•  9 May 2024
  •  ദീപം 57
  •  നാളം 9
ഉണ്ണീരിയമ്മ പറഞ്ഞ കഥ

ഓമനപ്പേര്

മുറ്റത്തെ കിളിച്ചുണ്ടന്‍ മാവിന്റെ ചുവട്ടില്‍ ഒറ്റയ്ക്കിരുന്ന് കുഞ്ഞുണ്ണി എന്തൊക്കെയോ കിണുങ്ങിപ്പറയുന്നത് ഉണ്ണീരിയമ്മ ഉമ്മറത്തിരുന്നു കണ്ടു.
''എന്താ കുട്ടി തനിച്ചിരിക്കുന്നത്, എവിടെ കൂട്ടുകാര്‍?''
ഉണ്ണീരിയമ്മയുടെ ചോദ്യം കേട്ടപാടെ കുഞ്ഞുണ്ണി അടുത്തേക്കു വന്നു.
''എന്നെ എല്ലാരും കുഞ്ഞുണ്ണീന്നാ ഉണ്ണിയമ്മേ വിളിക്കുന്നത്.''
''അതിനെന്താ, അതല്ലേ നിന്റെ പേര്?''
''അല്ല, എന്റെ പേര് രോഹിത് എന്നല്ലേ?''
''അത് മോന്റെ സ്‌കൂളിലെ പേരല്ലേ.''
''കുഞ്ഞുണ്ണീന്നുള്ള ആ ഓമനപ്പേര് എനിക്കിഷ്ടമല്ല ഉണ്ണിയമ്മേ.''
''ഓ, അപ്പോ ഓമനപ്പേരാണു പ്രശ്‌നം.''
ഉണ്ണീരിയമ്മ കുഞ്ഞുണ്ണിയെ അരികിലേക്കു വിളിച്ചു.
''കുഞ്ഞുണ്ണീ, നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് കുട്ടിക്കാലത്ത് ഒരു ഓമനപ്പേര് ഉണ്ടായിരുന്നു. അറിയോ നിനക്ക്?''
കുഞ്ഞുണ്ണി തല ചൊറിഞ്ഞു. ഉണ്ണീരിയമ്മ തുടര്‍ന്നു:
''കരംചന്ദ് ഗാന്ധിയുടെയും പുത്‌ലിഭായിയുടെയും ആറു മക്കളില്‍ ഇളയവനായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന നമ്മുടെ ഗാന്ധിജിയുടെ വിളിപ്പേര് മോനിയ എന്നായിരുന്നു.''
കുഞ്ഞുണ്ണി അദ്ഭുതത്തോടെ കേട്ടിരുന്നു.
''നമ്മുടെ ദേശീയഗാനം എഴുതിയ രവീന്ദ്രനാഥ ടാഗോറിനെ അദ്ദേഹത്തിന്റെ വീട്ടുകാര്‍ സ്‌നേഹത്തോടെ രവി എന്നാണു വിളിച്ചിരുന്നത്. സ്വാമി വിവേകാനന്ദന്റെ ബാല്യകാലത്തുള്ള പേര് നരേന്ദ്രന്‍ എന്നായിരുന്നു. അതു  ചുരുക്കി നരേന്‍ എന്നാണു പ്രിയപ്പെട്ടവര്‍ വിളിച്ചിരുന്നത്.''
കൗതുകത്തോടെ കേട്ടുകൊണ്ടിരിക്കുന്ന കുഞ്ഞുണ്ണിയെ തലോടിക്കൊണ്ട് ഉണ്ണീരിയമ്മ തുടര്‍ന്നു:
''തീര്‍ന്നില്ല, ഝാന്‍സീറാണിയുടെ ഓമനപ്പേര് മനു എന്നായിരുന്നു. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നുവെന്ന് നിനക്കറിയോ കുട്ടീ?''
''ഇ.എം.എസ്. നമ്പൂതിരിപ്പാട്.''
ഉത്തരം പറഞ്ഞ് കുഞ്ഞുണ്ണി അല്പം ഞെളിഞ്ഞിരുന്നു.
'അതേ, ഏലംകുളം മനയിലെ ആ കൊച്ച് ഇ.എം.എസിന്റെ വിളിപ്പേര് കുഞ്ചു എന്നായിരുന്നു.''
''ആണോ?''
''അതേ, നമ്മുടെ മഹാകവി കുമാരനാശാന്റെ ഓമനപ്പേരാകട്ടെ കുമാരു എന്നാണ്.''
''ആഹാ, മഹാന്‍മാര്‍ക്കെല്ലാം ഓമനപ്പേരുണ്ടല്ലോ.''
ഉണ്ണീരിയമ്മയെ നോക്കി ചിരിച്ചുകൊണ്ട് കുഞ്ഞുണ്ണി പറഞ്ഞു.
''മാത്രമല്ല, നവോത്ഥാനനായകന്‍ ചട്ടമ്പിസ്വാമികളെ ചെറുപ്പത്തില്‍ കുഞ്ഞന്‍ എന്നാണു വിളിച്ചിരുന്നത്.''
''സ്വാമികള്‍ കുഞ്ഞന്‍, ഞാന്‍ കുഞ്ഞുണ്ണി.''
കുഞ്ഞുണ്ണിക്കൊപ്പം ഉണ്ണീരിയമ്മയും കുലുങ്ങിച്ചിരിച്ചു കൊണ്ട് തുടര്‍ന്നു:
''മാതാപിതാക്കളുടെയും വീട്ടുകാരുടേയും വാത്സല്യവും കരുതലുമുണ്ട് ഒരോ ഓമനപ്പേരിനു പിന്നിലും. നാം മഹത്തായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ലോകം നമ്മെ അറിയുന്നത് നമ്മുടെ ഔദ്യോഗികനാമത്തിലൂടെയാവും. ആ പേരില്‍ ലോകം നമ്മെ അടയാളപ്പെടുത്തുമ്പോഴും നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക്  നാം പഴയ ഓമനപ്പേരുകാരനായിരിക്കും. കാരണം, ആ പേരില്‍ വാത്സല്യത്തിന്റെ തലോടല്‍ ഉണ്ടാവും.''
ഉണ്ണീരിയമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് കുഞ്ഞുണ്ണി പറഞ്ഞു: ''ഞാന്‍ നിങ്ങളുടെയെല്ലാം പ്രിയപ്പെട്ട കുഞ്ഞുണ്ണിയല്ലേ ഉണ്ണിയമ്മേ. എനിക്ക് ആ പേര് ഇപ്പോള്‍ വലിയ ഇഷ്ടാ.''

 

Login log record inserted successfully!