•  25 Apr 2024
  •  ദീപം 57
  •  നാളം 7
ഉണ്ണീരിയമ്മ പറഞ്ഞ കഥ

ചിലന്തി പഠിപ്പിച്ച പാഠം

കുഞ്ഞുണ്ണിയും അമ്മാളുവും ജോണിക്കുട്ടിയും ഇട്ടിണ്ടാനും അടങ്ങുന്ന നാല്‍വര്‍സംഘം അതിരാവിലെതന്നെ ഉണ്ണീരിയമ്മയുടെ അടുത്തെത്തി. ഒരു കഥ കേള്‍ക്കണം. ഇന്ന് എന്തു കഥയാവും ഉണ്ണീരിയമ്മ പറയുക? കുഞ്ഞുണ്ണി ആലോചിച്ചു. കഴിഞ്ഞദിവസം പകുതി പറഞ്ഞു നിര്‍ത്തിയ ഒരു കഥയുണ്ട്. രാജാവിന്റെയും ചിലന്തിയുടെയും കഥ. കഥ പറയുന്ന സമയത്ത് കുഞ്ഞുണ്ണിയും ഇട്ടിണ്ടാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ജോണിക്കുട്ടിക്കും അമ്മാളുവിനും കേള്‍ക്കാന്‍വേണ്ടി കഥ ഒരിക്കല്‍ ക്കൂടി ഉണ്ണീരിയയമ്മ പറയും. തീര്‍ച്ച.
ഉണ്ണീരിയമ്മ പതിയെ നടന്നു വന്ന് തന്റെ ചാരുകസേരയില്‍ മെല്ലെ ഇരുന്നു. നാല്‍വര്‍സംഘം ഉത്സാഹത്തോടെ കഥയ്ക്കായി കാത്തിരുന്നു.
''അപ്പോള്‍, കഥ തുടങ്ങാം. രാജാവിനു രാജ്യവും സ്വന്തം ജനതയെയും തിരിച്ചുനല്‍കിയ ചിലന്തിയുടെ കഥ''
പണ്ടുപണ്ട് സ്‌കോട്ട്‌ലന്‍ഡില്‍ റോബര്‍ട്ട് ബ്രൂസ് എന്നൊരു രാജാവുണ്ടായിരുന്നു. ജനങ്ങള്‍ക്കെല്ലാം വലിയ സ്‌നേഹവും ബഹുമാനവുമായിരുന്നു രാജാവിനോട്. തന്റെ പ്രജകളുടെ ക്ഷേമകാര്യങ്ങളില്‍ അതീവ തത്പരനായിരുന്നു രാജാവ്. രാജാവിന്റെ ഭരണത്തിന്‍കീഴില്‍  ആ രാജ്യം കൂടുതല്‍ കൂടുതല്‍ അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്നു.
അങ്ങനെയിരിക്കെയാണ് ഇംഗ്ലണ്ട് സ്‌കോട്ട്ലന്‍ഡിനോടു യുദ്ധം പ്രഖ്യാപിക്കുന്നത്. സ്‌കോട്ട്‌ലന്‍ഡ് എന്ന മനോഹര രാജ്യം സ്വന്തമാക്കുക എന്ന ഉദ്ദേശ്യം മാത്രമായിരുന്നു ഇംഗ്ലണ്ടിന്.
നന്നേ ചെറിയ സൈന്യമായിരുന്നു സ്‌കോട്ട്‌ലന്‍ഡിന് ഉണ്ടായിരുന്നത്. ഇംഗ്ലണ്ടിന്റെ പക്കലുള്ള അത്രയും ആയുധവും ഈ ചെറിയ രാജ്യത്തിന്റെ കയ്യില്‍  ഉണ്ടായിരുന്നില്ല. എങ്കിലും ശക്തമായ യുദ്ധം നടന്നു. റോബര്‍ട്ട് ബ്രൂസിന്റെ നേതൃത്വത്തില്‍ അവര്‍  തിരിച്ചടിച്ചു. പക്ഷേ, എല്ലാ തവണയും റോബര്‍ട്ട് ബ്രൂസിന്റെ സൈന്യം പരാജയത്തിന്റെ രുചിയറിഞ്ഞു. ഓരോ തവണ തോല്‍വി ഏറ്റുവാങ്ങുമ്പോഴും അടുത്ത തവണ വര്‍ദ്ധിതവീര്യത്തോടെ അവര്‍ തിരിച്ചുവരാന്‍ ശ്രമിച്ചു. ആറു തവണയും പരാജയപ്പെട്ടു. ആറാമത്തെ തോല്‍വിയില്‍ റോബര്‍ട്ട് ബ്രൂസിന്റെ സൈന്യം ഛിന്നഭിന്നമായി.
അവര്‍ പലയിടങ്ങളിലേക്കു ചിതറിയോടി.
റോബര്‍ട്ട് ബ്രൂസും ഒരു ദ്വീപ് വനത്തിലെ ഗുഹയില്‍ അഭയം പ്രാപിച്ചു. ആറു തവണയും പരാജയപ്പെട്ട രാജാവ് തന്റെ ദുര്‍വിധിയെക്കുറിച്ചു വ്യാകുലപ്പെട്ടുകൊണ്ടിരുന്നു. എതിര്‍സൈന്യത്തിന്റെ കൈയില്‍ അകപ്പെട്ടിരുന്നുവെങ്കില്‍ തന്നെ അവര്‍ തടവിലാക്കിയേനെ. ഏതായാലും ഇനിയുള്ള കാലം ഈ ഗുഹയില്‍ കഴിയാനാണ് തന്റെ നിയോഗം.
നിരാശയോടെ പുറത്തേക്കു നോക്കി ഇരിക്കുമ്പോഴാണ് ഗുഹാമുഖത്ത് ഒരു ചിലന്തിയെ രാജാവ് കണ്ടത്. വല നെയ്യാനുള്ള ശ്രമത്തിലായിരുന്നു അത്. ഗുഹയുടെ ഒരു വശത്തുനിന്നു മറുവശത്തേക്കു ചാടി തന്റെ വലയുടെ ആദ്യകണ്ണി ഉറപ്പിക്കുവാനുള്ള ചിലന്തിയുടെ ശ്രമം പരാജയപ്പെട്ടു. പക്ഷേ, ക്ഷമയോടെ അത് വീണ്ടും തിരികെ വന്ന് തന്റെ ശ്രമം പുനരാരംഭിച്ചു. രണ്ടാം തവണയും മറുവശത്ത് എത്താന്‍ കഴിയാതെ താഴെ വീണ ചിലന്തി ശ്രമം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. മൂന്നാം തവണയും നാലാം തവണയും അഞ്ചാം തവണയും ചിലന്തി പരാജയപ്പെട്ടു. രാജാവിന് കൗതുകം കൂടിക്കൂടിവന്നു. ഇത് തന്റെ കഥയാണല്ലോ എന്നയാള്‍ ഓര്‍ത്തു. ആറാം തവണയും പരാജയപ്പെട്ടപ്പോള്‍ ചിലന്തി ശ്രമം ഉപേക്ഷിക്കുമെന്നാണ് റോബര്‍ട്ട് ബ്രൂസ് കരുതിയത്. എന്നാല്‍, അങ്ങനെ ആയിരുന്നില്ല. ഏഴാം തവണയും വര്‍ദ്ധിതവീര്യത്തോടെ ചിലന്തി മറുവശത്തേക്കു ചാടുകയും ശ്രമം വിജയിക്കുകയും ചെയ്തു. രാജാവിന്റെ കണ്ണുകളില്‍ പ്രത്യാശയുടെ തിളക്കം. എത്ര തവണ പരാജയപ്പെട്ടിട്ടും നിരന്തരമായ പരിശ്രമത്തിലൂടെ വിജയം കൈവരിച്ച ചിലന്തി തനിക്ക് ഒരു പാഠമാണെന്നു രാജാവ് മനസ്സിലാക്കി. ക്ഷമയോടെ സാവധാനത്തില്‍ തന്റെ മുന്നില്‍ മനോഹരമായ ഒരു ചിലന്തിവല നിര്‍മിക്കപ്പെടുന്നത് രാജാവ് കണ്ടുകൊണ്ടിരുന്നു. ഇതുപോലെ തന്റെ സാമ്രാജ്യവും തിരികെപ്പിടിക്കണമെന്ന് അയാള്‍ ഉറപ്പിച്ചു. ഗുഹയ്ക്കു പുറത്തേക്കിറങ്ങി. മനസ്സിനും ശരീരത്തിനും വല്ലാത്തൊരു ഊര്‍ജം കൈവന്നതുപോലെ തോന്നി. ചിന്നിച്ചിതറിയ സൈന്യത്തെ കണ്ടെത്താന്‍ രാജാവ് തീരുമാനിച്ചു. ദിവസങ്ങള്‍കൊണ്ട്  തന്റെ പഴയ സൈന്യത്തെ സജ്ജമാക്കി. നിരാശരായിരുന്ന പടയാളികളോട് ചിലന്തിയുടെ കഥ പറഞ്ഞു. ഒരു സൈന്യത്തിനു മുഴുവന്‍ പ്രത്യാശയുടെ പ്രകാശം ആ ചിലന്തിയുടെ കഥ നല്‍കി. വിജയമല്ലാതെ മറ്റൊരു ലക്ഷ്യം ഇല്ലെന്നും അതിനുവേണ്ടി അവിശ്രമം പോരാടുമെന്നും അവര്‍ പ്രതിജ്ഞയെടുത്തു.
അങ്ങനെ റോബര്‍ട്ട് ബ്രൂസ് ഇംഗ്ലണ്ടിനോടു വീണ്ടും യുദ്ധം പ്രഖ്യാപിച്ചു. തന്റെ ഏഴാമത്തെ യുദ്ധം. അംഗബലം കുറവായിരുന്നെങ്കില്‍പ്പോലും റോബര്‍ട്ട് ബ്രൂസിന്റെ സൈന്യം ഇംഗ്ലണ്ടിനു മേല്‍ വിജയം കൈവരിച്ചു. അങ്ങനെ ഏഴാമത്തെ യുദ്ധം  ചരിത്രത്തിലെ ഗംഭീരവിജയങ്ങളില്‍ ഒന്നായി മാറി. തന്റെ രാജ്യത്തെയും ജനങ്ങളെയും റോബര്‍ട്ട് ബ്രൂസ് വീണ്ടെടുത്തു. ഇംഗ്ലണ്ടിനുമേല്‍ നേടിയ മഹാവിജയം ഒരു ചെറിയ ജീവി നല്‍കിയ അതിജീവനപാഠത്തിന്റെ ഫലമാണ്.
 കഥ പറഞ്ഞുകഴിഞ്ഞ് ഉണ്ണീരിയമ്മ  സാവധാനം എഴുന്നേറ്റ് നാല്‍വര്‍ സംഘത്തോടു പറഞ്ഞു: ''ലോകം കണ്ട മഹാനായ വ്യവസായികളില്‍ ഒരാളായ ഹെന്‍ട്രി ഫോര്‍ഡ് പറഞ്ഞ ഒരു വാക്യമാണ് നിങ്ങളെ ഓര്‍മിപ്പിക്കാനുള്ളത്.''
''പരാജയമെന്നത് കൂടുതല്‍ കരുത്തോടെ നിങ്ങള്‍ക്കു തിരിച്ചുവരാനുള്ള അവസരമാണ്.''

 

Login log record inserted successfully!