•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

ഒരു കാറ്റുപോലെ

വെണ്‍മേഘങ്ങള്‍ പാറിപ്പറന്നു നടക്കുന്ന ആകാശതീരങ്ങള്‍. മേഘങ്ങള്‍ക്കിടയില്‍ തൂവെള്ള ച്ചിറകുമായി മാലാഖമാര്‍. അവരില്‍ ചിലര്‍ കിന്നരം വായിക്കുന്നു. വേറേ ചില മാലാഖമാര്‍ മേഘങ്ങള്‍ കരംകൊണ്ട് പരസ്പരം കോരിയെറിഞ്ഞ് വിനോദങ്ങളില്‍ ഏര്‍പ്പെടുന്നു. ആ മാലാഖമാര്‍ക്കിടയില്‍ അതാ ഒരു മാലാഖ മുഖം വാടിയും താടിക്കു കൈകള്‍ കൊടുത്തും വിഷാദത്തോടെ ഇരിക്കുന്നു. ആ മാലാഖയുടെ അരികിലേക്ക് മറ്റൊരു മാലാഖ ചെന്നു. വാടിപ്പോയ മുഖം ചൂണ്ടുവിരലുകൊണ്ടുയര്‍ത്തി ആ കണ്ണുകളിലേക്കു നോക്കി. പിന്നെ കാതില്‍ എന്തോ പറഞ്ഞു. വിഷാദിച്ചിരുന്ന മാലാഖയുടെ മുഖം പ്രസന്നമായി. മറ്റേ മാലാഖ, ദുഃഖനിമഗ്‌നയായ മാലാഖയുടെ കണ്ണുകളില്‍നിന്നു കണ്ണീര്‍ തുടച്ചുകളഞ്ഞു. ആ മാലാഖ മറ്റു മാലാഖമാരുടെ സമീപത്തേക്ക് ആനയിക്കപ്പെട്ടു. മാലാഖമാര്‍ ഒരുമിച്ചു കൈകള്‍ കോര്‍ത്ത് നൃത്തം ചവിട്ടിത്തുടങ്ങി. അപ്പോള്‍ അവിടെനിന്ന് ഏതോ അലൗകികമായ സംഗീതം ഒഴുകാനാരംഭിച്ചു. സങ്കടപ്പെട്ടിരിക്കുകയും നൃത്തച്ചുവടുകള്‍ വയ്ക്കുകയും ചെയ്ത മാലാഖയ്ക്ക് സ്മിതയുടെ മുഖമായിരുന്നു.
''സനുച്ചേട്ടാ...''
ഉറങ്ങുകയായിരുന്ന സനലിന്റെ കാതുകളില്‍ ആരുടെയോ വിളി മുഴങ്ങി. ഏതോ അഗാധങ്ങളില്‍നിന്നു വിളിക്കുന്നതുപോലെയായിരുന്നു അത്. സനല്‍ കണ്ണുകള്‍ തുറന്നില്ല. വീണ്ടും വിളി മുഴങ്ങി.
''സനുച്ചേട്ടാ... എണീക്ക്...''
പ്രയാസപ്പെട്ട് സനല്‍ കണ്ണുകള്‍ തുറന്നു. ഏതോ ഉയരങ്ങളില്‍നിന്നെന്നോണം തന്നെ നോക്കി അരികില്‍നില്ക്കുന്ന രോഷ്നിയെ അയാള്‍ കണ്ടു.
''എന്തൊരുറക്കമാ ഇത്... എണീറ്റേ... എണീറ്റ് ചോറു കഴിക്ക്...''
 എവിടെയും എത്താത്ത നോട്ടവുമായി സനല്‍ വീണ്ടും ആ കിടപ്പു തുടര്‍ന്നു.
''ഇങ്ങെണീക്കാന്‍... രോഷ്‌നി സ്വാതന്ത്ര്യത്തോടെ സമീപത്തേക്കു ചെന്ന് സനലിന്റെ കൈയ്ക്കു പിടിച്ചുവലിച്ചു.
''ഒരു മണിയായപ്പോ ചോറു കൊണ്ടുവന്നുവച്ചതാ... ഇപ്പോ സമയം നോക്കിക്കേ മൂന്നുമണി... പാത്രം തിരികെയെടുക്കാന്‍ വന്നതാ ഞാന്‍...''
രോഷ്‌നി ദേഷ്യം ഭാവിച്ചുകൊണ്ടു പറഞ്ഞു.
 സ്മിതയുടെ മരണം കഴിഞ്ഞദിവസംമുതല്‍ രോഷ്നിയാണ് ഭക്ഷണകാര്യങ്ങള്‍ മുഴുവന്‍ നോക്കുന്നത്. അവള്‍ തന്റെ വീട്ടില്‍നിന്ന് ഭക്ഷണം പാകം ചെയ്ത് നാലുനേരവും വീട്ടിലെത്തിക്കും. രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു സ്മിതയുടെ മരണം കഴിഞ്ഞിട്ട്. ആ അപ്രതീക്ഷിത മരണം ഏല്പിച്ച ആഘാതത്തില്‍നിന്ന് ഇനിയും ആ കുടുംബം വിമുക്തമായിട്ടില്ല. തലയ്ക്കടിയേറ്റു മരച്ചിരിക്കുന്നതുപോലെയുള്ള അനുഭവം.
ജോസഫിനെയും അന്നാമ്മയെയും ദയയെയും ബെഞ്ചമിനെയും രോഷ്‌നി നിര്‍ബന്ധിച്ചു ഭക്ഷണം കഴിപ്പിക്കും. ബെഞ്ചമിന്‍ പൊതുവെ ഭക്ഷണം കഴിക്കാന്‍ മടിയുളള കൂട്ടത്തിലാണ്. എങ്കിലും അവനെയും കഥ പറഞ്ഞും എടുത്തുനടന്നും രോഷ്‌നി ഭക്ഷണം കഴിപ്പിക്കും.
''അമ്മയെന്ത്യേ... അമ്മയെ നമ്മള് പള്ളീലെന്തിനാ കുഴിച്ചിട്ടെ... അമ്മയിനി തിരിച്ചുവരില്ലേ'' എന്നെല്ലാമാണ് അവന്റെ ചോദ്യങ്ങള്‍. ആ സംശയങ്ങള്‍ക്കു മുമ്പില്‍ പലപ്പോഴും രോഷ്‌നിയുടെ കണ്ണുനിറയും.
എന്തുപറഞ്ഞാണ് അവനെ ആശ്വസിപ്പിക്കുക? എന്തു നല്കിയാണ് അവന്റെ നെഞ്ചിലെ തീ അണയ്ക്കുന്നത്? വളര്‍ന്നുവരുന്ന പ്രായത്തില്‍ അവന് അമ്മയുടെ വാത്സല്യവും സ്‌നേഹവും നഷ്ടമായിരിക്കുന്നു. ദയ കുറെക്കൂടി കാര്യങ്ങളെ പക്വതയോടെ കാണുന്നുണ്ട്. അവള്‍ അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് ആരെയും വിഷമിപ്പിക്കാറില്ല. എങ്കിലും ഒറ്റയ്ക്കിരുന്ന് ചില നേരങ്ങളില്‍ കരയുന്നതു കാണാം. സ്മിതയുടെ വസ്ത്രങ്ങളെടുത്ത് അവളുടെ സാന്നിധ്യം അനുഭവിക്കുകയാണെന്ന മട്ടില്‍  മുഖത്തോടു ചേര്‍ത്താണ് അവള്‍ കരയുന്നത്.
ഒരു വീട്ടമ്മയുടെ മരണത്തോടെ ഓരോ കുടുംബവും എത്രമാത്രം അനാഥത്വത്തിലേക്കും ശൂന്യതയിലേക്കുമാണ് വലിച്ചെറിയപ്പെടുന്നതെന്ന് രോഷ്‌നി തിരിച്ചറിഞ്ഞത് സ്മിതയുടെ മരണത്തെത്തുടര്‍ന്നായിരുന്നു. പുരുഷനാണ് കുടുംബത്തിന്റെ കേന്ദ്രമെന്നാണ് പലരും പറയുന്നത്. പക്ഷേ, പുരുഷന്‍ ഒരു കുടുംബത്തിനു നഷ്ടപ്പെട്ടാലും സ്ത്രീയുടെ നഷ്ടത്തോളം ആഘാതമാകാറില്ല അതെന്ന് രോഷ്‌നിക്കു തോന്നി. ശരിയാണ്, വരുമാനസ്രോതസ് എന്ന നിലയില്‍ പുരുഷന്റെ വേര്‍പാട് വലിയ നഷ്ടം തന്നെയാണ്. പ്രത്യേകിച്ച് അയാളെ മാത്രം ആശ്രയിച്ചാണ് കുടുംബം മുന്നോട്ടുപോകുന്നതെങ്കില്‍. എന്നാല്‍, ആ നഷ്ടപ്പെടലിന്റെ ആഘാതത്തില്‍നിന്നു ശ്രമപ്പെട്ടാണെങ്കിലും സ്ത്രീകള്‍ മുന്നോട്ടുവരാറുണ്ട്. സ്ത്രീസഹജമായ അതിജീവനശക്തിയാണ് അവളെ അതിനു സഹായിക്കുന്നത്.  നടുക്കടലില്‍ ഒറ്റയ്ക്കായ അവസ്ഥയിലും കരഞ്ഞും കിതച്ചും കാലിട്ടടിച്ചും ജീവിതവഞ്ചി തീരത്തെത്തിക്കാന്‍ അവള്‍ക്കു പ്രാപ്തിയുണ്ട്. അത് വളരെ എളുപ്പമാണെന്നോ അവള്‍ക്കു സങ്കടമില്ലെന്നോ അല്ല അര്‍ത്ഥം. പക്ഷേ, ഭര്‍ത്താവിന്റെ വേര്‍പാടിനുശേഷം  അയാളോടുള്ള സ്നേഹത്തിന് തെല്ലും കുറവുവരാതെതന്നെ മക്കളെയും മറ്റു പ്രിയപ്പെട്ടവരെയും എല്ലാം ചേര്‍ത്തുപിടിച്ച്  അവള്‍ മുന്നോട്ടുപോകുക തന്നെ ചെയ്യും.
പക്ഷേ, പുരുഷന്റെ കാര്യം അങ്ങനെയല്ല. വീട്ടുകാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാനുള്ള സാമ്പത്തികസ്രോതസ്  എന്നതിനപ്പുറം അവന്‍ വീട്ടുകാര്യങ്ങളില്‍ ഒരുപരിധിയിലേറെ തലയിടാറില്ല. അടുക്കളപോലെയുള്ള ഒരു ലോകം പല പുരുഷന്മാര്‍ക്കും അജ്ഞാതമാണ്. മക്കളുടെ പരിചരണമോ വീട്ടിലെ വൃദ്ധരും രോഗികളുമായവരുടെ ശുശ്രൂഷയോ പലപ്പോഴും അവരുടെ ഉത്തരവാദിത്വവുമല്ല. വച്ചുവിളമ്പി മുമ്പില്‍ കിട്ടുന്ന ഭക്ഷണത്തിന് ഒന്നുകില്‍ കുറ്റംപറഞ്ഞോ നല്ലതാണെങ്കില്‍ ഒന്നുംപറയാതെയോ, കഴിക്കുന്ന പാത്രംപോലും കഴുകിവയ്ക്കാതെ എണീറ്റുപോകുകയാണ്  മിക്ക പുരുഷന്മാരുടെയും രീതി. ജോലികഴിഞ്ഞു വീട്ടിലെത്തുന്ന ബാക്കിസമയം ടിവി കണ്ടോ ഫോണ്‍ വിളിച്ചോ പത്രം വായിച്ചോ അവര്‍ സമയം ചെലവഴിക്കും. പക്ഷേ, ജോലിക്കാരിയായ ഭാര്യയ്ക്കാവട്ടെ അത്തരമൊരു സ്വാതന്ത്ര്യമോ സൗകര്യമോ പലപ്പോഴും ലഭിക്കാറില്ല. അടുക്കളയിലെ അവസാനപാത്രവും കഴുകിവച്ചും വീടും പരിസരവും തൂത്തുവാരിയും വസ്ത്രങ്ങള്‍ അലക്കിയും ഉണങ്ങിയവ മടക്കിവച്ചും കുട്ടികളെ പഠിപ്പിച്ചും  അതിനിടയില്‍ കിടപ്പറയില്‍ ഭാര്യയെന്ന നിലയിലുളള വേഷം കെട്ടിയും അവള്‍ സദാസമയവും തിരക്കുപിടിച്ചവളായി കഴിയുന്നു. സ്മിത എങ്ങനെയാണ് ഈ വീട്ടില്‍ ജീവിച്ചതെന്ന് രോഷ്നിക്കറിയാമായിരുന്നു. സനല്‍ എങ്ങനെയാണ് പെരുമാറിയതെന്നും. അതുകൊണ്ടുതന്നെ സ്മിതയുടെ വേര്‍പാട് അക്ഷരാര്‍ത്ഥത്തില്‍ നികത്താനാവാത്ത വിടവാണെന്നും രോഷ്‌നിക്കറിയാമായിരുന്നു.  ആ വിടവു നികത്താന്‍ തനിക്കാവുന്ന വിധത്തില്‍ ശ്രമിക്കുന്നതിന്റെ ഭാഗമായിരുന്നു ഭക്ഷണകാര്യത്തില്‍ അവള്‍ ഉത്തരവാദിത്വം ഏറ്റെടുത്തത്. വീട്ടിലെ മറ്റ് അംഗങ്ങളുടെമേലുള്ള നിര്‍ബന്ധമൊന്നും നടക്കാതെപോകുന്നത് സനലിന്റെ അടുത്തു മാത്രമായിരുന്നു. പലപ്പോഴും അവള്‍ കൊണ്ടുവരുന്ന ഭക്ഷണത്തില്‍ സനലിന്റെ പങ്ക് തിരികെക്കൊണ്ടുപോകുകയായിരുന്നു പതിവ്. രോഷ്‌നിയുടെ നിര്‍ബന്ധമുണ്ടെങ്കില്‍ എന്തെങ്കിലും നുള്ളിപ്പെറുക്കി കഴിക്കും.
തൊണ്ടയില്‍നിന്ന് ഇറങ്ങുന്നില്ല. അതായിരുന്നു സനലിന്റെ വിശദീകരണം.
ഇപ്പോള്‍ ഉച്ചയ്ക്കു കൊണ്ടുവന്ന ഭക്ഷണമാണ് സനല്‍ കഴിക്കാതെ ബാക്കിയിരിക്കുന്നത്. ഇനിയും അത് ഇങ്ങനെ വിട്ടുകൊടുക്കാന്‍ പാടില്ലെന്ന് രോഷ്നി തീര്‍ച്ചപ്പെടുത്തി. പൊതുവെ ദീക്ഷക്കാരനായിരുന്നെങ്കിലും അത് കൃത്യമായും ഭംഗിയായും ട്രിം ചെയ്തുപോരുകയായിരുന്നു സനല്‍. പക്ഷേ, ഇപ്പോള്‍ രണ്ടാഴ്ചകൊണ്ട് അതു വളര്‍ന്നു കാടായി. ശരീരം ക്ഷീണിച്ചു പോയി. കണ്ണുകള്‍ താണുപോയിരിക്കുന്നു. ആര്‍ക്കും സഹതാപം തോന്നുമായിരുന്നു സനലിനെ കണ്ടാല്‍.
 സനലിന്റെ അടുത്തുള്ള സ്വാതന്ത്ര്യവും അടുപ്പവും കാരണം അയാളോടു ദേഷ്യപ്പെടാന്‍ വരെ രോഷ്‌നിക്കു കഴിഞ്ഞിരുന്നു. ചില നേരങ്ങളില്‍ അവള്‍ അയാളെ സനുച്ചേട്ടനെന്നും സനല്‍സാറെന്നും മാഷെന്നും മാറിമാറിവിളിച്ചിരുന്നു.
''എനിക്കു വേണ്ട രോഷ്‌നീ...'' കട്ടിലില്‍ എണീറ്റിരുന്ന സനല്‍ പറഞ്ഞു.
 ''വേണ്ടെന്നു പറയാന്‍ സനുച്ചേട്ടന്‍ എന്നതാ കഴിച്ചെ..  ഇതേ കഷ്ടപ്പെട്ടുണ്ടാക്കിയ ഭക്ഷണമാ... വെറുതെ കൊണ്ടുപോയി കളയാന്‍ പറ്റില്ല.'' രോഷ്നി വീണ്ടും ദേഷ്യപ്പെട്ടു. സനല്‍ ദീര്‍ഘമായി നിശ്വസിച്ചു.
ഞാന്‍ സ്മിതയെ കണ്ടു. സനല്‍ ആരോടെന്നില്ലാതെ പറഞ്ഞു. രോഷ്നി ഒരു നിമിഷം വല്ലാതെയായി.
''അവള് കരയുവാ...'' സനല്‍ പറഞ്ഞു.
സനുച്ചേട്ടന്‍ ഇങ്ങനെയിരുന്നാ പിന്നെ സ്മിതച്ചേച്ചി കരയാതിരിക്കുവോ.. ഈ കുടുംബം ഇനി മുന്നോട്ടുകൊണ്ടുപോകേണ്ടത് സനുച്ചേട്ടനാ.. എത്രദിവസമാ ഇങ്ങനെ വീട്ടിനുള്ളില്‍ അടച്ചുപൂട്ടി കഴിയുന്നത്... സ്‌കൂളില്‍ പോകണ്ടേ.. പിള്ളേരെ സ്‌കൂളില്‍ വിടണ്ടേ? എല്ലാരും കൂടി ഇവിടെയിങ്ങനെ കരഞ്ഞും പിഴിഞ്ഞും ഇരുന്നാ മതിയോ...''
''എന്നെക്കൊണ്ട് ഇനി ഒന്നിനും കൊളളുകേല...'' സനല്‍ ആത്മനിന്ദയോടെ പറഞ്ഞു.
''ആ വിചാരമൊക്കെ സനുച്ചേട്ടന്‍ മനസ്സീന്ന് അങ്ങ് മായ്ച്ചുകളയ്... എന്നിട്ട് ലൈഫിനെ ഫേസ് ചെയ്യ്... സനുച്ചേട്ടന്‍ കരഞ്ഞോണ്ടിരുന്നാ ഈ പിള്ളേരുടെ കണ്ണീര് ആരു തുടയ്ക്കും?''
 രോഷ്‌നി പിന്നിലേക്കു വിരല്‍ ചൂണ്ടി ചോദിച്ചു. സനല്‍ അവിടേക്കു നോക്കി. ചിറകറ്റ പക്ഷിയെപ്പോലെ വാതില്ക്കല്‍ ദയയും ബെഞ്ചമിനും നില്ക്കുന്നുണ്ടായിരുന്നു. ബെഞ്ചമിനെ ദയ തന്നോടു ചേര്‍ത്തുപിടിച്ചിരുന്നു. അവളില്‍നിന്നുള്ള ആശ്വാസവും സ്നേഹവും കൊതിച്ച് ബെഞ്ചമിന്‍ അവളെ ചുറ്റിപ്പിടിച്ചിരുന്നു. എന്റെ പാവം കുഞ്ഞുങ്ങള്‍. സനലിന്റെ ഹൃദയം ആര്‍ദ്രമായി.
 എന്റെ കുഞ്ഞുങ്ങള്‍ക്ക് ഇനി അമ്മയില്ലല്ലോ എന്ന വിചാരം ഒരു കടല്‍ത്തിരപോലെ അയാളിലേക്ക് അടിച്ചുകയറി.
അമ്മയില്ലാത്ത വീട്.. അമ്മയില്ലാത്ത കുഞ്ഞുങ്ങള്‍.
''വാ, എന്റെ മക്കള് ഇങ്ങ് വാ...'' സനല്‍ കുട്ടികള്‍ക്കു നേരേ കരം കാട്ടി. കരഞ്ഞുകൊണ്ട് കുട്ടികള്‍ അയാളുടെ അടുക്കലേക്ക് ഓടിവന്നു. അയാള്‍ ഇരുവരെയും തന്റെ നെഞ്ചോടു ചേര്‍ത്തു.
കുട്ടികള്‍ അപ്പോള്‍ വാവിട്ടുകരഞ്ഞു.
''എന്നതായിത് സനുച്ചേട്ടാ...'' രോഷ്നി സങ്കടവും ദേഷ്യവും കലര്‍ന്ന സ്വരത്തില്‍ ചോദിച്ചു.
''ആ പിള്ളേരേം കൂടി കരയിപ്പിക്കുവാണോ...''
രോഷ്നി മുന്നോട്ടു ചെന്ന് കുട്ടികളെ അയാളില്‍നിന്ന് അകറ്റി.
''മതി മക്കളേ നിങ്ങളു കരഞ്ഞത്.'' അവര്‍ക്കുമുമ്പില്‍ മുട്ടുകുത്തിനിന്ന് രോഷ്നി കുട്ടികളുടെ കണ്ണീരു തുടച്ചുകൊടുത്തു.
''മക്കള് പൊയ്‌ക്കോ... പോയി കളിക്കുകയോ ടിവി കാണുകയോ എന്നതാന്നുവച്ചാ ചെയ്‌തോ.'' തന്റെ നിറഞ്ഞ കണ്ണീരുതുടച്ചുകൊണ്ട് രോഷ്‌നി അടുത്തമുറിയിലേക്കു പോയി. തിരികെവന്ന അവളുടെ കൈയില്‍ ഭക്ഷണപ്ലേറ്റുണ്ടായിരുന്നു.
''സനുച്ചേട്ടന്‍ കൈ കഴുകീട്ടു വന്നു ചോറു കഴിക്ക്.. സനുച്ചേട്ടന്‍ ചോറുണ്ടിട്ടേ ഞാന്‍ പോകൂ.''
രോഷ്‌നിയുടെ നിര്‍ബന്ധത്തിനു മുമ്പില്‍ കീഴടങ്ങുകയല്ലാതെ സനലിനു നിവൃത്തിയുണ്ടായിരുന്നില്ല. അയാള്‍ കൈ കഴുകി വന്ന് പ്ലേറ്റിനു മുമ്പില്‍ വന്നിരുന്നു. ചോറിലേക്കു കൈയിട്ടതും മുറ്റത്ത് ഒരു വാഹനം വന്നുനിന്നു. അതാരെന്ന് ആകാംക്ഷയോടെ സനല്‍ മുറ്റത്തേക്കു നോക്കി.

 

Login log record inserted successfully!