരിശീലകന്‍ മാഞ്ചീനിയുടെയും നിയന്ത്രണത്തിലായിരുന്നുവെങ്കിലും ഗോള്‍നേടാന്‍ മാത്രം കഴിഞ്ഞില്ല. മുഴുവന്‍ സമയത്തും എക്‌സ്ട്രാടൈമിലും ഇരുടീമുകളും സമനില പാലിച്ചു. തുടര്‍ന്ന് അനിവാര്യമായ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2 ന് ആതിഥേയരെ കീഴടക്കിയാണ് ഇറ്റലിയുടെ കിരീടനേട്ടം. ഇംഗ്ലണ്ടിന്റെ മാര്‍ക്കസ് റാഷ് ഫോര്‍ഡ് കിക്ക് പോസ്റ്റില്‍ അടിച്ചപ്പോള്‍ ജയ്‌ഡോണ്‍ സാഞ്ചോയുടെയും ബുക്കയോ സക്കയുടെയും കിക്കുകള്‍ രക്ഷിച്ചു. ഇറ്റലിയുടെ ഗോള്‍കീപ്പര്‍ ജിയാന്‍ ല്യൂജി ഡോന്നാരുമ്മ കിരീടവിജയത്തില്‍ നിര്‍ണായകമായ പങ്കു വഹിച്ചു. ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ ജിയാന്‍ല്യൂജി ഡോന്നാരുമ്മ ഫൈനലിലും ആ മികവു തുടര്‍ന്നു. അതിനുള്ള അംഗീകാരമാണ് മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ബോള്‍ അദ്ദേഹത്തെ തേടിയെത്തിയത്. ടോപ് സ്‌കോറര്‍ക്കുള്ള സുവര്‍ണപാദുകം പോര്‍ച്ചുഗല്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും യുവതാരത്തിനുള്ള പുരസ്‌കാരം സ്പാനിഷ് മധ്യനിരതാരം പെഡ്രി ഗോണ്‍സാലെസും നേടി.
സെമിഫൈനലില്‍ തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടമാണ് വെംബ്ലിയില്‍ കണ്ടത്. ഇറ്റലിയും സ്‌പെയിനും തമ്മില്‍ കലാശപ്പോരാട്ടത്തിനുള്ള അര്‍ഹതയ്ക്കായി ഇഞ്ചോടിഞ്ചു പോരാട്ടമാണു നടന്നത്. ഫ്രെഡറിക്കോ കിയെസയുടെ തകര്‍പ്പന്‍ഗോളില്‍ അറുപതാം മിനുട്ടില്‍ ഇറ്റലി ലീഡ് എടുത്തെങ്കിലും പകരക്കാരനായി വന്ന ആല്‍വിറോ മൊറാട്ടയുടെ ഗോളില്‍ എണ്‍പതാം മിനിട്ടില്‍ സ്‌പെയിന്‍ സമനില നേടി. നിശ്ചിതസമയത്തും അധികസമയത്തും തുല്യത പാലിച്ച മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലിയുടെ മനുവേല്‍ ലോക്കറ്റിലിയുടെ ആദ്യ കിക്ക് സ്‌പെയിന്‍ ഗോള്‍ കീപ്പര്‍ ഉനായ് സിമോണ്‍ രക്ഷപ്പെടുത്തിയെങ്കിലും ഡാനി ഓള്‍മോയും അല്‍വിറോ മൊറാട്ടയും അവസരങ്ങള്‍ പാഴാക്കിയതോടെ സ്‌പെയിന് 2-4 ന് പരാജയം സമ്മതിക്കേണ്ടിവന്നു. സ്‌പെയിനിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടൂര്‍ണമെന്റിന്റെ സെമിയില്‍ പരാജയപ്പെട്ടു പുറത്താവുന്നത്. ഇതിനുമുമ്പുള്ള അഞ്ചു സെമിഫൈനലുകളിലും വിജയം സ്പാനിഷ് ടീമിനൊപ്പമായിരുന്നു.
വെംബ്ലിയില്‍ അറുപതിനായിരത്തോളം കാണികളെ സാക്ഷിയാക്കി എക്‌സ്ട്രാടൈമില്‍ ഹാരി കെയ്ന്‍ നേടിയ പെനാല്‍റ്റി ഗോളില്‍ ഡാനിഷ് പടയെ മറികടന്നാണ് ഇംഗ്ലീഷ് ടീം കലാശപ്പോരാട്ടത്തിനെത്തിയത്. രണ്ടാം സെമിയില്‍ മുപ്പതാമത്തെ മിനിട്ടില്‍ ഒരുഗ്രന്‍ ഫ്രീകിക്ക് ഗോളില്‍ ഡെന്‍മാര്‍ക്ക് ലീഡ് എടുത്തെങ്കിലും ഒമ്പതു മിനിറ്റുകള്‍ക്കുള്ളില്‍ ഒരു സെല്‍ഫ് ഗോളിലൂടെ സമനില കണ്ടെത്താനായി ഇംഗ്ലീഷ് ടീമിന്. 2020 യൂറോകപ്പില്‍ ഇംഗ്ലണ്ട് വഴങ്ങിയ ആദ്യഗോളായിരുന്നു മൈക്കല്‍ ഡാംസഗാര്‍ഡ് നേടിയ മഴവില്‍ അഴകുള്ള ആ ഫ്രീകിക്ക് ഗോള്‍. ഹാരി കെയ്‌ന്റെയും റഹീം സ്റ്റെര്‍ലിങ്ങിന്റെയും ആക്രമണങ്ങളുടെ മുന്നില്‍ നെഞ്ചു വിരിച്ചുനിന്ന് ഗോള്‍കീപ്പര്‍ കാസ്‌പെര്‍സ്‌ക് മെയ്ക്കല്‍ പലപ്പോഴും ഡാനിഷ് ടീമിന്റെ രക്ഷകനായി.
ഈ ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പോരാട്ടം കാഴ്ചവച്ച ടീമാണ് ഡെന്മാര്‍ക്ക്. ഫിന്‍ലന്റിനെതിരേ ആദ്യമത്സരത്തില്‍ ഡെന്മാര്‍ക്കിന്റെ പ്രധാന താരം ക്രിസ്ത്യന്‍ എറിക്‌സണ്‍ കാര്‍ഡിയാക് അറസ്റ്റ്മൂലം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണത് കളിക്കാരെയും ഫുട്‌ബോള്‍ ആരാധകരയെയും ആശങ്കയിലാക്കി. എറിക്‌സണിന്റെ ആരോഗ്യനിലയെപ്പറ്റി അറിയിപ്പു കിട്ടിയശേഷമാണ് നിര്‍ത്തിവച്ച മത്സരം പുനരാരംഭിച്ചത്. തങ്ങളുടെ പ്രധാന താരത്തെ നഷ്ടപ്പെട്ടിട്ടും ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ രണ്ടു മത്സരങ്ങളിലും തോല്‍വി വഴങ്ങിയിട്ടും പിന്നീടുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത് സെമിഫൈനല്‍വരെ എത്തി ഫുട്‌ബോള്‍ ആരാധകരുടെ മനം കീഴടക്കി തലയുയര്‍ത്തിപ്പിടിച്ചാണ് ഡാനിഷ് പോരാളികള്‍ മടങ്ങിയത്.
2020 യൂറോ കപ്പിന്റെ ആദ്യറൗണ്ട് മത്സരങ്ങള്‍ വലിയ അട്ടിമറികള്‍ ഒന്നുംതന്നെയില്ലാതെ കടന്നുപോയി. പ്രതീക്ഷിച്ച ടീമുകള്‍തന്നെ പ്രീക്വാര്‍ട്ടറില്‍ എത്തുകയുംചെയ്തു. ടൂര്‍ണമെന്റിലെ മരണഗ്രൂപ് ആയി അറിയപ്പെട്ട ഗ്രൂപ്പ് എഫില്‍നിന്നു നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാന്‍സും 2014 ലെ ലോകചാമ്പ്യന്മാരായ ജര്‍മനിയും നിലവിലെ യൂറോചാമ്പ്യന്മാരായ പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറിലെത്തി. മരണഗ്രൂപ്പില്‍നിന്നു പുറത്തായ ഹംഗറിയാവട്ടെ ഫ്രാന്‍സിനെയും ജര്‍മനിയെയും സമനിലയില്‍ തളയ്ക്കുകയും പോര്‍ച്ചുഗലിനെതിരേ എണ്‍പത്തിമൂന്നാം മിനിറ്റുവരെ ഗോള്‍ വഴങ്ങാതെ പൊരുതുകയും ചെയ്താണു മടങ്ങിയത്. മരണഗ്രൂപ്പില്‍നിന്നു പൊരുതി പ്രീക്വാര്‍ട്ടറില്‍ എത്തിയ മൂന്നു ടീമുകള്‍ക്കും ക്വാര്‍ട്ടര്‍ കാണാതെ പുറത്താവാനായിരുന്നു വിധി. ആദ്യം 2016 യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ ബെല്‍ജിയത്തോടു തോര്‍ഗന്‍ ഹസാര്‍ഡ് നേടിയ ഏകഗോളിനു കീഴടങ്ങി. ഫ്രാന്‍സാവട്ടെ സ്വിറ്റ്‌സര്‍ലണ്ടിനെതിരേ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു മുന്നിട്ടുനിന്നശേഷം സമനില വഴങ്ങി  പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയം സമ്മതിക്കുകയായിരുന്നു. നിര്‍ണായകമായ പെനാല്‍റ്റി കിക്ക് പാഴാക്കിയതാവട്ടെ അവരുടെ സൂപ്പര്‍താരം കിലിയന്‍ എംബപ്പേയും. ജര്‍മനി, ഇംഗ്ലണ്ടിനെതിരേ രണ്ടാം പകുതിയില്‍ വഴങ്ങിയ രണ്ടു ഗോളുകള്‍ക്ക് തോല്‍വി സമ്മതിക്കുകയായിരുന്നു.
സെല്‍ഫ് ഗോളുകള്‍ക്കു പേരുകേട്ട ഒരു യൂറോ കപ്പാണ് കടന്നുപോയത്. സാധാരണയായി പറഞ്ഞു കേള്‍ക്കുന്ന പോരായ്മകള്‍ ഇത്തവണ ഉണ്ടായില്ല. ടൂര്‍ണമെന്റിന് ഉപയോഗിച്ച പന്തും റഫറിയിങ്ങിലെ പിഴവുകളും വിവാദങ്ങളില്‍നിന്ന് അകന്നുനിന്നപ്പോള്‍ കളം പിടിച്ചത് സെല്‍ഫ് ഗോളുകളായിരുന്നു. 2020 യൂറോകപ്പില്‍ വീണ 11 സെല്‍ഫ് ഗോളുകള്‍ യൂറോകപ്പിന്റെ മുഴുവന്‍ ചരിത്രം എടുത്താല്‍ ഉണ്ടായതിനെക്കാള്‍ വളരെക്കൂടുതലാണ്. ജര്‍മനിക്കെതിരായ മത്സരത്തില്‍ രണ്ടു സെല്‍ഫ് ഗോളുകള്‍ വഴങ്ങിയ പോര്‍ച്ചുഗലാണ് സെല്‍ഫ് ഗോളുകളുടെ കയ്പ്പ് നന്നായി അറിഞ്ഞത്. ഇതുവരെ നടന്ന യൂറോകപ്പുകളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്നത് ഇത്തവണ ആയിരുന്നു. ആദ്യമായി 11 രാജ്യങ്ങള്‍ ചേര്‍ന്ന് ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റില്‍ 142 ഗോളുകള്‍ പിറന്നു. ഗ്രൂപ്പ് സ്റ്റേജില്‍ മൂന്നു മത്സരങ്ങളില്‍നിന്ന് അഞ്ചു ഗോള്‍ നേടി അന്താരാഷ്ട്ര ഫുട്‌ബോളില്‍ എക്കാലത്തെയും ടോപ്‌സ്‌കോറര്‍ പട്ടികയില്‍ മുന്‍ ഇറാന്‍ താരം അലിദായിയുടെ ലോക റെക്കോര്‍ഡിനൊപ്പമെത്തിയ റൊണാള്‍ഡോയ്ക്ക് പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനെതിരേ ഗോള്‍ നേടി മുന്നോട്ടു നയിക്കാന്‍ കഴിഞ്ഞില്ല. മത്സരത്തില്‍ നിരവധി അവസരങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചെങ്കിലും ജോട്ടയും, ജാവോ ഫെലിക്‌സും അതൊക്കെ പാഴാക്കുന്നത് നോക്കിനില്‍ക്കാനേ റൊണാള്‍ഡോയ്ക്കു സാധിച്ചുള്ളൂ. യൂറോകപ്പ് നിലനിര്‍ത്താനായില്ലെങ്കിലും യൂറോയില്‍ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ പട്ടികയില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം മിഷേല്‍ പ്ലാറ്റിനിയെ മറികടക്കുകയും 2020 യൂറോയിലെ ടോപ് സ്‌കോറര്‍ക്കുള്ള സുവര്‍ണപാദുകവും ഒരുപിടി റെക്കോര്‍ഡുകളും നേടുകയും ചെയ്താണ് റൊണാള്‍ഡോ മടങ്ങിയത്. അഞ്ചു യൂറോ ചാമ്പ്യന്‍ഷിപ്പുകളില്‍ കളിക്കുകയും ഗോള്‍ നേടുകയും ചെയ്ത ഏകതാരമാണ് ലോകഫുട്ബാളിലെ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.  
കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും ആവേശം അണുവിട ചോരാതെ പതിവിനു വിപരീതമായി പതിനൊന്നു രാജ്യങ്ങളിലായി ഈ കായികവിരുന്ന് സംഘടിപ്പിച്ച യൂറോപ്യന്‍ ഫുട്‌ബോള്‍ അധികൃതരെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. കൊറോണയുടെ മുന്നില്‍ പകച്ചുനില്‍ക്കാതെ തങ്ങളുടെ രാജ്യത്തിനായി പൊരുതിയ കളിക്കാരാണ് യൂറോ 2020 ലെ യഥാര്‍ത്ഥ വിജയികള്‍.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)