•  9 May 2024
  •  ദീപം 57
  •  നാളം 9
പ്രതിഭ

സംഗീതത്തിന്റെ പൂഞ്ചിറകിലേറി കോട്ടയത്തിന്റെ കൊച്ചുപാട്ടുകാരി

നിതരസാധാരണമായ ഗാനാലാപനത്തിലൂടെ ശ്രോതാക്കളുടെ മനം കവര്‍ന്ന ഗായികയാണ് ശ്രേയ അന്ന ജോസഫ് എന്ന കൊച്ചുമിടുക്കി. അദ്ഭുതപ്രതിഭയായി നന്നേ ചെറുപ്പത്തിലേ അറിയപ്പെട്ട ശ്രേയ നാലാമത്തെ വയസ്സില്‍ ശാസ്ത്രീയസംഗീതം അഭ്യസിക്കാന്‍ തുടങ്ങി. നാലാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ആദ്യത്തെ പ്രൊഫഷണല്‍ ആല്‍ബത്തിനായി തുടങ്ങിയ ഗാനാലാപനം സ്‌കൂള്‍തലം പിന്നിടുമ്പോഴേക്കും മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, സുറിയാനിഭാഷകളിലായി ഇരുന്നൂറ്റമ്പതിലധികം ഭക്തിഗാന ആല്‍ബങ്ങളിലും ചലച്ചിത്രപിന്നണിഗാനാലാപനത്തിലും എത്തിനില്‍ക്കുകയാണ്. 
കലാപാരമ്പര്യമുള്ള കുടുംബത്തിലാണ് ശ്രേയയുടെ ജനനം. ശ്രേയയുടെ പിതാവിന്റെ വല്യപ്പച്ചന്‍ പി.സി. ഐപ്പ് പല്ലാട്ട്, സുറിയാനി ഭാഷാപണ്ഡിതനും ഗായകനും ഗാനരചയിതാവുമായിരുന്നു. ആ ഗാനസപര്യയുടെ പാരമ്പര്യത്തില്‍ പിറന്ന ശ്രേയ നൈസര്‍ഗികവാസന നന്നേ ചെറുപ്പത്തില്‍ത്തന്നെ പ്രകടിപ്പിച്ചിരുന്നു. സംഗീത റിയാലിറ്റി വേദികളിലൂടെ ഗായകരായെത്തുന്ന പല കുട്ടികളും, മത്സരസീസണ്‍ കഴിയുമ്പോള്‍ മറവിയുടെ ഇരുളിലേക്കു പോകുകയാണു പതിവ്. എന്നാല്‍, സ്‌കൂളിലും പള്ളിയിലുമടക്കം അവസരങ്ങളുടെയും വേദികളുടെയും വലുപ്പം നോക്കാതെ, ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ശ്രേയ മുന്നേറുകയായിരുന്നു.
ജോയ് അയര്‍ക്കുന്നമാണ് ശ്രേയയുടെ ആദ്യഗുരു. പിന്നീട് പദ്മകുമാര്‍ കോട്ടയത്തിന്റെ കീഴില്‍ 
തുടര്‍പഠനം. ഇപ്പോള്‍ കോട്ടയം സുരേഷ് ബാബുവില്‍നിന്ന് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുന്നു. മലയാളത്തിന്റെ വാനമ്പാടി കെ. എസ് ചിത്ര, ജനപ്രിയ ഗായകനായ മധു ബാലകൃഷ്ണന്‍, 
തുടങ്ങി കേരളത്തിലെ പ്രമുഖരായ സംഗീതജ്ഞരുമായി വേദി പങ്കിടാനുള്ള സൗഭാഗ്യം ശ്രേയയ്ക്കു ലഭിച്ചു. കൂടാതെ, ന്യൂസ് 18 കേരളാ ചാനലിന്റെ പ്രശസ്ത പ്രോഗ്രാമായ 'ഗുഡ് മോര്‍ണിംഗ് കേരളാ'
യ്ക്കുവേണ്ടി ടൈറ്റില്‍ ഗാനം ആലപിച്ചതും ശ്രേയതന്നെയായിരുന്നു. സിംഫോണിക്‌സ്, കല്‍ക്കണ്ടം ലിറ്റില്‍ പെറ്റല്‍സ് എന്നിങ്ങനെ മലയാളത്തിലെ പ്രശസ്തമായ രണ്ടു ബാന്‍ഡുകളിലെ പ്രധാന ഗായി
കയാണ് ശ്രേയ ഇന്ന്. ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് 2019 ല്‍  നടത്തിയ ഹാര്‍വസ്റ്റ് മ്യൂസിക് ഫെസ്റ്റില്‍ പ്രശസ്ത പിന്നണിഗായകരായ ശ്രേയ ജയദീപ്, ഇഷാന്‍ ദേവ്, സുമി അരവിന്ദ് എന്നിവരോടൊപ്പം ശ്രേയയും പങ്കെടുത്തു.
തബോറിന്‍ മണിനാദം, അമ്മ എന്റെ അമ്മ (മലയാളം, തമിഴ്, ഹിന്ദി) നല്ല മാതാവേ മറിയേ (വണക്കമാസഗാനം) എണ്ണിയെണ്ണി സ്തുതിക്കുവാന്‍, നല്ല ദേവനേ.., തേനിലും മധുരം (പാരമ്പര്യ
ക്രിസ്തീയഭക്തിഗാനങ്ങള്‍), കൊവിഡ് കാലത്തിറങ്ങിയ 'വിനാശത്തിന്റെ കൊടുങ്കാറ്റിനെ', ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള 'ഏ വദന്‍ വദന്‍' എന്നു തുടങ്ങുന്ന ഹിന്ദിഗാനം അങ്ങനെ പോകുന്നു ശ്രേയയുടെ ശബ്ദമാധുര്യംകൊണ്ടു ശ്രദ്ധിക്കപ്പെട്ട ഗാനങ്ങള്‍. ദശലക്ഷക്കണക്കിനു കാഴ്ചക്കാരുള്ള നിരവധി കവര്‍ സോങ്ങുകളും ശ്രേയയുടേതായി യൂട്യൂബടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ നിലവിലുണ്ട്. ഏറ്റവും ജനപ്രിയ 
ഗാനം ഹിന്ദിയിലാണ്. ''ധന്യവാദ് കെ സാത്ത്'' ''നന്ദിയോടെ ഞാന്‍ സ്തുതി പാടിടും'' എന്ന പാട്ടിന്റെ ഹിന്ദി വേര്‍ഷനാണ്.
ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് മലയാളത്തിലെ പ്രശസ്ത സംഗീതസംവിധായകന്‍ എം. ജയചന്ദ്രന്റെ സംഗീതത്തില്‍ 'പുള്ളിക്കാരന്‍ സ്റ്റാറാ' എന്ന സിനിമയിലെ ഗാനങ്ങള്‍ക്ക് കോറസ് പാടിത്തുടങ്ങിയ ശ്രേയ, ഉടന്‍ റിലീസാകാന്‍ പോകുന്ന പുതിയ രണ്ടു മലയാളസിനിമകള്‍ക്കായി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. അരുണ്‍രാജ് പൂത്തണല്‍ സംവിധാനം ചെയ്ത 'റിക്രിയേറ്റര്‍' എന്ന സിനിമയ്ക്കായി ബാബു നാരായണന്‍ രചനയും സംഗീതവും നിര്‍വഹിച്ച 'കണ്‍മണിയേ' എന്ന യുഗ്മഗാനം അന്‍വര്‍ സാദത്തിനോടൊപ്പം ആലപിച്ചിരിക്കുന്നത് ശ്രേയയാണ്. കൂടാതെ, രാകേഷ് പി. ആര്‍. സംവിധാനം ചെയ്യുന്ന 'ത്രീ പ്ലെയേഴ്‌സ്' എന്ന സിനിമയ്ക്കായി അല്‍ റൂമിയ എഴുതി ഷാന്‍ കൊല്ലം ഈണമിട്ട 'നീ തന്ന ഓര്‍മകള്‍ പ്രിയതരം' എന്ന സോളോയും ശ്രേയയുടേതാണ്. 'കണ്‍മണിയേ' എന്ന ഗാനം ഇപ്പോള്‍ ഹിറ്റ്ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. ഈ ഫാസ്റ്റ് നമ്പര്‍ ഗാനം ശ്രേയയുടെ കരിയറില്‍ വഴിത്തിരിവായിരിക്കുകയാണ്.  
കോട്ടയം ജില്ലയിലെ മീനടത്ത് പല്ലാട്ട് വീട്ടില്‍ സ്വകാര്യകമ്പനിയില്‍ മാനേജരായ ജോസഫ് മാത്യുവിന്റെയും അധ്യാപികയായ റെനിയുടെയും മൂത്തമകളായ ശ്രേയ, ളാക്കാട്ടൂര്‍ എം. ജി. എം എന്‍. എസ്. എസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. അനിയത്തി ശ്രവ്യയും മികച്ച പാട്ടുകാരിയാണ്. ഇരുവരും കവര്‍ വേര്‍ഷനുകളില്‍ ഒന്നിച്ചു പാടിയിട്ടുണ്ട്. 2018 ലെ കലാകൈരളിയുടെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരമുള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ ശ്രേയയ്ക്കു ലഭിച്ചിട്ടുണ്ട്.
ഈ ചെറിയ പ്രായത്തില്‍ത്തന്നെ സംഗീതരംഗത്തെ പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യവും ദൈവാനുഗ്രഹവുമായി കരുതുന്ന ശ്രേയ തന്റെ അര്‍പ്പണബോധവും കഠിനാധ്വാനവും പ്രിയപ്പെട്ടവര്‍ നല്‍കിയ പ്രോത്സാഹനവുമൊക്കെയാണ് തന്റെ വിജയത്തിനു പിന്നിലെന്ന് ഉറച്ചു വിശ്വസിക്കുന്നു. സംഗീതത്തില്‍ മാത്രമല്ല പഠനത്തിലും ശ്രേയ ഉന്നതനിലവാരം പുലര്‍ത്തുന്നു. പഴയകാല ക്രിസ്തീയഗാനങ്ങളുടെ ഒരു കളക്ഷന്‍ സ്വന്തം ശബ്ദത്തില്‍ ഒരുക്കണമെന്നതും ശ്രേയയുടെ സ്വപ്‌നമാണ്.

 

Login log record inserted successfully!