രാത്രിയില്‍ റഷ്യന്‍ ചൂതാട്ട കേന്ദ്രങ്ങളിലെ തന്റെ പതിവു കളികള്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ദസ്തയേവ്‌സ്‌കി രാമമൂര്‍ത്തിയുടെ കാര്യം ഓര്‍ത്തത്. പണ്ടേ ചൂതാട്ടത്തിനിറങ്ങിയാല്‍ തന്നെ സ്‌നേഹിക്കുന്നവരുടെ കാര്യം താന്‍ മറന്നുപോകും.
രാമമൂര്‍ത്തിയെ അങ്ങനെ മറക്കാന്‍ വയ്യ.
അയാള്‍ ജീവിക്കുന്നത് അക്ഷരങ്ങളിലാണ്.
ദസ്തയേവ്‌സ്‌കി വീട്ടിലെത്തിയപ്പോഴാണ് ഏങ്ങിയും പൊങ്ങിയുമുള്ള ചുമ കേട്ടത്.
അയാള്‍ രാമമൂര്‍ത്തിയുടെ അടുത്തു ചെന്നിരുന്നു.
ഹാ വന്നോ?
ഇന്നു കളിച്ചു ജയിച്ചതു പോലുണ്ടല്ലോ കണ്ടിട്ട്. പുസ്തകത്തില്‍ കാണാതിരുന്നപ്പോഴേ എനിക്കു തോന്നി, ഇന്ന് കളിക്കിറങ്ങീട്ടുണ്ടാവൂന്ന്. രാമമൂര്‍ത്തി പറഞ്ഞു.
മരിക്കാത്ത ഞാനെന്തിനാടോ ഈ പുസ്തകത്തില്‍ ഒതുങ്ങിക്കൂടുന്നത്. എടോ താന്‍ ഒന്നെണീറ്റേ...
എന്നെയും ഈ ചുമ പണ്ട് കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്.
അന്നയെ ഉറക്കിക്കിടത്തി ചൂതുകളിക്കാനിറങ്ങുന്ന നേരത്താണ് റഷ്യ മഞ്ഞുപെയ്ത് തണുക്കാന്‍ തുടങ്ങുന്നത്. താന്‍ കണ്ടിട്ടില്ലല്ലോ റഷ്യയിലെ മഞ്ഞ്.
ഇരുട്ടും മഞ്ഞും അങ്ങനെ കറുപ്പും വെളുപ്പുമായി പെയ്ത് മോസ്‌കോവിനെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് രാത്രിയാക്കും.
അപ്പോ നല്ല റഷ്യന്‍ ചുരുട്ട് പുകച്ച് മഞ്ഞിനെ ഉരുക്കി ഞാന്‍ ചിരിച്ചുകൊണ്ട് തെരുവിലൂടെ നടക്കും.
തന്നേക്കാള്‍ നൂറുവര്‍ഷം മുന്നേയുള്ള കഥാകാരന്റെ കഥയ്ക്കരികില്‍ ശാരീരികാസ്വസ്ഥ്യങ്ങള്‍ ഒഴിഞ്ഞു മനസ്സോടെ രാമമൂര്‍ത്തി കഥ കേട്ടിരുന്നു.
ഇരുപതുവര്‍ഷംമുമ്പ് മാവിടിക്കുന്നിന്റെ താഴ്‌വാരത്തിലേക്ക് രാമമൂര്‍ത്തി വരുമ്പോള്‍ ഒരു നിധിപോലെ കുറച്ചു പുസ്തകങ്ങള്‍ മാത്രമാണ് ബാഗില്‍ കരുതിയിരുന്നത്.
കോളനിയില്‍നിന്നു മൈലുകള്‍ക്കപ്പുറത്തുള്ള ക്വാറിയിലായിരുന്നു അയാള്‍ക്കു ജോലി. കരിങ്കല്‍ക്കൂമ്പാരങ്ങളിലെ പൊടിക്കൂട്ടുകള്‍ രാമമൂര്‍ത്തിയുടെ ഹൃദയത്തിനു ചാരനിറം നല്‍കിയപ്പോള്‍ നിര്‍ത്താനാവാത്ത ചുമ അയാള്‍ക്കു കൂട്ടായി. ഭൂമിയുടെ നെഞ്ചുടഞ്ഞു തകരുമ്പോഴൊക്കെ രാമമൂര്‍ത്തിയുടെ നെഞ്ചും തകര്‍ന്നു.
രണ്ടാഴ്ചമുമ്പ് ശ്വാസകോശത്തിന്റെ തുന്നല്‍ പൊട്ടി ആശുപത്രിയില്‍ അഡ്മിറ്റാവുംവരെ പാവങ്ങളും കുറ്റവും ശിക്ഷയും ഖസാക്കിന്റെ ഇതിഹാസവും പ്രേമലേഖനവുമൊക്കെ കാറ്റു കടക്കാത്ത ഇരുട്ടുമുറിയുടെ കൊച്ചിടുക്കിലിരുന്ന് ഭൂമിയിലെ എല്ലാ നല്ല വാക്കുകളും പറഞ്ഞ് രാമമൂര്‍ത്തിയെ ആശ്വസിപ്പിച്ചു. ആശുപത്രിക്കിടക്കയില്‍ രാമമൂര്‍ത്തി തനിച്ചായിരുന്നതുകൊണ്ട് ദസ്തയേവ്‌സ്‌കിക്ക് എങ്ങോട്ടും പോകാന്‍ തോന്നിയില്ല.
ഈ ആശുപത്രിവാസം കഴിഞ്ഞാല്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗും, ദസ്തവോവോ എന്ന തന്റെ ഗ്രാമവുമൊക്കെ രാമമൂര്‍ത്തിയെ കൊണ്ടുപോയി കാണിക്കാമെന്ന് കഥാകാരന്‍ വാഗ്ദാനം ചെയ്തു. അങ്ങനെ ഒരുറപ്പു കൊടുക്കാതെ അക്ഷരസ്‌നേഹിയായ രാമമൂര്‍ത്തി ജീവിതത്തിലേക്കു തിരിച്ചു വരില്ലെന്ന് ദസ്തയേവ്‌സ്‌കിക്കു തോന്നി.
വീട്ടിലെ വിശേഷങ്ങളുമായി ഭാര്യ വല്ലി വരുന്നതുവരെ ദസ്തയേവ്‌സ്‌കി തന്റെ നോവലിലെ കഥാപാത്രങ്ങളെക്കുറിച്ച് രാമമൂര്‍ത്തിയോടു സംസാരിച്ചിരുന്നു.
ഒന്നിടവിട്ട ദിവസങ്ങളില്‍ ആശുപത്രിയില്‍ ചെന്ന് വല്ലി അയാളെ സന്ദര്‍ശിക്കുകയുണ്ടായി. നീ ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ടു വരണ്ട വല്ലി... കമാലാംബാള്‍ അറിഞ്ഞാല്‍ പിന്നെ നിന്നെ വേലയ്ക്കു വിളിക്കില്ല.
ചുറ്റും കൊറോണയാകും. രാമമൂര്‍ത്തി പറഞ്ഞു.
എന്നവോ... എനിക്കിത് താങ്ക മുടിയലേ... ഞാനും മാഖിയും ഒറ്റയ്ക്ക്... തിരുമ്പി വന്താലുടന്‍ ഇന്ത ഊര് വിട്ട് പോലാമാ... കോറി പണി ഉങ്കളുക്ക് താങ്കമുടിയിലെ..
പൊതിയിലുണ്ടായിരുന്ന ഓറഞ്ച് പൊളിച്ച് ഒരല്ലി അവള്‍ അയാളുടെ വായില്‍ വച്ചു.
നീ സമാധാനപ്പെട്.
മാഖി എന്തു പറയുന്നു? അവളുടെ പഠനം മുടക്കരുത്. ഫോണില് പൈസയുണ്ടോ? മകളെയെങ്കിലും കോളനിക്കു പുറത്തുള്ള ഭൂമിയിലേക്ക് എത്തിക്കണമെന്നയാള്‍ ആഗ്രഹിച്ചിരുന്നു.
വല്ലിക്ക് അയാളെ വിഷമിപ്പിക്കാന്‍ തോന്നിയില്ല.
ടീച്ചര്‍ ഇടയ്ക്കിടെ വിളിക്കാറുണ്ട്. അങ്കെയും ഇങ്കെയുമിരുന്ന് എന്നവോ പേസറേന്‍. അപ്പാവുടെ കഥകള്‍ കേള്‍ക്കാന്‍ അവള്ക്ക് റൊമ്പ ആസയിരുക്ക്.
മകളെക്കുറിച്ചു കേട്ടപ്പോള്‍ അയാളുടെ കണ്ണുകളില്‍ ആവശ്യത്തിലധികം വാത്സല്യം തിരതല്ലി.
ആ ഇരുമ്പുപെട്ടി നിറയെ പുസ്തകമല്ലേ വല്ലീ.... നിനക്ക് ഒന്നു വായിച്ചു കൊടുത്തൂടേ...? എനിക്ക് മലയാളം വായിക്കാന്‍ അറിയില്ലാന്ന് അപ്പാവുക്കും മോള്‍ക്കുമറിഞ്ഞൂടേ... ഇപ്പടി പേസവേണ്ട.
വല്ലി മുഖം കൂര്‍പ്പിച്ചു.
ആ പരിഭവത്തിനിടയിലെപ്പോഴോ രാമമൂര്‍ത്തിയുടെയും വല്ലിയുടെയും കൈത്തലങ്ങള്‍ ഒരുമിച്ചുചേര്‍ന്നു. അപ്പോള്‍ അവര്‍ക്ക് മാഖിയെ ഓര്‍മ വന്നു.
അയാള്‍ സ്‌നേഹത്തോടെ അവളെ നോക്കി.
രണ്ടു ദിവസത്തിനുള്ളില്‍ ഞാന്‍ വരും. നീ ഇപ്പോ പൊക്കോ. അയാള്‍ അവളെ പറഞ്ഞയച്ചു.
പടികളിറങ്ങുമ്പോള്‍ ദേഹത്തിന് കനം കൂടുന്നതായി വല്ലിക്കു തോന്നി. അവള്‍ കൈവരിയിലെ പിടിത്തം മുറുക്കി താഴേക്കിറങ്ങി.
വീടെത്തുമ്പോള്‍ സൂര്യനസ്തമിക്കാന്‍ തുടങ്ങിയിരുന്നു. സിമന്റ്ഭരണിയില്‍നിന്നും ഒരു പാട്ട തണുത്ത വെള്ളമെടുത്ത് വല്ലി മുഖം കഴുകി.
അവശേഷിച്ചിരുന്ന ഓറഞ്ചില്‍ ഒന്നെടുത്ത് മാഖിയുടെ നേരേ നീട്ടി.
അപ്പാ ഇനിയും വൈകുമോ അമ്മേ...
മണ്‍ചുവരുകളില്‍ ചാരി നിന്ന് വാടിയ മുഖവുമായി മാഖി ചോദിച്ചു.
അവര്‍ രണ്ടുമൂന്ന് നാളുക്കുള്ളെ വരും. നീ നല്ലാ പടിങ്കെ എന്ന് അവര് സൊല്ലിട്ടാര്.
അമ്മാ....
അമ്മ പോയപ്പോ നന്ദ വന്നിരുന്നു. അപ്പ ആശൂത്രിലാന്നറിയാവുന്നതുകൊണ്ട് ഇവിടെ കേറീല്ല. ഞാനെന്താ ഓണ്‍ലൈന്‍ ക്ലാസില്‍ വരാത്തത് എന്ന് ടീച്ചര്‍ അന്വേഷിച്ചു. ജൂലൈ അഞ്ചിന് ബഷീര്‍ ദിനത്തിന്റന്ന് കഥ വായിച്ച് ഭൂമിയുടെ അവകാശികള്‍ ആരൊക്കെയെന്ന് കണ്ടെത്തി എഴുതി വിവരണം തയ്യാറാക്കണമമ്മേ.
അതു പറയാനാ അവള്‍ വന്നത്. ഫോണില് പൈസയില്ല എന്നുള്ള കാര്യം ഞാന്‍ പറഞ്ഞില്ല. ടീച്ചറിനെ എത്രയെന്നു വെച്ചാ ബുദ്ധിമുട്ടിക്ക്യാ.
അപ്പാ അറിഞ്ഞാല്‍...
മാഖിയുടെ സംസാരത്തിന് ഒച്ച കുറഞ്ഞു വന്നു.
അമ്മയ്ക്ക് അറിയ്യോ ഭൂമീടെ അവകാശികള്‍ ആരൊക്കെയാണെന്ന്?
എനക്കെപ്പടി തെരിയുമെടീ.. എന്നെ മലയാളം പഠിപ്പിച്ചതു തന്നെ ഉന്നുടെ അപ്പാവ് താന്‍. പറവാലെ മാഖി... നാളെ കമലാംബാളുടെ വീട്ടില്‍ പോകുമ്പോ കനിമോളോടു ചോദിക്കാം. പോതുമാ....
ആകെയുള്ള ഒറ്റമുറിവീട്ടില്‍ അപ്പാവുടെ പുസ്തകങ്ങള്‍ക്കരികെ അമ്മയും മകളും കെട്ടിപ്പിടിച്ചു കിടന്നു. ഭൂമിയുടെ അവകാശികള്‍ ആരൊക്കെയാണെന്ന ചിന്തയ്ക്കിടയില്‍ കൈയില്‍ വന്നിരുന്ന ഒരു കൊതുകിനെ നിലാവെളിച്ചത്തില്‍ വല്ലി അടിച്ചു കൊന്നു.
ഉറക്കം തരാതെ മൂളിയ ചീവിടിനെ മനസ്സില്‍ പ്രാകി.
പിറ്റേന്ന് സൂര്യനോ കാക്കയോ ആരോ ഒരാള്‍ വല്ലിയെ വിളിച്ചുണര്‍ത്തി...
കോളനിയുടെ പിറകുവശത്തു കൂടി ഒഴുകുന്ന അഴുക്കുചാലില്‍നിന്നു നായ്ക്കളും പക്ഷികളും എന്തോ കടിച്ചുപറിക്കാനുള്ള പിടിവലിയിലാണ്.
ആരോ ഉപേക്ഷിച്ച മാസ്‌ക് ഒരു കാക്ക കൊത്തിവലിച്ച് പറക്കുന്നതു കണ്ടു. ഓരോ ദിവസവും ഇരുട്ടി വെളുത്തു വരുന്തോറും ഈ അഴുക്കുചാലിന് കനം വയ്ക്കുന്നു.
താന്‍ വന്ന കാലത്ത് മാവിടിയില്‍നിന്നു മുളപൊട്ടി പാട്ടു പാടിയൊഴുകുന്ന കൊച്ചരുവിയായിരുന്നു ഇത്.
വല്ലി ഇറങ്ങി പുറത്തേക്കു നടന്നു.
പ്രകൃതി കനിഞ്ഞു നല്കിയ ഒരു മുരിങ്ങമരം കുന്നിന്‍ചരിവില്‍ സദാ തളിര്‍ത്തുനിന്നിരുന്നതുകൊണ്ട് കറിക്കുവേണ്ടി ഒരിക്കലും കോളനിയിലുള്ളവര്‍ക്ക് അലയേണ്ടിവന്നില്ല. വല്ലിയുടെ അടുക്കളനിലത്തെപ്പോഴും മുരിങ്ങയിലത്തുള്ളികള്‍ പച്ചമറുകുപോലെ കാണപ്പെട്ടു.
മുരിങ്ങ പൊന്‍നിറം ചൂടുന്ന കാലത്തുമാത്രം അവള്‍ അഴുക്കു ചാലിനരികെ തഴച്ചുവളരുന്ന ചുവന്ന ചീരയിലകള്‍ നുളളി. പ്രാതലൊരുക്കിയശേഷം വല്ലി മകളെ വിളിച്ചു.
അവള്‍ ചാര്‍ജില്ലാത്ത മൊബൈലും കയ്യില്‍പിടിച്ചിരിപ്പാണ്.
മാഖീ...
നാന്‍ ശീഘ്രമാ വന്തിടും.
നീ പുസ്തകമെടുത്ത് നല്ലാ പഠി....
വല്ലി പറഞ്ഞു.
അമ്മ ഫോണ്‍ കൊണ്ടുപോണം. ഇത് കറണ്ടില്ലാതെ ചത്തിട്ടുണ്ട്. അമ്മ തിരിച്ചുവന്നിട്ടു വേണം ക്ലാസ് കാണാന്‍. പിന്നെ കനിയോടു ഭൂമിയുടെ അവകാശികള്‍ ആരെന്നു ചോദിക്കാന്‍ മറക്കണ്ട.
വല്ലി കമലാംബാളിന്റെ വീട്ടിലേക്കു പുറപ്പെട്ടു.
കോളനിയിലെ ഇടുങ്ങിയ നടവഴിയില്‍ മാലിന്യങ്ങളും വിസര്‍ജ്യങ്ങളും നിറഞ്ഞിരിക്കുന്നു.
അവള്‍ക്കു മൂക്കുപൊത്തണമെന്നു തോന്നി. കോളനി അവസാനിക്കുന്നിടത്ത് തങ്ങളെപ്പോലെ ഇരുട്ടില്‍ ജീവിക്കാത്തവര്‍ക്കു വേണ്ടി ടാറിട്ട, വെടിപ്പായ വെളിച്ചമുള്ള നിരത്ത് ആരംഭിക്കുകയാണ്.
അതിരാവിലെതന്നെ പത്രം വായിക്കാനാണെന്ന ഭാവേന മൂടിക്കെട്ടിയ മുഖത്തോടെ ചിലര്‍ കോളനിമുക്കിലെ ചായക്കടയിലേക്കു നടക്കുന്നതു കണ്ടു. എന്തുകൊണ്ടോ പോലീസ് വിരാജ് കോളനിയിലെ ജനങ്ങളെ മാത്രം അകറ്റാന്‍ എത്തിയില്ല. പത്രം വായിക്കുക എന്നതിനേക്കാള്‍ അധികമായി നാട്ടുവെളിച്ചം കാണാനായിരുന്നു. മനുഷ്യര്‍ക്ക് ആഗ്രഹം.
അവര്‍ക്കിടയിലൂടെ വല്ലി നടന്ന് കമലാംബാളുടെ ഇരുനില വീട്ടിലെത്തി.
വല്ലിയെ കണ്ടയുടനെ തന്റെ സ്ഥൂലിച്ച ശരീരവുമായി കമലാംബാള്‍ മകളെയും ഭര്‍ത്താവിനെയും വിളിച്ച് രണ്ടാം നിലയിലെ ടെറസ് ഗാര്‍ഡനിലേക്കു പോയി.
മനുഷ്യരുടെ വിഷാദമൊന്നും പൂക്കള്‍ക്കോ ചെടികള്‍ക്കോ ഉണ്ടായിരുന്നില്ല. അവ പൂത്തുലഞ്ഞ് സൂര്യനെ നോക്കി ചിരിച്ചുകൊണ്ടിരുന്നു.
കമലാംബാള്‍ പൂക്കളെ തൊട്ടും തലോടിയും മണത്തും അവയ്ക്കരികെ നില്‍ക്കുകയാണ്.
വല്ലിക്കും അവയെ തൊടണമെന്നു തോന്നി. കാരണം കഴിഞ്ഞ വേനലില്‍ അവള്‍ നട്ടുനനച്ചു വളര്‍ത്തിയ ചെടികളാണ്.
ടെറസില്‍നിന്നു കമലാംബാള്‍ താന്‍ ചെയ്യേണ്ട പണികളെക്കുറിച്ചുള്ള നിര്‍ദേശം തന്നുകൊണ്ടിരുന്നു.
വല്ലി മകളുടെ ഫോണ്‍ വര്‍ക്ക് ഏരിയയിലെ പ്ലഗ്ഗില്‍ ചാര്‍ജിലിട്ടു. മുറിയുടെ മൂലയ്ക്കു വച്ചിരുന്ന ചൂലെടുത്തു. മാറാല തട്ടി നിലം അടിച്ചുതുടച്ച് വൃത്തിയാക്കണം. അടുക്കളപ്പണികള്‍ക്ക് ഇപ്പോള്‍ അനുവദിക്കാറില്ല.
നീണ്ട മുളങ്കോല്‍കൊണ്ട് ചിലന്തിവലകള്‍ തട്ടിയുടച്ച് ചവിട്ടിയരച്ചപ്പോഴും, പല്ലികള്‍ തന്റെ വടിയുടെ താഡനമേറ്റ് വാല്‍ മുറിച്ചോടിയപ്പോഴും, ഉറുമ്പുകളും പാറ്റകളും വരുന്ന വഴിയില്‍ ചോക്കുരച്ച് അവയെ തളര്‍ത്തിയിട്ടപ്പോഴും, വല്ലി ഭൂമിയുടെ അവകാശികള്‍ക്കുള്ള ഉത്തരം തേടി കനിമോളെ തിരഞ്ഞു.
ഉച്ചയ്ക്കു പോരാന്‍ നേരത്താണ് കനിമോളെ ഒന്നുകാണാന്‍ കിട്ടിയത്.
അതും ബാല്‍ക്കണിയില്‍ ലവ് ബേര്‍ഡ്‌സിന്റെ ഒപ്പംനിന്ന് എന്തൊക്കെയോ ഇംഗ്ലീഷില്‍ പറയുന്നു. കമലാംബാള്‍ അത് ഫോണില്‍ പകര്‍ത്തുന്നു.
കനിമോളേ... ഭൂമിയുടെ അവകാശികള്‍ ആരെന്നു തെരിയുമാ?
ജൂലൈ അഞ്ചിന് ഏതോ പെരിയ ആള്ക്ക് ഓര്‍മദിനം. അന്ന് ഭൂമിയുടെ അവകാശികളെ കണ്ടെത്തി എഴുതണം.
യാര് അതെന്ന് എനക്ക് പുരിയവെ ഇല്ലൈ.
അഴികള്‍ക്കിടയിലൂടെ കൈകള്‍ നീട്ടിയ മഞ്ഞക്കുരുവികളിലൊന്നിനെ താലോടിക്കൊണ്ട് കനിമോള്‍ ഉറക്കെ മറുപടി പറഞ്ഞു.
ഈ വീട് ഇംഗ്ലീഷ് മീഡിയം അല്ലേ ആന്റി. ഇവിടെ ക്ലാസുകളൊക്കെ ഇംഗ്ലീഷിലാ. ഞങ്ങള്‍ക്ക് ഡെ സെലിബ്രേഷന്‍സൊന്നൂല്യാ.
ഓ... അപ്പടിയാ... സരി താനേ... നാന്‍ കലമ്പറേന്‍...
വല്ലിക്കു കരച്ചില്‍ വന്നു.
ആരോടു ചോദിക്കും, മാഖിയുടെ അപ്പാവുണ്ടായിരുന്നെങ്കില്‍ അവര്‍ ശ്രദ്ധിക്കുമായിരുന്നു.
പോകുന്നവഴി മോങ്ങിക്കോണ്ട് എതിരേ വന്ന തെരുവുനായയെ അവള്‍ കല്ലെറിഞ്ഞോടിച്ചു.
മാവിടിക്കുന്നിന്റെ മുഖവും വഴിയും വിളറിക്കിടക്കുന്നതായി വല്ലിക്കു തോന്നി.
അതിനിപ്പോള്‍ നെറുകയില്ല.
പാറ പൊട്ടി പിളരുന്നതിനോടൊപ്പം കുന്നും ഭൂമിയില്‍ നിന്നിറങ്ങിപ്പോകയാണോ?
മലരേ മൗനമാ... എന്ന പാട്ട് അവള്‍ക്ക് മാവിടിക്കുന്നിനെ നോക്കി പാടാന്‍ തോന്നി.
വഴി അവസാനിച്ചു.
ഇനി കുഴികളും ചുഴികളുമാണ്.
വീട് അടുക്കാറായിരിക്കുന്നു.
അല്പം ഉന്തിച്ചുനില്‍ക്കുന്ന വീടിന്റെ മുകള്‍ഭാഗം കാണാം.
ആ കോളനിയില്‍ ഓലകൊണ്ടു പുര മേഞ്ഞിരിക്കുന്നത് രാമമൂര്‍ത്തി മാത്രമാണ്.
അത് അയാളെപ്പോലെ തന്നെ ഭൂമിയെക്കാള്‍ താഴ്മയായി എപ്പോള്‍ വേണമെങ്കിലും മണ്ണിനോടു ചേരാന്‍ തയ്യാറായി നിന്നിരുന്നു.
മുറ്റത്ത്, തന്നെ കാത്ത് മാഖി നില്പുണ്ടാവും.
ഉച്ചകഴിഞ്ഞപ്പോഴേക്കും മേഘങ്ങള്‍ ആകാശം മറയ്ക്കാന്‍ തുടങ്ങിയിരുന്നു.
അതിനു കീഴെ ഭൂമിയുടെ അവകാശികളെയുംകൊണ്ടുള്ള അമ്മയുടെ വരവിനായി മാഖി കാത്തിരുന്നു.
വീടിനരികിലായി മൂടിയില്ലാത്ത സിമന്റ്ഭരണിയില്‍നിന്നു രണ്ടു കാക്കകള്‍ വെള്ളം കുടിക്കുന്നത് കണ്ടു.
എന്നടീ ഇത്.
നീ പാക്കവെ ഇല്ലയാ... ഇന്ത തണ്ണി മട്ടും ഏറി എന്‍ മുതുക് വലിക്ക്‌റ്ത് മാഖി.
ഉനക്കും ഉന്നുടെ അപ്പാവുക്കും കാക്കയും പൂച്ചയും താന്‍ മുഖ്യം.
കോളനിയിലെ പൊതുകിണറില്‍നിന്നു കോരിക്കൊണ്ടു വരുന്ന വെള്ളമാണ്.
കാക്കകള്‍ക്കുപോലും ഏതു വെള്ളമാണ് കുടിക്കേണ്ടത് എന്നറിയാം.
തന്റെ സംസാരം അവളെ വിഷമത്തിലാക്കി എന്നു മനസ്സിലാക്കിയ വല്ലി അവള്‍ക്കരികിലെത്തി സാവധാനം പറഞ്ഞു:
അത് വന്ത് മാഖി... നാന്‍ ഒരു കാര്യം സൊല്ലട്ടുമാ...
കനിയുടെ വീട് ഇംഗ്ലീഷ് മീഡിയമാക്കും.
നമ്മ വീട് മലയാളം മീഡിയമല്ലേ..
ഇന്ത മീഡിയത്തിലെ പഠനമൊന്നും അവര്‍ക്കില്ല. അതു കൊണ്ട് ഭൂമീടെ അവകാശികള്‍ യാര്ന്ന് കനിമോള്‍ക്കു തെരിയാത്.
മകളുടെ കണ്ണുകളിലെ ഞരമ്പുകളില്‍ കണ്ണുനീരിന്റെ ചുവപ്പു രേഖ തെളിയുന്നതു കണ്ട വല്ലി പറഞ്ഞു:
കവലപ്പെടാതെ മാഖി.
ഉങ്ക അപ്പ സൊന്ന മാതിരി ഉന്‍ കൂടെ ഇന്ത ഊര് മട്ടും ഇരുപ്പ്.
അവള്‍ ഭൂമിയില്‍ മുട്ടുകുത്തി നിന്ന് മാഖിയുടെ ഇരുതോളിലും പിടിച്ചു:
നീ നമ്മ ഭൂമിയിലെ നടന്ത് പാര്. അപ്പവേ ഉനക്ക് തെരിയും. യാര് ഇന്ത ഭൂമിക്ക് പിറന്ന അവകാശികളെന്ന്...
മാഖി നോട്ടുബുക്കുമെടുത്ത് പുറത്തേക്കിറങ്ങി.
അന്തരീക്ഷം കനമേറിയും ആകാശം മേഘങ്ങളാല്‍ നിറഞ്ഞ് കറുത്തിരുണ്ടുമിരുന്നു.
മൈലുകള്‍ക്കപ്പുറത്ത് വീണ്ടും 'ഠക് 'എന്ന ശബ്ദം ഉയര്‍ന്നു കേട്ടു.
പാറ പൊട്ടിയ ശബ്ദത്തിന്റെ ആഘാതത്തില്‍ മണ്ണിന്റെ നെഞ്ചിലേക്കു പിറന്നുവീണൊരുകുഞ്ഞുവേര് പേടിച്ച് വിത്തിനുള്ളിലെ ചൂടിലേക്കു തിരികെ കയറി.
അവള്‍ മണ്ണിന്റെ മേല്‍ക്കൂരയിലേക്കു പതിയെ ഇറങ്ങി നടന്നു.
കാല്‍ എന്തിലോ തടഞ്ഞിരിക്കുന്നു.
മാഖി നോക്കി.
മണ്ണിന് ആകാശം കനിഞ്ഞു നല്കിയ പച്ചപ്പുതപ്പിനെ മാറ്റി ഭൂമിയുടെ വിതുമ്പല്‍പോലും പുറത്തേക്കു കേള്‍ക്കാതിരിക്കാന്‍ മനുഷ്യര്‍ നല്കിയ മുഖാവരണത്തിനുമേല്‍ നിന്നുകൊണ്ട് അവള്‍ എഴുതി:
ഭൂമിയുടെ അവകാശികള്‍.
മാസ്‌കുകള്‍.
സിഗരറ്റുപൊതികള്‍.
പ്ലാസ്റ്റിക് കുപ്പികള്‍.
പ്ലാസ്റ്റിക് കവറുകള്‍.
പ്ലാസ്റ്റിക് ഷീറ്റുകള്‍.
പ്ലസിക് സഞ്ചികള്‍.