•  25 Apr 2024
  •  ദീപം 57
  •  നാളം 7
ഉണ്ണീരിയമ്മ പറഞ്ഞ കഥ

പരിഹാസങ്ങളില്‍ മനമിടറാതെ

കുഞ്ഞുണ്ണി അമ്മാളുവിനെക്കാള്‍ വെളുത്തതായിരുന്നു. അതുകൊണ്ടുതന്നെ കുഞ്ഞുണ്ണി അവളെ കുഞ്ഞുകറുമ്പീ എന്നു വിളിച്ചു കളിയാക്കും. ഈ സങ്കടം ഉണ്ണീരിയമ്മയോടു പറയാന്‍ എത്തിയതാണ് അമ്മാളു. അവളുടെ വര്‍ത്തമാനം കേട്ടപാടേ ഉണ്ണീരിയമ്മ ഒന്നു ചിരിച്ചു. എന്നിട്ട് പതിവുപോലെ ഒരു കഥ പറഞ്ഞുതുടങ്ങി.
സ്വാമി വിവേകാനന്ദന്‍ നിയമപഠനത്തിനായി ലണ്ടനില്‍ താമസിക്കുന്ന സമയം. അദ്ദേഹത്തിന് വെള്ളക്കാരനായ ഒരു പ്രൊഫസര്‍ ഉണ്ടായിരുന്നു. ഇന്ത്യക്കാരനായ നിറം കുറഞ്ഞ വിവേകാനന്ദനെ അവജ്ഞയോടെയാണ് അയാള്‍ കണ്ടിരുന്നത്. തരംകിട്ടുമ്പോഴൊക്കെ വിവേകാനന്ദനെ കളിയാക്കുകയും ചെയ്യുമായിരുന്നു. അത്തരം സന്ദര്‍ഭങ്ങള്‍ സ്വാമി എങ്ങനെയായിരുന്നു കൈകാര്യം ചെയ്തിരുന്നത് എന്നു കേള്‍ക്കണ്ടേ?
 ഒരിക്കല്‍ ക്ലാസ്സില്‍ എത്തിയ പ്രൊഫസര്‍ ബാക്കിയുള്ള വിദ്യാര്‍ഥികളുടെ മുന്നില്‍ പരിഹസിക്കുവാനായി വിവേകാനന്ദനോട് ഒരു ചോദ്യം ചോദിച്ചു:
''താങ്കള്‍ക്കു വഴിയില്‍ക്കിടന്ന് രണ്ടു ബാഗുകള്‍ കിട്ടുന്നു എന്നു വിചാരിക്കുക. ഒന്നില്‍ നിറയെ പണമാണ്, അടുത്തതില്‍ നിറയെ അറിവാണ്. താങ്കള്‍ ഏതു തിരഞ്ഞെടുക്കും.''
 പ്രൊഫസറുടെ ഉദ്ദേശ്യം മനസ്സിലായ വിവേകാനന്ദന്‍ പണമുള്ള ബാഗ് എടുക്കുമെന്നാണ് ഉത്തരം പറഞ്ഞത്. പ്രതീക്ഷിച്ച ഉത്തരംതന്നെ ശിഷ്യനില്‍നിന്നു ലഭിച്ചതില്‍ സന്തോഷവാനായ പ്രൊഫസര്‍ മറ്റുള്ള വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ വിവേകാനന്ദനെ കളിയാക്കാന്‍ തുടങ്ങി. പ്രൊഫസറെ സന്തോഷിപ്പിക്കാനായി മറ്റു വിദ്യാര്‍ഥികളും ഒപ്പം ചിരിച്ചു.
''ഞാന്‍ ഉറപ്പായും അറിവ് നിറച്ച ബാഗ് ആയിരിക്കും എടുക്കുക.'' പ്രൊഫസര്‍ പറഞ്ഞു.
തൊട്ടുപിന്നാലെ സ്വാമി പറഞ്ഞു:
''സര്‍, ഓരോരുത്തരും തിരഞ്ഞെടുക്കുന്നത് അവര്‍ക്ക് ഇല്ലാത്തതെന്താണോ അതല്ലേ...''
ക്ലാസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നു. പ്രൊഫസര്‍ നാണം കെട്ടു.
 മറ്റൊരു ദിവസം കാന്റീനില്‍ വച്ച് ഇരുവരും കണ്ടുമുട്ടി. ഭക്ഷണം കഴിക്കാനായി വിവേകാനന്ദന് ഇരിപ്പിടം ലഭിച്ചത് പ്രൊഫസറുടെ അടുത്താണ്. എല്ലാവരുടെയും മുന്നില്‍വച്ച് പ്രൊഫസര്‍ വിവേകാനന്ദനോട് ഒറ്റ ച്ചോദ്യം:
''വിവേകാനന്ദാ, പക്ഷികള്‍ക്കൊപ്പം പന്നികള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമോ.''
കാന്റീനില്‍ ചിരി മുഴങ്ങി. എന്നാല്‍, വിവേകാനന്ദന്റെ മറുപടിയോടുകൂടി ആ ചിരി പൊട്ടിച്ചിരിയായി മാറി:
''എങ്കില്‍ അങ്ങു കഴിച്ചോളൂ, ഞാന്‍ മറ്റെവിടേക്കെങ്കിലും പറന്നുപൊയ്‌ക്കോളാം.''
തന്റെ പരിഹാസങ്ങളെ വിവേകാനന്ദന്‍ കൈകാര്യം ചെയ്യുന്ന വിധം പ്രൊഫസര്‍ക്ക് വലിയ അലോസരമുണ്ടാക്കി. വിവേകാനന്ദന്റെ ഉത്തരക്കടലാസ് പരിശോധിക്കില്ല എന്ന് പ്രൊഫസര്‍ ഉറപ്പിച്ചു. മറ്റെല്ലാ വിദ്യാര്‍ഥികളുടെയും ഉത്തരക്കടലാസ് പരിശോധിച്ചു മാര്‍ക്ക് നല്‍കിയ പ്രൊഫസര്‍ വിവേകാനന്ദന്റെ ഉത്തരക്കടലാസില്‍ വലിയ അക്ഷരത്തില്‍ 'ഇഡിയറ്റ്' എന്ന് എഴുതിവച്ചു.
ഇതുകണ്ട് ബാക്കി വിദ്യാര്‍ത്ഥികള്‍ ചിരിക്കാന്‍ തുടങ്ങി. പ്രൊഫസര്‍ക്കും സന്തോഷമായി. അപ്പോഴും വിവേകാനന്ദന്‍ തന്റെ സ്വതഃസിദ്ധമായ നര്‍മബോധത്തോടെ പറഞ്ഞു:
''സര്‍, അങ്ങ് എന്റെ ഉത്തരക്കടലാസില്‍ ഒപ്പു മാത്രമേ ഇട്ടൊള്ളു, മാര്‍ക്ക് ഇടാന്‍ മറന്നു പോയിരിക്കുന്നു.''
ശേഷം എന്താവും നടന്നത് എന്നു ചിന്തിക്കാമല്ലോ? പരിഹാസങ്ങള്‍ ഒരിക്കലും നമ്മുടെ ആത്മവിശ്വാസത്തെ തകര്‍ക്കരുത്. നര്‍മബോധത്തോടെ അവയെ സ്വീകരിക്കുക. നമ്മുടെ വളര്‍ച്ചയ്ക്ക് അത് ഏറെ സഹായിക്കും.
കഥ കേട്ട അമ്മാളു നിറഞ്ഞ ചിരിയോടെ ഉണ്ണീരിയമ്മയെ കെട്ടിപ്പിടിച്ചു.

 

Login log record inserted successfully!