•  25 Apr 2024
  •  ദീപം 57
  •  നാളം 7
ഉണ്ണീരിയമ്മ പറഞ്ഞ കഥ

മനസ്സിനെ ജയിക്കാന്‍

മൂവര്‍സംഘം ഒരിക്കല്‍ ഉണ്ണീരിയമ്മയുടെ അടുത്തെത്തി. കൂട്ടത്തില്‍ ജോണിക്കുട്ടി അസ്വസ്ഥനായി കാണപ്പെട്ടു.
''എന്തുപറ്റി ജോണിക്കുട്ടീ...'' ഉണ്ണീരിയമ്മ ചോദിച്ചു.
 സത്യത്തില്‍ ആ ചോദ്യം അനാവശ്യമാണെന്ന്  ഉണ്ണീരിയമ്മയ്ക്കും അറിയാം. ജോണിക്കുട്ടിയുടെ മനസ്സ് നിസ്സാരകാര്യങ്ങളില്‍പ്പോലും  പെട്ടെന്ന് അസ്വസ്ഥമാകും. പരീക്ഷ വന്നാല്‍ പിന്നെ ഉറക്കമില്ല. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോയാല്‍ അവന് ഭയവും വെപ്രാളവും  കാരണം നന്നായി ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടെന്താ, ഒരു കാര്യവും ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ കഴിയില്ല.
ജോണിക്കുട്ടി ഉത്തരം പറയുന്നതിനുമുമ്പേ ഉണ്ണീരിയമ്മ ഒരു കഥ പറഞ്ഞു തുടങ്ങി:
പണ്ടുപണ്ട് നടന്ന കഥയാണ്. ശ്രീബുദ്ധന് ഒരു ശിഷ്യനുണ്ടായിരുന്നു. മറ്റു പല കാര്യങ്ങളും ചിന്തിച്ച് എപ്പോഴും അസ്വസ്ഥനായിരുന്ന ശിഷ്യന് ഗുരുവിനും മറ്റു ശിഷ്യര്‍ക്കും ഒപ്പം ഏകാഗ്രമായി ധ്യാനിക്കാന്‍ കൂടി കഴിഞ്ഞിരുന്നില്ല. ബുദ്ധന് ഇക്കാര്യം നന്നായി അറിയാമായിരുന്നു. ധ്യാനിക്കുമ്പോള്‍ മറ്റു ശിഷ്യന്മാര്‍ ചെയ്യുന്നതുപോലെ കണ്ണടച്ചിരിക്കുമെങ്കിലും അവന്റെ മനസ്സ് നിയന്ത്രണവിധേയമായിരുന്നില്ല.
ഒരിക്കല്‍ ഒരു യാത്രയ്ക്കിടയില്‍ ഒരു മരച്ചുവട്ടില്‍ ബുദ്ധനും ശിഷ്യന്മാരും വിശ്രമിക്കാനിരുന്നു. കാല്‍നടയായുള്ള  യാത്രയില്‍ എല്ലാവരും ക്ഷീണിതരായിരുന്നു. മരച്ചുവട്ടില്‍ ബുദ്ധനു ചുറ്റുമിരുന്ന് മറ്റു ശിഷ്യന്മാരും ധ്യാനിക്കാന്‍ തുടങ്ങി. ഇനിയും നടക്കേണ്ട ദൂരത്തെപ്പറ്റിയും ഭക്ഷണത്തെപ്പറ്റിയും രാത്രി എവിടെ തങ്ങണം എന്നതിനെപ്പറ്റിയുമൊക്കെയായിരുന്നു നമ്മുടെ ശിഷ്യന്റെ ചിന്ത.
പെട്ടെന്നാണ് ശിഷ്യനോട് ബുദ്ധന്‍ ആവശ്യപ്പെട്ടത്: ''എനിക്ക് കുടിക്കാന്‍ കുറച്ചു ജലം വേണം.''
 ആവശ്യം കേട്ടയുടനെ കൈയിലുണ്ടായിരുന്ന കുടവുമായി  ശിഷ്യന്‍ ഒരു ജലാശയത്തിന് അടുത്തേക്കു ചെന്നു. അവിടെ സ്ത്രീകള്‍ വസ്ത്രം അലക്കുന്നുണ്ടായിരുന്നു. മാത്രമല്ല, അവരുടെ കുട്ടികള്‍ വെള്ളത്തില്‍ കളിക്കുന്നു. കലങ്ങിമറിഞ്ഞ ചെളിവെള്ളം എങ്ങനെ ഗുരുവിനു കുടിക്കുവാന്‍ കൊടുക്കും? അവന്‍ വീണ്ടും അസ്വസ്ഥനായി.
കുറച്ചു കഴിഞ്ഞു വെള്ളം എടുത്താല്‍ മതിയെന്ന് തിരികെയെത്തിയ ശിഷ്യനോട് ബുദ്ധന്‍ പറഞ്ഞു. വീണ്ടും ബുദ്ധന്‍ ധ്യാനത്തിലേക്ക്.
കുറെ സമയത്തിനുശേഷം ശിഷ്യന്‍ ഒരിക്കല്‍ക്കൂടി ജലാശയത്തിനടുത്തേക്കു ചെന്നു. അപ്പോഴാണ് കുറച്ചു കാളവണ്ടികള്‍ ജലാശയത്തിലൂടെ അപ്പുറം കടക്കുന്നത് ശിഷ്യന്‍ കണ്ടത്. വീണ്ടും ജലം കലങ്ങിമറിഞ്ഞു. ശിഷ്യന്‍ നിരാശനായി തിരികെ മടങ്ങി. കുറച്ചുകൂടി കാത്തിരിക്കൂ എന്നാണ് ബുദ്ധന്‍ വീണ്ടും ഉത്തരം പറഞ്ഞത്.
നേരം സന്ധ്യയോടടുത്തു. ശിഷ്യന്‍ വീണ്ടും ജലാശയത്തിനടുത്തേക്കു ചെന്നു. അവിടെ ആരുമില്ലായിരുന്നു. ചെളിയെല്ലാം അടിഞ്ഞ് കണ്ണാടിപോലെ മുഖം കാണാവുന്ന ജലം. സന്തോഷത്തോടെ ശിഷ്യന്‍ ജലവുമായി ഗുരുവിന്റെ അടുത്തേക്കു ചെന്നു.
ബുദ്ധന്‍ പുഞ്ചിരിയോടെ ശിഷ്യനോടു പറഞ്ഞു.
ആ ജലാശയംപോലെയാണ് മനസ്സ്. ചിലപ്പോള്‍ കലങ്ങി മറിയും. ശാന്തമായി കാത്തിരിക്കുക. തിടുക്കത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ പരാജയപ്പെട്ടേക്കാം. ശാന്തത കൈവെടിയരുത്. മനസ്സിലുള്ള സംഘര്‍ഷങ്ങള്‍ ജലാശയത്തിലെ ചെളി പോലെയാണ്. ശാന്തമായി  അത് അടിയുവാന്‍ അനുവദിക്കുക. മനസ്സ് തെളിനീരുപോലെ തെളിഞ്ഞതാവും. പിന്നീട് നാം ചെയ്യുന്ന കാര്യങ്ങളൊക്കെ ഭംഗിയായിത്തീര്‍ക്കുവാന്‍ നമുക്കു കഴിയും.
കഥ പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ ഉണ്ണീരിയമ്മ ജോണിക്കുട്ടിയുടെ മുഖത്തേക്കു നോക്കി. ഒരു ചെറിയ പുഞ്ചിരി വിടര്‍ന്നിട്ടുണ്ട്. ബുദ്ധന്‍ പറഞ്ഞ ഒരു വാക്യംകൂടി ഉണ്ണീരിയമ്മ അവരെ ഓര്‍മ്മിപ്പിച്ചു:
ആയിരം യുദ്ധങ്ങളില്‍ ജയിക്കുന്നതിനെക്കാള്‍ മഹത്തരം മനസ്സിനെ ജയിക്കലാണ്.

 

Login log record inserted successfully!