റോയിച്ചന്‍ വിവാഹത്തിനായി അവധിയില്‍വന്നു. സാലമ്മ അടുത്ത ദിവസമെത്തും. മനസ്സമ്മതവും കല്യാണവും എല്ലാം അടുത്തടുത്ത ദിവസങ്ങളില്‍ നടത്തണം.
റോയിച്ചന്‍ വന്നതിന്റെ പിറ്റേന്ന് സാലമ്മയുടെ അപ്പച്ചന്‍ വീട്ടില്‍വന്നു. അദ്ദേഹത്തിന്റെ മുഖം ശോകമൂകമായി കാണപ്പെട്ടു. സംസാരിക്കുമ്പോള്‍ ഒരു വെപ്രാളവും.
അപ്പനോട് അയാള്‍ വിക്കിവിക്കിപ്പറഞ്ഞു: 'ബേബിച്ചാ, പെണ്ണ് വിവാഹാവശ്യത്തിനുവേണ്ടി കുറേപ്പണം സ്വരൂപിച്ച് എന്നെയേല്പിച്ചതാണ്. ഞാനെന്റെ ഒരു സുഹൃത്തിന് കൈവായ്പയായി അതു കൊടുത്തു. നമുക്ക് ആവശ്യം വരുന്നസമയത്ത്, തിരിച്ചുതരാം എന്നയാളുറപ്പു പറഞ്ഞതാണ്. എന്നാലവന്‍ മുങ്ങിക്കളഞ്ഞു. കടംകേറി മുടിഞ്ഞ, അവന്റെ വീട്ടില്‍ച്ചെന്ന് ഞാന്‍ കുറേ ഒച്ചയിട്ടേച്ചു വരുന്നവഴിയാണ്. കേസും പുക്കാറും എനിക്കു വയ്യ. ഇനി ഞാനെന്നാ ചെയ്യേണ്ടത്?'
ഉള്ളു കിടുങ്ങിപ്പോയെങ്കിലും ഭാവഭേദം മുഖത്തോ വാക്കിലോ വരാതിരിക്കാന്‍ അപ്പന്‍ വളരെ പണിപ്പെട്ടു, എന്നിട്ട് ആശ്വസിപ്പിച്ചു: ''സാരമില്ലെടോ, നമുക്കതൊക്കെ അഡ്ജസ്റ്റ് ചെയ്യാം. പണത്തിന്റെ ആവശ്യമെന്താ? സ്ത്രീതന്നെയാണ് ധനം. അവള്‍ നല്ല പെണ്ണാ, അതുമതി.''
അമ്മപറഞ്ഞു: ''നമ്മളെ എല്ലാരും കളിയാക്കും, ആരോടും പറയണ്ടാ, വീടും പൊളിച്ചുപണിത് കടവുമൊരു പാടായി. ഞാനപ്പഴേ അമ്മിണിയോടു പറഞ്ഞതാ, സ്ത്രീധനോം സ്വര്‍ണ്ണോമൊന്നും വേണ്ടെന്ന്. അമ്മിണി പറഞ്ഞു, പെണ്ണ് സ്വര്‍ണ്ണം വാങ്ങാനും പിന്നെ കല്യാണച്ചിലവിനുമായി നല്ലൊരു തുക അപ്പനെക്കൊണ്ടെ ഏല്പിച്ചിട്ടുണ്ടെന്നും, അവളവിടെ മിനിസ്ട്രീലെ നേഴ്‌സാ, നല്ല ശമ്പളമൊണ്ടെന്നും. ഞാന്‍ വല്യകലത്തില്‍ വെള്ളവുമിട്ടിരുന്നതാ, എന്റെ ലിസിയമ്മേടെ കല്യാണോംകൂടെ വൃത്തിയായി നടത്താമല്ലോന്നു വ്യാമോഹിച്ച്.''
''സാരമില്ലെടീ, എല്ലാം നടക്കും, അവക്കുടനെ ജോലികിട്ടും, പിന്നെ ഈ കല്യാണം വിളിക്കാന്‍ ചെല്ലുമ്പം നീ ആ പാറേലേ ചേടത്തിയോടൊന്നു തിരക്ക്, അവരു പറഞ്ഞ ആ ചെറുക്കന്‍ കെട്ടിയില്ലേല്‍ നമ്മക്കു സമ്മതമാന്നു പറ.''
''അതിപ്പം എന്നാ കണ്ടോണ്ടാ, വീടുപണീടെ കടോം ഒണ്ട്, പിന്നെയെങ്ങനെയാ? ബാക്കിയൊള്ള കെടപ്പാടം വിയ്ക്കാനൊന്നും പറ്റുകേലാ, ഈ കുഞ്ഞുങ്ങളേംകൊണ്ട് നമ്മളെവിടെപ്പോയി കെടക്കും, ഇപ്പത്തന്നേ സ്ഥലംവിറ്റത് റോയിച്ചനു തീരെ ഇഷ്ടമായില്ല, മെയിന്റോഡരുകിലെ കണ്ണായ സ്ഥലംവിറ്റ് പെണ്ണിനെ കെട്ടിച്ചെന്നവന്‍ സങ്കടം പറഞ്ഞു.''
''കെടപ്പാടമൊന്നും വിയ്‌ക്കേണ്ട ആവശ്യമൊന്നും വരികേലെടീ, വാ കീറിയ ദൈവം എരേം തരും, നീയൊന്നു ചോദിച്ചുനോക്ക്, ഒത്താ നമ്മക്കങ്ങു നടത്താം, പോയാലൊരു വാക്ക്, കിട്ടിയാലൊരാന.''
''ങാ ശരി.''
അപ്പനുമമ്മയും തകൃതിയായ ആലോചനയിലാണ്.
ലിസിക്കു വിഷമമൊന്നും തോന്നിയില്ല.
ചോദിച്ച സ്ത്രീധനോം കൊടുത്ത്, മാന്യമായരീതിയില്‍ സ്വര്‍ണ്ണോമിട്ടുചെന്ന മേഴ്‌സിക്ക് ഒരു സമാധാനോം ആ അമ്മായിയമ്മത്തള്ള കൊടുത്തിട്ടില്ല, വിരലേല്‍ എണ്ണാനുള്ള ദിവസമേ അവളവിടെ നിന്നിട്ടുള്ളൂ. ഇട്ടങ്ങ് ഞെരുക്കുകയാണാത്തള്ള.
ഈ കുടുംബത്തേക്കേറെ പണവും പണ്ടവുമായി വരാന്‍ കരുതിയ പെണ്ണിന് അതെല്ലാം നഷ്ടമായി. അനുഭവം അല്ലാതെന്താ?
റോയിച്ചനു ലോട്ടറി അടിച്ചെന്ന് മലേഷ്യയിലേക്ക് അച്ചോയി കത്തയയ്ക്കുകവരെ ചെയ്തതാണ്. അല്ലെങ്കിലും നാത്തൂന്റെ സ്വത്തുമായി കെട്ടിപ്പോകുന്നത് ലിസിക്കിഷ്ടവുമല്ല.
സാലമ്മ പിതാവിനെ ഏല്പിച്ചതെല്ലാം നഷ്ടപ്പെട്ടെങ്കിലും ഭേദപ്പെട്ട ഒരുതുക മനസ്സമ്മതത്തിനുമുമ്പ് കാരണവന്മാര്‍ മുഖേന വരന്റെ വീട്ടിലെത്തിച്ചു. സ്വര്‍ണം ആവശ്യത്തിന് അണിഞ്ഞിട്ടുണ്ടായിരുന്നു. അതുതന്നേ, ധാരാളമാണ്. ബന്ധുക്കളൊക്കെ ആഭരണത്തിന്റെ ഫാഷനും ഡിസൈനും തൂക്കവും എണ്ണവും നോക്കി, സംതൃപ്തരായി. ലിസിയും സുമയും ആ വഴി പോയതേയില്ല.
എന്നാലും തന്റെ പ്ലാന്‍പോലെ കാര്യങ്ങള്‍നടന്നില്ല. അപ്പച്ചന്റെ കൂട്ടുകാരന്‍, പാവം അപ്പച്ചനെ പറ്റിച്ച് പണവുമായി മുങ്ങിക്കളഞ്ഞത് ഒരു ആഘാതമായിപ്പോയെന്നവള്‍ പേര്‍ത്തുംപേര്‍ത്തും പറഞ്ഞ് സങ്കടപ്പെട്ടു.
ഇത്രയും ആര്‍ഭാടമായ ഒരു വിവാഹം ലിസി അടുത്ത നാളിലൊന്നും കൂടിയിട്ടില്ല. അത്ര കെങ്കേമമായിരുന്നു റോയിച്ചായന്റെ വിവാഹം.
കല്യാണത്തലേന്ന് പേരെടുത്ത പരിചമുട്ടുകളി സംഘത്തെ ക്ഷണിച്ച് വിവാഹത്തിന് മോടികൂട്ടി.
അതിസുന്ദരിയായ സാലമ്മയും യുവകോമളനായ റോയിച്ചനും വിവാഹകര്‍മ്മങ്ങള്‍ക്കിടയില്‍ ഒളികണ്ണിട്ടു നോക്കിയെന്നു പറഞ്ഞ് മണവാട്ടിയുടെ പരിചാരകവൃന്ദം കളിയാക്കി.
ആദ്യനാലു ദിവസം വരന്റെ വീട്ടില്‍, അടുത്ത നാലുദിവസം വധുവിന്റെ വീട്ടില്‍. എല്ലാം മുറപോലെയാകട്ടേയെന്ന് കൊച്ചുകൊച്ചപ്പച്ചന്‍ പറഞ്ഞു.
വിവാഹപ്പിറ്റേന്ന് അപ്പനോടു കുറച്ചുപണം വാങ്ങിക്കൊണ്ട് റോയിച്ചന്‍ സാലമ്മയെക്കൂട്ടി പോയി രണ്ടുപവന്റെ മിന്നുമാലയും ഒരു കാഞ്ചീപുരംസാരിയും വാങ്ങിക്കൊടുത്ത് തിയേറ്ററില്‍പ്പോയി സിനിമയും കണ്ട് സന്ധ്യയോടുകൂടെ മടങ്ങിയെത്തി.
റോയിച്ചന്‍ മിന്നുമാല അമ്മയെക്കൊണ്ട് സാലമ്മയുടെ കഴുത്തിലണിയിച്ചു.
റോയിച്ചന്‍ പറഞ്ഞു: ''മിന്നുമാലയും സെക്കന്റ് സാരിയും കിട്ടാഞ്ഞതില്‍ സാലമ്മയ്ക്കു പരിഭവമുണ്ടായിരുന്നു. ആ സങ്കടം ഇപ്പം മാറി.''
അടുത്ത ദിവസം, അവര്‍ കാഷ്മീരിലേക്ക് ഹണിമൂണിനായി പോയി.
''അവരുല്ലസിച്ചു നടക്കട്ടേ, ആരും അസൂയപ്പെടരുത്.'' വല്യമ്മച്ചിയുടെ അഭിപ്രായം എല്ലാവരിലും ചിരിപടര്‍ത്തി.
ഹണിമൂണ്‍ കഴിഞ്ഞ് തിരിച്ചെത്തിയ റോയിച്ചന്‍ അപ്പനോടാവശ്യപ്പെട്ടു: ''അച്ചാച്ചാ കല്യാണച്ചെലവിന് എത്രയായി? ബാക്കിയുള്ളതിങ്ങു താ.''
''യ്യോടാ മോനെ, ലിസിമോടെ കാര്യത്തിനെന്റെ കൈയില്‍ ഒരഞ്ചിന്റെ തുട്ടില്ലല്ലോടാ.''
അമ്മ ചോദിച്ചു : ''അതെന്നാ മോനേ, അവളു പറഞ്ഞോ ബാക്കി മേടിക്കാന്‍?''
''അമ്മച്ചി എഴുതാപ്പുറമൊന്നും വായിക്കണ്ടാ, അവളന്യനാട്ടില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കാശാ. അതവളുടെപേരില്‍ ബാങ്കില്‍ കിടക്കട്ടേ.''
''ങാ നല്ല കാര്യമാ റോയിമോന്‍ പറഞ്ഞത്. ആ തുക കൊടുക്കിച്ചാച്ചാ, അവരു കൊണ്ടെ ബാങ്കിലിടട്ടേ.'' അമ്മ ഉള്ളില്‍ തിരയിളകിയ രോഷവും സങ്കടവുമടക്കാന്‍ പാടുപെട്ടുകൊണ്ടു പറഞ്ഞു.
ഇച്ചാച്ചന്‍ പണം കൊടുക്കാന്‍ കൂട്ടാക്കിയില്ല. റോയിച്ചന്‍ പറഞ്ഞു: ''എന്നാല്‍ ആ വിവരം ആധാരത്തില്‍ച്ചേര്‍ക്കണം. അതു കണക്കാക്കിവേണം മുന്നോട്ടുള്ള തീരുമാനങ്ങള്‍.'' അച്ചോയിയും അമ്മയുടെ ജ്യേഷ്ഠത്തി കുഴിമറ്റത്തമ്മയും പറഞ്ഞു: ''പിള്ളേരങ്ങനെയൊക്കെപ്പറയും, നിങ്ങളതു മുഖവിലയ്‌ക്കെടുക്കാതിരുന്നാ മതി. ആ പണംകൊണ്ട് ലിസിയെ കെട്ടിച്ചുവിടാന്‍ നോക്ക്.''
എന്നാല്‍, വാശിക്കാരിയായ അമ്മയുടെ നിര്‍ബന്ധപ്രകാരം അപ്പനാത്തുക റോയിച്ചനെ ഏല്പിച്ചു. മിസ്സിസ് ആന്‍ഡ് മിസ്റ്റര്‍ റോയികുരുവിളയുടെ പേരില്‍ ഏഴു വര്‍ഷത്തേക്ക് അവരാ പണം സ്ഥിരനിക്ഷേപമായി ബാങ്കിലിട്ടു.
അമ്മ പരിതപിച്ചു: പിള്ളേരടെ ഒരു കാഞ്ഞബുദ്ധിയേ. ഏഴുവര്‍ഷത്തേക്കിനാ സ്ഥിരനിക്ഷേപമിട്ടേ.
അപ്പന്‍ ലിസിയെ അടുത്തു വിളിച്ചു, നെറുകയില്‍ തലോടിക്കൊണ്ടുപറഞ്ഞു:
''നിനക്ക് വല്യപ്പച്ചന്റെ ഒരനുഗ്രഹം കെടപ്പുണ്ട്, യൗസേഫിനെപ്പോലെയാകും നീ. നിന്റെ സഹോദരങ്ങള്‍ നിന്റെ കാല്ക്കല്‍ വരും, എന്റെ മക്കള്‍ ഒട്ടും വിഷമിക്കണ്ടാ, ആ പാറേക്കാരു പറഞ്ഞ കല്യാണം നമുക്കാലോചിക്കാം. ഒന്നും കൊടുക്കണ്ടാ. കല്യാണച്ചെലവിന് കാശവരു തരും, അണിയാന്‍ സ്വര്‍ണ്ണവും.
അപ്പന്‍ അമ്മയെ പറഞ്ഞേല്പിച്ചു: ''എടീ, ആ പാറേക്കാരു പറഞ്ഞ കല്യാണം നമുക്കാലോചിക്കാം, ഞാന്‍ അത്രടംവരെയൊന്നു പോയേച്ചുവരാം. കല്യാണം വിളിക്കാന്‍ ചെന്നപ്പം ഞാനതേക്കുറിച്ചവരോടു ചോദിച്ചതാ, അവരുപറഞ്ഞു, വേറെ വല്ലോം ഒറപ്പിച്ചോന്ന് അറിയത്തില്ല. ആ ചെറുക്കനിപ്പം അമേരിക്കേലാന്ന്.
''അതു നടന്നുകിട്ടിയാ നല്ലതാ ഇച്ചാച്ചാ, അന്നു നമ്മളാ കല്യാണമൊറപ്പിച്ചിട്ടാ മത്യാരുന്നു. അന്നതിന് വില കല്പിക്കാഞ്ഞതിന്റെ മുറുമുറുപ്പവര്‍ക്കുണ്ട്. ചെറുക്കന്‍ ഇംഗ്ലണ്ടിന്റെ ഷിപ്പേന്നു മാറി, അമേരിക്കേലാ ഇപ്പം, ആ പയ്യനും അവന്റമ്മയ്ക്കും ലിസിമോളെ ഒരുപാടിഷ്ടമാരുന്നു.''
''അവളെ പിന്നെ ആരാ ഇഷ്ടപ്പെടാത്തേ? ആ പയ്യന്റെ ഫോട്ടോ നീ കണ്ടിട്ടുണ്ടോ? മിടുക്കനാണോടീ? എന്റെ പ്ലാനെല്ലാം മാറിപ്പോയി. ഞാനോര്‍ത്തത് കൈയിലുള്ളതെല്ലാം കൊടുത്ത് മൂത്തവളെ നല്ലരീതിയില്‍ വിടാം, പിന്നെ റോയിച്ചെറുക്കന്റെ സ്ത്രീധനത്തൊകയെടുത്ത് തത്ക്കാലം മറിച്ച് ലിസിമോളെ ഒരു കരപറ്റിക്കാമെന്നാരുന്നു.''
''സാരമില്ലിച്ചാച്ചാ, പിള്ളേര്‍ക്ക് ഒരു ദോഷവും വരല്ലേ, മനസ്സീന്നാ സങ്കടമങ്ങു കള.''
അമ്മയ്ക്കു പേടിയാണ് ഇച്ചാച്ചന്‍ റോയിച്ചായനെ ശപിക്കുമോന്ന്.
മേഴ്‌സിയെയുംകൊണ്ട് തിരുവനന്തപുരത്തു പോകുകയാണ്, ജോയിച്ചനും ജാക്‌സണുംകൂടെ. ഫ്രഷപ്പോയിന്റ്‌മെന്റാണ്, രാവിലെ ജോയിന്‍ ചെയ്യണം.
ആരുടേം കണ്ണേറു കിട്ടാതിരിക്കാന്‍ അമ്മ പള്ളീലച്ചനെക്കൊണ്ട് വെഞ്ചരിപ്പിച്ച കൊന്തയും കുരിശും മേഴ്‌സിയുടെ കഴുത്തിലണിയിച്ചു.
ഗര്‍ഭകാല ശുശ്രൂഷയും അമ്മ നല്കിയ പ്രസവരക്ഷയും കൊണ്ട്, മേഴ്‌സി കൂടുതല്‍ വെളുത്തുതുടുത്ത് അതിസുന്ദരിയായി മാറിയിരിക്കുന്നു.
''എടീ ലിസീ, എന്റെ സാരിയെല്ലാം അവിടെയാ. നിനക്കു സാലമ്മ തന്ന ആ ക്ലിയോപാട്രാ സാരിയൊന്നു താടീ.''
''മേഴ്‌സിമോളതുടുക്കണ്ടാ, അതാ പാവം വല്ല പള്ളീലുമുടുക്കട്ടേ, നിനക്കുതരാന്‍ ഭര്‍ത്താവുണ്ട്, ഇപ്പം ജോലിയുമായില്ലേ.'' അമ്മയിടപെട്ടു.
''അമ്മേ ഓഫീസില്‍ പോകുമ്പം മാറിമാറിയുടുക്കാനേറെ സാരികളുവേണം. ഞാന്‍ തിരിച്ചുകൊടുത്തോളാം.''
''ആ എന്നാ നിങ്ങടെ യുക്തംപോലെ ചെയ്യ്, പോകുന്നവഴിക്ക് പള്ളീലൊന്നു കേറീട്ടുപോ, ഞാനവിടെ പോയി ഒത്തിരി കണ്ണീരുപൊഴിച്ചിട്ടു കിട്ടിയ ജോലിയാ.''
''ഇന്നാ ചേച്ചീ, ദാ സാലമ്മച്ചേച്ചി തന്ന രണ്ടു സാരികളുമുണ്ട്, രണ്ടും പുത്തനാ.
ഉടുത്ത രണ്ടുമൂന്ന് പഴേതും ഇവിടെ വച്ചിട്ടൊണ്ട്. എല്ലാം ചേച്ചിയെടുത്തോളൂ.''
മേഴ്‌സിക്കു വിഷമമായി.
'''എന്നാടീ ഒന്നു മാറിയുടുക്കാന്‍ ചോദിച്ചതിനിങ്ങനെ, എനിക്കാ ക്ലിയോപാട്രാ സ്റ്റഫ് മാത്രംമതി, അതിന്റെ വെള്ളയില്‍ വയലറ്റു പൂക്കളും നീല കലര്‍ന്ന ബോര്‍ഡറും മുന്താണിയും എന്നാ ഭംഗിയാ! എനിക്കു പേരിനൊരു സാരിതന്നെന്നേയുള്ളൂ, അതവിടെയാര്‍ക്കും ഇഷ്ടോമായില്ല.''
''ഇതെല്ലാം ചേച്ചിയെടുത്തോളാന്‍ പറഞ്ഞില്ലേ, എനിക്കെവിടെ പോകാനാ?'' ലിസിക്കു ദേഷ്യം വന്നിട്ടവളുടെ മൂക്കുചെമന്നു.
''സാലമ്മയുടുത്തോണ്ടു വന്നയാ കല്യാണസാരിയില്ലേ, ആ വെള്ളപ്പട്ടുസാരി, ലിസിയെക്കൊണ്ട് കടയില്‍ കൊടുത്ത് ഡ്രൈവാഷ് ചെയ്യിച്ച് എന്നെയേല്പിച്ചിട്ടുണ്ട്, ലിസിക്ക് കല്യാണം വന്നാല്‍ ഉടുത്തോണ്ടു പോകാന്‍, ഇനി പുതിയ കല്യാണസാരിയൊന്നും എടുക്കണ്ടാന്നു സാലമ്മ പറഞ്ഞിട്ടുണ്ട്'' നെടുവീര്‍പ്പിട്ടുകൊണ്ട് അമ്മ പറഞ്ഞു.
മേഴ്‌സി കുഞ്ഞിനെ വാരിയെടുത്ത്, ആ കുഞ്ഞിക്കവിളുകളില്‍ തുരുതുരാ ഉമ്മവച്ചു. അമ്മ ചെന്ന് കുഞ്ഞിനെ വാങ്ങി ലിസിയുടെ കൈയിലേല്പിച്ചു. എന്നിട്ട് മേഴ്‌സിയോടായി പറഞ്ഞു:
''എന്റെ ലിസിയമ്മ നിന്റെയീപൊടിക്കുഞ്ഞിനെ പൊന്നുപോലെ നോക്കും, പിന്നെ ഞങ്ങളുമില്ലേയിവിടെ, ധൈര്യായിട്ടു പോ.''
ഇച്ചാച്ചന്‍ പറഞ്ഞു: ''സമാധാനത്തോടെ പോയി, കിട്ടിയ ജോലി ചെയ്ത് മിടുക്കിയായി ജീവിക്ക്.''
മേഴ്‌സി പോയിക്കഴിഞ്ഞ്, അമ്മ പാരായണം തുടങ്ങി: ''എന്റെ കൈയില്‍ കുറേ കാശുണ്ടായിരുന്നതാ, മാസാമാസം ചെക്കപ്പിന് ടാക്‌സിപിടിച്ച് അപ്പനും ഞാനുംകൂടെ മേഴ്‌സിയെ കൊണ്ടുപോയ വകേലും പ്രസവ ച്ചിലവിനുമെല്ലാമായി അതെല്ലാം തീര്‍ന്നു. വിരലിലെണ്ണാനുള്ള ദിവസമേ അവള്‍ ഭര്‍ത്തൃഗൃഹത്തില്‍ നിന്നുള്ളൂവെങ്കിലും മാനസികപീഡനത്തിന്റെയും നിന്ദയുടേയും കഥകള്‍ മാത്രേ അവക്കു പറയാനൊള്ളൂ. അതു കേക്കുമ്പോള്‍ എന്റെ ഉള്ളുതകരും. അത്യാവശ്യം, ആശുപത്രിച്ചിലവുകള്‍ക്കൊക്കെ മേഴ്‌സീടെ കൈയില്‍ പണമൊണ്ടാരുന്നു, ഞാനതൊട്ട് എടുപ്പിച്ചുമില്ല.
''ജോയിച്ചന്‍ അവക്ക് പഴങ്ങളും അണ്ടിപ്പരിപ്പും നിലക്കടലയുമൊക്കെ ഇഷ്ടംപോലെ വാങ്ങിക്കൊടുത്തു. ഓറഞ്ച് ഏറെക്കഴിച്ചാല്‍ രോഗപ്രതിരോധ ശക്തിയും ധൈര്യവുമുള്ള കുഞ്ഞിനെ കിട്ടുമെന്നു പറഞ്ഞ് അതുമവളെ തീറ്റിപ്പിച്ചു. വെണ്ണയും മോരും തേനും എന്നുവേണ്ട കുഞ്ഞിനുവേണ്ടതെല്ലാം ഞാനല്ലേ കൊടുത്തത്. ഇതിനിടയ്ക്ക് വയറുകാണാമ്പോക്ക്, പ്രസവത്തിനു കൊണ്ടുവരല്‍, പ്രസവച്ചിലവുകള്‍, മാമ്മോദീസാ, എന്റെ തമ്പുരാനേ ഇനിയാര്‍ക്കും പെണ്ണിനെ കൊടുക്കരുതേ, എന്തെല്ലാം എടങ്ങേറുകളാ.''
റോയിച്ചന്റെയും സാലമ്മയുടെയും പ്രണയവിവാഹം ആയിരുന്നു എന്ന പുത്തനറിവ് ലിസിയോടു പങ്കുവച്ചത് മേഴ്‌സിയാണ്. മേഴ്‌സിക്കും അതൊരു പുതിയ അറിവായിരുന്നു. അവര്‍ സ്‌കൂള്‍തലംമുതല്‍ പരസ്പരം അനുരാഗബദ്ധരായിരുന്നുവത്രേ. എന്നാല്‍, രണ്ടുപേരും വീട്ടിലെ മൂത്തകുട്ടികളായിരുന്നതിനാല്‍ പ്രണയിച്ചുനടന്ന് സമയം കളയാതെ ഉത്തരവാദിത്വബോധത്തോടെ ശ്രദ്ധാപൂര്‍വം ജീവിച്ചു. രണ്ടുപേരും യാതൊരു ചീത്തപ്പേരും കേള്‍പ്പിക്കാതെ സ്വന്തംകുടുംബങ്ങളെ ചേര്‍ത്തുനിര്‍ത്തി.
''സ്ത്രീധനത്തുക കണക്കുപറഞ്ഞു വാങ്ങി ബാങ്കിലിട്ടു എന്നതൊഴിച്ചാല്‍ അവളൊരു നല്ല കുട്ടിതന്നെയാണ്. കുടുംബസ്‌നേഹമുള്ളവളാണ്. ഇപ്പോള്‍ എന്റെ ചെറുക്കനെയും അവള്‍ക്കൊപ്പം കൊണ്ടുപോയില്ലേ, ഇനി നമ്മടെ ഭാഗ്യംപോലെ അവനൊരു ജോലീം കൂെടയായാല്‍ തീരാനൊള്ള കടങ്ങളേ നമ്മക്കൊള്ളൂ.''
''അമ്മ വീണ്ടും കണക്കു കൂട്ടാന്‍ തുടങ്ങി.'' സുമ കളിയാക്കി, ലിസിയും ഒപ്പംകൂടി.
ലിസി പറഞ്ഞു: ''ഇച്ചാച്ചാ എന്റെ വളകളെടുത്തു താ.''
''തരാം, ശകലം കാശു വരാനുണ്ട്, അതു കിട്ടട്ടേ, എടുത്തുതരാം.''
''ആശുപത്രീന്നു വന്ന് അത്യാവശ്യം പറഞ്ഞപ്പം ഞാനൂരി കൊടുത്തതാ. ഇപ്പം അതെല്ലാരും മറന്നമട്ടാണ്.'' തല്‍ക്കാലം മോടെ രണ്ടുവള താ. എനിക്കറിയാം നീ ഒരുപാട് വായിട്ടലച്ചുണ്ടാക്കിയതാണെന്ന്. റോയിച്ചെറുക്കന്‍ വന്നാലുടനെ എടുത്തുതരാം,''
''എന്തൊക്കെയായിരുന്നു, അന്നത്തെ സോപ്പിടീല്‍. ഇച്ചാച്ചന്‍ മറന്നോ? മനസ്സില്ലാമനസ്സോടെയാണ് ഒന്നരപ്പവന്‍ വീതമുള്ള രണ്ടു വളകള്‍, അതായത് മൂന്നു പവന്റെയാ - ഞാനൂരിത്തന്നത്. മേഴ്‌സിക്കു സ്വര്‍ണ്ണം എടുത്തപ്പോള്‍ സുമയ്ക്കു ഞാത്തുകമ്മലും കുരിശുമാലയും കൊടുത്തു. എനിക്കു വല്ലോംതന്നോ? എല്ലാര്‍ക്കും ഒരു വിചാരമുണ്ട്, ഞാന്‍ പൊട്ടിയാണെന്ന്.'' ലിസി രോഷമമര്‍ത്താന്‍ പാടുപെട്ടു.
ഇച്ചാച്ചന്‍ ഒരക്ഷരംപോലും ഉരിയാടിയില്ല.
അമ്മ ലിസിയോടായി പറഞ്ഞു: ''എന്റെ മോളു മഴയ്ക്കുമുന്നേപോയി പശൂന് പുല്ലു പറിച്ചേ. ഇനി മഴദിവസങ്ങളാ വരുന്നേ, ഇച്ചിരെ കൂടുതലുവേണം. കൂട്ടിന് സുമേക്കൂടെ ഒപ്പം കൂട്ടിക്കോ, കുഞ്ഞിനേ ഞാന്നോക്കാം.''
ലിസി അനങ്ങിയില്ല. ഓര്‍മ്മവച്ച കാലംമുതല്‍ അമ്മയായിട്ടും വല്യമ്മച്ചിയായിട്ടും തന്നെ കഷ്ടപ്പെടുത്തിയിട്ടേയുള്ളൂ. ഇനി മനസ്സില്ല, ഇവരുടെ താളത്തിനൊപ്പം തുള്ളാന്‍. പശൂനെ നോക്കാന്‍ കഴിയില്ലെങ്കില്‍ വില്ക്കട്ടേ.
സന്ധ്യയ്ക്കുമുന്നേ മേഴ്‌സി തിരിച്ചെത്തി.
മേഴ്‌സിയെക്കണ്ട് അന്തംവിട്ടു നിന്ന അമ്മയോടവള്‍ പറഞ്ഞു;
''നാളെ പൊതുഅവധിയാണ്. ഉച്ചകഴിഞ്ഞത്തെ ലീവെഴുതി വച്ചിട്ട് പൊയ്‌ക്കോളാന്‍ ഓഫീസര്‍ അനുവദിച്ചു. നല്ല മനുഷ്യപ്പറ്റുള്ള ഓഫീസറാണ്. മുലപ്പാലു കുടിക്കുന്ന കുഞ്ഞിന്റെ അടുത്തുനിന്ന് എണീറ്റുചെന്നതല്ലേ, ഇനി തിങ്കളാഴ്ച ചെന്നാല്‍ മതിയെന്നദ്ദേഹം പറഞ്ഞു.''
''അമ്മേ അവിടെ താമസസൗകര്യം കിട്ടിയാല്‍ ലിസിയെക്കൂടെ ഒപ്പം വിടണേ. അപ്പഴെനിക്ക് കുഞ്ഞിനെ എന്റൊപ്പം നിര്‍ത്താമല്ലോ.''
ലിസിക്ക് താന്‍ തേഞ്ഞുതീരുന്നതുപോലെ തോന്നിത്തുടങ്ങി, അതു വായിച്ചിട്ടെന്നവിധം അപ്പന്‍ പറഞ്ഞു: ''അതൊന്നും നടപ്പില്ല, ട്രെയിനില്‍ നാലു മണിക്കൂര്‍ യാത്രയുണ്ട്, അങ്ങോട്ടുമിങ്ങോട്ടും കൂടെ എട്ടു മണിക്കൂര്‍, അങ്ങനെ ധാരാളം പേരു് പോയി ജോലി ചെയ്യുന്നുണ്ട്.''
ജോയിച്ചന്‍ പറഞ്ഞു: ''അതൊക്കെ നമുക്ക് പതുക്കെ ആലോചിക്കാം, തത്ക്കാലം ഹോസ്റ്റലില്‍ നില്ക്കട്ടേ. ഇപ്പം വീട്ടില്‍പ്പോകാം. തിങ്കളാഴ്ച കുഞ്ഞിനെ ഇങ്ങോട്ടു കൊണ്ടുവരാം.''
പിന്നെയത് പതിവാക്കി. മേഴ്‌സി വരുന്നതിനുമുമ്പേ വന്നു കുഞ്ഞിനെ എടുത്തുകൊണ്ടുപോകും. മേഴ്‌സി പോയിക്കഴിഞ്ഞാലുടന്‍ കുഞ്ഞിനെയിങ്ങു കൊണ്ടുവരും.
ചനയുള്ള പശുവാണ്. കറവ വറ്റിയതിനാല്‍ അയലത്തുനിന്നാണ് പാലു വാങ്ങുന്നത്. പാലിന്റെ പണം അമ്മ സ്വന്തം കൈയില്‍നിന്ന് നല്കി, ജോയിച്ചനോടു ചോദിച്ചു വാങ്ങാനാവാതെ വിഷമിച്ചു. മേഴ്‌സിക്കുവേണ്ടി ധാരാളം നേര്‍ച്ചകള്‍ നേര്‍ന്നിട്ടുണ്ട്. അതിനുള്ള സാമാന്യമര്യാദപോലും അവര്‍ പാലിച്ചില്ല. മേഴ്‌സിക്ക് പൂട്ടുവീണിരിക്കുകയൊണെന്ന് വീട്ടുകാര്‍ വേദനയോടെ മനസ്സിലാക്കി.
അമ്മയ്ക്കു സങ്കടമായി, ''എന്റെ ലിസിയമ്മയ്ക്കു കിട്ടേണ്ട ജോലിയാണ്, ഇനി പറഞ്ഞിട്ടെന്നാ കാര്യം, എല്ലാം എന്റെ തെറ്റാണ്.''
ലിസി പറഞ്ഞു: ''ഇന്റര്‍വ്യൂ ഇല്ലാത്ത, ശുപാര്‍ശ വേണ്ടാത്ത ധാരാളം ടെസ്റ്റുകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്, റാങ്കുലിസ്റ്റിലുമുണ്ട്, സമയമാകുമ്പോള്‍ ആരുടെയും ഒത്താശയില്ലാതെ ദൈവം തന്നോളും.''
രാത്രി വളരെ വൈകി, കതകിനു മുട്ടുകേട്ട് അപ്പന്‍ വാതില്‍ തുറന്നു. പാറേലമ്മയുടെ മകന്‍ രാജുവാണ്.
''എന്താ രാജുമോനെ ഈ രാത്രീല്‍.'' അപ്പന്‍ ഉദ്വേഗത്തോടെ ചോദിച്ചു.
''അതേ അച്ചായാ, നാളെ ഉച്ചതിരിഞ്ഞ് പെണ്ണമ്മക്കൊച്ചമ്മയും മകനും കൂടെ ഇവിടെ പെണ്ണുകാണലിനു വരുന്നുണ്ട്, എനിക്കു ബാങ്കില്‍ ഒരു മീറ്റിങ്ങുള്ളതിനാല്‍ രാവിലെ വരാന്‍ പറ്റില്ല, അതാ ഇത്രേം വൈകിയിട്ടും ഞാനോടി വന്നത്, ലിസിമോള്‍ ഭാഗ്യമൊള്ള കുട്ടിയാ കേട്ടോ, മിടുമിടുക്കനാ അവന്‍.''
(തുടരും)