•  9 Jul 2020
  •  ദീപം 53
  •  നാളം 10
നോവല്‍

മിഴിയിതള്‍പ്പൂക്കള്‍

   അഞ്ചാമത്തെ ദിവസമാണ് ഷേര്‍ലി മേടയ്ക്കല്‍ വീട്ടില്‍ തിരിച്ചെത്തിയത്. കാര്‍, പോര്‍ച്ചില്‍ കയറ്റിയിട്ട് സാമാന്യം വലിയ ബാഗുമായി സിറ്റൗട്ടിലേക്കു കയറിയപ്പോള്‍ മാത്തുക്കുട്ടി ചൂരല്‍ക്കസേരയിലുണ്ട്. പത്രം ശ്രദ്ധിച്ചു വായിക്കുകയാണയാള്‍. പത്രം വായിക്കുന്ന ശീലമില്ലെങ്കിലും തന്നെക്കുറിച്ചെന്തെങ്കിലും പത്രക്കാരെഴുതിപ്പിടിപ്പിച്ചോ എന്നാണു തിരയുന്നത്. 
''എന്താടീ, ഇപ്പഴിങ്ങോട്ടു പോരാന്‍ തോന്നിയത്?'' മാത്തുക്കുട്ടി മുഖമുയര്‍ത്തി നോക്കിക്കൊണ്ട് മകളെ ചോദ്യം ചെയ്തു. 
''ഇപ്പം ഒരു കൂട്ടുകാരന്‍ റോണീടെ കൂടെയുണ്ട്.'' ഷേര്‍ലി പറഞ്ഞു.
''അവനെന്താ, വേലേം കൂലീമൊന്നും ഇല്ലാത്തവനാണോ?''
''കൊച്ചിയില്‍ ഐ.റ്റി. കമ്പനിയില്‍ ജോലിക്കാരനാ അരുണ്‍. റോണിയോടുള്ള സ്‌നേഹംകൊണ്ട് ഒരു കൂട്ടിനെത്തിയതാ. ജോലിക്കു പോയി തുടങ്ങിയിരുന്നെങ്കില്‍ റോണീടെ ഇപ്പഴത്തെയീ വെഷമം കുറച്ചെങ്കിലും മാറിക്കിട്ടുമായിരുന്നു.''
''ഷേര്‍ലീ, റോണീടെ മനസ്സിലും ഞാനവളെ തീര്‍ത്തതാണെന്ന വിചാരമുണ്ടോ?''
''എനിക്കറിയില്ല. മിണ്ടല് തീരെ കുറവാ.'
''എടീ, പോലീസിപ്പം എന്റെ തലയില്‍ കൊലപാതകക്കുറ്റം കെട്ടിവയ്ക്കാനാ നോക്കുന്നെ. മനസ്സറിയാത്ത കാര്യമാ. ഒരവസരത്തില്‍ ആ പെണ്ണിനെ തീര്‍ത്തു കളഞ്ഞാലോ എന്നു ഞാന്‍ ആലോചിച്ചതു സത്യമാ. കുടുംബത്തിലേക്കു ഭ്രാന്ത് വലിച്ചു കയറ്റാതിരിക്കാന്‍ മറ്റൊരു മാര്‍ഗവും ഇല്ലെന്നു കണ്ടപ്പഴാ അങ്ങനെ ചിന്തിച്ചത്.'' 
''പപ്പാ, ജീനാ മരിച്ചുപോയില്ലേ? ഇനിയെങ്കിലും അവളെക്കുറിച്ച് ഓരോന്നു പറയാതിരിക്ക്.'' ഷേര്‍ലി ഉപദേശിച്ചു.
''ഞാന്‍ പറയും. എന്റെ മകന്റെ ജീവിതവും ഈ കുടുംബത്തിന്റെ അന്തസ്സും നശിപ്പിച്ചിട്ടല്ലേ അവള്‍ പോയത്. അവളുണ്ടാക്കിയ ദുഷ്‌പേര് തലമുറകളോളം നിലനില്ക്കും.''
''നിലനില്ക്കട്ടെ. ഇതല്ലാതെ തന്നെ എന്തൊക്കെയോ ശാപപാപങ്ങള്‍ നമ്മുടെ കുടുംബത്തിനു മേലുണ്ട്. പപ്പാ ഇനിയെങ്കിലും റോണിയെ ചെന്നു വിളിച്ച് നമ്മുടെ വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിക്ക്.''
''ഞാന്‍ പറഞ്ഞല്ലോ. തനിയെ വരട്ടെ. ഞാനെതിര്‍ക്കുകേല.''
''അവനിറങ്ങിപ്പോയതല്ലല്ലോ. ഇറക്കിവിട്ടതല്ലെ? ഓടിച്ചതല്ലേ? അവന്റെ ഭാര്യയെ ഈ വീട്ടില്‍ കാലുകുത്താനനുവദിച്ചില്ലല്ലോ. അവളീ ലോകത്തുനിന്നേ പോയി. ഒരിക്കലും സന്തോഷത്തോടെ റോണിക്കീ വീട്ടിലേക്കു കയറിവരാന്‍ കഴിയില്ല.''
''എല്ലാം അവന്‍ വരുത്തിവച്ചതാ. തലയ്ക്ക് അല്പമെങ്കിലും വെളിച്ചമുള്ള ഒരാള്‍ ഒരു മുഴുഭ്രാന്തന്റെ മകളെ അറിഞ്ഞുകൊണ്ട് കെട്ടാന്‍ തയ്യാറാകുമോ? ഇതല്ലാതെ ഒരു കൂലിപ്പണിക്കാരന്റെ മകളെ അവന്‍ കണ്ടുപിടിച്ചിരുന്നെങ്കിലും ഞാനെതിര്‍ക്കില്ലായിരുന്നു.'' മാത്തുക്കുട്ടി പറഞ്ഞു.
അപ്പനും മകളും തമ്മിലുള്ള വര്‍ത്തമാനം കേട്ടുകൊണ്ട് മേരിക്കുട്ടി അങ്ങോട്ടുവന്നു. 'മോളേ' എന്നു വിളിച്ച് മേരിക്കുട്ടി മകളെ തന്നോടു ചേര്‍ത്തു. ഷേര്‍ലി അമ്മയുടെയൊപ്പം അകത്തേക്കു പോയി.
''അവനെങ്ങനെയാടീ... സങ്കടമൊക്കെ കുറഞ്ഞോ.''
''വല്ലാത്ത ഒരവസ്ഥേലാ മമ്മീ. ഒറക്കം തീരെയില്ല. ഭക്ഷണം കഴിക്കലില്ല. അസുഖം വന്ന പിള്ളേരെ തീറ്റുംപോലെ ചോറൊക്കെ വാരിക്കൊടുത്താ ഇത്തിരി തീറ്റുന്നെ. അവനെന്തിനാ ഇനി ജീവിക്കുന്നേന്നാ എപ്പഴും ചോദിക്കുന്നെ? അതു കേള്‍ക്കുമ്പം പേടി തോന്നുകാ.''
''എന്റെ ദൈവമേ, എന്തൊരു ദൈവകോപമാ നമ്മുടെ കുടുംബത്തിനു വന്നുപെട്ടിരിക്കുന്നെ? ഇവിടുത്തെ മനുഷ്യന്‍ ഒന്നു സമ്മതിച്ചിരുന്നെങ്കില്‍ ഞാനവന്റെ കൂടെ ചെന്നു താമസിച്ചേനെ. കൂട്ടുകാരനുണ്ടെന്നു പറഞ്ഞാലും ഒരു ശ്രദ്ധക്കുറവു പറ്റിയാല്‍ എന്റെ മകന്‍...'' മേരിക്കുട്ടി വിങ്ങിപ്പൊട്ടി.
''ഞാനിങ്ങോട്ടു പോന്നെന്നു വിചാരിച്ച് മമ്മി വെഷമിക്കണ്ട. കുറച്ചു ഡ്രസൊക്കെയെടുത്ത് നാളത്തന്നെ ഞാന്‍ തിരിച്ചു പോകുന്നുണ്ട്. നമ്മുടെ വീട്ടുകാരേക്കാള്‍ റോണിയോടു സ്‌നേഹവും ആത്മാര്‍ത്ഥതയും കാണിച്ചത് അവന്റെ കൂട്ടുകാരാ. ബന്ധുക്കളുണ്ടല്ലോ ധാരാളം. ഒരെണ്ണം അങ്ങോട്ടൊന്നു തിരിഞ്ഞു കയറിയില്ലിതുവരെ.''
''എല്ലാവര്‍ക്കും നമ്മളോട് അസൂയേം കുശുമ്പുമാ. ഇങ്ങനെയൊക്കെ സംഭവിക്കുന്നതുകണ്ട് സന്തോഷിക്കുന്നവരാ നമ്മുടെ ബന്ധുക്കള്. ഇഷ്ടംപോലെ പണോം സ്വാധീനോം ഉണ്ടായിട്ടും നിന്റെ പപ്പാ ഒരാളെയെങ്കിലും സഹായിച്ചിട്ടുമില്ലല്ലോ. മറ്റുള്ളോര് നമ്മളെ ഒറ്റപ്പെടുത്തുന്നതിന് അതും ഒരു കാരണമാ.'' മേരിക്കുട്ടി പറഞ്ഞു.
''മമ്മീ, നമ്മള്‍ മൂന്നുപേരും കൂടിച്ചെന്ന് നിര്‍ബന്ധിച്ച് എങ്ങനെയെങ്കിലും റോണിയെ ഇങ്ങോട്ടു കൊണ്ടുപോരണം. എന്നും അവിടെ പോയി നില്‍ക്കാനും രക്ഷിക്കാനും നമ്മള്‍ക്കു പറ്റുകേലല്ലോ.''
''ഞാന്‍ പറഞ്ഞാല്‍ നിന്റെ പപ്പാ ഒന്നും കേള്‍ക്കില്ല. പെണ്ണുപറയുന്നത് അനുസരിക്കുന്നത് ഒരു കുറച്ചിലാന്നാ അങ്ങേര്‌ടെ വിചാരം. കൂലിപ്പണിക്കാരന്റെ മകളെയായാലും മകനു കെട്ടിച്ചുകൊടുക്കുമായിരുന്നെന്നൊക്കെ നിന്നോടു പറയുന്നതു കേട്ടു. നിന്റെ കാര്യത്തില്‍ എത്ര നല്ല ആലോചനകള്‍ വന്നതാ. ഓരോന്നിനും ഓരോ കുറ്റം കണ്ടുപിടിച്ച് ഒഴിവാക്കി. പിന്നെയാരും വരാതായി. പ്രായവും കടന്നു. എന്റെ മകളുടെ ജീവിതം നശിപ്പിച്ചത് സ്വന്തം അപ്പന്‍തന്നെയാ.'' മേരിക്കുട്ടിയുടെ സ്വരമിടറി.
''മമ്മി പല പ്രാവശ്യം ഇതിങ്ങനെ പറയുന്നു. പപ്പായുടെ ചീത്തവിളീം കരണത്തടീം വാങ്ങിച്ചിട്ടുണ്ട്. ഇനിയെങ്കിലും ഇതു നിര്‍ത്ത്. എനിക്കിപ്പം തോന്നുന്നത് ഈ കല്യാണം കഴിക്കല് ഒരു മണ്ടത്തരംതന്നെയാണെന്നാ. റോണിയും ജീനായും സ്‌നേഹിച്ചു കല്യാണം കഴിച്ചവരല്ലേ? എന്നിട്ടിപ്പം എന്തായി? ഒന്നിച്ചിട്ട് ഒരു വര്‍ഷംപോലും തികഞ്ഞില്ലല്ലോ?''
ആരോ വീട്ടില്‍ക്കയറി അവളെ കൊലപ്പെടുത്തിയതാണെന്നൊക്കെ ആളുകള് പറയുന്നുണ്ടല്ലോടീ?'' മേരിക്കുട്ടി മകളുടെ മുഖത്തുറ്റുനോക്കി.
''ഞാനതു വിശ്വസിക്കുന്നില്ല. അവള് തന്നത്താന്‍ ജീവനൊടുക്കിയതാണെന്നാ ഞാന്‍ കരുതുന്നത്.''
''എങ്കില്‍... അവളെന്തിനങ്ങനെ ചെയ്തു?''
''അത് അവള്‍ക്കും അവനും മാത്രം അറിയാവുന്ന രഹസ്യമാ.''
''നിന്നോട് റോണി ഒന്നും തെളിച്ചുപറഞ്ഞില്ലേ?''
''പറഞ്ഞില്ല. ഞാന്‍, അവനെ ക്രോസ് ചെയ്യാനൊന്നും പോയില്ല. കൂടുതല്‍ ചോദിക്കാനും പറയാനുമുള്ള മാനസികാവസ്ഥയിലല്ല, റോണിയിപ്പോള്‍.''
മേരിക്കുട്ടിയില്‍നിന്ന് ഒരു ദീര്‍ഘനിശ്വാസമുണ്ടായി.
''ഷേര്‍ലീ, നീ ചെന്ന് ഒന്നു കുളിച്ച് വേഷമൊക്കെ മാറ്റ്. ഞാന്‍ ചോറുവിളമ്പാം.''
അങ്ങനെ പറഞ്ഞ് മേരിക്കുട്ടി അടുക്കളയിലേക്കു പോയി. ഷേര്‍ലി അരുണില്‍നിന്നു കിട്ടിയ ജീനായുടെ മരണക്കുറിപ്പ് തനിക്കു മാത്രമറിയാവുന്നതും മറ്റുള്ളവര്‍ കണ്ടുപിടിക്കാനിടയില്ലാത്തതുമയ ഒരിടത്ത് ഭദ്രമായി കൊണ്ടുചെന്നു വച്ചു. ആ കത്ത് പൊലീസിന്റ കൈയില്‍ കിട്ടിരുന്നെങ്കില്‍ ഒരു പക്ഷേ, റോണിയിപ്പോള്‍ ആത്മഹത്യാപ്രേരണക്കുറ്റത്തിന് റിമാന്‍ഡില്‍ വരെ ആകുമായിരുന്നു. ജീനായുടേത് ആത്മഹത്യതന്നെയെന്നതിനുള്ള വ്യക്തമായ തെളിവുകൂടിയാണത്. ജീനാ എഴുതിയതുതന്നെയാണോയെന്നു തെളിയിക്കപ്പെടാനുമുണ്ട്. അത് വിദഗ്ധരുടെ സഹായത്തോടെ മാത്രമേ തീര്‍ച്ചപ്പെടുത്താന്‍ കഴിയൂ. കത്തു മറ്റൊരാളെഴുതിയതാണെന്നു തെളിഞ്ഞാല്‍ ജീനായുടെ മരണം കൊലപാതകമാണെന്നും കരുതേണ്ടി വരും.
ഷേര്‍ലി ബാത്ത്‌റൂമില്‍ കയറി കുളിച്ച് ക്ഷീണമകറ്റി. പിന്നെ വീട്ടുവേഷം ധരിച്ച് അടുക്കളിയില്‍ മമ്മിയുടെയടുത്തെത്തി. 
''നീയും അവനെപ്പോലെ ഭക്ഷണം കഴിക്കലില്ലായിരുന്നോ? മൂന്നുനാലുദിവസംകൊണ്ട് ആകെ ക്ഷീണിച്ചപോലെ.'' മേരിക്കുട്ടി മകളെ നോക്കി പറഞ്ഞു. 
''ഭക്ഷണം കഴിച്ചതുകൊണ്ടുമാത്രം ശരീരം നന്നായിട്ടിരിക്കണോന്നില്ല. നമ്മുടെ കുടുംബത്തു സംഭവിച്ചത് ഒരു  നിസ്സാരകാര്യമാണോ? അത് റോണിയുടെ ജീവിതമാ തകര്‍ത്തത്. ഇതുകൊണ്ട് എല്ലാം തീര്‍ന്നെന്നും കരുതണ്ട.'' ഷേര്‍ലി പറഞ്ഞു.
''പപ്പായ്‌ക്കെതിരേ ജീനായുടെ ആങ്ങള കേസുകൊടുത്തത് നീയറിഞ്ഞായിരുന്നോ?''
''ചോദ്യം ചെയ്‌തെന്നു പത്രത്തില്‍ വായിച്ചു. ഞാനതു കണ്ട് വിളിച്ചിരുന്നു. പപ്പായെടുത്തില്ല.''
''പപ്പാ, ക്വൊട്ടേഷന്‍ കൊടുത്ത് ജീനായെ കൊല്ലിച്ചതാണെന്നാ ആ ചെറുക്കന്‍ പോലീസില്‍ പരാതിപ്പെട്ടത്.''
''പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരുമ്പം എല്ലാം വ്യക്തമാകും. അവള്‍ മരിച്ചുകിടന്ന മുറിയുടെ വാതില്‍ തുറന്നുകിടന്നിരുന്നത് ഒരു പ്രശ്‌നമാ. കൈഞരമ്പ് മുറിച്ച ആയുധം കണ്ടെടുക്കാന്‍ പറ്റിയിട്ടുമില്ല.'' ഷേര്‍ലി പറഞ്ഞു.
''പപ്പായ്ക്കും റോണിക്കുമൊക്കെ എതിരേ കേസുവരുമോ, മോളേ?''
''ഒന്നും ഉറപ്പിച്ചു പറയാന്‍ പറ്റില്ല. റോണിയെ തനിച്ചവിടെ കിടത്താതെ വീട്ടില്‍ കൊണ്ടുവന്നു നിര്‍ത്താന്‍ നോക്കണം. ആദ്യം ചെയ്യേണ്ടതാക്കാര്യമാ.''
''നീയാ ചോറു വിളമ്പിവച്ചിരിക്കുന്നതു കഴിക്ക്. അതുകഴിഞ്ഞ് പപ്പായെ പറഞ്ഞു ബോധ്യപ്പെടുത്ത്. ഇന്നുതന്നെ നമുക്കു മൂന്നുപേര്‍ക്കുംകൂടി അവനെ പോയിക്കാണാം.'' മേരിക്കുട്ടി പറഞ്ഞു.
ഷേര്‍ലിക്കു നല്ല വിശപ്പുണ്ടായിരുന്നു. ചൂടുചോറും മീന്‍ വറുത്തതും പച്ചപ്പയര്‍ തോരനും പുളിശ്ശേരിയും കൂട്ടി വയറുനിറയെ കഴിച്ചു. മാത്തുക്കുട്ടി പുറത്തേക്കു പോകാന്‍ തയ്യാറെടുക്കുന്നതുകണ്ട് ഷേര്‍ലി അടുത്തു ചെന്നു.
''പപ്പാ, റോണിയെ ഇങ്ങോട്ടു കൂട്ടികൊണ്ടുപോരാന്‍ പപ്പായും മമ്മിയും എന്റെകൂടെ വരണം.'' അവള്‍ രണ്ടും കല്പിച്ചു പറഞ്ഞു.
''കല്പനയാണോടീ, അപ്പനോട്?'' മാത്തുക്കുട്ടി ഗൗരവത്തില്‍ നോക്കിക്കൊണ്ടു ചോദിച്ചു.
''അല്ല. അപേക്ഷയാ. റോണിയെക്കൂടി പിടിവാശികൊണ്ട് ഇല്ലാതാക്കരുത്,''
മാത്തുക്കുട്ടി നിശ്ശബ്ദനായി നിന്നു, ആലോചിക്കുംപോലെ.
''ഞാന്‍ വരാം. പെട്ടെന്നു പോണം. എനിക്കു വേറെ ചില അത്യാവശ്യയാത്രകളുണ്ട്.'' അയാള്‍ പറഞ്ഞു.
മേരിക്കുട്ടിയും ഷേര്‍ലിയും പെട്ടെന്നു തയ്യാറെടുത്തുവന്നു.
ഷേര്‍ലിയുടെ കാറിലാണ് അവര്‍ റോണിയെ സന്ദര്‍ശിക്കാനായി പോയത്. മകളുടെ അഭിപ്രായത്തിനു വഴങ്ങിയതിന്റെ തെല്ലൊരു ജാള്യം മാത്തുക്കുട്ടിയുടെ മുഖത്തുണ്ടായി.
പപ്പായും മമ്മിയും പെങ്ങളും അപ്രതീക്ഷിതമായി വീട്ടുമുറ്റത്തു കാറില്‍ വന്നിറങ്ങിയപ്പോള്‍ സിറ്റൗട്ടിലെ കസേരയിലുണ്ടായിരുന്ന റോണി അന്ധാളിച്ചു. ഒരു രോഗിയെപ്പോലെ ക്ഷീണിതനായി കാണപ്പെട്ട അവന്‍ മെല്ലെ എഴുന്നേറ്റു.
''മോനേ.. റോണിമോനേ...'' എന്നു വിളിച്ച് മേരിക്കുട്ടി അവനെ ചുറ്റിപ്പിടിച്ചു.
മാത്തുക്കുട്ടി വീട്ടിലേക്കു കയറാന്‍ തയ്യാറായില്ല. അയാള്‍ മുറ്റത്തുതന്നെ നിന്നു.
''എടാ.... നീ ഞങ്ങടെകൂടെ വീട്ടിലേക്കു വരണം. ഇവിടെ തനിച്ചു താമസിക്കണ്ട.'' മാത്തുക്കുട്ടി കനത്ത ശബ്ദത്തില്‍ പറഞ്ഞു.
''ഇല്ലപ്പച്ചാ. ജീനായെ ആ വീട്ടില്‍ കാലുകുത്താന്‍ പപ്പാ സമ്മതിച്ചില്ലല്ലോ. ഇപ്പോള്‍ അവളീ ലോകത്തില്ല. ഞാന്‍ തനിയെ അവിടെ വന്നു താമസിച്ചാല്‍ ജീനായുടെ ആത്മാവ് പൊറുക്കില്ല.''
''അവളുടെ ആത്മാവ്! തേങ്ങാക്കൊല! നെനക്കു സൗകര്യമുണ്ടെങ്കില്‍ വന്നാ മതി. എല്ലാവരുംകൂടെ നിര്‍ബന്ധിച്ചതുകൊണ്ടുമാത്രം ഞാന്‍ നിന്റെ വാടകമുറ്റത്തു വന്നതാ.'' മാത്തുക്കുട്ടി അമര്‍ഷത്തോടെ പറഞ്ഞു.
''പപ്പാ... പ്ലീസ്... എന്തായിങ്ങനെയൊക്കെ പറയുന്നെ?'' ഷേര്‍ലി അയാളുടെ മുമ്പില്‍ കെഞ്ചി.
''കാറു തിരിക്കടീ. എനിക്കു പോണം.'' മാത്തുക്കുട്ടി കര്‍ക്കശനായി.
റോണിയെ ദീനമായി നോക്കി യാത്ര പറഞ്ഞ് മേരിക്കുട്ടിയും ഷേര്‍ലിയും കാറിനടുത്തേക്കു വന്നു. 

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)