•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

സഹനവഴിയിലെ സാന്ത്വനസ്പര്‍ശം

''എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു! (എന്നെ സഹായിക്കാതെയും, എന്റെ രോദനം കേള്‍ക്കാതെയും അകന്നു നില്‍ക്കുന്നതെന്തുകൊണ്ട്?)'' (സങ്കീ. 22:1).

ക്രിസ്തുനാഥന്‍ കുരിശിലുയര്‍ത്തിയ ഈ പ്രാര്‍ത്ഥനയ്ക്ക് മുമ്പൊരിക്കലും തോന്നാത്തവിധം അവഗാഹമായ അര്‍ത്ഥം ഘനീഭവിച്ചിരിക്കുന്നതായി തോന്നുന്ന ഒരു കാലഘട്ടത്തിലൂടെയാണല്ലോ നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. മനുഷ്യരാശിയുടെ ഉദ്ഭവംമുതല്‍ ഇന്നുവരെ ഉയര്‍ന്നിട്ടുള്ള ചോദ്യമാണ് - എന്തുകൊണ്ട്? എന്തുകൊണ്ടാണിങ്ങനെയൊക്കെ സംഭവിക്കുന്നത്, ദൈവം ഇതൊന്നും കാണാത്തതെന്തുകൊണ്ട്, എന്തുകൊണ്ടാണിതൊന്നും അവസാനിക്കാത്തത്... ഇങ്ങനെ നീളുന്നു ചോദ്യശരങ്ങള്‍. 

പ്രളയത്തിന്റെ ഭീതിയില്‍നിന്നു കരേറുംമുമ്പേ കൊവിഡ് 19 മഹാമാരിയുടെ അധിനിവേശം! 
കൊവിഡ് വ്യാപനവും അതു വിതയ്ക്കുന്ന പ്രത്യാഘാതങ്ങളും സങ്കടപ്പെടാന്‍ ഒരുപാടു കാരണങ്ങള്‍ നമുക്കു മുമ്പില്‍ നിരത്തുന്നുണ്ട്: അടയ്ക്കപ്പെട്ട ദൈവാലയങ്ങള്‍, വിജനമാക്കപ്പെട്ട നഗരങ്ങള്‍, ചുറ്റും മുഖംമൂടിയണിഞ്ഞ അപരിചിതത്വം നിറഞ്ഞ പരിചിതമുഖങ്ങള്‍, കലാലയങ്ങളുടെ ഊഷ്മളതയും സൗഹൃദങ്ങളും നഷ്ടപ്പെട്ട ബാല്യങ്ങള്‍, ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്കുമുമ്പില്‍ പകച്ചു നില്‍ക്കുന്ന മാതാ
പിതാക്കള്‍, ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി യുവജനങ്ങള്‍, പ്രിയപ്പെട്ടവരുടെ ജീവന്‍ നിലനിര്‍ത്താനായി ആശുപത്രിവരാന്തകളിലൂടെ നെട്ടോട്ടമോടുന്നവര്‍, ഉറ്റവരുടെ വേര്‍പാട് ഇനിയും ഉള്‍ക്കൊള്ളാനാവാതെ ജീവിതം ഒരു നെരിപ്പോടായി എരിയുന്നവര്‍, ജീവനുതുല്യം സ്‌നേഹിച്ചവരെ ഒരുനോക്കുകാണാന്‍പോലുമാവാതെ വേര്‍പിരിയുന്നവര്‍... ഇങ്ങനെ നീളുന്നു സഹനങ്ങളുടെയും സങ്കടങ്ങളുടെയും കാരണങ്ങള്‍. 
ഈറനണിഞ്ഞ കണ്ണുകളോടെ ദൈവസന്നിധിയില്‍ കരങ്ങള്‍ കൂപ്പുമ്പോള്‍ മനസ്സില്‍ തെളിയുന്ന ഒരു ചിത്രമുണ്ട്: അത് ക്രൂശിതനെ നെഞ്ചോടു ചേര്‍ത്തു ജീവിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മയുടേതാണ്. സന്ന്യാസഭവനത്തിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍, ദൈവത്തിലാശ്രയിച്ച്, പ്രാര്‍ത്ഥനയുടെ വഴികളിലൂടെ വിശ്വാസത്തിലും വിശുദ്ധിയിലും അനുദിനം ആഴപ്പെട്ട് സഹനത്തിന്റെ കണ്ണുനീര്‍ത്തുള്ളികളെ രക്ഷാകരമാക്കി മാറ്റിയ ഒരു പുണ്യജീവിതത്തിനുടമ. വേദനകളെ വിശുദ്ധിയിലേക്കുള്ള പടവുകളാക്കി മാറ്റുന്നതെങ്ങനെയെന്നു സ്വജീവിതത്തിലൂടെ കാണിച്ചുതന്ന ആ അമ്മയുടെ ചാരെ നമുക്കണയാം. ജീവിതം കണ്ടുപഠിക്കാം. കാരണം, അവള്‍ കാലത്തിന്റെ പ്രവാചികയാണ്. 

ദൈവത്തിലാശ്രയിക്കാം 

''ക്രിസ്തു വഹിക്കാത്ത കുരിശൊന്നും അവന്‍ നമുക്കു തന്നിട്ടില്ല; ഇപ്പോള്‍ നമ്മോടൊപ്പം അത് വഹിക്കാതെയുമിരിക്കുന്നില്ല'' (വി. ജോണ്‍ പോള്‍ കക). രോഗങ്ങള്‍ തളര്‍ത്തിയപ്പോള്‍ അല്‍ഫോന്‍സാമ്മ ചെയ്തത് തന്നെ താങ്ങിയുയര്‍ത്താന്‍ കഴിവുള്ള ദൈവത്തില്‍ ആശ്രയിക്കുകയാണ്. ''അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍'' (മത്താ. 11:26) എന്ന വചനം പൂര്‍ണാര്‍ത്ഥത്തില്‍ അല്‍ഫോന്‍സാമ്മ ഉള്‍ക്കൊണ്ടു. തന്നില്‍ ആശ്രയിക്കുന്നവരെ തന്റെ ആത്മാവിനാല്‍ ദൈവം ശക്തിപ്പെടുത്തും. ആശ്വാസത്തിന്റെ സൗഖ്യസ്പര്‍ശവുമായി തന്റെ ദൂതരെ അവന്‍ അയയ്ക്കും. അതുകൊണ്ടാണ് ചാവറയച്ചനിലൂടെ സൗഖ്യത്തിന്റെ ചൈതന്യം അല്‍ഫോന്‍സാമ്മ സ്വന്തമാക്കിയത്. അവിടുന്ന് നമ്മോടു ''ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല'' (ഹെബ്ര. 13:5) എന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
മനുഷ്യനസാധ്യമായി പലതുമുണ്ടെന്നു നമ്മെ പഠിപ്പിക്കുന്ന ഒരു കാലത്തിലൂടെ കടന്നുപോകുമ്പോള്‍ ദൈവത്തിന്റെ പക്കലേക്കു തിരികെവരാന്‍ അല്‍ഫോന്‍സാമ്മ നമ്മെ ഓര്‍മിപ്പിക്കുകയാണ്. കാരണം, ''ദൈവത്തിന് ഒന്നും അസാധ്യമല്ല'' (ലൂക്ക 1:37).

പ്രാര്‍ത്ഥനയിലാഴപ്പെടാം 

''കര്‍ത്താവേ, ഞങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുക'' (ലൂക്ക 11:1) എന്നു പറഞ്ഞ ശിഷ്യന്മാരെപ്പോലെ മാതാപിതാക്കന്മാരും മുതിര്‍ന്നവരും പ്രാര്‍ത്ഥിക്കുന്നതുകണ്ട് പ്രാര്‍ത്ഥിക്കാന്‍ അവരോടൊപ്പം മുട്ടുകുത്തി കൈകൂപ്പിയ ഒരു ബാല്യം നമുക്കുണ്ടായിരുന്നു. കൂട്ടായ്മപ്രാര്‍ത്ഥനകളും വി. ബലിയര്‍പ്പണങ്ങളും പതിവായ കുമ്പസാരങ്ങളും ധ്യാനങ്ങളുമൊക്കെയായി പ്രാര്‍ത്ഥനയില്‍ നാം മുേന്നറി. എന്നാല്‍, പൊതുവായ പ്രാര്‍ത്ഥനകള്‍ക്കും ആദ്ധ്യാത്മികാഭ്യാസങ്ങള്‍ക്കും തടസ്സം നേരിട്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ബാല്യത്തിലെ നിഷ്‌കളങ്കമായ ആ പ്രാര്‍ത്ഥനയെ നമുക്കു വീണ്ടെടുക്കാം. ''വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു'' (റോമ 8:26).
കാലത്തിന്റെ ഈ കറുത്ത അധ്യായത്തില്‍ വി. കുര്‍ബാനയും കുമ്പസാരങ്ങളും, ഇടവകപ്രവര്‍ത്തനങ്ങളും വിശ്വാസപരിശീലനവും മുടങ്ങുമ്പോള്‍ ഒരു ആത്മീയമരവിപ്പ് നമ്മിലുണ്ടാകുന്നുണ്ട്. അപ്പോള്‍ വി. അല്‍ഫോന്‍സാമ്മ നമ്മെ ഓര്‍മപ്പെടുത്തുന്നു; നീ ആയിരിക്കുന്നിടം ദൈവാലയമാണെന്ന്. ''നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?'' (1 കോറി 3:16). ഒന്നിനു പിറകേ ഒന്നായി വന്ന രോഗങ്ങള്‍ അല്‍ഫോന്‍സാമ്മയെ തളര്‍ത്തിയപ്പോള്‍, കട്ടിലില്‍നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാതിരുന്നപ്പോഴും ജപമാലയില്‍ ആശ്രയം വച്ച്, ദൈവത്തോടു നിരന്തരം സംഭാഷണം ചെയ്തുകൊണ്ട് പ്രാര്‍ത്ഥനയുടെ ചൈതന്യം സ്വന്തമാക്കാന്‍ അല്‍ഫോന്‍സാമ്മയ്ക്കായി. ദൈവാലയത്തില്‍ സന്നിഹിതനായ ദൈവത്തെ കാണാനും ആരാധിക്കാനും കഴിയാതെവന്നപ്പോള്‍, സ്വര്‍ഗീയചൈതന്യം തന്റെ മുറിയില്‍ എത്തിക്കാന്‍, നിരന്തരദൈവാനുഭവത്തില്‍ വസിക്കാന്‍ അല്‍ഫോന്‍സാമ്മയ്ക്കായി. ഇതൊരു ആഹ്വാനമാണ്. രോഗങ്ങള്‍ക്കും നിയമങ്ങള്‍ക്കും 
ദൈവാലയത്തെ നമ്മില്‍നിന്നകറ്റാന്‍ കഴിയും. പക്ഷേ, ദൈവത്തെ അകറ്റാന്‍ കഴിയില്ല. കുടുംബങ്ങള്‍ ദൈവാലയങ്ങളാകട്ടെ. ദൈവകീര്‍ത്തനങ്ങള്‍ നിരന്തരം അവിടെ മുഴങ്ങട്ടെ; ദൈവികചൈതന്യം സ്വന്തമാക്കാന്‍ കരങ്ങളില്‍ ജപമാലയുണ്ടാകട്ടെ.
സഹനത്തെ വിശുദ്ധീകരിക്കാം
''രക്ഷകനായി വാഗ്ദാനം ചെയ്യപ്പെട്ട, നമ്മോടൊപ്പം കുരിശില്‍ തുടരുന്ന ക്രൂശിതനായ ഒരു ദൈവത്തെ പിഞ്ചെല്ലാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്'' (ഫ്രാന്‍സിസ് മാര്‍പാപ്പ). കണ്ണുനീര്‍ പൊഴിയുന്നില്ലെങ്കിലും ഹൃദയത്തിന്റെയുള്ളില്‍ സങ്കടക്കടലാണ്. സഹനത്തിന്റെ തോരാമഴകള്‍ നിലയ്ക്കാതെ പെയ്
തിറങ്ങുമ്പോള്‍ അറിയാതെ ചോദിച്ചുപോകും, എന്തേ എനിക്കു മാത്രം ഇങ്ങനെ? കൊവിഡ് ഒരു മഹാമാരിയായി കടന്നുവന്നപ്പോള്‍ സഹനത്തിന്റെ തീച്ചൂളയ്ക്കാഴം കൂടുകയാണുണ്ടായത്. സഹനതീരങ്ങളില്‍ ആശങ്കാകുലരായി എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു നില്‍ക്കുമ്പോഴും പ്രത്യാശയോടെ ഏറ്റുപറയാന്‍ സാധിക്കണം: ''ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു'' (റോമ. 8:28).
''സഹിക്കാന്‍ ശക്തി കിട്ടുന്നതിനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കണമേ'' എന്ന് അല്‍ഫോന്‍സാമ്മ സഹോദരിമാരെ നിരന്തരം ഓര്‍മിപ്പിച്ചിരുന്നതിന്റെ കാരണം, ''കര്‍ത്താവിനു പ്രിയപ്പെട്ടവരെ സഹനത്തിന്റെ നെരിപ്പോടില്‍ അവിടുന്നു വിശുദ്ധീകരിക്കു''മെന്ന ബോധ്യമാണ്. 
''മൗനമായി സഹിക്കുക, സന്തോഷത്തോടെ സഹിക്കുക''; ഇതായിരുന്നു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതമനോഭാവം. ഒരിക്കല്‍പ്പോലും സഹനങ്ങളെക്കുറിച്ച് പരാതിയോ പരിഭവമോ അല്‍ഫോന്‍സാമ്മയ്ക്കുണ്ടായിരുന്നില്ല. അതേസമയംതന്നെ സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാന്‍ അവള്‍ പരിശ്രമിക്കുകയും സഹോദരിമാരെ ഒരുക്കുകയും ചെയ്തിരുന്നു. അവള്‍ വിശ്വസിച്ചിരുന്നത് ഈ വചനങ്ങളിലാണ്: ''ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും. തന്റെ ജീവനെ സ്‌നേഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്റെ ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്ഷിക്കും'' (യോഹ 12:24-25).
സഹനങ്ങളുടെ നൊമ്പരങ്ങള്‍ അധികമാകുമ്പോള്‍ കട്ടിലില്‍ കിടന്ന് അല്‍ഫോന്‍സാമ്മ ഞരങ്ങുകയും മൂളുകയും ചെയ്യുമായിരുന്നു. ഇതുകണ്ട് അല്‍ഫോന്‍സാമ്മയെ സഹായിക്കാന്‍, പരിചരിക്കാന്‍ സഹോദരിമാര്‍ വരുമ്പോള്‍ അല്‍ഫോന്‍സാമ്മ പറയുമായിരുന്നു: ''എന്റെ നാഥന്‍ കുരിശില്‍ക്കിടന്നു സഹിച്ചപ്പോള്‍ ആശ്വാസമേകാന്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍, ഇന്നാകട്ടെ എന്നെ ശുശ്രൂഷിക്കാനും സഹായിക്കാനും എത്രയോ പേര്‍...''
ഇത് സഹനത്തിന്റെ കാലമാണ്. മരണം, രോഗം, പ്രളയം, സാമ്പത്തികബാധ്യതകള്‍, തൊഴിലില്ലായ്മ, സമാധാനമില്ലാത്ത ജീവിതാവസ്ഥ ഇങ്ങനെ വിവിധ സഹനങ്ങള്‍. ഈ സഹനങ്ങളെ വിശുദ്ധീകരിക്കാന്‍ നമുക്കവയെ ഏറ്റെടുക്കാം. ദൈവതിരുമനസ്സ് നിറവേറട്ടെയെന്നു പ്രാര്‍ത്ഥിക്കാം. സഹനവേളയില്‍, ''എന്റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നകന്നുപോകട്ടെ'' (മത്താ 26:39) എന്ന പുത്രന്റെ പ്രാര്‍ത്ഥനയ്ക്ക് ഒരു അനുബന്ധംകൂടി ഉണ്ടായിരുന്നു: 'എങ്കിലും എന്റെ ഹിതംപോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ' (മത്താ 26:39). കാരണം ഈ ഗോതമ്പുമണി നിലത്തുവീണ് അഴിയണം. എങ്കില്‍ മാത്രമേ അത് ഫലം ചൂടൂകയുള്ളൂ. അസ്വസ്ഥതകള്‍ നിറഞ്ഞ മനസ്സ്, ആകുലപ്പെടുന്ന ഹൃദയം, ആശങ്കകളാല്‍ കലുഷിതമായ ജീവിതം, ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല; പക്ഷേ, അനുകരിക്കാന്‍ നമുക്ക് ഒരു അമ്മയുണ്ട്: വിശുദ്ധ അല്‍ഫോന്‍സാമ്മ.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)