കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റു പാസാക്കിയ മൂന്നു കര്‍ഷകവിരുദ്ധനിയമങ്ങള്‍ പിന്‍വലിക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ നിശ്ചയിച്ച ഉത്പാദനച്ചെലവും അതിന്റെ അമ്പതു ശതമാനവും വര്‍ദ്ധിപ്പിച്ച തുകയും നല്‍കുക, സംഭരണം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വിവിധ കര്‍ഷകസംഘടനകള്‍ രാജ്യവ്യാപകമായി നടത്തുന്ന കര്‍ഷകപ്രക്ഷോഭം പത്തു മാസം പിന്നിട്ടിരിക്കുകയാണ്. ഓള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷകസമരത്തില്‍ അഞ്ഞൂറോളം കര്‍ഷകസംഘടനകളാണു ഭാഗമായിരിക്കുന്നത്. രാജ്യമെമ്പാടും വിപുലമായ കര്‍ഷക ഐക്യം
ഉണ്ടാക്കിയെടുക്കാന്‍ ഈ സമരത്തിനു കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. ബലപ്രയോഗത്തിലൂടെ ഈ സമരത്തെ തുടച്ചുനീക്കാന്‍ ഇതുവരെ കേന്ദ്രസര്‍ക്കാരിനു കഴിയാതെപോയത് വന്‍തോതിലുള്ള കര്‍ഷകപങ്കാളിത്തംമൂലമാണ്.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനാണ് പുതിയ നിയമങ്ങളെന്നു സര്‍ക്കാര്‍ പറയുമ്പോഴും കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്നതാണ് നിയമമെന്നാണു കര്‍ഷകസംഘടനകളുടെ വാദം. കാര്‍ഷികോത്പാദന വ്യാപാര, വാണിജ്യ (പ്രോത്സാഹന) നിയമം 2020, കാര്‍ഷികസേവന വിലസ്ഥിരത സംബ
ന്ധിച്ച് കര്‍ഷകരുടെ (ശക്തീകരണം, സംരക്ഷണം) കരാര്‍നിയമം, അവശ്യവസ്തു (ഭേദഗതി) നിയമം 2020 എന്നിവയാണ് വിവാദമായ മൂന്നു നിയമങ്ങള്‍. മൂന്നു നിയമങ്ങളും പൂര്‍ണമായി പിന്‍വലിക്കണമെന്നാണു കര്‍ഷകരുടെ
ആവശ്യം. പിന്‍വലിക്കില്ല, പകരം ഭേദഗതിയാകാമെന്നാണു സര്‍ക്കാരിന്റെ നിലപാട്. ഇതു പക്ഷേ, കര്‍ഷകസംഘടനകള്‍ അംഗീകരിക്കുന്നില്ല.
ഡല്‍ഹിയുടെ അതിര്‍ത്തികള്‍ വളഞ്ഞ് 2020 നവംബര്‍ 26 നാണ് ദേശീയപാതകള്‍ ഉപരോധിച്ച് ഗതാഗതം സ്തംഭിപ്പിച്ചുള്ള പ്രതിഷേധത്തിനു കര്‍ഷകര്‍ തുടക്കമിട്ടത്. മരംകോച്ചുന്ന തണുപ്പിനെയും ഉരുകിയൊലിക്കുന്ന ചൂടിനെയും മാത്രമല്ല, മഹാമാരിയെയും വകവയ്ക്കാതെയാണു വയോധികരും കൊച്ചുകുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പെടെയുള്ള ജനസഞ്ചയം പ്രക്ഷോഭത്തിന്റെ ഭാഗമായി റോഡുകളിലും തെരുവിലും ടെന്റുകളിലും സമരം തുടരുന്നത്. ഡല്‍ഹി
യുടെ അതിര്‍ത്തികളായ തിക്‌രിയില്‍ 16-17 കിലോമീറ്റര്‍ ദൂരത്തിലും സിംഗുവില്‍ ഒന്‍പതു കിലോമീറ്റര്‍ ദൂരത്തിലും പതിനായിരക്കണക്കിനു കര്‍ഷകര്‍ പ്രതിഷേധവുമായി തമ്പടിച്ചിരിക്കുകയാണ്. പത്തു മാസമായി നടന്നുവരുന്ന കര്‍ഷകപ്രക്ഷോഭത്തിലൂടെ കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് അനുകൂലനയങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ മുമ്പില്‍ തുറന്നുകാട്ടുന്നതില്‍ കര്‍ഷകസംഘടനകള്‍ വിജയിച്ചിട്ടുണ്ട്.
''എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയൂം വികസനം'' എന്നതിനു പകരം കോര്‍പ്പറേറ്റുകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യയിലെ ജനസംഖ്യയില്‍ ഭൂരിപക്ഷംവരുന്ന കര്‍ഷകരുടെ താത്പര്യങ്ങള്‍ ബലി കൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത് എന്ന ചിന്ത രാജ്യവ്യാപകമായി പടരുന്നതില്‍ കര്‍ഷകസമരം വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഒരു രാജ്യത്തിന്റെ കാര്‍ഷികമേഖലയെയാകെ കോര്‍പ്പറേറ്റുകള്‍ക്കു തീറെഴുതിക്കൊടുത്ത് ജനങ്ങളെ പട്ടിണിയിലാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ്പ്രീണനം ഇവിടെ നടക്കില്ലെന്നുകൂടിയാണ് കര്‍ഷകരുടെ സമരം സര്‍ക്കാരിനോടു പറയുന്നത്. കര്‍ഷകസമരത്തിന്റെ ഫലമായി ഉത്തരേന്ത്യയില്‍ കേന്ദ്രസര്‍ക്കാരിനെതിരേ വലിയ ജനവികാരം രൂപംകൊള്ളുന്നുണ്ട്. ബിജെപിക്കു ഭരണമുള്ള ഉത്തര്‍പ്രദേശില്‍ ഈ അടുത്തുനടന്ന തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു വലിയ തിരിച്ചടി നേരിടുകയുണ്ടായി. ബനാറസ്, വാരാണസി, മഥുര, അയോധ്യ തുടങ്ങി ബിജെപി ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന മേഖലകളില്‍പ്പോലും വന്‍പരാജയം നേരിട്ടു.
കര്‍ഷകസമരം ഒത്തുതീര്‍പ്പാക്കാന്‍ ഇതുവരെ ഒരു ഡസന്‍ തവണയെങ്കിലും കേന്ദ്രവും കര്‍ഷകസംഘടനകളും ചര്‍ച്ച നടത്തിയെങ്കിലും ഒരു തീരുമാനവും ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞിട്ടില്ല. മൂന്നു നിയമങ്ങളും പിന്‍വലിച്ചേ തീരൂവെന്ന നിലപാടില്‍ കര്‍ഷകസംഘടനകള്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതിനിടെ കര്‍ഷകസംഘടനകള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. ചര്‍ച്ചകള്‍ പരമാവധി നീട്ടിക്കൊണ്ടുപോയി സമരം പൊളിക്കാമെന്ന സര്‍ക്കാരിന്റെ പ്രതീക്ഷയും പാളി. സമരം ചെയ്യുന്ന കര്‍ഷകരെ നക്‌സലുകളെന്നും ഖാലിസ്ഥാനികളെന്നും ചിത്രീകരിച്ചുകൊണ്ട് സമരത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളുണ്ടായി. കഴിഞ്ഞ റിപ്പബ്ലിക്ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്റ്റര്‍പരേഡിനിടെ ആസൂത്രിത അക്രമങ്ങള്‍ അഴിച്ചുവിട്ടുകൊണ്ട് സമരത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളുണ്ടായി. കൃഷിനിയമങ്ങള്‍ തത്കാലം മരവിപ്പിക്കാന്‍ സുപ്രീം കോടതി പല തവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും നിഷേധാത്മകസമീപനം തുടരുകയാണ്. ഒടുവില്‍, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമങ്ങള്‍ നടപ്പാക്കരുതെന്നു പറഞ്ഞ കോടതി വിഷയം പഠിക്കുന്നതിന് നാലംഗസമിതി രൂപീകരിക്കുകയുണ്ടായി. എന്നാല്‍, സമിതിയിലെ നാലംഗങ്ങളും ഏതെങ്കിലും രീതിയില്‍ പുതിയ കര്‍ഷകനിയമങ്ങളെ പിന്തുണച്ചവരാണെന്നും അതിനാല്‍, സമിതിയുമായി സഹകരിക്കില്ലെന്നുമാണ് കര്‍ഷകസംഘടനകളുടെ നിലപാട്.
കര്‍ഷകസമരത്തിന് അന്തര്‍ദേശീയതലത്തിലും വലിയ പിന്തുണയാണു ലഭിച്ചുവരുന്നത്. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി അമേരിക്കയിലും കാനഡയിലുമടക്കം വിവിധരാജ്യങ്ങളില്‍ പ്രതിഷേധറാലികള്‍ സംഘടിപ്പിക്കുകയുണ്ടായി. ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിനമത്സരം നടന്ന സിഡ്‌നി സ്റ്റേഡിയത്തിലും കര്‍ഷകര്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധം നടന്നിരുന്നു. ഇന്ത്യയിലെ ഭരണകൂടപക്ഷമാധ്യമങ്ങള്‍ തമസ്‌കരിച്ച കര്‍ഷകസമരത്തെ അന്തര്‍ദേശീയമാധ്യമങ്ങള്‍ നെഞ്ചിലേറ്റുന്ന കാഴ്ചയാണു കാണുന്നത്.
കേരളം, തമിഴ്‌നാട്, ബംഗാള്‍ ഉള്‍പ്പടെയുള്ള അഞ്ചു സംസ്ഥാനനിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ കനത്ത തിരിച്ചടിയുടെ ഒരു കാരണമായി കണക്കാക്കുന്നത് കര്‍ഷകസമരമാണ്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കണമെന്ന വാശിയിലാണ് കര്‍ഷകസംഘടനകള്‍. കേന്ദ്രസര്‍ക്കാരും കര്‍ഷകസംഘടനകളും തങ്ങളുടെ നിലപാടുകളില്‍നിന്നു പിന്നോട്ടുപോകാതെ നില്‍ക്കുമ്പോള്‍ ഉടനെയൊരു ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ വിരളമാണ്. ഏതായാലും സ്വതന്ത്രേന്ത്യയുടെ ചരിത്രത്തിലെ ഒരു നിര്‍ണായകസംഭവമായി കര്‍ഷകപ്രക്ഷോഭം മാറുകയാണ്.