ലോകത്തെ വൃദ്ധജനങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. വാര്‍ധക്യസംബന്ധമായ രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനമാണ് മേധാക്ഷയം അഥവാ അല്‍ഷിമേഴ്‌സ്. മറവിരോഗത്തിന്റെ തീവ്രത അറിയുമ്പോള്‍ മാത്രമേ ഓര്‍മ എത്ര അനുഗ്രഹമാണെന്ന് നമുക്കു മനസ്സിലാകുകയുള്ളൂ.
1906 ല്‍ അലോയ് അല്‍ഷിമര്‍ എന്ന ജര്‍മന്‍ ന്യൂറോളജിസ്റ്റാണ് ഈ രോഗത്തെക്കുറിച്ചുള്ള ശാസ്ത്രീയവിവരങ്ങള്‍ ആദ്യമായി ലോകത്തിനു നല്‍കിയത്. തലച്ചോറിലെ നാഡീകോശങ്ങള്‍ നശിച്ച് മൃതമായി തലച്ചോറു ചുരുങ്ങിവരുന്ന അവസ്ഥയാണ് ഈ രോഗത്തിലുണ്ടാവുന്നത്. മൃതമായ നാഡീകോശങ്ങളെ പുനര്‍ജീവിപ്പിക്കുക അസാധ്യമായതിനാല്‍ ഈ അസുഖത്തിന് ഫലപ്രദമായ പരിഹാരം കണ്ടുപിടിക്കുവാന്‍ വൈദ്യശാസ്ത്രത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.
അല്‍ഷിമേഴ്‌സ്‌രോഗികള്‍ക്കു രോഗമുണ്ടെന്ന അവസ്ഥ മനസ്സിലാക്കുവാന്‍പോലും കഴിയാറില്ല. മറവിയെ വാര്‍ദ്ധക്യത്തിന്റെ ഭാഗമായി തുടക്കത്തില്‍ പഴിചാരുന്നു. ഓര്‍മശക്തി പതുക്കെ കുറഞ്ഞുവന്ന് എല്ലാ ഓര്‍മകളും മായുന്നു. കാലക്രമേണ സ്ഥലകാലബോധം, ദൈനംദിനകാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് എന്നിവ നഷ്ടമാകുന്നു. ഭക്ഷണം കഴിച്ചതുപോലും മറന്നുപോകാറുണ്ട്. രോഗം ഘട്ടംഘട്ടമായി ഗുരുതരാവസ്ഥയിലേക്കു നീങ്ങുമ്പോള്‍ നിസ്സാരകാര്യങ്ങള്‍ ചെയ്യുന്നതിനുപോലും സാധിക്കാതെവരുന്നു. ഒടുവില്‍ രോഗി പരിപൂര്‍ണ പരാശ്രയത്വത്തിലേക്കു മാറുന്നു.
രോഗം മൂര്‍ച്ഛിക്കുന്നതിനൊപ്പം പലവിധ പെരുമാറ്റവൈകല്യങ്ങളും മാനസികരോഗ ലക്ഷണങ്ങളും കാണിക്കുവാന്‍ തുടങ്ങും. ഇതു കുടുംബാംഗങ്ങളുമായുള്ള ബന്ധത്തില്‍പ്പോലും ചില വിള്ളലുകള്‍ സൃഷ്ടിക്കാം. സാധനങ്ങളും വസ്തുവകകളും മോഷ്ടിക്കുന്നുവെന്ന ആരോപണമാണ് ഒന്ന്. ചിലര്‍ സംശയാലുക്കളായിത്തീരുന്നു. ബന്ധുക്കളെ തിരിച്ചറിയാനാവാതെ, തന്നെ ആക്രമിക്കാനും അപായപ്പെടുത്താനും ശ്രമിക്കുന്നവരാണെന്ന മുന്‍വിധിയോടെ ഇവര്‍ പെരുമാറുന്നു. ലക്ഷ്യബോധമില്ലാതെ വീട്ടില്‍നിന്നിറങ്ങിപ്പോകുകയും പതിവാണ്. രോഗം ഗുരുതരാവസ്ഥയിലേക്കു നീങ്ങുമ്പോള്‍ തീര്‍ത്തും കിടപ്പിലാകുന്നു.
രോഗസാധ്യത പരിഗണിക്കുമ്പോള്‍ പാരമ്പര്യത്തെയും തള്ളിക്കളയാനാവില്ല. മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവര്‍ക്കൊക്കെ രോഗം വന്നിട്ടുണ്ടെങ്കില്‍ രോഗസാധ്യത കൂടുതലായിരിക്കും.
അല്‍ഷിമേഴ്‌സ്‌രോഗികളെ ശുശ്രൂഷിക്കുക ഏറെ വിഷമകരമാണ്. രോഗികളുടെ പ്രത്യേകതകളും രോഗത്തിന്റെ സ്വഭാവവും ഉള്‍ക്കൊണ്ടു മുന്നോട്ടുപോകണം. രോഗികള്‍ പ്രകടമാക്കുന്ന വിഷാദം, മാനസികവിഭ്രമങ്ങള്‍, ഉറക്കക്കുറവ് തുടങ്ങിയവ മരുന്നുകള്‍െകാണ്ടു നിയന്ത്രിക്കാവുന്നതാണ്. രോഗിയെ പരിചരിക്കുന്നവരുടെ മാനസികാരോഗ്യവും പ്രധാനമാണ്. നിരാശയിലേക്കു വഴുതിവീഴാതിരിക്കുവാന്‍ ഇവര്‍ക്കും കൗണ്‍സെലിങ് ആവശ്യമാണ്. രോഗിയോടൊപ്പംതന്നെ, പരിചരിക്കുന്നവര്‍ക്കും കുടുംബാംഗങ്ങളുടെ പൂര്‍ണ പിന്തുണ ആവശ്യമാണ്. അല്‍ഷിമേഴ്‌സ്‌രോഗിയായ മാതാവിന്റെയോ പിതാവിന്റെയോ പരിചരണം മക്കള്‍ കൂട്ടായ ഉത്തരവാദിത്വമായി കരുതേണ്ടതുമാണ്.
അല്‍ഷിമേഴ്‌സ്‌രോഗത്തെ പ്രതിരോധിക്കുവാനുള്ള മാര്‍ഗങ്ങളൊന്നും കണ്ടുപിടിച്ചിട്ടില്ലെങ്കിലും രക്തസമ്മര്‍ദം ശരിയായ അളവില്‍ നിലനിര്‍ത്തുക, തലയ്ക്കു ക്ഷതം പറ്റാതെ സൂക്ഷിക്കുക എന്നിവ പ്രധാനമാണ്. അല്‍ഷിമേഴ്‌സ് രോഗികളുടെ നാഡീകോശങ്ങളില്‍ അസറ്റെല്‍ കോളിന്‍ എന്ന രാസവസ്തുവിന്റെ കുറവുള്ളതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. തലച്ചോറില്‍ അതിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന ഔഷധങ്ങളാണ് ഇന്നു ലഭ്യമായിട്ടുള്ളത്. ഇത്തരം മരുന്നുകള്‍ രോഗം മൂര്‍ച്ഛിക്കാതെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്തുന്നു. മദ്യപാനം നിയന്ത്രിക്കുക, ശരിയായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം ഇവ വാര്‍ദ്ധക്യാവസ്ഥയില്‍ ആവശ്യമാണ്. വയസ്സായെന്ന തോന്നലില്‍ ഒതുങ്ങിക്കൂടാതെ മാനസികമായും ശാരീരികമായും പ്രവര്‍ത്തനനിരതരാകണം. ചില വൃദ്ധജനങ്ങളെ ശ്രദ്ധിച്ചിട്ടില്ലേ? അവരുടെ കൂട്ടുകെട്ട് അധികവും ചെറുപ്പക്കാരുമായിട്ടാവും. മനസ്സിന്റെ സന്തോഷവും ഊര്‍ജവും ഏതൊരു രോഗശാന്തിക്കും അത്യന്താപേക്ഷിതമാണല്ലോ.
അല്‍ഷിമേഴ്‌സ്‌രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സാന്ത്വനവും സഹായവും നല്‍കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അല്‍ഷിമേഴ്‌സ് ആന്റ് റിലേറ്റഡ് ഡിസോഡേര്‍സ് ഓഫ് ഇന്ത്യ. വിവിധ ജില്ലകളില്‍ ഇവരുടെ സേവനങ്ങളും പരിചരണകേന്ദ്രങ്ങളും നിലവിലുണ്ട്.
വാര്‍ദ്ധക്യമെന്നത് രണ്ടാം ശൈശവാവസ്ഥയാണ്. നമുക്കു ജന്മം നല്‍കിയ മാതാപിതാക്കളെ ശിശുവിനെ എന്നപോലെ പരിചരിക്കാന്‍ കഴിയുന്നത് ഭാഗ്യമായിക്കരുതാനുള്ള മനസ്സ് ഒരുക്കിയെടുക്കുക മാത്രമാണ് പ്രധാനം. ഈ ലോകത്തില്‍ നമുക്കു നേടാവുന്ന പുണ്യവും അതുതന്നെയാണ്.