ദൈവം ഭരമേല്പിച്ച ഉത്തരവാദിത്വങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ നിര്‍വ്വഹിച്ച് കൃപാവരസമൃദ്ധി ആസ്വദിക്കുന്ന തിരുഹൃദയദാസിയാണ് സി. ഇന്നസെന്റ് മാമ്പള്ളില്‍ എസ്.എച്ച്. ഈശോയുടെ തിരുഹൃദയത്തിന്റെ സ്‌നേഹവും കരുണയും അനേകര്‍ക്കായി പങ്കുവച്ച ഇന്നസെന്റമ്മ ഇന്ന് നവതിയിലെത്തിയിരിക്കുന്നു. തിരുഹൃദയസന്ന്യാസിനീസമൂഹത്തിന്റെ സ്ഥാപകന്‍ ധന്യന്‍ കദളിക്കാട്ടില്‍ മത്തായിയച്ചന്റെ സുുകൃതസമ്പന്നമായ ജീവിതത്തിന്റെ ഉറപ്പുള്ള സാക്ഷ്യമാണ് ഇന്നസെന്റമ്മ.
ഇലഞ്ഞി ഇടവക മാമ്പള്ളി പൗലോസിന്റെയും റോസമ്മയുടെയും മൂന്നാമത്തെ സന്താനമായ മേരി 1950-ല്‍ പാലാ തിരുഹൃദയമഠത്തില്‍ അര്‍ത്ഥിനിയായി ചേര്‍ന്നു. സന്ന്യാസപരിശീലനത്തിനുശേഷം ഹൈദരാബാദിലുള്ള ഉസ്മാനിയ മെഡിക്കല്‍ കോളേജില്‍ നേഴ്‌സിംഗ്പഠനം പൂര്‍ത്തിയാക്കി. ആതുരസേവനരംഗത്തു മികച്ച മാതൃകയായിരുന്ന ഇന്നസെന്റമ്മ രോഗികളുടെയും അവരുടെ വീട്ടുകാരുടെയും നാട്ടുകാരുടെയും ആദരവിനു പാത്രീഭവിച്ചു.
പാലാരൂപതവക കൊഴുവനാല്‍ ഫാത്തിമാമാതാ മിഷന്‍ ഹോസ്പിറ്റലായിരുന്നു ഇന്നസെന്റമ്മയുടെ ആദ്യശുശ്രൂഷാരംഗം. പിന്നീട് മേലുകാവ് ഇടവകയുടെ കീഴിലുള്ള അസംപ്ഷന്‍ ഹോസ്പിറ്റലില്‍ നേഴ്‌സിങ് സൂപ്രണ്ടായി ചാര്‍ജെടുത്തു. 1961-ല്‍ എസ്.എച്ച്. സന്ന്യാസിനീസമൂഹം ചക്കാമ്പുഴ എസ്.എച്ച്. ഹോസ്പിറ്റല്‍ ആരംഭിച്ചപ്പോള്‍ ആദ്യത്തെ നേഴ്‌സിംഗ് സൂപ്രണ്ടാകാന്‍ നിയോഗം ലഭിച്ചതും ഇന്നസെന്റമ്മയ്ക്കായിരുന്നു.
പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും സമന്വയിപ്പിച്ചതിനാല്‍ എല്ലായിടത്തും എല്ലാക്കാര്യത്തിലും സര്‍വ്വശക്തനായ ദൈവത്തിന്റെ കരബലം പ്രകടമായിരുന്നു. ഏതാണ്ട് ഇരുപതു വര്‍ഷത്തോളം ചക്കാമ്പുഴയില്‍ വിവിധ രംഗങ്ങളില്‍ മിഷനറിയായി പ്രവര്‍ത്തിച്ചു. അനേകം രോഗികള്‍ക്ക് അത്താണിയും ആശ്രയവുമായി. മഠത്തിന്റെ സുപ്പീരിയറായും രോഗികള്‍ക്കായി ആരംഭിച്ച എസ്.എച്ച്. ഭവന്റെ ആദ്യഡയറക്ടറായും തിരുഹൃദയസന്ന്യാസിനീസമൂഹത്തിന്റെ ജനറല്‍ കൗണ്‍സിലറായും ആതുരശുശ്രൂഷയോടൊപ്പംതന്നെ സേവനമനുഷ്ഠിച്ചു.
മാരകമായ കാന്‍സര്‍ ബാധിച്ചപ്പോഴും പ്രാര്‍ത്ഥനയെന്ന മരുന്നല്ലാതെ മറ്റൊന്നും അമ്മയ്ക്കു കൂട്ടായി ഉണ്ടായിരുന്നില്ല. ഓപ്പറേഷന്‍ നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍ ദൈവത്തെ പരീക്ഷിച്ച് ഒന്നും ചെയ്യേണ്ട എന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു. ധന്യന്‍ കദളിക്കാട്ടില്‍ മത്തായിയച്ചന്റെ മധ്യസ്ഥതയാല്‍ കാന്‍സര്‍ സുഖപ്പെട്ടുവെന്നുമാത്രമല്ല, മുപ്പത്തഞ്ചു വര്‍ഷം പഴക്കമുള്ള രോഗത്തിന്റെ ലക്ഷണങ്ങള്‍ പിന്നീടൊരിക്കലും കണ്ടില്ല എന്നതും അദ്ഭുതമായി കണക്കാക്കപ്പെടുന്നു.
'അനാഥര്‍ക്ക് അമ്മയാകുക' എന്ന സ്ഥാപകപിതവിന്റെ ആഹ്വാനം ഇന്നസെന്റമ്മയെ സംബന്ധിച്ച് അന്വര്‍ത്ഥമായത് കുമ്മണ്ണൂര്‍ ചില്‍ഡ്രന്‍സ് ഹോമിലെ ശുശ്രൂഷാനാളുകളിലായിരുന്നു. ഒരേ സമയം എട്ടും പത്തും കുഞ്ഞുങ്ങള്‍ - ജനിച്ചിട്ട് ഒരു ദിവസംമുതല്‍ ഒരു വയസ്സുവരെയുള്ളവര്‍ - ഇന്നസെന്റമ്മയുടെ സ്‌നേഹത്തിനും പരിലാളനയ്ക്കും പാത്രീഭൂതരായി. ദൈവമഹത്ത്വവും ആത്മാക്കളുടെ രക്ഷയും സ്വയം വിശുദ്ധീകരണവും ജീവിതലക്ഷ്യമാക്കിയിരുന്ന ഇന്നസെന്റമ്മ താന്‍ നിയോഗിക്കപ്പെട്ട പ്രേഷിതമണ്ഡലങ്ങളിലൊക്കെ ആത്മാര്‍ത്ഥതയോടെ അദ്ധ്വാനിച്ചു.
നേതൃത്വവാസന, സരസമായ സംസാരം, അതിഥിസല്‍ക്കാരപ്രിയം, ആഴമായ ദൈവാശ്രയബോധം, അന്യൂനമായ നിയമപാലനം ഇവയെല്ലാം ഇന്നസെന്റമ്മയുടെ പ്രത്യേകതകളാണ്.
'മറ്റൊരു മദര്‍ തെരേസ' എന്നു വിശേഷിപ്പിക്കത്തക്കവിധം ഒരിക്കലും വറ്റാത്ത കാരുണ്യത്തിന്റെ ഒരു കടല്‍ ഇന്നസെന്റമ്മയുടെ നെഞ്ചില്‍ ഇരമ്പിയിരുന്നു. പ്രമേഹവും പ്രായാധിക്യവും മൂലം ചക്കാമ്പുഴ എസ്.എച്ച്. ഭവനില്‍ വിശ്രമജീവിതം നയിക്കുമ്പോഴും അനേകരുടെ ആവലാതികള്‍ക്ക് കാവലാളാവുകയാണ് പ്രാര്‍ത്ഥനയിലൂടെ ഇന്നസെന്റമ്മ. ദൈവമഹത്ത്വത്തിനായിമാത്രം ജീവിതം സമര്‍പ്പിച്ച ഇന്നസെന്റമ്മ കരുണാര്‍ദ്രസ്‌നേഹത്തിന്റെ പ്രവാചികതന്നെയാണ്.