കത്തുന്ന സൂര്യന്റെ പൊള്ളുന്ന  ചൂടിനുമേല്‍ കുടയായി നിവരുന്ന മരത്തെക്കുറിച്ചാണ് കവയിത്രി സുഗതകുമാരി ഉള്ളില്‍ത്തട്ടി എഴുതിയത്,
ഒരു മരം നടൂ...
ഒരു തണല്‍ തരാം എന്ന്.
ഉച്ചവെയിലില്‍ തപിച്ച് ദീര്‍ഘനേരം വഴിയരുകില്‍ വണ്ടി കാത്തു നില്‍ക്കുന്ന വഴിയാത്രക്കാരനോടു ചോദിക്കണം മരത്തണലിന്റെ വിലയെത്രയെന്ന്?  എന്നാല്‍, മരം ഒരു തണല്‍ മാത്രമല്ല, കുളിരുംകൂടിയാണ്. ആകാശത്തിലേക്ക് ഇലകള്‍ ചാര്‍ത്തി വിരിഞ്ഞുനില്ക്കുന്ന ഓരോ മരത്തിന്റെയും വേരുകള്‍ മണ്ണിനാഴങ്ങളിലേക്കിറങ്ങി പരതുന്നുണ്ട്... ജലത്തിനായ്... അങ്ങഗാധത്തില്‍ നിന്നു വളരെ വിഷമിച്ച് ഈ ജലത്തെ ഉയര്‍ത്തിയുയര്‍ത്തി ക്കൊണ്ടുവന്ന് മുകളില്‍ ഓരോ ഇലയ്ക്കും സമ്മാനിക്കുന്നുണ്ട്, ആഹാരനിര്‍മാണപ്രക്രിയയ്ക്കായി. പക്ഷേ, അദ്ഭുതമെന്നു പറയുന്നത് വലിച്ചെടുക്കുന്ന ജലത്തിന്റെ രണ്ടു ശതമാനം മാത്രമേ മരം അതിന്റെ ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുള്ളൂ എന്നതാണ്. അപ്പോള്‍ ബാക്കിവരുന്ന ജലത്തിനെന്തു സംഭവിക്കുന്നു? ഇതാണ് മരത്തിന്റെ കൗതുകകരമായ കളി!... വലിച്ചെടുത്ത ജലത്തിന്റെ ഭൂരിഭാഗവും അതായത്, 98 ശതമാനവും മരം അതിന്റെ ഇലകളിലെ നേര്‍ത്ത സുഷിരങ്ങളിലൂടെ... ആസ്യരന്ധ്രങ്ങളിലൂടെ, വെള്ളത്തുള്ളിയായല്ല ബാഷ്പമായി ചുറ്റും തുപ്പിച്ചിതറിക്കുന്നു. ഇങ്ങനെ ഓരോ ഇലയും അന്തരീക്ഷത്തിലേക്കു തുപ്പുന്ന ബാഷ്പകണങ്ങള്‍ താഴെ നമുക്ക് കുളിരനുഭവം സമ്മാനിക്കുമ്പോള്‍ മരം തണല്‍ മാത്രമല്ല, കുളിരുമാണ് എന്നു പറയാനാകും. നിത്യഹരിതവനങ്ങള്‍ക്കുള്ളില്‍ പുറത്തു നട്ടുച്ചവെയിലിലും കാട് ഒരു 'എ.സി' അനുഭവം നല്‍കുന്നതിന്റെ രഹസ്യം മറ്റൊന്നുമല്ല.
ഇനിയും അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ഈ ബാഷ്പകണങ്ങള്‍ മുകളിലേക്കുയര്‍ന്ന് ഘനീഭവിക്കുമ്പോള്‍... മഴയായ് പെയ്ത് താഴെയെത്തുന്നു! അപ്പോള്‍ ഓരോ മരവും മഴയായി മാറുന്നു! മണ്ണില്‍ വിത്തെറിഞ്ഞ് ആകാശത്തിന്റെ നിറം മാറുന്നത് നെഞ്ചിടിപ്പോടെ നോക്കിനില്ക്കുന്ന കര്‍ഷകനോടു ചോദിക്കണം മഴയ്‌ക്കെത്ര വിലയെന്ന്?
പെയ്യുന്ന മഴ ഇലച്ചാര്‍ത്തുകളിലൂടെ, പോടുകളിലൂടെ ഊര്‍ന്ന്... സൗമ്യമായി ഭൂമിയെ തൊടുമ്പോള്‍, മണ്ണിനുമേലേയുള്ള 'ഫ്യൂമസ്' ഒരു സ്‌പോഞ്ച് കണക്കെ ജലത്തെ ആഗിരണം ചെയ്ത് അഗാധങ്ങളില്‍ സൂക്ഷിക്കുന്നു. ഭൂമിക്കടിയിലെ ജലത്തിന്റെ അക്ഷയഘനികള്‍. എന്നാല്‍, ഇന്നു മരങ്ങളില്ലാതെ നഗ്നയായി നില്ക്കുന്ന ഭൂമിയെ മഴ സ്പര്‍ശിക്കുന്നത് സുനാമി കണക്കെയാണ്. പെയ്യുന്ന മഴയുടെ തീവ്രതയ്ക്കു മാറ്റം വന്നുതുടങ്ങി. പൂര്‍വമുത്തശ്ശിമാരുടെ വിറയാര്‍ന്ന ശബ്ദം കേള്‍ക്കുന്നുണ്ടോ പിന്നില്‍...? മക്കളേ, കാടു തീണ്ടല്ലേ... വെള്ളംകുടി മുട്ടും.
പെയ്യുന്ന മഴയെ പുല്‍മേടുകള്‍ നെഞ്ചിലേറ്റി സൂക്ഷിക്കുമ്പോള്‍ അവിടവിടയായി കുഞ്ഞുകുഞ്ഞു വെള്ളിനൂലുകള്‍ ഉദ്ഭവിക്കുകയായി... പര്‍വ്വതനിരയുടെ പനിനീരായി തുടങ്ങി താഴ്‌വാരങ്ങളില്‍ അരുവിയും പുഴയുമായി മാറുന്ന മനോഹര കാഴ്ച! വയലാറിന്റെ സ്വപ്നങ്ങളിലെ 'കുളിരുംകൊണ്ട് കുണുങ്ങിനടക്കുന്ന  മലയാളിപ്പെണ്ണായ്' ഓരോ പുഴയും മാറുന്നു. കുടിക്കാനും കുളിക്കാനും നനയ്ക്കാനും കളിക്കാനുമൊക്കെയായി പുഴയെ ആശ്രയിക്കുന്ന മനുഷ്യനുള്‍പ്പെടെയുള്ള  അനേകം ജീവിവര്‍ഗങ്ങള്‍ക്കു പറയാനാകും പുഴയുടെ വിലയെത്രയെന്ന്?
ഈ പുഴയും മഴയും കുളിരും തണലും നഷ്ടമാകാതിരിക്കാനുള്ള  ഒരു ജാഗ്രത പുതുതലമുറ ഏറ്റെടുക്കണം. നഷ്ടപ്പെടാന്‍ പലതും നമുക്കുണ്ട് എന്ന തിരിച്ചറിവിലേക്ക് ഉണരണം കൂട്ടുകാരേ...
പഴയൊരു സംഭവമാണ്. സ്വാതന്ത്ര്യലബ്ധിക്കും മുമ്പു നടന്നത്. പോര്‍ച്ചുഗീസുകാര്‍ നമ്മുടെ സുഗന്ധദ്രവ്യങ്ങള്‍ കടത്തിക്കൊണ്ടുപോകുമ്പോള്‍ വേദനിച്ച സ്വദേശാഭിമാനികളോട് അന്നു കോഴിക്കോട് സാമൂതിരി പറഞ്ഞുവത്രേ, ഏലവും ഗ്രാമ്പുവും കൊണ്ടുപോട്ടെ. നമ്മുടെ ഞാറ്റുവേല അവര്‍ക്കു കൊണ്ടുപോകാന്‍ പറ്റില്ലല്ലോ എന്ന്. നമ്മുടെ സ്വകാര്യാഹങ്കാരമായ ഞാറ്റുവേലയും (മണ്‍സൂണ്‍) നമുക്കു സ്വന്തമല്ലാതാകുന്ന കാലാവസ്ഥാവ്യതിയാനത്തിന്റെ നേര്‍ക്കാഴ്ചകളില്‍ ജീവിതശൈലിക്കൊരു തിരിച്ചെഴുത്താവശ്യമല്ലേ?
							
 മാത്യു എം. കുര്യാക്കോസ്
                    
									
									
									
									
									
                    