തിരുവനന്തപുരം പോത്തന്‍കോടു സ്വദേശിനി 23 കാരിക്കാണ് ആ അബദ്ധം പിണഞ്ഞത്. ആള്‍ ഒരു എം.ടെക് ബിരുദധാരിണിയാണെങ്കിലും മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട കൂത്തുപറമ്പുകാരന്‍ ഹംസയുമായി അങ്ങേയറ്റം അടുപ്പത്തിലായി, പ്രണയത്തിലുമായി. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന കടുത്ത പ്രണയം! അവസാനം അവന്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരു ദിവസം അവള്‍ വീടുവിട്ടിറങ്ങി കൂത്തുപറമ്പിലെത്തി.
പുലര്‍ച്ചെ ഒറ്റയ്ക്കു ദീര്‍ഘനേരം കൂത്തുപറമ്പു ടൗണില്‍ക്കണ്ട യുവതിയെ പോലീസ് ചോദ്യം ചെയ്തു. ഹംസ എന്ന യുവാവിനെ പ്രതീക്ഷിച്ചായിരുന്നു ആ കാത്തിരിപ്പ് എന്നു പോലീസിനു വ്യക്തമായി. തുടര്‍ന്ന് ഹംസയെ പോലീസ് വിളിച്ചുവരുത്തിയപ്പോഴാണ് ആള്‍ യുവാവല്ല, എഴുപതു കഴിഞ്ഞ കിഴവനാണ് എന്നു യുവതി മനസ്സിലാക്കുന്നത്. അതോടെ, അവള്‍ ആകെ തളര്‍ന്നുവീണുപോയത്രേ.
മൊബൈല്‍ഫോണിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും മറ്റും വഞ്ചിക്കപ്പെടുന്ന എത്രയെത്ര പെണ്‍കുട്ടികള്‍! ഫോണിലൂടെ കേള്‍ക്കുന്ന മൃദുലസ്വരം, തന്നെ ജീവനെക്കാളും സ്‌നേഹിക്കുന്ന ഒരു യുവകോമളന്റേതാണെന്നു ലോകമെന്തെന്നറിയാത്ത നിഷ്‌കളങ്ക ധരിച്ചുവശാകുന്നു.
കാമുകന്റെ വാക്കുകേട്ട് ഇതുതന്നെ സന്തുഷ്ടജീവിതം എന്നു കരുതി ആരോടും പറയാതെ അവള്‍ വീടുവിട്ടിറങ്ങും. പരസ്പരം കണ്ടുമുട്ടി ബന്ധപ്പെട്ടു കഴിയുമ്പോഴാണ് താന്‍ ചതിക്കപ്പെടുകയായിരുന്നു എന്ന തിരിച്ചറിവു കൈവരുന്നത്. അപ്പോഴേക്കും വളരെ വൈകിയിരിക്കും-എല്ലാം സംഭവിച്ചുകഴിഞ്ഞിരിക്കും.
കബളിപ്പിക്കപ്പെടുന്നതത്രയും പെണ്‍കുട്ടികളാണത്രേ. തന്നെ വിളിക്കുന്നവന്‍ ഏതു തരക്കാരനാണ്, എന്തായിരിക്കും അവന്റെ ഉള്ളിലിരിപ്പ് എന്നൊന്നും ചിന്തിക്കാതെയാണ് പാവങ്ങള്‍ എടുത്തുചാടുക.
ഇതാ, തിരുവനന്തപുരംകാരിയെപ്പോലെ അപകടത്തില്‍ ചാടിയ ഒരു തരിയോടുകാരി (വയനാട്). പല പ്രാവശ്യം മൊബൈലിലൂടെയും പിന്നീടു നേരിട്ടും പരിചയപ്പെട്ട ഒരു മുഹമ്മദുമായി അവള്‍ കലശലായ പ്രണയത്തിലായി. ഒരു ദിവസം അവന്‍ ക്ഷണിച്ചപ്പോള്‍ എല്ലാം മറന്ന് അവള്‍ അവനോടൊപ്പം പോയി- നേരേ തിരുനെല്ലിയിലേക്ക്.
വെള്ളമുണ്ട വച്ചു വേറൊരുവന്‍കൂടി വാഹനത്തില്‍ കയറിയപ്പോഴും അവള്‍ മറ്റൊന്നും ചിന്തിച്ചില്ല. പക്ഷേ, വാഹനം കാട്ടിക്കുളം കഴിഞ്ഞു കാട്ടിലെത്തിയപ്പോള്‍ അതു സംഭവിച്ചു. രണ്ടുപേരുംകൂടി അവളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി കാട്ടിലുപേക്ഷിച്ചു!
പുരുഷന്റെയും സ്ത്രീയുടെയും പ്രതീക്ഷകള്‍ക്കു തമ്മില്‍ വ്യത്യാസമുണ്ട്. അവള്‍ കാംക്ഷിക്കുന്നത് ഒരു ജീവിതമാണ്. അവന്റെ സ്‌നേഹവും സംരക്ഷണവുമാണ്. പക്ഷേ, അവന്‍ ലക്ഷ്യം വയ്ക്കാറുള്ളത് അവളുടെ ശരീരവും സൗന്ദര്യവുമാണ്-കൂട്ടത്തില്‍ സ്വര്‍ണ്ണവും. എല്ലാം കഴിയുമ്പോഴാണ് അവള്‍ക്കു സുബോധമുണ്ടാവുക (ലൂക്കാ. 15:17). പെണ്‍കുട്ടികള്‍ ഒരിക്കലും മറന്നുപോകരുതാത്ത ഒരു പഴമൊഴിയുണ്ട്.
ഇല മുള്ളില്‍ വീണാലും
മുള്ള് ഇലയില്‍ വീണാലും,
പരുക്ക് ഇലയ്ക്കു തന്നെ.
നിര്‍ഭാഗ്യകരമായ ചില വിവാഹബന്ധങ്ങളിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നിടത്തും മൊബൈല്‍ ഫോണിനു പങ്കുണ്ട്.
വടക്കേ വയനാടിന്റെ തലസ്ഥാനത്തു വച്ചുനടന്ന ഒരു കല്യാണം ഒന്നാന്തരം ഉദാഹരമാണ്. ഒരു യുവാവിന് ഒരിടത്തുനിന്നും ഒരു കല്യാണവും ശരിയാകുന്നില്ല. സ്ഥിരം മദ്യപാനവും അത്യാവശ്യം ദുര്‍ന്നടപ്പും ഉള്ളവനുമായി ഒരു വിവാഹബന്ധത്തിന് ആരും തയ്യാറല്ലെന്നതാണു കാരണം. വര്‍ഷങ്ങള്‍ അങ്ങനെ നീണ്ടുപോയി.
ഒരിക്കല്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയുടെ വീട്ടില്‍ അവന്‍ ചെന്നു. സൗന്ദര്യവും കുടുംബപാരമ്പര്യവുമുള്ള നല്ലൊരു പെണ്‍കുട്ടി. പക്ഷേ, പതിവുപോലെ അവളും അവളുടെ കുടുംബാംഗങ്ങളും പിന്‍വാങ്ങി. യുവാവിന്റെ മദ്യപാനവും ദുര്‍ന്നടപ്പും അവരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ചിലരുടെയൊക്കെ പ്രേരണപ്രകാരം രണ്ടാം പ്രാവശ്യവും അവന്‍ അവളെ കാണാന്‍ ചെന്നു, പുതിയൊരു തന്ത്രവുമായി. അവള്‍ക്കും കുടുംബാംഗങ്ങള്‍ക്കും യാതൊരു മാറ്റവുമില്ലെന്നറിഞ്ഞ യുവാവ് ഒരു മൊബൈല്‍ഫോണ്‍ അവള്‍ക്കു സമ്മാനിച്ചു. അവള്‍ വാങ്ങാതിരുന്നതുകൊണ്ട് അത് അവിടെ വച്ചിട്ടുപോന്നു. കുറെക്കഴിഞ്ഞപ്പോള്‍ ബല്ലടിക്കുന്ന ശബ്ദം -പിന്നെയും പിന്നെയും... അവള്‍ ഫോണ്‍ കൈയിലെടുത്തു: ''എന്റെ ഓമനേ, നിനക്കെന്താണ് എന്നോട് ഇത്ര ഇഷ്ടക്കുറവ്? കണ്‍മണീ നീയെന്റെ കരളാണ്...!''
അതു പല പ്രാവശ്യമായപ്പോള്‍ അവള്‍ക്ക് ചെറിയൊരു അടുപ്പം! ക്രമേണ അതു വളര്‍ന്നു. പക്ഷേ, മാതാപിതാക്കള്‍ വിലക്കി: ''അതു പാടില്ല; അവന്‍ മോശമാണ്...''
''ഈ മാതാപിതാക്കള്‍ക്ക് ഇന്നത്തെ ജീവിതത്തെക്കുറിച്ച,് സുഖങ്ങളെക്കുറിച്ച് എന്തറിയാം?'' അവന്‍ തിരുത്തിക്കൊടുത്തു. വീണ്ടും ക്ഷണം: ''നീ എന്റെ കൂടെ വാ.'' മാതാപിതാക്കളുടെ സര്‍വ്വ എതിര്‍പ്പുകളെയും അവഗണിച്ചുകൊണ്ട് അവള്‍ അവനെ വിവാഹം കഴിച്ചു; അവനോടൊപ്പം പോയി.
അധികം താമസിയാതെ അവള്‍ ഗര്‍ഭിണിയായി - അതോടെ അവന്റെ മട്ടു മാറി. മൊബൈല്‍ ഫോണ്‍ അവന്‍ തിരികെവാങ്ങി. അവന്റെ പെരുമാറ്റം പഴയതിനെക്കാള്‍ പിഴയായി. 'എന്റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാ'മെന്നു പറഞ്ഞു പിണങ്ങി സ്വന്തം വീടുവിട്ടിറങ്ങിയവള്‍ ഇനി എവിടെപ്പോകും?
ഇങ്ങനെ പെട്ടുപോകുന്ന എത്രയെത്ര ജീവിതങ്ങള്‍! കുഴിയില്‍ വീണുകഴിയുമ്പോഴാണ് ഇനി കയറാനാവില്ല എന്നു മനസ്സിലാവുന്നത്. പറഞ്ഞിട്ടെന്തു കാര്യം? -എല്ലാം കഴിഞ്ഞു!
മൊബൈല്‍ഫോണുകള്‍ ഇത്രയേറെ അപകടകാരികളാണെന്ന് അധികംപേരും തിരിച്ചറിയുന്നില്ല. ജീവിതത്തിന്റെ നടുമുറ്റത്തേക്കു കാലൂന്നിയിറങ്ങുന്ന കാലഘട്ടങ്ങളില്‍ വമ്പന്‍പ്രതീക്ഷകളോടെ മാതാപിതാക്കള്‍ വളര്‍ത്തിക്കൊണ്ടുവരുന്ന പലരും മൊബൈല്‍ഫോണുകളില്‍, ഇന്റര്‍നെറ്റിന്റെ വലക്കണ്ണികളില്‍ കുടുങ്ങിപ്പോകുന്ന രംഗങ്ങള്‍! ഇവിടെയാണ് തിരുവചനം പ്രസക്തമാകുന്നത്:
''മകനേ, നിന്റെ പിതാവിന്റെ പ്രബോധനം ചെവിക്കൊള്ളുക; മാതാവിന്റെ ഉപദേശം തിരസ്‌കരിക്കരുത്'' (സുഭാ. 1:8-9)
'കൗമാരത്തിന്റെ ചക്രവാള'ങ്ങളിലേക്കു കടക്കുന്നവര്‍ ഒരിക്കലും മറക്കരുതാത്ത ഒരു കാര്യമുണ്ട്:
''മിന്നുന്നതെല്ലാം പൊന്നല്ല.''