കറിവേപ്പില മലയാളിയുടെ ഭക്ഷണത്തിലെ അവിഭാജ്യഘടകമാണ്. വലിച്ചെറിയാനുള്ളതല്ല കറിവേപ്പില എന്ന കാര്യം അതിന്റെ ഔഷധഗുണങ്ങള്‍ അറിയുമ്പോള്‍ മനസ്സിലാകും.
കറിവേപ്പിലയില്‍ ജീവകം ''എ'' ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ആരോഗ്യവും തിളക്കവുമുള്ള കണ്ണുകള്‍ക്ക് ഇത് ആവശ്യമാണ്. കറികളില്‍ ഇല അരച്ചുചേര്‍ത്ത് ഉപയോഗിക്കുന്നത് ഇതിലെ പോഷകമൂല്യം നഷ്ടപ്പെടാതിരിക്കാന്‍ ഉപകരിക്കുന്നതാണ്.
'റുട്ടേസി' സസ്യകുടുംബത്തില്‍പ്പെടുന്ന കറിവേപ്പിന്റെ ശാസ്ത്രനാമം ''മുരയ കൊനീജിയൈ'' എന്നാണ്.
കറിവേപ്പിന്റെ ഇലകളില്‍ ബാഷ്പശീലതൈലം, റെസിന്‍, കൊനിജിന്‍ എന്ന ഗ്ലൂക്കോസൈഡ് എന്നിവ അടങ്ങിയിരിക്കുന്നു. എരിവും കയ്പും ചേര്‍ന്നതും ക്ഷാരഗുണമുള്ളതുമാണ് കറിവേപ്പില.
പനി, ഛര്‍ദി, പുളിച്ചുതികട്ടല്‍, ഉദരസംബന്ധമായ രോഗങ്ങള്‍, ദഹനക്കുറവ്, നേത്രരോഗം എന്നിവയ്ക്ക് കറിവേപ്പില ഉപയോഗിച്ചുവരുന്നു.
വിഷജന്തുക്കള്‍ കടിച്ചാല്‍ പ്രതിവിധിയായിട്ടും ഇല ഉപയോഗിക്കാറുണ്ട്. പ്രമേഹരോഗനിയന്ത്രണത്തിനും പേരുകേട്ടതാണ് കറിവേപ്പില. അതിസാരത്തിനും വയറുകടിക്കും ത്വഗ്രോഗങ്ങള്‍ക്കും അലര്‍ജിരോഗങ്ങള്‍ക്കും കറിവേപ്പില തനിച്ചും മറ്റു മരുന്നുകളോടു ചേര്‍ത്തും ഉപയോഗിച്ചുവരുന്നു. കൊളസ്‌ട്രോള്‍ വര്‍ധനവുണ്ടാകുന്ന രോഗങ്ങള്‍ക്കു ശമനം വരുത്തുവാന്‍ കറിവേപ്പില നല്ലതാണ്. കറിവേപ്പില പ്രകൃതിചികിത്സയിലും ഒരു പ്രധാന ഔഷധമാണ്.
							
 ജോഷി മുഞ്ഞനാട്ട്
                    
									
									
									
									
									
									
									
									
									
									
                    