ആധുനികലോകത്തെ ഭരിക്കുന്നത് കായികശക്തിയും സാമ്പത്തികശക്തിയും രാഷ്ട്രീയശക്തിയുമാണെന്ന് പൊതുവേ പറയപ്പെടുന്നു. വിഘടനശക്തിയും പ്രതികാരചിന്തയും ഉപഭോഗസംസ്‌കാരവും ഈ സമൂഹത്തിന്റെ പ്രത്യക്ഷസവിശേഷതകളായി മാറിക്കഴിഞ്ഞു.
ലോകജനത ശക്തരെന്നും അശക്തരെന്നും ലാഭമുള്ളവരെന്നും നഷ്ടമുള്ളവരെന്നും വിഭജിക്കപ്പെട്ടിരിക്കുകയാണ്. ക്രൂരവും തത്ത്വദീക്ഷയില്ലാത്തതുമായ ഉപഭോഗസംസ്‌കാരം ഈ അളന്നുതിരിക്കലിന് ആക്കംകൂട്ടി. ഇവിടെ ധാര്‍മികമൂല്യങ്ങള്‍ ഉയര്‍ത്തിനിര്‍ത്തിയ സംരക്ഷണത്തിന്റെയും കാരുണ്യത്തിന്റെയും ചട്ടങ്ങളെ പുല്ലുപോലെ ചവിട്ടിയരച്ച് ശക്തര്‍ അശക്തരുടെ ജീവനില്‍ പിടിമുറുക്കുന്ന ദാരുണമായ കാഴ്ച പതിവായിരിക്കുന്നു. കുടുംബവ്യവസ്ഥിതിയുടെ അകത്തളങ്ങളില്‍പോലും ഇന്ന് ഈ വ്യവസ്ഥിതി സ്വാധീനമുറപ്പിച്ചിരിക്കുന്നു. തങ്ങളുടെ സുഖജീവിതത്തിനു തടയിടുന്നവരെയും വിഘ്‌നങ്ങളായി മാറുന്നവരെയും ഗര്‍ഭച്ഛിദ്രത്തിന്റെയും കാരുണ്യവധത്തിന്റെയും ചിതയില്‍ വലിച്ചെറിയുന്ന ഭീകരാവസ്ഥ!
വിത്തുകളില്‍നിന്നു ''സൂപ്പര്‍ വിത്തു''കളിലേക്കും ശിലായുഗത്തില്‍നിന്നു സൈബര്‍ സ്‌പേസിലേക്കും വളര്‍ന്ന മനുഷ്യന്റെ അവസ്ഥകളും പ്രവൃത്തികളും ജീവിതവ്യാപാരങ്ങളും, പക്ഷേ, വൈരുദ്ധ്യത്തിന്റേതാണ്. ഉത്തരവാദിത്വം മറന്ന് പ്രപഞ്ചത്തെ കീഴടക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ തങ്ങളുടെ വ്യക്തിത്വങ്ങള്‍ ഉപഭോഗസംസ്‌കാരത്തിനും ക്രൂരമായ കോര്‍പ്പറേറ്റ് വ്യവസ്ഥിതിക്കും അടിയറവച്ചിട്ട് പുലമ്പുകയാണ്: ''ഞാന്‍ എന്റെ സഹോദരന്റെ കാവല്‍ക്കാരനാണോ?'' (ഉത്പ. 4:9).
ജീവന്റെ സുവിശേഷം
വിശുദ്ധ കൂദാശയായ വിവാഹത്തിലൂടെ ലഭ്യമാകുന്ന പ്രസാദത്തില്‍ നിറഞ്ഞ് പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ ഒരു ഭര്‍ത്താവ് കാഴ്ചയായി അര്‍പ്പിക്കുന്ന ബീജാംശവും(sperm) ഭാര്യ കാഴ്ചയായി അര്‍പ്പിക്കുന്ന അണ്ഡാംശവും (egg)അനുകൂലമായ പരിതസ്ഥിതിയില്‍ സമന്വയിപ്പിച്ച് ആ പ്രഥമകോശത്തില്‍ (zygotte cell) ജീവന്റെ ചൈതന്യത്തെ നിക്ഷേപിക്കുന്നത് ദൈവമാണ്. ദൈവംതന്നെയാണ് സൃഷ്ടികര്‍ത്താവ്. മാതാപിതാക്കള്‍ സഹസൃഷ്ടികര്‍ത്താക്കളും.
ജീവന്റെ അതുല്യവും അമൂല്യവുമായ പരിശുദ്ധിയെ ഉയര്‍ത്തിക്കാട്ടാനും ജീവസംരക്ഷണത്തിന്റെ മഹാത്മ്യം വിളിച്ചോതാനും ജീവനിലേക്കു മനുഷ്യമനഃസാക്ഷിയുടെ കണ്ണുകളെ തിരിക്കാനുമാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 'ജീവന്റെ സുവിശേഷം' എന്ന പ്രമാണരേഖ പുറപ്പെടുവിച്ചതുതന്നെ.
‘AMORIS LAETITIA’ (The Joy of Love)
കുടുംബബന്ധങ്ങളുടെയും വൈവാഹികസ്‌നേഹത്തിന്റെയും ആനന്ദത്തെയും സൗന്ദര്യത്തെയും കുറിച്ച് ''ആമോരിസ് ലെറ്റിഷ്'' എന്ന അപ്പസ്‌തോലികപ്രബോധനത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ ലോകജനതയോടു സംസാരിച്ചു. ഇതിന്റെ അഞ്ചാം വാര്‍ഷികത്തില്‍, 2021 മാര്‍ച്ച് 19 മുതല്‍ 2022 ജൂണ്‍ 26 വരെയുള്ള ഒരു വര്‍ഷത്തെ 'കുടുംബവര്‍ഷം' ആയും പരിശുദ്ധ പിതാവ് പ്രഖ്യാപിച്ചു. 2022 ല്‍ റോമില്‍ നടക്കുന്ന പത്താം ലോക കുടുംബസമ്മേളനത്തോടെയാണ് ഇതു സമാപിക്കുന്നത്.
കുടുംബം ഗാര്‍ഹികസഭ
കൊവിഡ് ഭീകരതയുടെ അനുഭവം ''കുടുംബം ഒരു ഗാര്‍ഹികസഭ'' ആണെന്ന സത്യത്തെ ഒരിക്കല്‍ക്കൂടി വെളിപ്പെടുത്തിയിരിക്കുന്നു. കുടുംബങ്ങള്‍ തമ്മിലുള്ള സാമൂഹികബന്ധത്തിന്റെ പ്രാധാന്യത്തെയും ഇതു വെളിവാക്കി. ആത്മീയവും അജപാലനപരവും സാംസ്‌കാരികവുമായ കര്‍മപരിപാടികളിലൂടെ കുടുംബബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും സാക്ഷികളാകാന്‍ പരിശുദ്ധ പിതാവ് ലോകത്തിലെ എല്ലാ ക്രിസ്തീയകുടുംബാംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.
അനിവാര്യമായ ഒരുക്കങ്ങള്‍
കുടുംബ ആദ്ധ്യാത്മികതയെക്കുറിച്ചും വിവാഹ ഒരുക്കത്തിനുള്ള ക്രമീകരണങ്ങളെക്കുറിച്ചും യുവജനവിദ്യാഭ്യാസ പരിശീലനങ്ങളെക്കുറിച്ചും വിവാഹിതരായവരുടെ വിശുദ്ധിയെക്കുറിച്ചും വ്യക്തമായ കര്‍മപദ്ധതികളും കാഴ്ചപ്പാടുകളും സൃഷ്ടിക്കുവാന്‍ മാര്‍പാപ്പ ആഗ്രഹിക്കുന്നു.
കുടുംബവര്‍ഷത്തിന്റെ ലക്ഷ്യങ്ങള്‍
അമോറിസ് ലെറ്റിഷ്യ എന്ന പ്രബോധനത്തിന്റെ സന്ദേശങ്ങള്‍ക്ക് വിപുലമായ പ്രചാരം നല്‍കുക. ജീവിതത്തെയും ഹൃദയങ്ങളെയും നിറയ്ക്കുന്ന ആനന്ദമായി കുടുംബസുവിശേഷത്തെ കാണുവാനും അനുഭവിക്കുവാനും ജനതയെ പ്രേരിപ്പിക്കുക. മനുഷ്യസ്‌നേഹത്തെ പരിവര്‍ത്തനം ചെയ്യാന്‍ കഴിവുള്ള വിവാഹമെന്ന വിശുദ്ധ കൂദാശയുടെ വിലമതിക്കാനാകാത്ത മൂല്യത്തെ പ്രഘോഷിക്കുക. കുടുംബപ്രേഷിതവേലകളില്‍ ക്രിയാത്മകമായ സഹകാരികളാകാന്‍ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുക. കുടുംബനവീകരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കുറെക്കൂടി വിശാലമാക്കുക. അവിടെ കുട്ടികളെയും യുവജനതയെയും വൃദ്ധജനങ്ങളെയും കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങളെയും ഉള്‍പ്പെടുത്തുക. വിവാഹബന്ധത്തിന്റെയും കുടുംബസ്‌നേഹത്തിന്റെയും സൗന്ദര്യത്തെ പ്രഘോഷിക്കുക.
ജീവനും ജീവന്റെ കൂടാരമായ കുടുംബവും സ്‌നേഹമാകുന്ന ചരടില്‍ വിളക്കിച്ചേര്‍ത്ത് ദൈവികപദ്ധതിയുടെ ഭാഗമായിക്കണ്ട് അതിന്റെ സാക്ഷികളും സംരക്ഷകരും ആയിത്തീരുവാനാണ് ഈ പ്രമാണരേഖയിലൂടെ ക്രിസ്തുവിന്റെ മൗതികശരീരമായ സഭ നമ്മോടാവശ്യപ്പെടുന്നത്.
ജീവന്‍: അനുപമദാനം
ജീവന്‍ എപ്പോഴും നന്മതന്നെയാണ്; അതിന്റെ നിരാസമോ തിന്മയും. ദൈവത്തിന്റെ കൈയൊപ്പുമായാണ് ഓരോ മനുഷ്യജീവനും പിറക്കുന്നത്. ചിതറിപ്പോകാവുന്ന മണല്‍ത്തരികള്‍കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് എങ്കില്‍ അവയെ ഏകീഭവിപ്പിക്കുന്ന രൂപഭാവമാണ് ജീവന്‍ എന്ന സത്യം. മനുഷ്യന്റെ സൃഷ്ടികര്‍മം ആയിരുന്നല്ലോ സ്രഷ്ടാവുമായുള്ള പ്രത്യേകവും സവിശേഷവുമായ ബന്ധം സ്ഥാപിക്കുവാനുള്ള അടയാളം.
ദൈവമാണ് മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചത് (ഉത്പ. 1 :26). ആ ദൈവം തന്നെയാണ് മനുഷ്യജീവന്റെ ഉടയവന്‍. മനുഷ്യന്‍ സൂക്ഷിപ്പുകാരനും കാര്യസ്ഥനും സംരക്ഷകനും മാത്രം. ജീവനെ കളങ്കപ്പെടുത്താനോ ഇല്ലായ്മ ചെയ്യാനോ അവന് അധികാരമില്ല. ജനിമൃതികളുടെ നാഥന്‍ (നിയമ.32:39) തന്റെ ഉടമസ്ഥാവകാശം പരിപാലനയുടെയും താത്പര്യത്തിന്റെയും അടയാളമായി ഉപയോഗിക്കുന്നു. ദൈവം ആഗ്രഹിക്കുന്നത് മരണമല്ല; മറിച്ച്, ജീവന്റെയും അത് ഏല്പിക്കപ്പെട്ടിരിക്കുന്ന കുടുംബത്തിന്റെയും നിലനില്പാണ്.
ജീവനും സ്‌നേഹവും കുടുംബമാകുന്ന കൈക്കുമ്പിളില്‍
ദൈവത്തില്‍നിന്നു നാം സ്വീകരിക്കുന്ന അസ്തിത്വം സമയത്തിലുള്ള അതിന്റെ കെട്ടുപാടുകളില്‍ ഒതുങ്ങി ക്കൂടുന്നില്ല (നമ്പര്‍ 37). സ്ഥലസമയാദികള്‍ക്കപ്പുറം നീളുകയാണ് മനുഷ്യജീവന്‍. ''രണ്ടു വ്യക്തികളുടെ ദാമ്പത്യബന്ധത്തില്‍നിന്ന് ഒരു പുതിയ വ്യക്തി ജനിക്കുമ്പോള്‍ അവന്‍ ഭൂമിയിലേക്ക് ദൈവത്തിന്റെ ഛായയും സാദൃശ്യവും കൊണ്ടു വരുന്നു.'' (കുടുംബങ്ങള്‍ക്ക് ഒരെഴുത്ത്, നമ്പര്‍ 9). തന്റെ ഛായയും സാദൃശ്യവും പുതിയ സൃഷ്ടിക്കു പകര്‍ന്നുകൊടുക്കുന്നതില്‍ ദൈവത്തിന്റെ സഹകാരികളാണ് മാതാപിതാക്കള്‍. എല്ലായ്‌പ്പോഴും ജീവനു തണലേകുക എന്ന കടമയില്‍ എല്ലാവരും ഒരുപോലെ പങ്കുചേരണം (മത്താ.25: 31 - 45). ദൈവത്തിന്റെ സാന്നിധ്യവും വ്യക്തിത്വവുമായ ജീവനെ കൈക്കുമ്പിളില്‍ എന്നപോലെ സ്വീകരിച്ചു പരിപാലിക്കേണ്ടവരാണ് ഓരോ കുടുംബവും.
കുടുംബത്തില്‍ ജീവനെയും സ്‌നേഹത്തെയും പ്രഘോഷിക്കുക
ജീവന്റെ സുവിശേഷം ഈശോതന്നെയായ സുവിശേഷത്തിന്റെ അവശ്യഭാഗമാണ് (നമ്പര്‍ 78). ഈശോയില്‍ ജീവന്റെ സുവിശേഷം പ്രഘോഷിക്കപ്പെടുകയും പൂര്‍ണമായും നല്‍കപ്പെടുകയും ചെയ്തു. (നമ്പര്‍ 29). ജീവന്റെ ജനവും ജീവന്റെ കൂട്ടായ്മയും എന്ന നിലയില്‍ ജീവന്റെ സുവിശേഷം പ്രഘോഷിക്കാന്‍ ഓരോ കുടുംബവും വിളിക്കപ്പെട്ടിരിക്കുന്നു.
''പുതിയ ജീവനുകളെ'' ശക്തമായി പിന്തുണയ്ക്കാനും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും നാം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. ജീവന്റെ സംരക്ഷണത്തെയും വളര്‍ത്തലിനെയും സംബന്ധിച്ച് ഏതെങ്കിലും ഒരു വ്യക്തിക്കോ സമൂഹത്തിനോ ഏകാധികാരമില്ല; പ്രത്യുത, ഓരോ വ്യക്തിയുടെയും ദൗത്യവും ഉത്തരവാദിത്വവുമാണ് (നമ്പര്‍ 91).
കുടുംബവര്‍ഷ പ്രഖ്യാപനം - പുത്തന്‍ ഉണര്‍വിന്
വെല്ലുവിളികള്‍ നിറഞ്ഞ ആനുകാലിക പശ്ചാത്തലത്തില്‍ കുടുംബങ്ങളെ സഹായിക്കാനും അനുധാവനം ചെയ്യാനും പര്യാപ്തമായ ആത്മീയവും അജപാലനപരവും സാംസ്‌കാരികവുമായ സംരംഭങ്ങള്‍ക്കു നേതൃത്വം കൊടുക്കുക.
ഇടവകകളും രൂപതകളും സര്‍വകലാശാലകളും സഭാകൂട്ടായ്മകളും ഈ കുടുംബവര്‍ഷം സമുചിതമായി ആചരിക്കാന്‍ സഹായിക്കുന്നു.
കുടുംബങ്ങളുടെ ജീവിതയാത്രയില്‍ അവയെ അനുഗമിക്കുവാനും അവയെ ശ്രവിക്കുവാനും അനുഗ്രഹിക്കുവാനും നാം ക്ഷണിക്കപ്പെട്ടിരുന്നു. മാര്‍ഗം വിശദീകരിച്ചുകൊടുക്കുവാന്‍ അല്ല; മറിച്ച്, കുടുംബങ്ങളോടുകൂടെ യാത്ര ചെയ്യുവാനും വിവേകത്തോടും സ്‌നേഹത്തോടുംകൂടി ആ കുടുംബങ്ങളില്‍ പ്രവേശിക്കുവാനും സഭ നിങ്ങളോടൊത്തുണ്ടെന്ന് അവരോടു പറയുവാനും ക്രിസ്തു നിങ്ങള്‍ക്കു സമീപസ്ഥനാണ് എന്ന് അവരെ ബോധ്യപ്പെടുത്താനും ശ്രമിക്കുക.
അമോരിസ് ലെറ്റിഷ്യ എന്ന പ്രമാണരേഖയുടെ സാരാംശങ്ങളെ കൂടുതല്‍ ആഴത്തില്‍ വിചിന്തനത്തിനും ധ്യാനങ്ങള്‍ക്കും വിഷയമാക്കുക.
സഭ കുടുംബങ്ങളുടെ കുടുംബമാണ്. (Church is the family of families).
ഓരോ വിശ്വാസിയെയും വിവാഹബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും സാക്ഷിയാകാന്‍ ക്ഷണിക്കുന്നു.
വിവാഹമാകുന്ന രഹസ്യത്തെ അദ്ഭുതത്തോടും വിവേകത്തോടും കരുണയോടുംകൂടി സമീപിക്കാന്‍ ഓരോരുത്തരെയും മാര്‍പാപ്പ ക്ഷണിക്കുന്നു.
ജീവനെ ആസ്വദിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കുടുംബങ്ങളാണ് യഥാര്‍ത്ഥ ഗാര്‍ഹിക സഭാ രൂപങ്ങള്‍. ദൈവികതയെ പ്രഘോഷിക്കുന്നവരുടെ സ്‌നേഹക്കൂടാരമാണ് കുടുംബം. വൈവാഹികബന്ധത്തിന്റെ മാധുര്യം ആസ്വദിക്കുന്ന ദമ്പതികളാണ് ദൈവികകുടുംബങ്ങളുടെ നിര്‍മാതാക്കള്‍. മക്കളും മാതാപിതാക്കളും മുതിര്‍ന്നവരും എല്ലാം സ്‌നേഹത്തില്‍ ഇണങ്ങിച്ചേരുന്ന കൂട്ടായ്മയുടെ സ്വര്‍ഗമായിത്തീരട്ടെ നമ്മുടെ കുടുംബങ്ങള്‍.