•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

ഭൂമിയുടെ ശ്വാസകോശങ്ങള്‍

ഭൂമിയിലെ കാണെപ്പട്ട ദൈവം എന്നു നാം പറയുന്നത് മാതാപിതാക്കന്മാരെക്കുറിച്ചാണ്. അതിനു കാരണം, മറ്റാരെയുംകാള്‍ മക്കള്‍ക്ക് ഏതവസ്ഥയിലും എല്ലാമായി നില്‍ക്കുന്ന വിശുദ്ധ സാന്നിധ്യങ്ങളാണവര്‍ എന്നതുതന്നെയാണ്. എന്നാല്‍, മാതാപിതാക്കന്മാര്‍ക്കുപോലും  നല്‍കാനാവാത്ത ചില കാര്യങ്ങള്‍ മനുഷ്യര്‍ക്കു നല്‍കപ്പെടുന്നത് പ്രകൃതിയിലൂടെയാണ്. അതോ, അവരുടെ ജീവന്റെ നിലനില്പിനുതന്നെയുള്ള അടിസ്ഥാനഘടകങ്ങളും! മനുഷ്യന്റെ നിലനില്പിനാധാരമായ വായുവും ജലവും ഭക്ഷണവും ദൈവം നല്കുന്നത്  പ്രകൃതിയിലൂടെയാണ്. അതുകൊണ്ടാകണം ഫ്രാന്‍സീസ് മാര്‍പാപ്പാ പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കുവാന്‍ 'ലൗദാ ത്തോ സി' അതായത്, അങ്ങേക്കു സ്തുതി എന്നൊരു ചാക്രികലേഖനം തന്നെ പുറത്തിറക്കിയത്. മാത്രമല്ല, പ്രകൃതിസംരക്ഷണത്തിനെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ പാപമെന്ന രീതിയില്‍ കുമ്പസാരത്തിലേറ്റു പറയണം എന്ന അസ്വാഭാവിക കല്പനയും പുറപ്പെടുവിച്ചു.
പറഞ്ഞുവരുന്നത്, ഇത്രമേല്‍ പ്രാധാന്യമര്‍ഹിക്കുന്ന ധര്‍മങ്ങള്‍ക്കായി ഭൂമിയില്‍ ഉയര്‍ന്നുനില്ക്കുന്ന മരങ്ങളുടെ പ്രസക്തിയെക്കുറിച്ചുതന്നെയാണ്. ഓരോ മരവും അന്നമാണ്. അന്തരീക്ഷത്തിലും മണ്ണിലുമുള്ള കാര്‍ബണ്‍ഡയോക്‌സൈഡിനെയും ജലത്തെയും ഉപയോഗിച്ച് ഹരിതപത്രങ്ങള്‍ നിര്‍മിക്കുന്ന അന്നജമാണ് എല്ലാ ജീവജാലങ്ങള്‍ക്കും പ്രവൃത്തി ചെയ്യാനുള്ള ഊര്‍ജം. പ്രകാശസംശ്ലേഷണമെന്ന ആഹാരനിര്‍മാണപ്രക്രിയയെക്കുറിച്ച് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ശാസ്ത്രത്തിനു പൂര്‍ണമായും മനസ്സിലാക്കാനായിട്ടില്ല. പ്രപഞ്ചത്തില്‍ ഈ പ്രവര്‍ത്തനം നടത്തുന്ന ജീവിവര്‍ഗങ്ങളെല്ലാം മൗനികളാണെന്നതും അവര്‍ തങ്ങളുടെ വലുപ്പം സ്വയം പറഞ്ഞുനടക്കുന്നില്ലെന്നതും സാമൂഹികപ്രവര്‍ത്തനങ്ങളില്‍ പാലിക്കപ്പെടേണ്ട കാവ്യനീതിയായി പരിഗണിക്കാം. 100 മുതല്‍ 110 വരെ ബില്യണ്‍ ടണ്‍ ആഹാരമാണ് ഒരു വര്‍ഷം സസ്യങ്ങള്‍ നിര്‍മിച്ചുതരുന്നത്. ലോകത്തില്‍ ഇന്ന് ഉപയോഗിക്കപ്പെടുന്ന ഇലക്ട്രിസിറ്റിയുടെ എട്ടുമടങ്ങ് ഊര്‍ജമാണ് ആഹാരനിര്‍മാണത്തിനുവേണ്ടി സസ്യങ്ങള്‍ ഉപയോഗിക്കുന്നത്. വര്‍ദ്ധിതമായ വനനശീകരണവും അനുബന്ധമായ മരുവത്കരണവും നാം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങളാണ്. കാലാവസ്ഥാവ്യതിയാനംമൂലം കാര്‍ഷികോത്പാദനം 30 ശതമാനം കുറഞ്ഞ സാഹചര്യത്തില്‍ 2050 ആകുമ്പോഴേക്കും ഇന്നുണ്ടാക്കുന്നതിനെക്കാള്‍ 60-70 ശതമാനം കൂടുതല്‍ ആഹാരം കണ്ടെത്തേണ്ടിവരും എന്നതാണ് ശാസ്ത്രനിരീക്ഷണം. ശാസ്ത്രവും മനുഷ്യനും ഈ വെല്ലുവിളി ഏറ്റെടുത്ത് നിരവധി ഗവേഷണങ്ങളും പ്രോജക്ടുകളും കാര്യപരിപാടികളുമായി മുമ്പോട്ടുപോകുന്നു. ക്ലെയിന്‍ ലാന്‍കസ്റ്റ്, ഡാനിയല്‍ നൊസിറ, ക്ലോസ് ലാക്‌നര്‍ തുടങ്ങിയ പ്രതിഭാശാലികളായ ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തില്‍ ഫോട്ടോ സിന്തെസിസ് 2, കണ്‍സോര്‍ഷ്യം, ആര്‍ട്ടിഫിഷ്യല്‍ ലീഫ്, ആര്‍ട്ടിഫിഷ്യല്‍ ട്രീ തുടങ്ങിയ മെഗാപ്രോജക്ടുകള്‍ക്കു തുടക്കംകുറിച്ചുകഴിഞ്ഞു.
മരം അന്നം മാത്രമല്ല, ആടയും ഔഷധവുമൊക്കെയാണെന്നിരിക്കേ, മരത്തിന്റെ പരമപ്രധാനമായ മറ്റൊരു ധര്‍മം അടയാളപ്പെടുത്തട്ടെ. മരം മനുഷ്യനു ജീവനും ജീവിതവുമാണ് എന്നതാണത്. 16 മരങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്‍ വേണം ഒരാള്‍ക്ക് ഒരു ദിവസം ശ്വസിക്കാന്‍ എന്നറിയുമ്പോഴാണ് 'ഭൂമിയുടെ ശ്വാസകോശങ്ങള്‍' എന്ന പേര് മരത്തിനെത്ര അന്വര്‍ത്ഥമാണ് എന്നു നമുക്കു മനസ്സിലാവുന്നത്. നമ്മുടെ പാതയോരങ്ങളിലും വീട്ടുവളപ്പിലും നില്‍ക്കുന്ന ഓരോ മരവും 'ഓക്‌സിജന്‍ ബൂത്ത്' ആണ് എന്ന വിവേകത്തിലേക്കു നാം ഉണരേണ്ടതുണ്ട്. ആംഗലേയസാഹിത്യകാരനായ ജോയിസ് കില്‍മറിന്റെ മരത്തെക്കുറിച്ചുള്ള മനോഹരമായ കവിതയിലെ ആദ്യാവസാനവരികള്‍ ഹൃദയത്തില്‍ സൂക്ഷിക്കാം.
I Think I shall never see
A Poem lovely as a Tree
............................................
Poems are make by fools like me,
But only God can make a Tree

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)